View Slideshow

കേരളത്തിലെ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും യോജിച്ച ഒരു ഭക്ഷ്യസംസ്‌കാരം നമുക്കുണ്ടായിരുന്നു. എന്നാല്‍, വിദേശസംസ്‌കാരത്തെ എന്നും മാതൃകയായി സ്വീകരിക്കുന്ന നാം ആരോഗ്യകരമായ തനതു ഭക്ഷണശൈലി പാടേ മറന്നിരിക്കുന്നു. ഉന്മേഷം ലഭിക്കുവാന്‍ കുടിക്കുന്ന കട്ടന്‍കാപ്പി, കട്ടന്‍ചായ പതിവ് കേരളത്തിലുണ്ടായിരുന്നില്ല.

തണുത്തവെള്ളമോ, മോരുംവെള്ളമോ ആണ് പൂര്‍വികര്‍ ക്ഷീണമകറ്റാന്‍ കുടിച്ചിരുന്നത്. സദ്യയ്ക്ക് വിളമ്പുന്ന ക്രമം നോക്കൂ. ശരീര പോഷകങ്ങളായ മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഭക്ഷണങ്ങള്‍ ക്രമത്തില്‍വിളമ്പി അവസാനത്തില്‍ ദഹനം വഴിപോലെ നടക്കുവാന്‍ മോരുകൂട്ടി ഊണുകഴിക്കുകയും ചെയ്യുന്നു. ദഹനത്തെ വര്‍ധിപ്പിക്കുന്ന നെയ് ഉപയോഗിച്ചാണ് ഊണ് കഴിക്കാന്‍ ആരംഭിക്കുന്നത്.

എന്നാല്‍, ഇന്ന് നാം ആദ്യം കഴിക്കുക ദഹനശക്തിയെ കുറയ്ക്കുന്ന സൂപ്പാണ്. പിന്നീട് തീക്ഷ്ണമായ മസാലകള്‍ ചേര്‍ന്നതായ ഒട്ടനവധി വിഭവങ്ങളും. ബേക്കറി, പേസ്റ്ററി വിഭവങ്ങളും ഫാസ്റ്റ്ഫുഡും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആരോഗ്യപൂര്‍ണമായ തലമുറയെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഹൃദ്രോഗം മൂലം അകാലത്തില്‍ പൊലിഞ്ഞുപോയ യുവതലമുറയുടെ കണക്കുകള്‍ തന്നെ ഉദാഹരണം. കൊളസ്‌ട്രോളും പ്രമേഹവും അസിഡിറ്റിയുമായി ജീവിച്ചുമുന്നേറുന്നവര്‍ വേറെയും.


ഭക്ഷണം ഏതുപ്രകാരം


ഓരോരുത്തരും ദഹനശേഷിയനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. ന്യൂട്രീഷ്യന്‍ എന്ന വാക്കുതന്നെ മാറിടത്തില്‍നിന്ന് വലിച്ചുകുടിക്കുക എന്നര്‍ഥംവരുന്ന ന്യൂട്രിക്കസ് എന്ന ഗ്രീക്കുപദത്തില്‍ നിന്നുണ്ടായതാണ്.

അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിന് എന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജത്തിന്റെ ഉറവിടമാണ്. നല്ലഭക്ഷണം കഴിക്കണം എന്നത് വാസ്തവം തന്നെ. എന്നാല്‍, അതു രുചിയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കപ്പെടേണ്ടത്. മറിച്ച് ഭക്ഷണത്തിലെ ഔഷധഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

ആയുര്‍വേദം അനുശാസിക്കുന്നത് നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്നാണ്. എന്നാല്‍, ആഹാരം ദഹിച്ചു എന്ന് നാം എങ്ങനെ മനസ്സിലാക്കും. മുന്‍പ് കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടലുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ യഥാവിധി വിസര്‍ജിക്കുക, മനസ്സ് സ്വസ്ഥമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍.
++++++++++
ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണം എന്നുമാണ് ശാസ്ത്രവിധി. ആഹാരത്തോടൊപ്പം വെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളമാണ് കുടിക്കേണ്ടത്. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുശേഷം വെള്ളം കുടിക്കണം. അധികവണ്ണവും അധികം മെലിച്ചിലുമില്ലാത്ത സമശരീരികളാകട്ടെ ആഹാരത്തിനിടയ്ക്ക് ഇടയ്ക്കിടെ കുറെശ്ശേയായി വെള്ളം കുടിക്കണം.

ഒരുനേരത്തെ ഭക്ഷണം കഴിഞ്ഞാല്‍ നാലുമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കാന്‍ പാടില്ലെന്നും തുടര്‍ന്നുള്ള ആറുമണിക്കൂറിനുള്ളില്‍ അടുത്തഭക്ഷണം കഴിക്കണമെന്നുമാണ് വിധി. മറ്റുസമയങ്ങളില്‍ വിശപ്പുണ്ടെങ്കില്‍ പഴങ്ങള്‍ കഴിക്കാം. ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ച വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറി സൂപ്പുകള്‍, വെള്ളം ചേര്‍ത്ത് കാച്ചിയ ചെറുചൂടുള്ള പാല്, മോര് എന്നിവയൊക്കെ ഉപയോഗിക്കേണ്ടതാണ്.


ഭക്ഷണം എത്രമാത്രം


ദഹനശക്തിയും ദേഹപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചുവേണം ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി അമിതവണ്ണമുള്ളവര്‍ മേദസ്സിനെ വര്‍ധിപ്പിക്കുന്നതായ മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്‌ക്രീം, നെയ്യ്, പാല്, തൈര്, ഉഴുന്ന് എന്നിവ അല്പം മാത്രമായിട്ടേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയ ധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും.

പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈന്തപ്പഴം തുടങ്ങിയവ എല്ലാം ശരീരഭാരം വര്‍ധിപ്പിക്കുന്നപക്ഷം കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അധികം ഉപയോഗം അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവെച്ചേക്കും. എന്നാല്‍ ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ ശരീരപുഷ്ടി ഉണ്ടാക്കുവാനായി നെയ്യ്, പാല്‍, മാംസരസം (സൂപ്പ്) എന്നിവ ദഹനത്തിനനുസരിച്ച് കൂടുതലായി ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
++++++++++


തെറ്റായ ഭക്ഷണശൈലികള്‍


ആയുര്‍വേദത്തില്‍ തെറ്റായ ഭക്ഷണശീലങ്ങളെ പ്രത്യേകമായി എടുത്തുപറയുന്നു. സമശനം, അത്യശനം, അമാത്രാശനം, വിഷമാശനം, വിരുദ്ധാഹാരഭോജനം എന്നിവയാണ് പ്രധാനമായിട്ടുള്ളവ.
സമശനം: ഹിതമായ ഭക്ഷണത്തെയും അഹിതമായ ഭക്ഷണത്തെയും കലര്‍ത്തിഭക്ഷിച്ച് ശീലിക്കുന്നത്.
അത്യശനം: ഭക്ഷിച്ചതിനു മീതെ ഭക്ഷിക്കുന്നതാണ്.
അമാത്രാശനം: യുക്തമായ അളവില്‍ കൂടുതലോ കുറവായോ ഭക്ഷിക്കുന്നത്.
വിഷമാശനം: പ്രത്യേക നിഷ്‌കര്‍ഷയൊന്നുമില്ലാതെ ചിലപ്പോള്‍ സാധാരണ കഴിക്കുന്ന സമയത്തിന് മുന്‍പായും ചിലപ്പോള്‍ അധികമായി വൈകിയും ഭക്ഷിക്കുന്നതിനെ വിഷമാശനം എന്നു പറയുന്നു.

വിരുദ്ധാഹാരം: ആഹാരപദാര്‍ഥങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍ ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വഗ്രോഗങ്ങള്‍, വാതരക്തം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.ഒഴിവാക്കേണ്ട വിരുദ്ധാഹാരങ്ങള്‍* മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്, തേന്‍, മോര് തുടങ്ങിയവ ഭക്ഷിക്കുന്നത്.
* പുളിരസമുള്ള പദാര്‍ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്.
* പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്.
* കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്.
* മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്.
* തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്.

ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, അബ്രഹ്മചര്യം എന്നിവ. ആയുര്‍വേദാചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്ന ആരോഗ്യപരിപാലനത്തില്‍ ആഹാരത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. കാലാകാലങ്ങളില്‍ ഹിതമായ രീതിയില്‍ ഭക്ഷിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നവന്റെ ശരീരം രോഗങ്ങള്‍ക്ക് അപ്രാപ്യമായിരിക്കും. ഹിതമായ ആഹാരവും മിതമായ വ്യായാമവും ഭൂമിയില്‍ അവതരിച്ച ദേവഭിക്ഷുക്കളായ അശ്വിനീകുമാരന്മാരാണ് എന്ന് പണ്ഡിതര്‍ പറയുന്നു.

''ഹിതാഹാരോ മിതായാസോ
ഭൂഗതാവശ്വിനീ സൂതൗ.''-ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി


ഫിസിഷ്യന്‍, കാരിത്താസ് ആയുര്‍വേദ ആസ്പത്രി,
കോട്ടയം