തെങ്ങിനെപ്പോലെ നമ്മുടെ നാട്ടില്‍ വളരുന്ന മറ്റൊരു കല്പവൃക്ഷമാണ് പപ്പായ. ഔഷധമൂല്യങ്ങളുടെയും ആഹാരമൂല്യങ്ങളുടെയും ഒരു വന്‍ സംഭരണി. മെക്‌സിക്കോയും കോസ്റ്റാറിക്കയുമാണ് പപ്പായയുടെ ജന്മദേശം. 'വില തുച്ഛം ഗുണം മെച്ചം' അതാണ് പലപ്പോഴും മറ്റു ഫലങ്ങളില്‍നിന്നും പപ്പായ സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായി മാറിയത്. ആപ്പിള്‍, പേരക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഔഷധ-ആഹാരമൂല്യത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.

പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ രൂപപ്പെടുത്തിയെടുത്ത ആരോഗ്യദായകഗുണമുള്ള ഒരാഹാര ഉത്പന്നം ജപ്പാനില്‍ ശാസ്ത്രീയപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. ശ്രേഷ്ഠമായ ആന്‍റി ഓക്‌സീകരണ ഗുണത്താല്‍ പ്രസ്തുത ഉത്പന്നം രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദ്രവ്യഗുണപഠനങ്ങളിലൂടെ മുഴകള്‍ക്ക് എതിരെ ഔഷധമായും അതുപോലെ കോശങ്ങളെ നശിപ്പിക്കാന്‍ പോന്ന ഫ്രീ റാഡിക്കല്‍സിനെ തടയാനും കഴിയുമെന്നും ഗവേഷണങ്ങള്‍ വിലയിരുത്തുന്നു.

ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍, വെജിറ്റബിള്‍ പെപ്‌സിന്‍ (അധികം പഴുക്കാത്തത്) എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു.

പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു. ഇക്കാരണത്താല്‍ കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം, ദുര്‍മേദസ് തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ തടയാനും ഒരു പരിധിവരെ ശമിപ്പിക്കാനും കഴിവുണ്ട്. കൂടാതെ ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതില്‍നിന്നു ലഭ്യമാകുന്ന ആഹാരമൂല്യങ്ങളെ യഥാവിധി കോശകോശാന്തരങ്ങളില്‍ എത്തിക്കാനും പപ്പായയുടെ ഉപയോഗം സഹാകമാകുന്നു.

പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറയുടെ ഉപയോഗം കൂടുതലും പുറമേ പുരട്ടുന്നതിനാണ് നിര്‍ദേശിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വഗ്‌രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ ഗ്യാസിന്റെ വിഷമത്തെ ദൂരീകരിക്കുന്നു. കൂടാതെ ദീപ-പചന ഗുണങ്ങളിലൂടെ ദഹനശക്തി ത്വരപ്പെടുത്തുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. ദുര്‍മേദസ്സിനെ വിലയിപ്പിക്കുന്നു. ത്വഗ്‌രോഗങ്ങള്‍ക്കും സോറിയാസിസിനും പപ്പായയുടെ ഉപയോഗം നല്ലതാണ്. കഫത്തെ ഇളക്കി ചുമയ്ക്ക് ആശ്വാസം നല്‍കുന്നു.

മൂപ്പെത്തിയ പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിനാശകവും വയറുവേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

പഴുത്ത പപ്പായ ആവശ്യാനുസരണം ഏതു രോഗാവസ്ഥകളിലും ദൈനംദിന ഭക്ഷണക്രമത്തില്‍ യഥാവിധി ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിനോടൊപ്പം കാന്‍സര്‍പോലുള്ള രോഗങ്ങള്‍ തടയാനും പ്രമേഹരോഗികളിലുണ്ടാകുന്ന ഉപദ്രവവ്യാധികളെ ശമിപ്പിക്കുന്നതിനും കഴിവുണ്ടെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു.


ഡോ. എസ്. രാജശേഖരന്‍


ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ്
റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പാലോട്
drrajsek@yahoo.com