ഏറെ സവിശേഷതകളുണ്ടെങ്കിലും പലപ്പോഴും വിലമതിക്കാത്ത ഒന്നാണ് വാഴപ്പഴം. ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ പലഘടകങ്ങളും ഒരുമിച്ചു നല്കാന്‍ വാഴപ്പഴത്തിന് സാധിക്കും.

 

അമിതവണ്ണം കുറയ്ക്കാം
ഒരു വാഴപ്പഴത്തില്‍നിന്നും 30 ഗ്രാം കാര്‍ബോഹൈഡ്രെറ്റും 3 ഗ്രാം ഫൈബറും ലഭിക്കും. ഫൈബര്‍ ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇത് വയര്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുകയും അധികമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുവാന്‍ സഹായിക്കുകയും ചെയ്യും. വണ്ണം കുറയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍പറ്റിയ ഏറ്റവും നല്ല പഴമാണ് വാഴപ്പഴം.

 

രക്തസമ്മര്‍ദം കുറയ്ക്കാം 
രക്ത ധമനികളെയും ഹൃദയത്തെയും ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും വാഴപ്പഴം ഒരുപരിഹാരമാണ്. കൊഴുപ്പടിയല്‍ അടക്കം നിരവധി പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും. പൊട്ടാസ്യത്തിന്റെ അളവ് ഹൃദയ സ്പന്ദന നിരക്ക് ശരിയാക്കുന്നതിനും ബ്ലഡ്പ്രഷര്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

 

വൈറ്റമിന്‍ സി
നാരങ്ങയിലും നെല്ലിക്കയിലും മാത്രമല്ല, വാഴപാഴത്തിലും വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. ഒരു വാഴപ്പഴത്തില്‍ നിന്നുതന്നെ ദിവസേന വേണ്ടുന്ന വൈറ്റമിന്‍ സിയുടെ 17 ശതമാനവും ലഭിക്കും. 

 

ആരോഗ്യകരമായ ലഘുഭക്ഷണം
ഇട നേരങ്ങളില്‍ കഴിക്കാന്‍ പറ്റിയ ആരോഗ്യകരമായ ലഘുക്ഷണം ആണ് വാഴപ്പഴം. വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വാഴപ്പഴം. പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍ തുടങ്ങിയവ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ  അകറ്റി നിര്‍ത്തുവാനും  സഹായിക്കുന്നു. 

 

മണപ്പിച്ചാല്‍ കഴിച്ചത് പോലെ
തലച്ചോറാണ് ഇവിടെ നായകന്‍. പുതിയ പഠനങ്ങള്‍ പറയുന്നത് ചില ഭക്ഷണസാധനങ്ങള്‍ മണപ്പിച്ചാല്‍ തന്നെ തലച്ചോര്‍ അത് നമ്മള്‍ കഴിച്ചതായി കരുതും എന്നാണ്. അപ്പോള്‍ പിന്നെ വണ്ണംകുറയ്ക്കുവാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഭക്ഷണം കുറയ്ക്കുവാന്‍  ഇതിലും എളുപ്പമുള്ള മാര്‍ഗമുണ്ടോ?