2021 ലെ ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിയാം ഒറ്റ വായനയില്‍| Year Ender Health


അനു സോളമന്‍

2021 വര്‍ഷത്തെ ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ വിശദമായി അറിയാം

ഡിസൈൻ: രൂപേഷ്‌

രോഗ്യരംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച വര്‍ഷമായിരുന്നു 2021. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കിയെങ്കിലും കോവിഡിനെതിരെ പോരാടാന്‍ വാക്‌സിനുകളും മരുന്നുകളും വികസിപ്പിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. 2021 വര്‍ഷത്തെ ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ വിശദമായി അറിയാം.

ജനുവരിഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കം

ജനുവരി 16 മുതല്‍ രാജ്യത്തെ കോവിഡ് വാക്സിനേഷന് തുടക്കമായി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കിയത്. ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളി 33 കാരനായ മനീഷ് കുമാറാണ് രാജ്യത്ത് ആദ്യമായി ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ മൈത്രി

വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്ന വാക്‌സിന്‍ മൈത്രി ജനുവരിയില്‍ ആരംഭിച്ചു. 95 രാജ്യങ്ങളിലേക്കായി 66.3 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ത്യ കൈമാറിയത്. രണ്ട് ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇന്ത്യ യു.എന്‍. പീസ്‌കീപ്പേഴ്‌സിന് മാര്‍ച്ച് 27 ന് കൈമാറി.

ഫെബ്രുവരി

കോവിഷീല്‍ഡ് വാക്സിന് അനുമതി

കോവിഷീല്‍ഡ് വാക്സിന്‍ കോവിഡ് പ്രതിരോധത്തിനായി ലോകമെങ്ങും ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി. ആസ്ട്രസെനക്ക ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് ലോകമെങ്ങും ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്. ഇന്ത്യയിലെ വാക്സിനേഷന്‍ നടപടികള്‍ക്ക് വേഗത ലഭിക്കാന്‍ ഇത് സഹായകമായി.

covishield

മാര്‍ച്ച്

മാര്‍ച്ച് ഒന്നു മുതല്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

മാര്‍ച്ച് ഒന്ന് മുതല്‍ 60 ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകളാണ് വിതരണം ചെയ്തത്. മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി എയിംസില്‍ നിന്ന് കൊവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

covaxin

ഏപ്രില്‍

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍

ഏപ്രില്‍ മുതല്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

സ്പുട്നിക് V വാക്സിന് അംഗീകാരം

ഏപ്രില്‍ 12 മുതല്‍ റഷ്യയുടെ സ്പുട്നിക് V വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). അനുമതി നല്‍കി. റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിനാണ് സ്പുട്‌നിക് V. 91.4 ശതമാനം ഫലപ്രാപ്തിയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ആണ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.

മേയ്

കോവിഡിന് 2-ഡിയോക്സ് -ഡി- ഗ്ലൂക്കോസ് മരുന്ന്

കോവിഡ് നിയന്ത്രണത്തിന് 2-ഡിയോക്സ് -ഡി- ഗ്ലൂക്കോസ്(2 ഡിജി) മരുന്ന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. ഓക്സിജന്‍ നീക്കിയ ഗ്ലൂക്കോസ് തന്‍മാത്രയാണ് 2 ഡിജി. ഡി.ആര്‍.ഡി.ഒ. ആണ് ഈ മരുന്ന് വികസിപ്പിച്ചത്.

18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍

മേയ് ഒന്നു മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തുടങ്ങി. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്താണ് വാക്സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടാകും. സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കിയാണ് വാക്സിനെടുക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വാക്സിന്‍ ലഭിക്കും.

ബ്ലാക്ക് ഫംഗസ് രോഗം ഇന്ത്യയില്‍

ഇന്ത്യയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഒഡിഷയിലെ ഭുവനേശ്വറിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മ്യൂക്കോര്‍മൈക്കോസിസ് എന്നാണ് ഇതിന്റെ ശരിയായ പേര്. ശരീര ഭാഗങ്ങളില്‍ ഫംഗസ് ബാധയുണ്ടായി കറുത്ത നിറം വന്ന് കോശങ്ങള്‍ നശിച്ചുപോവുന്ന അവസ്ഥയാണിത്. ഫംഗസ് ബാധയുണ്ടായ ഭാഗം നീക്കം ചെയ്യുകയല്ലാതെ വേറെ വഴിയില്ല.

കേരളത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. രാജസ്ഥാന്‍ ഈ രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. മ്യൂക്കോറലസ് കുടുംബത്തില്‍പ്പെട്ട റൈസോപ്സ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണിത്. സാധാരണ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ നമ്മുടെ ചുറ്റുപാടുകളില്‍ കണ്ടുവരുന്ന ഒരു പൂപ്പല്‍ ആണിത്. ഈ രോഗത്തിന് ചികിത്സയുണ്ട്. ആന്റിഫംഗല്‍ തെറാപ്പി ഉപയോഗിച്ച് സുഖപ്പെടുത്താം. കോവിഡ് രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

ReadMore: എന്താണ് ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോര്‍മൈക്കോസിസ്? വിശദമായി അറിയാം

ജൂണ്‍

മൊഡേണ വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് ഡി.സി.ജി.ഐ. അനുമതി

സിപ്ല വികസിപ്പിച്ച മൊഡേണ വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചു. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം

കോവിഡനന്തരം കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. കാവസാക്കി രോഗവുമായി വളരെ സാമ്യമുള്ള രോഗലക്ഷണങ്ങള്‍ കാണപ്പെടുന്ന ഈ അസുഖം കോവിഡ് വൈറസ് ബാധയ്ക്ക് ശേഷം രണ്ട് ആഴ്ച മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം മൂലം സംഭവിക്കുന്നതാണ്. ഈ അസുഖം കുട്ടികളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയില്ല. രോഗനിര്‍ണയം വൈകിയാല്‍ കുട്ടികള്‍ ഗുരുതരാവസ്ഥയിലായേക്കും.

ReadMore: കോവിഡ് രണ്ടാം തരംഗവും കുട്ടികളും; ശ്രദ്ധിക്കണം മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോമിനെ

ജൂലായ്

ഇന്ത്യയില്‍ പക്ഷിപ്പനി മരണം

ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ 12 കാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.

ReadMore: വീണ്ടും പക്ഷിപ്പനി; വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നാല്‍

മങ്കി ബി വൈറസ് ബാധിച്ച ആദ്യ മരണം ചൈനയില്‍

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നതിന് അനുസരിച്ച് അത്യപൂര്‍വമായ ഒരു ഇന്‍ഫെക്ഷനാണ് മങ്കി ബി വൈറസ് ഇന്‍ഫെക്ഷന്‍. ഹെര്‍പ്പസ് ബി, ഹെര്‍പ്പസ് വൈറസ് സിമിയേ, ഹെര്‍പ്പസ് വൈറസ് ബി എന്നീ പേരുകളിലും മങ്കി ബി അറിയപ്പെടുന്നുണ്ട്. നാട്ടില്‍ കാണപ്പെടുന്ന കുരങ്ങുപനി അല്ല ഇത്.

ReadMore: എന്താണ് മങ്കി ബി വൈറസ്? വിശദമായി അറിയാം

ഓഗസ്റ്റ്

ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ

പടിഞ്ഞാറല്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിമാരകമായ എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസ്. ഗുരുതരമായ മസ്തിഷ്‌ക ജ്വരം ഉണ്ടാകാന്‍ ഇടയാക്കുന്നതാണ് ഇത്. 88 ശതമാനത്തോളമാണ് മരണനിരക്ക്. 1967 ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്. പഴംതീനി വവ്വാലുകളാണ് രോഗവാഹകര്‍. നിലവില്‍ രോഗത്തെ നിയന്ത്രിക്കാന്‍ മരുന്നും വാക്സിനും ഇല്ല.

ReadMore: പഴംതീനി വവ്വാലുകള്‍ വീണ്ടും ഭീഷണിയുയര്‍ത്തുന്നു; ലോകത്ത് വ്യാപിക്കുമോ മാര്‍ബര്‍ഗ് വൈറസ്?

ഹവാന സിന്‍ഡ്രോം ഭീതി വൈറ്റ് ഹൗസില്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം മൂന്നു മണിക്കൂറോളം വൈകിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിയറ്റ്നാമിലെ ഹാനോയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയ്ക്ക് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്.

2016 കാലത്ത് യു.എസ്. നയതന്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ക്യൂബയുടെ ആസ്ഥാനമായ ഹവാനയില്‍ വെച്ച് രോഗം ബാധിച്ചിരുന്നു. ഈ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലും വീടുകളിലും അപരിചിതമായതും ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നതുമായ പ്രത്യേക തരം ശബ്ദം കേട്ടിരുന്നുവെന്ന് രോഗികളായവര്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിശക്തി നഷ്ടമാകല്‍, ചെവിക്കുളളില്‍ മുഴക്കം, തലയ്ക്കുള്ളില്‍ അമിത സമ്മര്‍ദം, ഓര്‍മ്മക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ എന്നിവയുണ്ടായി. ഈ അവസ്ഥയെയാണ് ഹവാന സിന്‍ഡ്രോം എന്ന് വിശേഷിപ്പിച്ചത്.

ReadMore:എന്താണ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്ര വൈകിപ്പിച്ച ഹവാനാ സിന്‍ഡ്രോം?

ഒറ്റ ദിവസം 88.13 ലക്ഷം വാക്‌സിന്‍

ഓഗസ്റ്റ് 16 ന് രാജ്യത്ത് ഒറ്റ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കി റെക്കോര്‍ഡിട്ടു. ഓഗസ്റ്റ് 16 ന് 88.13 ലക്ഷം വാക്‌സിനാണ് നല്‍കിയത്.

സൈക്കോവ് ഡി- സൂചിയില്ലാ വാക്സിന്‍

കോവിഡിനെതിരായി തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിനാണ് സൂചിയില്ലാത്ത ഇഞ്ചക്ഷനായ സൈക്കോവ് ഡി. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില എന്ന കമ്പനിയുടെ ഈ വാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. വിപണിയില്‍ ലഭ്യമാവുന്ന ആദ്യത്തെ പ്ലാസ്മിഡ് ഡി.എന്‍.എ. വാക്സിനാണ് സൈക്കോവ് ഡി. പ്രത്യേകമായി രൂപകല്പന ചെയ്ത ഫാര്‍മജെറ്റ് ഇഞ്ചക്ടറിന്റെ സിറിഞ്ച് തൊലിയോട് അമര്‍ത്തി വെച്ച് പിസ്റ്റണ്‍ അമര്‍ത്തുമ്പോള്‍ തൊലിക്കുള്ളിലേക്ക് 0.1 മില്ലി വാക്സിന്‍ വീതം ഡെലിവര്‍ ചെയ്യും. ഉയര്‍ന്ന സമ്മര്‍ദത്തില്‍ നേരിയ അളവ് വാക്സിന്‍ തൊലിക്കുള്ളിലേക്ക് എത്തിപ്പെടുമ്പോല്‍ സാധാരണ സൂചിവെപ്പിലേതു പോലെ വേദന ഉണ്ടാകില്ല. കുട്ടികളില്‍ വാക്സിന്‍ നല്‍കുമ്പോള്‍ നല്‍കാന്‍ ഇത് ഉപയോഗിച്ചേക്കും.

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഒറ്റ ഡോസ് വാക്സിന് അംഗീകാരം

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യയില്‍ ലഭ്യമായി. രാജ്യത്ത് ബയോളജിക്കല്‍ ഇ എന്ന ഫാര്‍മ കമ്പനിയുടെ സഹകരണത്തോടെയാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഉത്പാദിപ്പിക്കുക. ഒറ്റ ഡോസ് മതി എന്നതാണ് ഇതിന്റെ പ്രത്യേകത

കേരളത്തില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു

കേരളത്തില്‍ ആദ്യമായി സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കരുതലെടുത്തതിനെത്തുടര്‍ന്ന് വൈറസിനെ നിയന്ത്രിച്ചുനിര്‍ത്താനായി.

ReadMore: സിക വൈറസ് പടരുന്നു; എന്താണ് രോഗലക്ഷണം? എങ്ങനെ ബാധിക്കും?

ഇന്ത്യയിലെ വാക്സിനേഷന്‍ 50 കോടി പിന്നിട്ടു

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ തുടങ്ങി ആറു മാസത്തിനുള്ളില്‍ 50 കോടി ഡോസുകള്‍ വിതരണം ചെയ്തു.

സെപ്റ്റംബര്‍

ദേശീയ ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തിന് തുടക്കമായി

ഏകീകൃത ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തിന് തുടക്കമായി. ഈ പദ്ധതി പ്രകാരം ഓരോ ഇന്ത്യന്‍ പൗരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭിക്കും. 14 അക്ക തിരിച്ചറിയല്‍ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്‍മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പി.എച്ച്.ആര്‍. അഡ്രസും ലഭിക്കും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കും. ഇതുവഴി സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയും. ഹെല്‍ത്ത് ഐഡി വെബ് പോര്‍ട്ടലില്‍ പോയി സ്വയം രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എബിഡിഎം ഹെല്‍ത്ത് റെക്കോര്‍ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ ഐഡി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷനാണുള്ളത്. താമസിയാതെ മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനാകും.

ReadMore: ഒറ്റ ക്ലിക്കില്‍ രോഗിയുടെ ആരോഗ്യചരിത്രം, ഹെല്‍ത്ത് ഐഡി കാര്‍ഡ്; പുതിയ പദ്ധതിയെക്കുറിച്ച് അറിയാം

Health ID

ഒറ്റ ദിവസം 2.5 കോടി വാക്സിന്‍ നല്‍കി ഇന്ത്യ

ഇന്ത്യയില്‍ സെപ്റ്റംബര്‍ 17 ന് 2.5 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി റെക്കോര്‍ഡിട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കുന്ന ദിവസമാണിത്. ആദ്യ പത്ത് കോടി വാക്സിന്‍ നല്‍കാന്‍ 85 ദിവസമാണ് വേണ്ടിവന്നത്. പിന്നീട് അടുത്ത 10 കോടി വാക്സിന്‍ നല്‍കാന്‍ 46 ദിവസമാണ് വേണ്ടിവന്നത്. പിന്നീട് അടുത്ത പത്തുകോടി വാക്സിനെടുക്കാന്‍ വേണ്ടി വന്നത് വെറും 28 ദിവസമാണ്. 11 ദിവസം കൊണ്ട് പിന്നീട് ഒരു പത്തു കോടി വാക്സിന്‍ ഡോസുകള്‍ കൂടി നല്‍കാനായി.

ത്വക് ദാനം ചെയ്യാനുള്ള ത്വക് ബാങ്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടങ്ങാന്‍ തീരുമാനിച്ചു

മരണാനന്തരം കണ്ണ് ദാനം ചെയ്യുന്നതു പോലെ ഇനി ത്വക് ദാനം ചെയ്യാം. ഇതിനുള്ള സൗകര്യങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരുക്കിത്തുടങ്ങി. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തു

2018 മേയ് മാസത്തിന് ശേഷം ഈ വര്‍ഷം വീണ്ടും കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് നിപയ്ക്ക് കീഴടങ്ങി മരിച്ചത്. കരുതല്‍ നടപടികളെത്തുടര്‍ന്ന് രോഗം നിയന്ത്രണ വിധേയമായി.

ReadMore: വീണ്ടും നിപ; കൈവിടരുത് ജാഗ്രത

സ്‌ക്രബ് ടൈഫസ് രോഗം വീണ്ടും ഇന്ത്യയില്‍

ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ സ്‌ക്രബ് ടൈഫസ് റിപ്പോര്‍ട്ട് ചെയ്തു. ഫിറോസാബാദ്, ആഗ്ര, മെയിന്‍പുരി, ഇറ്റ, കാസ്ഗഞ്ച് എന്നിവിടങ്ങളിലാണ് സ്‌ക്രബ് ടൈഫസ് കണ്ടെത്തിയത്.

ഒക്ടോബര്‍

കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണം കേരളത്തില്‍ ആരംഭിച്ചു

ന്യൂമോകോക്കല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍(പി.സി.വി.10) കേരളത്തില്‍ നല്‍കിത്തുടങ്ങി. സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായിട്ടാണ് 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ കുത്തിവയ്പ്പ് ആരംഭിച്ചത്. വാക്സിന്‍ സൗജന്യമാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിന്‍ നിര്‍മിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറാഴ്ച പ്രായമാകുമ്പോള്‍ ആദ്യ ഡോസും പതിനാല് ആഴ്ച പ്രായമാകുമ്പോള്‍ രണ്ടാം ഡോസും ഒമ്പത് മാസമാകുമ്പോള്‍ ബൂസ്റ്റര്‍ ഡോസും നല്‍കും.

ReadMore: എന്താണ് കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പി.സി.വി.)? അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ 100 കോടി പിന്നിട്ടു

ഇന്ത്യയിലെ കോവിഡ് വാക്സിനേഷന്‍ ഒക്ടോബര്‍ 21ന് 100 കോടി പിന്നിട്ടു. ലോകത്ത് 100 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ആദ്യ രാജ്യം. ഒന്‍പതു മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

നവംബര്‍

കൊറോണ വൈറസിന് ഒമിക്രോണ്‍ വകഭേദം

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിഞ്ഞു. ബി.1.1.529 എന്നാണ് ഈ വകഭേദത്തിന്റെ പേര്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിഞ്ഞത്. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ReadMore: എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍? കോവിഡ് വന്നുപോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ?

നോറോ വൈറസ് ബാധ കേരളത്തില്‍

അതിസാരത്തിന് കാരണമായ റോട്ടാ വൈറസിന് സമാനമായ വൈറസാണ് നോറോ വൈറസ്. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ 13 വിദ്യാര്‍ഥികള്‍ക്കാണ് രോഗം ബാധിച്ചത്. വൈറസ് ഉള്ളില്‍ എത്തി രണ്ട് ദിവസത്തിനകം ഛര്‍ദി, അതിസാര പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. മലിനമായ വെള്ളം, ഭക്ഷണം എന്നിവ വഴിയാണ് രോഗവ്യാപനം ഉണ്ടാകുന്നത്.

ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത പ്രോട്ടീന്‍ അധിഷ്ടിത വാക്സിന്‍ കണ്ടെത്തി

എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും സൂക്ഷിച്ചുവെക്കാന്‍ ശീതീകരണ സംവിധാനം ആവശ്യമില്ലാത്തതുമായ പുതിയ പ്രോട്ടീന്‍ അധിഷ്ഠിത കോവിഡ് വാക്സിന്‍ കണ്ടെത്തി. അമേരിക്കയിലെ ബോസ്റ്റണ്‍ ചില്‍ഡ്രല്‍ ഹോസ്പിറ്റലിലെ ഗവേഷകരുടെയാണ് കണ്ടെത്തല്‍. നിലവില്‍, ഈ കണ്ടെത്തലിന് പേറ്റന്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ് ഗവേഷകര്‍.

മലേറിയ പ്രതിരോധിക്കാനുള്ള ലോകത്തെ ആദ്യത്തെ വാക്സിന് അംഗീകാരം

മലേറിയ പ്രതിരോധിക്കാനുള്ള ലോകത്തെ ആദ്യത്തെ പ്രതിരോധ വാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. പാരസൈറ്റ് വിഭാഗത്തില്‍പ്പെടുന്ന രോഗകാരികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആദ്യത്തെ വാക്സിന്‍ കൂടിയാണിത്. ആര്‍.ടി.എസ്., ട/AS01 അല്ലെങ്കില്‍ മോസ്‌ക്വിരിക്സ്(Mosquirix) എന്നാണ് ഈ വാക്സിന്റെ പേര്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ക്ലൈന്‍ ആണ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
R21/Matrix-M, PfSPZ വാക്സിന്‍, saRNA വാക്സിന്‍ എന്നിവ മലേറിയക്കെതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് വാക്സിനുകളാണ്.

ReadMore: മലേറിയ പ്രതിരോധിക്കാനുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം; ഇന്ത്യയില്‍ ലഭ്യമാണോ?| വിശദമായി അറിയാം

കോവിഡ് രക്ഷാഗുളിക മോള്‍നുപിരാവിര്‍

കോവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക നല്‍കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ദിവസം രണ്ടുനേരം വീതം നല്‍കാനാണ് ബ്രിട്ടീഷ് മെഡിസിന്‍സ് റെഗുലേറ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വായിലൂടെ കഴിക്കാവുന്ന ഗുളിക രൂപത്തിലുള്ള മരുന്നായിട്ടാണ് ഈ മരുന്ന് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ഗുളികകള്‍ ഉപയോഗിക്കുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍ മാറുകയാണ്. എന്നാല്‍ ഈ ഗുളിക കോവിഡ് വാക്സിന് പകരക്കാരനല്ല. ഇത് സ്വയം വാങ്ങി കഴിക്കാവുന്ന ഗുളികയല്ല. രോഗം വന്ന് എത്രയും വേഗം ഈ ട്രീറ്റ്മെന്റ് കൊടുത്താലാണ് ഗുണം ചെയ്യുക. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഈ മരുന്ന് കൊടുത്താല്‍ ഏറ്റവും ഗുണ ചെയ്യും. മാരകമായ രീതിയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് ഇത് ഫലം ചെയ്യുകയില്ല.

Molnupiravir
മോള്‍നുപിരാവിര്‍ ഗുളിക

മനുഷ്യ കോശത്തിലെത്തി കൊറോണ വൈറസിനെ പെരുകാന്‍ സഹായിക്കുന്ന എന്‍സൈമിന്റെ ഘടന മാറ്റുകയാണ് ഈ ഗുളിക ചെയ്യുന്നത്. വൈറസ് പെരുകുന്നത് തടയുന്നതോടെ രോഗം ഗുരുതരമാവില്ല. കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഗുളിക നല്‍കാം. അഞ്ചു ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കണം. എങ്കില്‍ പകുതി പേര്‍ക്കും മരണവും ആശുപത്രിവാസവും ഒഴിവാക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദിവസം രണ്ട് ഗുളിക വീതം അഞ്ച് ദിവസമാണ് കഴിക്കേണ്ടത്. കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല.

ReadMore: കോവിഡ് ഭേദമാക്കാന്‍ മോള്‍നുപിരാവിര്‍ ഗുളിക; എന്താണ് ഇതിന്റെ പ്രത്യേകത

ഡിസംബര്‍

ഇന്ത്യയിലെ ആദ്യ വനിത സൈക്യാട്രിസ്റ്റ് ഡോ. ശാരദ മേനോന്‍ അന്തരിച്ചു

മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ ചികിത്സിച്ചും പുനരധിവാസത്തിന് സൗകര്യമൊരുക്കിയും ആറുപതിറ്റാണ്ടിലധികം സേവനം നടത്തിയ ഡോ. ശാരദാ മേനോന്‍ (98) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.30-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് ശ്രീകൃഷ്ണപുരം മാമ്പിളിക്കളം കുടുംബാംഗമാണ് ശാരദാ മേനോന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1951-ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പാസായി. തുടര്‍ന്ന് ബെംഗളൂരുവില്‍ മനോരോഗ ചികിത്സയില്‍ രണ്ടുവര്‍ഷം ഉപരിപഠനം നടത്തി. അക്കാലത്ത് ഈ മേഖലയില്‍ വനിതകള്‍ അപൂര്‍വമായിരുന്നു.

ചെന്നൈയിലെ മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ലഭിച്ചത്. 1961-ല്‍ ഇവിടെ സൂപ്രണ്ടായി. മാനസികാസ്വാസ്ഥ്യമുള്ളവരുമായി സൗഹാര്‍ദപരമായ ഇടപെടല്‍ ഇവിടെനിന്നാണ് തുടങ്ങുന്നത്. 1978-ല്‍ വിരമിച്ചു. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക ശ്രമങ്ങള്‍ നടത്തി. 1984-ല്‍ സ്‌കീസോഫ്രീനിക് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (സ്‌കാര്‍ഫ്) എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു. ഇന്ത്യയിലെത്തന്നെ അറിയപ്പെടുന്ന പ്രസ്ഥാനമായി ഇത് വളര്‍ന്നു.

മാനസികാസ്വാസ്ഥ്യമുള്ളവരുടെ കുടുംബ സംഘടനയായ ആശയ്ക്കും രൂപം നല്‍കി. രാജ്യത്ത് മാനസികാസ്വാസ്ഥ്യമുള്ളവരുടെ സാമൂഹിക പുനരധിവാസം എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമാക്കിയത് ഡോ. ശാരദാ മേനോനാണ്.

Dr. Sarada Menon
ഡോ. ശാരദ മേനോന്‍

രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔവയാര്‍ പുരസ്‌കാരം, മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, മദര്‍ തെരേസ പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ എംപ്ളോയര്‍ അവാര്‍ഡ്, ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ പ്രത്യേക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് അഡീഷണല്‍ ഐ.ജി.യായിരുന്ന മങ്കട കോവിലകത്തെ പരേതനായ ശ്രീകുമാര മേനോനാണ് ഭര്‍ത്താവ്. മക്കളില്ല.

ReadMore: ഇന്ത്യയിലെ ആദ്യ വനിത സൈക്യാട്രിസ്റ്റ് ഡോ. ശാരദാമേനോന്‍ അന്തരിച്ചു

15-17 പ്രായത്തിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍

15-17 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കാന്‍ തീരുമാനമായി. കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ജനുവരി മൂന്ന് മുതലാണ് വാക്‌സിനേഷന്‍ ആരംഭിക്കുക. രണ്ട് ഡോസ് തന്നെയാണ് ലഭിക്കുക. 2007 ലോ അതിന് മുന്‍പോ ജനിച്ചവര്‍ ആയിരിക്കണം. കോവിന്‍ പോര്‍ട്ടല്‍ വഴിയും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. കുടുംബാംഗങ്ങളുടെ കോവിന്‍ പോര്‍ട്ടല്‍ അക്കൗണ്ട് ഉപയോഗിക്കാം. അല്ലെങ്കില്‍ പുതിയത് തുടങ്ങാം. ആധാര്‍, മറ്റ് തിരിച്ചറിയല്‍ രേഖകള്‍, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ഐഡി കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഒരു ഫോണ്‍ നമ്പറില്‍ നിന്ന് നാല് പേര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നത് തുടരും.

രണ്ട് പുതിയ കോവിഡ് വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നിനും ഇന്ത്യ അടിയന്തര ഉപയോഗാനുമതി നല്‍കി

രണ്ട് പുതിയ കോവിഡ് വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നിനും ഇന്ത്യ അടിയന്തര ഉപയോഗാനുമതി നല്‍കി. ഹൈദരാബാദിലെ ബയോളജിക്കല്‍-ഇ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച കോര്‍ബെവാക്‌സ്, യു.എസ്. കമ്പനിയായ നോവവാക്‌സുമായി ചേര്‍ന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവോവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് ഡി.ജി.സി.ഐ അനുമതി നല്‍കിയത്. ഇവ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഇതോടെ ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ച വാക്‌സിനുകളുടെ എണ്ണം എട്ടായി. ലഭ്യമാകുന്നതിന് അനുസരിച്ച് ബൂസ്റ്റര്‍ ഡോസായി നല്‍കും. രണ്ട് ഡോസ് വീതമാണ് ഇരു വാക്‌സിനുകളും നല്‍കുക. കോര്‍ബെവാക്‌സിന് 28 ദിവസമാണ് ഇടവേള. കോവോവാക്‌സിന്റെ ഇടവേള 21 ദിവസവുമാണ്.

യു.എസില്‍ പത്ത് വര്‍ഷമായി നടക്കുന്ന ഗവേഷണങ്ങളുടെ തുടര്‍ച്ചയാണ് കോര്‍ബെവാക്‌സ് വാക്‌സിന്റെ കണ്ടെത്തല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഹൂസ്റ്റണിലെ ബെയ്‌ലോര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ കോവിഡ് വാക്‌സിനില്‍ പരീക്ഷിച്ചത്. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ഇതിനോടൊപ്പം ചേര്‍ന്നു. കോര്‍ബെവാക്‌സില്‍ സ്‌പൈക്ക് പ്രോട്ടീനുകളെ മാത്രമാണ് ഉപയോഗിക്കുന്നത്.

യഥാര്‍ഥ വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ നിന്ന് എസ് ജീനിനെ വേര്‍തിരിച്ചെടുത്താണ് ഈ വാക്‌സിനില്‍ ഉപയോഗിക്കുന്നത്. ഇന്ത്യ അംഗീകരിക്കുന്നതിന് മുന്‍പ് ഇത് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.

പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിനാണ് കോബെവാക്‌സ്. കോവാക്‌സിനും സൈക്കോവ് ഡിയുമാണ് മറ്റ് രണ്ടെണ്ണം.

മോള്‍നുപിരാവിര്‍ എന്ന ആന്റിവൈറല്‍ ഗുളികയാണ് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി ലഭിച്ച മരുന്ന്. യു.എസിലെ മെര്‍ക്ക് ആന്‍ഡ് കമ്പനി റിഡ്ജ് ബാക്ക് ബയോതെറാപ്യൂട്ടിക്‌സുമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ ഗുളിക.

കരുതല്‍ വാക്‌സിനേഷന്‍ ജനുവരി 10 മുതല്‍

കോവിഡ് വാക്‌സിനേഷന്‍ മുന്‍കരുതല്‍ ഡോസ് 2022 ജനുവരി 10 മുതല്‍ ആരംഭിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ ഡോസ് ലഭിക്കുക.

കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒന്‍പതാം മാസം കഴിഞ്ഞാല്‍ മുന്‍കരുതല്‍ ഡോസ് ലഭിക്കുന്നതാണ്.

കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഒന്‍പത് മാസ തികയുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസ്. ലഭിക്കും. അപ്പോള്‍ മുന്‍കരുതല്‍ ഡോസിനായി ഓണ്‍ലൈനായി ബുക്ക് ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാം.

60 വയസ്സിന് മുകളില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ള ഒരാള്‍ക്ക് മുന്‍കരുതല്‍ ഡോസ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുന്‍കരുതല്‍ ഡോസ് എടുക്കുന്നതിന് മുന്‍പായി ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

മുന്‍കരുതല്‍ ഡോസ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും എല്ലാവര്‍ക്കും വാക്‌സിന്‍ മുന്‍കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിലും വാക്‌സിന്‍ ലഭിക്കും.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 144 കോടി പിന്നിട്ടു.

ReadMore: https://dashboard.cowin.gov.in/

***************

നിലവിലുള്ള കൊറോണ വൈറസ് വകഭേദങ്ങള്‍

ആല്‍ഫ

ബി.1.1.7 എന്നാണ് ശാസ്ത്രീയ നാമം. ആദ്യമായി കണ്ടെത്തിയത് 2020 സെപ്റ്റംബറില്‍ യു.കെയിലാണ്.

ബീറ്റ

ബി.1.351 എന്നാണ് ശാസ്ത്രീയ നാമം. 2020 മേയില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.

ഗാമ

പി.1 എന്നാണ് ശാസ്ത്രീയ നാമം. 2020 നവംബറില്‍ ബ്രസീലിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.

ഡെല്‍റ്റ

ബി.1.617.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിലില്‍ ഇന്ത്യയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.

എപിസിലോണ്‍

ബി.1.427/ ബി.1.429 എന്നാണ് ശാസ്ത്രീയ നാമം. 2020 മാര്‍ച്ചില്‍ യു.എസ്.എയിലാണ് കണ്ടെത്തിയത്.

സീറ്റ

പി.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഏപ്രിലില്‍ ബ്രസീലിലാണ് തിരിച്ചറിഞ്ഞത്.

കാപ്പ

ബി.1.617.1 എന്നതാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് സ്ഥിരീകരിച്ചത്.

ഇയോറ്റ

ബി.1.526 എന്നാണ് ശാസ്ത്രീയ നാമം.2020 നവംബറില്‍ യു.എസ്.എയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.

ഈറ്റ

ബി.1.525 എന്നാണ് ശാസ്ത്രീയ നാമം. 2020 ഡിസംബറില്‍ നിരവധി രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞു.

തീറ്റ

പി.3 എന്നാണ് ശാസ്ത്രീയ നാമം. 2021 ജനുവരിയില്‍ ഫിലിപ്പിന്‍സിലാണ് ആദ്യമായി കണ്ടെത്തിയത്.

ഡെല്‍റ്റ പ്ലസ്

എ.വൈ.1 എന്നാണ് ശാസ്ത്രീയ നാമം. 2021 ജൂണില്‍ ഇന്ത്യയിലാണ് ഇത് തിരിച്ചറിഞ്ഞത്.

ഒമിക്രോണ്‍

ബി.1.1.529 എന്നാണ് ശാസ്ത്രീയ നാമം. 2021 നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.

***************

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകള്‍

ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍

ഫൈസറും ബയോണ്‍ടെക് കമ്പനിയും ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണിത്. 2020 ഡിസംബര്‍ 31 ന് ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി.

ആസ്ട്രസെനക-ഓക്സ്ഫഡ് വാക്സീനുകള്‍

ആസ്ട്രസെനകയും ഓക്സ്ഫഡും ചേര്‍ന്ന് നിര്‍മ്മിച്ചത് രണ്ട് വാക്സിനുകളാണ്. കൊറിയയിലെ എസ്.കെ. ബയോയും ആസ്ട്രസെനകയും ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണ് ഒന്ന്. ആസ്ട്രസെനക ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പുറത്തിറക്കിയ വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. ഇവയ്ക്ക് രണ്ടിനും 2021 ഫെബ്രുവരി 15 ന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കി.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

Ad26.COV2.S എന്ന വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയത്. 2021 മാര്‍ച്ച് 12 ന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു.

മോഡേണ വാക്സിന്‍

മോഡേണയുടെ എം.ആര്‍.എന്‍.എ. സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച വാക്സിനാണിത്. 2021 ഏപ്രില്‍ 30 ന് ആണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്.

സിനോഫാം വാക്സിന്‍

ചൈനയിലെ ബീജിങ് ബയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്സ് ആണ് സിനോഫാം വാക്സിന്‍ പുറത്തിറക്കിയത്. 2021 മേയ് ഏഴിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

സിനോവാക് കൊറോണവാക്

ചൈനയില്‍ നിന്നുള്ള സിനോവാക് ആണ് സിനോവാക് കൊറോണവാക് വാക്സിന്‍ നിര്‍മ്മിച്ചത്. 2021 ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു.

കൊവാക്സിന്‍

ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 2021 നവംബര്‍ മൂന്നിനാണ് അനുമതി ലഭിച്ചത്.

Content Highlights: Year Ender Health 2021, Important health facts from 2021, Year Ender 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented