Photo: Pixabay
കാലങ്ങള്‍ കൂടുമ്പോള്‍ വരുന്ന സൂര്യഗ്രഹണം ഒന്നു കാണാതിരിക്കുന്നതെങ്ങനെ എന്നു കരുതുന്നവരുണ്ട്. എന്നാല്‍ സൂര്യഗ്രഹണം കാണരുതെന്നല്ല, മറിച്ച് കാണുന്നത് കൃത്യമായ മുന്‍കരുതലുകളോടെ വേണമെന്നു മാത്രം. മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 26ലെ വലയസൂര്യഗ്രഹണം ദര്‍ശിച്ച പതിനഞ്ചോളം പേര്‍ക്ക് കാഴ്ച്ച ഭാഗികമായി നഷ്ടപ്പെട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കണ്ടാലെന്താണെന്ന് വെല്ലുവിളിക്കുന്നവര്ക്കെല്ലാം താക്കീതാണ് ഈ വാര്‍ത്ത.
രാജസ്ഥാനില്‍ നിന്നുള്ള പത്തിനും ഇരുപതിനും പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെത്തുടര്‍ന്ന് കാഴ്ച്ച നഷ്ടപ്പെട്ട് ചികിത്സ തേടിയിരിക്കുന്നത്. ജെയ്പൂരിലെ സവായ് മാന്‍ സിങ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുന്ന ഇവരുടെ കാഴ്ച്ച പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സോളാര്‍ റെറ്റിനോപ്പതി എന്ന അവസ്ഥയാണ് കാഴ്ച്ച നഷ്ടപ്പെടുന്നതിനു കാരണം.
സാധാരണ സമയത്ത് അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നുള്ള അമിതമായ ചൂടും വെളിച്ചവും കാരണം അധികനേരം സൂര്യനെ നോക്കാന്‍ കഴിയില്ല. നോക്കിയാല്‍ തന്നെ കൃഷ്ണമണി ചുരുങ്ങി അള്‍ട്രാവയലറ്റ് രശ്മികള്‍ അധികം കടക്കുന്നത് തടയും. എന്നാല്‍ ഗ്രഹണസമയത്ത് ചൂടും പ്രകാശവും കുറവായിരിക്കുന്നതിനാല് സൂര്യനെ നോക്കുക വഴി അള്‍ട്രാവയലറ്റ് കിരണങ്ങള്‍ റെറ്റിനയില്‍ വന്നു പതിക്കും. കാഴ്ച്ചയ്ക്ക് സഹായിക്കുന്ന റെറ്റിനയിലെ ഫോട്ടോറെസിപ്റ്റര് പാളിയിലേയും പിഗ്മെന്റ് എപിതെലിയല്‍ പാളിയിലേയും കോശങ്ങള്‍ നശിക്കുക വഴി കാഴ്ച്ചയെ ഗുരുതരമായി ബാധിക്കും. ഏറ്റവും നന്നായി കാഴ്ച്ചയുള്ള ഭാഗമായ ഫോവിയയെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഒരിക്കല്‍ ഈ ഭാഗത്തെ ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ പൂര്‍ണമായും കാഴ്ച്ച വീണ്ടെടുക്കുക പ്രയാസമാണ്.
മറ്റു കാഴ്ചാവൈകല്യങ്ങള്‍ പരിഹരിക്കുന്നതുപോലെ മരുന്നുവച്ചോ കണ്ണട കൊണ്ടോ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. ഒസിടി(
Optical coherence tomography) എന്ന ടെസ്റ്റിലൂടെ സോളാര്‍ റെറ്റിനോപ്പതിയാണോ എന്ന് തിരിച്ചറിയാം. റെറ്റിനയുടെ പ്രവര്‍ത്തനക്ഷമത തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. സോളാര്‍ റെറ്റിനോപ്പതിയാണോ കാഴ്ചവൈകല്യത്തിനു കാരണം എന്നു തിരിച്ചറിയാം എന്നതിലപ്പുറം കൂടുതല്‍ ചികിത്സാസാധ്യതകള്‍ ഇല്ലെന്നതും അറിയേണ്ടതാണ്.
ഒന്നോ രണ്ടോ മിനിറ്റ് അറിയാതെ നോക്കുകയാണെങ്കില്‍ ഭാഗികമായുള്ള കാഴ്ച്ചക്കുറവേ ഉണ്ടാകാനിടയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ക്ക് കാഴ്ച്ച വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. (ചികിത്സാകാലത്ത് സ്റ്റിറോയ്ഡ് ഗുളികകള്‍ നല്‍കാറുണ്ടെങ്കിലും കാഴ്ച്ച തിരികെ കിട്ടുമെന്ന് പൂര്‍ണമായ ഉറപ്പ് പറയാന്‍ കഴിയില്ല). നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കി ഒരുമണിക്കൂര്‍ തൊട്ട് നാലുമണിക്കൂറിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം.
ശാസ്ത്രം തന്നെ ഉറ്റുനോക്കുന്ന കാര്യമാണ് സൂര്യഗ്രഹണം. പക്ഷേ ആരോഗ്യം കൂടി കണക്കിലെടുത്തു മാത്രമേ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താവൂ. മാത്രവുമല്ല സോളാര്‍ ഗ്ലാസുകള്‍ പലതും ഉപയോഗപ്രദമാണെന്ന് പറയാനാവില്ല. കണ്ണുകള്‍ ഗ്രഹണം കാണാന്‍ മാത്രമല്ല, ലോകത്തിലെ മറ്റു സുന്ദരമായ പല ദൃശ്യങ്ങളും കാണാന്‍ കൂടിയുള്ളതാണ്. അതുകൂടി കണക്കിലെടുത്തു വേണം ഗ്രഹണം കാണാന്‍.
ലക്ഷണങ്ങള്‍
- വായിക്കാനുള്ള ബുദ്ധിമുട്ട്
- വെളിച്ചം നോക്കുമ്പോള്‍ ബുദ്ധിമുട്ട്
- ഒരു വസ്തുവിന്റെ വലിപ്പം കുറഞ്ഞോ കൂടിയോ തോന്നുക
- കാഴ്ചമണ്ഡലത്തില്‍ കറുത്ത വട്ടം പോലെ ഇരുട്ട് തോന്നുക
- നഗ്നനേത്രങ്ങളാല്‍ നോക്കാതിരിക്കുക
- ബോധവത്കരണം പ്രധാനം
- സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുക
- സണ്‍ഗ്ലാസ്സുകള്‍ ഉപയോഗിക്കരുത്
- ISO-12312-2 ഗ്രേഡ് ഉള്ള സോളാര്‍ ഫില്‍റ്റര്‍ കണ്ണട കൊണ്ട് മാത്രമേ നേരിട്ട് ഗ്രഹണം കാണാവൂ
- പ്ലാസ്റ്റിക് കണ്ണടകള്‍ ഉപയോഗിക്കരുത്
- ഫിലിമുകള്‍, എക്സ്റേകള്‍, ബൈനോക്കുലര്‍, മൊബൈല്‍ ക്യാമറ, ടെലസ്കോപ്പ് എന്നിവയൊന്നും ഉപയോഗിച്ച് കാണരുത്
- അള്‍ട്രാ വയലറ്റ്, ഇന്‍ഫ്രാറെഡ് കിരണങ്ങളെ തടുക്കാന്‍ പ്രാപ്തമായ ഗുണമേന്മയുള്ള സോളാര്‍ ഫില്‍റ്ററുകള്‍ ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കാം
ഡോ.സനിത സത്യന്
(സീനിയര്‍ കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഓഫ്താല്മോളജി, സ്ട്രബിസ്മോളജി, ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, പാലാരിവട്ടം, കൊച്ചി)
Content Highlights: youth lost vision due to solar eclipse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..