തെക്കെ ഇന്ത്യക്കാര്‍ പൊതുവെ കാപ്പികുടിയന്മാരാണെന്നാണ് വെപ്പ്; പ്രത്യേകിച്ചും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ആന്ധ്രയിലുമുള്ളവര്‍. കേരളീയരോ? ചായയും കാപ്പിയും കുടിക്കും. ചായക്കടയും കാപ്പിക്കടയും നമുക്കേതാണ്ടൊരുപോലെയാണ്. ടീഷോപ്പില്‍ കയറി കാപ്പി കുടിക്കാം; മറിച്ചും!

ആരോഗ്യത്തിനു ഹാനികരമാണോ കാപ്പി

പല ആരോഗ്യവിദഗ്ദ്ധ രും അങ്ങനെ പറയുന്നു. ചായയാണത്രെ വീര്യം കുറഞ്ഞ അപകടകാരി. ഈയിടെ ആസേ്ത്രലിയയില്‍ അമി അന്‍ഡേഴ്‌സണ്‍ നടത്തിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത് കാപ്പി കായികശക്തി വ ര്‍ദ്ധിപ്പിക്കുമെന്നും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്.

കാപ്പിയില്‍ കൊഴുപ്പുണ്ടോ?

'ബ്രൂ' ചെയ്ത 'എസ്​പ്രസോ' കാപ്പിയില്‍ 2.5 ശതമാനം കൊഴുപ്പാണുള്ളത്. ഫില്‍ട്ടര്‍ കാപ്പിയില്‍ 0.6 ശതമാനവും. കാപ്പിയില്‍ ചേര്‍ക്കുന്ന പാലോ ക്രീമോ ആണ് കൊഴുപ്പിനുത്തരവാദി. കാപ്പിയിലെ പ്രധാന ഘടകമായ 'കഫീന്‍' ഒരു ഉത്തേജകമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ശരീരത്തിലെ സിരാഘടനയെ അതിര്‍ത്തിവരെ ത്രസിപ്പിക്കുന്നതാണത്. ക്ഷീ ണം തോന്നുമ്പോള്‍, രാത്രി ഷിഫ്ടിനു ശേഷം ഉറക്കം തൂങ്ങുമ്പോള്‍, ഒരു ദീര്‍ഘയാത്രയ്ക്കു ശേഷം, കനത്ത ഭക്ഷണം കഴിക്കുമ്പോള്‍... അപ്പോഴൊക്കെയും ഉന്മേഷം വീണ്ടെടുക്കാന്‍ കാപ്പിയെപ്പോലെ മറ്റൊരുത്തേജകവുമില്ല. കായികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതിനു മുമ്പ് അല്‍പം കാപ്പി കഴിക്കുന്നത് നന്നായിരിക്കുമെന്ന് ആരെയും ധൈര്യമായി ഉപദേശിക്കാം.

കാപ്പിയിലെ ഉത്തേജകത്തിന്റെ ശക്തി എത്രനേരം നിലനില്‍ക്കും?

ശക്തി ഏറ്റവും കൂടുതലാകുന്നത് 15 മുതല്‍ 45 മിനുട്ടിനകമാണ്. പക്ഷേ, അത് ചിലപ്പോള്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കും. ഓരോരുത്തരുടെയും ശരീരഘടനയും രാസഘടനയുമനുസരിച്ചിരിക്കും കഫീന്‍ എന്ന രാസവസ്തുവിന്റെ സ്വാധീനം. ഗര്‍ഭിണികളിലും ഗര്‍ഭനിരോധ ഗുളികകളുപയോഗിക്കുന്നവരിലും കാപ്പിയുടെ സ്വാധീനശക്തി ദീര്‍ഘകാലം നിലനില്‍ക്കാനാണിട. അവരതു കഴിക്കാതിരിക്കുന്നതാണ് നല്ലത്.

പെട്ടെന്നു കാപ്പികുടി നിര്‍ത്തിയാലെങ്ങനെയിരിക്കും?

ചിലര്‍ക്ക് തലവേദനയോ അലസതയോ ഒക്കെ തോന്നിയെന്നിരിക്കും. അങ്ങനെയുള്ളവര്‍ കാപ്പികുടി നിര്‍ത്തുന്നത് പതുക്കെയാക്കിയാല്‍ മതി. മിക്കവാറും പേര്‍ക്ക് കാപ്പികുടി നിര്‍ത്തിയാല്‍ രാവിലെ അല്‍പം ഉന്മേഷക്കുറവു തോന്നിയെന്നിരിക്കും.

കാപ്പികുടിക്കുന്നത് ശരീരത്തിന്റെ തൂക്കം കുറയ്ക്കുവാന്‍ സഹായിക്കുമോ?

നേരിട്ടു സഹായിച്ചെന്നു വരില്ല. പക്ഷേ, തൂക്കം കുറയ്ക്കുന്നതിനുള്ള മറ്റു 'പ്രയോഗ'ങ്ങളുടെ കൂടെ അല്‍പം കാപ്പി കൂടിയായാല്‍ നന്ന് എന്നത്രെ അഭിജ്ഞമതം. മാനസികമായ ഊര്‍ജ്ജസ്വലത 10 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ കാപ്പി സഹായിക്കുമത്രെ. കനത്ത ഊണിനുശേഷം ശരീരത്തിനു സ്വാഭാവികമായുണ്ടാകാവുന്ന ആലസ്യം കുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്നത് നിസ്തര്‍ക്കമാണ്. ജലദോഷമുള്ളപ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഉറക്കം തൂങ്ങല്‍ അകറ്റാന്‍ സഹായിക്കുന്നതും ശരിതന്നെ.


കാപ്പിയും ഉറക്കവും ബന്ധുക്കളോ ശത്രുക്കളോ?


അത് പ്രതിജനഭിന്നമായ ഒരു കാര്യമാണ്. വൈകുന്നേരം കാപ്പി കുടിക്കുന്നത് ചിലരുടെ ഉറക്കത്തെ ബാധിക്കാറില്ല. പക്ഷേ, ഭൂരിപക്ഷമാളുകള്‍ക്കും കാപ്പി ഒരുറക്കസംഹാരിതന്നെയാണ്. അതുകൊണ്ടാണ് രോഗികളോട് വൈകുന്നേരം കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലതെന്നുപദേശിക്കാറുള്ളത്.

കൂടുതല്‍ വറുത്ത കാപ്പിക്കാണോ കൂടുതല്‍ ശക്തി?

കൂടുതല്‍ വറുത്താല്‍ കാപ്പിക്കു കയ്പാണുണ്ടാവുക. കുറച്ചു വറുത്താല്‍ മണം കൂടുതല്‍ ഹൃദ്യമായിരിക്കും. കൂടുതല്‍ വറുത്ത കാപ്പിയില്‍ അാംശം കൂടും. ഏതാണ് കൂടുതല്‍ രുചികരം എന്നു തീരുമാനിക്കേണ്ടത് ഓരോരുത്തരാണ്; അവരുടെ രുചിഭേദങ്ങളാണ്.

കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചന്വേഷിക്കാന്‍ ആയിരക്കണക്കിനു ഗവേഷണപദ്ധതികള്‍ നടത്തിക്കഴിഞ്ഞു. 1997-ല്‍ ലോക കാന്‍സര്‍ റിസര്‍ച്ച് ഫണ്ട്, ഭക്ഷണവും കാന്‍സറും എന്ന വിഷയത്തെപ്പറ്റി അപഗ്രഥിച്ചുകൊണ്ടുള്ള വിശദമായ ഒരു പഠനംതന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കാപ്പിയും ചായയും കുടിക്കുന്നതും കാന്‍സറും തമ്മില്‍ ബന്ധമൊന്നുമില്ലെന്നുതന്നെയാണവരുടെയും നിഗമനം. തന്നെയുമല്ല പുതിയതായി തിളപ്പിച്ചെടുത്ത കാപ്പി അര്‍ബ്ബുദപ്രതിരോധകമായി വര്‍ത്തിക്കുമെന്നുപോലും ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിലും ത്വക്കിന്റെ കാന്തി വര്‍ദ്ധിപ്പിക്കുന്നതിനും കൈതച്ചക്കയും കാപ്പിയും ചേര്‍ത്തു വാറ്റിയെടുക്കുന്ന ദ്രാവകത്തിന്റെ പ്രയോഗം സഹായിക്കുമെന്നാണ് ജപ്പാന്‍കാരുടെ അനുഭവം തെളിയിച്ചിട്ടുള്ളത്.

കാപ്പികുടി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന സംശയവും അസ്ഥാനത്താണ്. നിത്യേന കാപ്പി കുടിക്കുന്നവരുടെയും കുടിക്കാത്തവരുടെയും രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്താനായിട്ടില്ല. പക്ഷേ, ദീര്‍ഘകാലം കാപ്പി കുടിക്കാതിരുന്നതിനു ശേഷം കാപ്പികുടി തുടങ്ങുന്നവരുടെ കാര്യത്തില്‍ ചെറിയ തോതില്‍, താല്‍ക്കാലികമായി രക്തസമ്മര്‍ദ്ദം കൂടുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

സംഭാഷണമോ ചിരിയോ അധികമായാലുണ്ടാകാവുന്ന ഫലംപോലെത്തന്നെയാണിതും.
കാപ്പികുടി കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന ഭയം ചിലര്‍ക്കുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനനുകൂലമാണെന്നതിനു തെളിവുണ്ട്. കാപ്പിക്കുരു നന്നായി വെള്ളത്തില്‍ തിളപ്പിച്ചതിനുശേഷം ഫില്‍ട്ടര്‍ ചെയ്യാതെ ഉപയോഗിക്കുന്ന സ്‌കാന്‍ഡിനേവിയന്‍ സമ്പ്രദായം കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്ക് സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
കാപ്പി കുടിക്കുന്നതുകൊണ്ട് എല്ല് ദുര്‍ബലമാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം വന്നേക്കാമെന്ന് ഭയപ്പെടുന്നവരുണ്ട്.

കാപ്പിയിലെ കഫീന്‍ ശരീരത്തിലെ കാത്സ്യം നഷ്ടപ്പെടാന്‍ സഹായിക്കുന്നു എന്നാണാരോപണം. എന്നാല്‍ ബ്രിട്ടനില്‍ നടന്ന ഒരു പഠനം മറിച്ചാണ് സൂചിപ്പിക്കുന്നത്. 'പാല്‍കാപ്പി' കുടിക്കുന്നവരുടെ കാര്യത്തില്‍ പാലിലെ കാത്സ്യം ശരീരത്തില്‍ മൊത്തത്തിലുള്ള കാത്സ്യം വര്‍ധിക്കുന്നതിനു സഹായകമാണത്രെ! ആകയാല്‍ നമുക്കു ധൈര്യമായി കാപ്പി കുടിക്കാം. കുടിക്കാത്തവര്‍ക്ക് കാപ്പി കുടിച്ചുതുടങ്ങാം. എന്തെന്നാല്‍ കാപ്പി കുടിക്കാത്തതുകൊണ്ട് നഷ്ടപ്പെടുന്നതെന്താണെ ന്ന് അവരറിയുന്നില്ല.

ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്. (റിട്ട.)