മ്പതികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വന്ധ്യത. സ്ട്രെസ്സ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, കൃത്യമായ അണ്ഡോത്‌പാദനം നടക്കാത്തത്, ആവശ്യത്തിന് ബീജമില്ലാത്തത്, അണ്ഡവാഹിനിക്കുഴലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിരവധിയാണ്. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പാലിക്കുന്നതുവഴി ഈ പ്രശ്നങ്ങൾ മറികടക്കാവുന്നതാണ്. ഇതിനായി ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ഡയറ്റിൽ ആന്റിഓക്സിഡന്റ് ഭക്ഷണങ്ങൾ

കാബേജ്, കോളിഫഌർ, ബ്രോക്കോളി, ചീര, മുന്തിരി, ബെറി, പപ്പായ, ഓറഞ്ച്, പേരയ്ക്ക, തണ്ണിമത്തൻ കുരുക്കൾ, വാൽനട്ട്, കശുവണ്ടി, ആൽമണ്ട് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

കൊഴുപ്പടങ്ങിയ പാൽ ഉത്‌പന്നങ്ങൾ

ചീസ്, കൊഴുപ്പുള്ള പാൽ, യോഗർട്ട്, മധുരമില്ലാത്ത മിൽക്ക് ഷെയ്ക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇവയിൽ വിറ്റാമിൻ എ, ഇ, ഡി, കെ, കെ2 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുത്‌പാദനശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവ കൂടുതൽ മെച്ചപ്പെടാൻ ഓട്സ്, ഫ്രൂട്ട്സ് എന്നിവ കൂടി ഇതിനൊപ്പം ചേർക്കാം.

ട്രാൻസ്‌ഫാറ്റ് കുറയ്ക്കാം

ട്രാൻസ്‌ഫാറ്റ് ശരീരത്തിലെത്തുന്നത് രക്തത്തിലെ ഇൻസുലിന്റെ അളവ് വർധിക്കാൻ ഇടയാക്കുന്നു. ഇത് അണ്ഡാശയത്തിന്റെ പ്രത്യുത്‌പാദനശേഷിയെ ബാധിക്കുന്നു. ഇത് പരിഹരിക്കാൻ ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണ മാറ്റി വർജിൻ ഒലിവ് ഓയിലോ സോയ ഓയിലോ ആക്കാം. ഫ്രോസൺ ഫുഡ്, ബേക്കറി ഭക്ഷണങ്ങൾ, ഫ്രൈഡ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. ഇവയിൽ അനാരോഗ്യകരമായ ട്രാൻസ്‌ഫാറ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം.

കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് നിർബന്ധം

പയർ, ബീൻസ്, മുഴുധാന്യങ്ങൾ തുടങ്ങിയ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കലോറി കുറവും പോഷകസമ്പുഷ്ടവുമാണ് എന്നതാണ് ഇതിന്റെ മെച്ചം. ഇവ ദഹനം മെച്ചപ്പെടുത്തും രക്തത്തിലെ ഷുഗർ നില നിയന്ത്രിക്കും. ആരോഗ്യകരമായ ഇൻസുലിൻ നില അണ്ഡാശയ ഹോർമോണുകളുടെ തുലനനില മെച്ചപ്പെടുത്താൻ സഹായിക്കും.

Content Highlights:Boost your fertility with Diet and food, Health, Food, Infertility