ദിവസവും അല്പം വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആമാശയത്തിലെ ഹെലിക്കോ ബാക്ടർ പൈലോറി ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ലോകജനതയിലെ വലിയൊരു വിഭാഗത്തെ ബാധിക്കുന്നതാണ് എച്ച്.പൈലോറി എന്നറിയപ്പെടുന്ന ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ.
ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രിഷൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. എലികളിലാണ് പഠനം നടത്തിയത്. കൊറിയയിലെ സി.എച്ച്.എ. കാൻസർ പ്രിവെൻഷൻ റിസർച്ച് സെന്ററിലെ ഗവേഷകരാണ് ഈ നിഗമനത്തിലെത്തിയത്. വാൽനട്ടിലെ ഘടകങ്ങൾ ആമാശയത്തിൽ പ്രൊട്ടക്റ്റീവ് പ്രോട്ടീനുകളും ആന്റിഇൻഫഌമേറ്ററി ഘടകങ്ങളും രൂപീകരിച്ച് എച്ച്.പൈലോറിക്കെതിരെയും കാൻസറിനെതിരെയും പ്രതിരോധം തീർക്കുന്നതായി കണ്ടെത്തി.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പടരുന്നതാണ് എച്ച്.പൈലോറി ബാക്ടീരിയ മൂലമുള്ള അണുബാധ. ഈ ബാക്ടീരിയയാണ് ആമാശയത്തിലും ചെറുകുടലിലും അൾസറിനും ആമാശയ കാൻസറിനും പെപ്റ്റിക് അൾസറിനുമൊക്കെ കാരണമാക്കുന്നത്. ഇതിനെല്ലാം ചികിത്സയുണ്ടെങ്കിലും എച്ച്.പൈലോറി ബാക്ടീരിയ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.
അതിനാൽ തന്നെ ഇത് പരിഹരിക്കാൻ ഭക്ഷണത്തിലൂടെയും മറ്റും സ്വീകരിക്കാനുള്ള വഴികൾ തേടുകയാണ് ഗവേഷകർ. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വിവരങ്ങൾ മനുഷ്യരിലെ പരീക്ഷണത്തിന് സഹായകരമാകും.
Content Highlights:Eat walnuts regularly to reduce negative results of H Pylori infection study, Health