ണ്ടുതവണ കാൻസറിനെ അതിജീവിച്ച, രോ​ഗത്തിനെതിരെ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന ശക്തയായ യുവതി. 29 വയസ്സുള്ള ജോസ്നയെ അങ്ങനെ വിശേഷിപ്പിക്കാം. ജീവിതത്തിൽ‍ പലരും തളർന്നു പോയേക്കാവുന്ന ഈ സാഹചര്യത്തിലും  ആത്മവിശ്വാസത്തോടെ രോ​ഗത്തിനെതിരെ പോരാടുന്ന ജോസ്ന നടത്തിയ ഫോട്ടോഷൂട്ട് ഇന്ന് യൂട്യൂബിൽ വെെറലാണ്. 

കാൻസർ ബാധിതരിൽ ആത്മവിശ്വാസം വളർത്താനും മുറിയിൽ അടച്ചിരിക്കേണ്ടവരല്ല കാൻസർ രോ​ഗികൾ എന്ന സന്ദേശം സമൂഹത്തിന് നൽകാനുമാണ് ജോസ്നയുടെ ശ്രമം.  ജോസ്ന മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

എം.ബി.എ. കഴിഞ്ഞ് ബം​ഗ്ലൂരിൽ ഇന്റേണൽ ഓഡിറ്ററായി ജോലിനോക്കുന്ന സമയമായിരുന്നു അത്. അഞ്ചുവർ‍ഷം മുമ്പ്. ഒരു ദിവസം മാറിലൊരു തടിപ്പ് ഉള്ളതായി തോന്നി. വീണ്ടും വീണ്ടും പരിശോധിച്ചപ്പോൾ ചെറിയൊരു ആശങ്ക തോന്നി. പപ്പയോട് പറയാനാണ് തോന്നിയത്. പാലാ സ്വദേശിയാണെങ്കിലും മം​ഗളുരുവിൽ സ്ഥിരതാമസമാക്കിയ ബിസിനസ്സുകാരനാണ് പപ്പ. പേടിക്കേണ്ട, അത് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല എന്നായിരുന്നു പപ്പയുടെ മറുപടി. ഷു​ഗർ കൂടിയപ്പോൾ അമ്മയ്ക്കും ഇതുപോലെ കണ്ടിരുന്നുവെന്നും പപ്പ പറഞ്ഞു. അങ്ങനെ ആശ്വസിച്ചു. 

josna
കാൻസർ ബാധിക്കുന്നതിന് മുൻപ് ജോസ്ന

കുറച്ചുനാൾ കഴിഞ്ഞ് കുളിക്കുമ്പോഴാണ് ആ തടിപ്പിന് കുറച്ചുകൂടി വലുപ്പം കൂടിയിട്ടുണ്ടെന്ന് തോന്നിയത്. വീണ്ടും പപ്പയെ വിളിച്ചു. ഇത്തവണ ഡോക്ടറെ കാണാം എന്ന് തീരുമാനിച്ചു. ഞാൻ നാട്ടിലേക്ക് വന്നു. ഡോക്ടർ പരിശോധിച്ച ശേഷം ബയോപ്സി ചെയ്യാൻ നിർദേശിച്ചു. ബയോപ്സി റിപ്പോർട്ട് വന്നു. എനിക്ക് ബ്രെസ്റ്റ് കാൻസർ സ്റ്റേജ് 2. ആർ.സി.സിയിലേക്കാണ് ആദ്യം പോയത്. അവിടെ വീണ്ടും ബയോപ്സിയെടുക്കലും പരിശോധനകളും. അവസാനം ഡോക്ടർ പറഞ്ഞു ഇതിപ്പോൾ കൂടുതൽ ആലോചിക്കാനൊന്നും ഇല്ല, കുത്തിപ്പറിച്ച് കളഞ്ഞേക്കാം എന്ന്. ഞാനും പപ്പയും തളർന്നിരുന്നു പോയി. പിന്നെ ഒന്നും പറയാനില്ലായിരുന്നു.

നേരെ ചെന്നെെ അപ്പോളോ ആശുപത്രിയിലേക്ക് പോയി. അവിടെ വീണ്ടും പരിശോധനകൾ. നാല് ദിവസത്തോളം അഡ്മിറ്റായിരുന്നു. സർജറി ചെയ്ത് മാറിലെ തടിപ്പ് നീക്കി. ഇനി കീമോയും റേഡിയേഷനും എടുക്കണം എന്നുപറഞ്ഞതോടെ ഞാൻ ആകെ ഭയന്നു. കീമോ എടുത്താൽ മുടി മുഴുവൻ പോകുമെന്ന് കേട്ടിട്ടുണ്ടായിരുന്നു. പിന്നീട് പുറത്തിറങ്ങാൻ പറ്റില്ലെന്നും ഒക്കെയുള്ള ഭീതിയാണ് എനിക്കപ്പോൾ ഉണ്ടായത്. അതുകൊണ്ട് റേഡിയേഷൻ മാത്രമെടുത്ത് ഞാൻ മടങ്ങി.  

josna
ഫോട്ടോഷൂട്ടിൽ നിന്നും

നാലുവർഷത്തിന് ശേഷം 28ാം വയസ്സിലാണ് രണ്ടാമതും കാൻസർ സ്ഥിരീകരിച്ചത്. ഇത്തവണ നാല് മുഴകൾ ഉണ്ടായിരുന്നു. കക്ഷത്തിന് താഴെയും നെഞ്ചിലുമായിട്ടായിരുന്നു ഇത്തവണ. എനിക്ക് ഇവ കണ്ടപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞു ചിലപ്പോൽ ഫാറ്റ് ഡെപ്പോസിഷൻ ആയിരിക്കും എന്ന്. എങ്കിലും ഒന്നുകൂടി ബയോപ്സി ചെയ്തു നോക്കി. കാൻസർ തന്നെയെന്ന് അപ്പോൾ ഉറപ്പായി. ആ സമയത്ത് ഞാൻ ഇവിടെ ബാം​​ഗ്ലൂരിലായിരുന്നതിനാൽ ബാക്കി ചികിത്സ ഇവിടെയാണ് നടത്തിയത്. 
കീമോ എടുക്കാതെ പറ്റില്ലെന്നായി. ആറ് കീമോ ആണ് വേണ്ടിവന്നത്. 

ഇതിന് മുൻപായി എന്റെ ഇടതൂർന്ന മുടി ഞാൻ തന്നെ വെട്ടി. നീണ്ട മുടിയോട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അതിനാൽ വെട്ടിയ മുടി ഞാൻ തന്നെ സൂക്ഷിച്ചുവെച്ചു. ഇടയ്ക്ക് എനിക്ക് കാണാമല്ലോ എന്റെ മുടി. 

josna
ഫോട്ടോഷൂട്ടിൽ നിന്നും

ചികിത്സയ്ക്ക് മുൻപായി കീമോ എടുത്തവരുമായി ഞാൻ സംസാരിച്ചിരുന്നു. പക്ഷേ, അവരൊക്കെ ഭയങ്കര നെ​ഗറ്റീവായാണ് പ്രതികരിച്ചത്. ജീവിതം എല്ലാം അവസാനിച്ചു, ഇനി ഒന്നും ചെയ്യാനില്ല എന്ന രീതിയിൽ മൂടിപ്പുതച്ച്, ആളുകളെ അഭിമുഖീകരിക്കാതെയിരിക്കുന്ന ആളുകളെയാണ് ഞാൻ കണ്ടത്. അതിനാൽ തന്നെ അങ്ങനെ ഒരാളായി മാറരുതെന്ന് എനിക്ക് തോന്നലുണ്ടായി. അതിനാൽ തന്നെ അവർക്ക് പോസിറ്റീവ് മെസേജ് നൽകണം എന്നൊരു ആ​ഗ്രഹം ഉണ്ടായിരുന്നു. എല്ലാം പോസിറ്റീവായി എടുക്കാൻ ഞാൻ തീരുമാനിച്ചു. പേടിച്ചപോലെയുള്ള പ്രശ്നങ്ങളൊന്നും 
എന്റെ കീമോയ്ക്ക് ശേഷം ഉണ്ടായില്ല.  ചികിത്സയ്ക്കും മറ്റ് കാര്യങ്ങൾക്കുമെല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു പോയിരുന്നത്. ബെെസ്റ്റാൻഡർ നിർബന്ധമായും വേണം എന്ന സമയത്ത് മാത്രം പപ്പയെ വിളിച്ചു. 

ഇപ്പോൾ 21 ദിവസം കൂടുമ്പോൾ ടാർ​ഗറ്റഡ് തെറാപ്പി ചെയ്യണം. ശരീരത്തിലെ കാൻസർ കോശങ്ങളെ മാത്രമായി നശിപ്പിക്കുന്ന പുതിയ ചികിത്സാരീതിയാണിത്. അതിനെല്ലാം ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്. അതിനുള്ള മനോധെെര്യം ഞാൻ നേടിക്കഴിഞ്ഞു. 

ഫോട്ടോഷൂട്ട് എന്ന ആശയം

കാൻസർ ബാധിക്കുന്നതുവരെ എനിക്ക് ഈ രോ​ഗത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. എന്നാൽ എനിക്ക് രോ​ഗം വന്നപ്പോൾ ഞാൻ കാൻസറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. അപ്പോൾ കാൻസറിനെക്കുറിച്ച് മറ്റുള്ളവർക്ക് അറിവ് നൽകണമെന്ന് എനിക്ക് തോന്നി. 

ബാം​ഗ്ലൂരിൽ മലയാളി ​ഗ്രൂപ്പുകളിലൊക്കെ ഞാൻ ആക്ടീവായിരുന്നു. അതിൽ എനിക്ക് പരിചയമുണ്ടായിരുന്ന ആളാണ് ഫോട്ടോ ഷൂട്ട് ചെയ്ത രജീഷ് രാമചന്ദ്രൻ. ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ രജീഷേട്ടൻ വളരെ സപ്പോർട്ട് ചെയ്തു. ഫോട്ടോഷൂട്ടിലൂടെ കാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക എന്നതാണ് ആശയം. പ്രതിഫലമൊന്നും വാങ്ങാതെയാണ് ടീം ആ ഷൂട്ട് ചെയ്തത്. 

മാർക്കറ്റിലും ഒരു തുറസ്സായ സ്ഥലത്തും വീടിനകത്തുമായാണ് ഫോട്ടോഷൂട്ട് പൂർത്തിയാക്കിയത്. കോസ്റ്റ്യൂമും മേക്കപ്പും ഒക്കെ ഫോട്ടോ​ഗ്രാഫി ടീം തന്നെ ഏറ്റെടുത്തു. ബോൾഡ്  ലുക്കിൽ ആയിരുന്നു ഫോട്ടോഷൂട്ട് എല്ലാം. ഒരു മലയാള സിനിമയുടെ ഷൂട്ടിങ് ആണെന്നാണ് മാർക്കറ്റിലെ ആളുകളോട് പറഞ്ഞത്. നേരത്തെ പറഞ്ഞിരുന്നില്ല ആരോടും. അതിനാൽ തന്നെ അവരുടെ മുഖത്തെ ആകാംഷയും ഷൂട്ടിനിടയിൽ കിട്ടി. അങ്ങനെ ആദ്യമായി ഞാനൊരു മോഡലായി. മുൻപരിചയമൊന്നും ഇല്ലാത്തതിനാൽ റീടേക്കുകൾ ഒക്കെ വേണ്ടിവരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതൊന്നും വേണ്ടിവന്നില്ല. ഫോട്ടോ ഒ.കെയാണോ എന്ന് ഞാൻ ചോദിക്കുമ്പോൾ എനിക്ക് വേണ്ടത് കിട്ടി പിന്നെ എന്തിന് റീടേക്ക് എന്നായിരുന്നു ഫോട്ടോ​ഗ്രാഫറുടെ ചോദ്യം. 

കാൻസർ ബാധിച്ച് ചികിത്സയുടെ ഭാ​ഗമായി തല മൊട്ടയടിച്ചവർ വീടിനകത്ത് അടച്ചിരിക്കേണ്ട കാര്യമില്ലെന്നും അവർ സാധാരണ ആളുകളെപ്പോലെ തന്നെ സമൂഹത്തിൽ ജീവിക്കണം എന്നുമുള്ള സന്ദേശം നൽകാനാണ് ഈ ഫോട്ടോഷൂട്ടിലൂടെ ഞാൻ ശ്രമിച്ചത്. 

കാൻസർ എന്നത് ഒരു രോ​ഗാവസ്ഥയാണ്; അല്ലാതെ പാപാവസ്ഥ അല്ല.  കാൻസർ വന്നാൽ ജീവിതം തീർന്നു, ഇനി എങ്ങനെ മുന്നോട്ടുപോകും എന്നൊക്കെയാണ് എല്ലാവരുടെയും ചിന്ത. വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയും വരും.  രോ​ഗം വന്നില്ലേ ഇനി അധികമൊന്നും പുറത്തിറങ്ങണ്ട എന്നൊക്കെ പലരും പറയും.  എന്നാൽ എനിക്ക് തോന്നിയത് പേടിക്കുമ്പോഴാണ് രോ​ഗം ശരീരത്തെ കൂടുതൽ കീഴടക്കുന്നത് എന്നാണ്. മനസ്സ് സ്ട്രോങ് ആണെങ്കിൽ രോ​ഗത്തിന് നമ്മെ അത്ര പെട്ടെന്ന് കീഴടക്കാൻ സാധിക്കില്ല. നമുക്ക് മനോധെെര്യം ഇല്ലാത്തതുകൊണ്ട് നാം മരിച്ചുപോവരുത്. 

josna
ഫോട്ടോഷൂട്ടിൽ നിന്നും

കാൻസർ രോ​ഗികളോടുള്ള സമൂഹത്തിന്റെ മനോഭാവം ഇന്നും വളരെ മോശമാണ്. കാൻസർ അല്ലേ, ഇനി പുറത്തേക്കൊന്നും ഇറങ്ങേണ്ട എന്നാണ് ആളുകളുടെ നിലപാട്. കാൻസർ രോ​ഗിയെ ഒരു കുറ്റവാളിയെ എന്ന പോലെയാണ് സമൂഹം കാണുന്നത്. ഈ സ്ഥിതി മാറണം. 

പുരുഷൻമാർ തല മൊട്ടയടിക്കുന്നതുപോലെ തന്നെയാണ് സ്ത്രീകൾ മൊട്ടയടിക്കുമ്പോഴും. ചികിത്സയുടെ ഭാ​ഗമായി മുടി മുറിക്കേണ്ടി വരുമ്പോഴോ മൊട്ടയടിക്കേണ്ടി വരുമ്പോഴോ മാനസികമായി തളരേണ്ട കാര്യമില്ല. തലമറച്ചുനടക്കേണ്ടതില്ല. വി​​​ഗ്  വെക്കേണ്ട കാര്യവും ഇല്ല. എനിക്ക് നല്ല നീളൻ മുടിയുണ്ടായിരുന്നു. ചികിത്സയ്ക്ക് മുടിമുറിക്കണമെന്നു വന്നപ്പോൾ അത് മുറിച്ച് ഞാൻ തന്നെ സൂക്ഷിച്ചുവെച്ചു. ഇപ്പോൾ വീണ്ടും എനിക്ക് മുടി വളരാൻ തുടങ്ങിയിട്ടുണ്ട്. അത് അങ്ങനെ തന്നെയല്ലേ, മുടി മുറിച്ചാലും അത് വീണ്ടും വളർന്നുവരും. നമ്മുടെ ജീവിതവും അങ്ങനെയല്ലേ? എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായാലും പ്രതീക്ഷയുടെ ഒരു ചെറുകണം മതി നമ്മുടെ ജീവിതം വീണ്ടും തളിരിടാൻ, മുളച്ചുപൊങ്ങാൻ...

Content Highlights: Young Malayalee woman with photoshoot to raise cancer awareness, Health, Cancer Awareness