കോവിഡിനുമുമ്പും ഇപ്പോഴും ലോകത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗമാണ് എയ്ഡ്സ്. വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയ ഈ രോഗം വലിയ സാമൂഹിക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. എയ്ഡ്സ് എന്ന വാക്കിന്റെ പൂര്‍ണരൂപം Acquired Immuno Deficiency Syndrome എന്നാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന വൈറസാണ് എച്ച്.ഐ. വി. (HIV- Human Immunodeficiency Virus). ഈ വൈറസിന്റെ പ്രവര്‍ത്തനംമൂലം പ്രതിരോധശേഷി തകരാറിലാവുകയും വിവിധ രോഗാണുക്കള്‍ ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.

ശരീരത്തില്‍ എച്ച്.ഐ.വി.യുടെ പ്രവര്‍ത്തനം

മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നത് ശ്വേതരക്താണുക്കളാണ്. അതിലെ CD4 (T ലിംഫോസൈറ്റുകള്‍) കോശങ്ങളാണ് ശരീരത്തില്‍ പ്രവേശിക്കുന്ന ദോഷകാരികളായ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ രോഗാണുക്കളോട് പൊരുതുന്നത്. എച്ച്.ഐ.വി. ശരീരത്തില്‍ കടന്നാല്‍ അവ CD4 കോശങ്ങളെ നശിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. CD4 കോശങ്ങളുടെ എണ്ണം 200-ല്‍ കുറവാകുമ്പോള്‍ രോഗി എയ്ഡ്സ് എന്ന അവസ്ഥയില്‍ എത്തിയതായി കണക്കാക്കുന്നു.

എയ്ഡ്സ് ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നാണ് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. 1988 മുതലാണ് ദിനം ആചരിച്ചുവരുന്നത്. 2020-ലെ കണക്കനുസരിച്ച് 37.6 മില്യണ്‍ ആളുകള്‍ എയ്ഡ്സ് ബാധിതരാണ്. ഇതില്‍ 35.9 മില്യണ്‍ കൗമാരക്കാരും 1.7 മില്യണ്‍ കുട്ടികളുമാണ്. എയ്ഡ്സ് ബോധവത്കരണം കാര്യക്ഷമമായി നടക്കുന്നതിന്റെ ഫലം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. പത്തുവര്‍ഷത്തിനുമുമ്പുള്ള കേസിനെക്കാള്‍ 30 ശതമാനം കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1988-ല്‍ ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ എയ്ഡ്സ് പ്രോഗ്രാമിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ജെയിംസ് ഡബ്ല്യു. ബണ്ണും തോമസ് നെറ്ററും ചേര്‍ന്നാണ് ദിനാചരണത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. അതുമുതല്‍ എല്ലാവര്‍ഷവും വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ദിനാചരണം നടക്കുന്നു. 2021-ലെ ദിനത്തിന്റെ ആശയം 'End inequalities, End Aids' എന്നതാണ്.

റെഡ് റിബണ്‍

എയ്ഡ്സ് ബോധവത്കരണത്തിന്റെയും എച്ച്.ഐ.വി. ബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും സാര്‍വദേശീയ സൂചകമാണ് റെഡ് റിബണ്‍. 1991-ലാണ് റെഡ് റിബണ്‍ രൂപപ്പെടുത്തിയത്.

എങ്ങനെയൊക്കെ പകരില്ല

• കണ്ണുനീര്‍, വിയര്‍പ്പ്, മലം, മൂത്രം, ഉമിനീര്‍ തുടങ്ങി രക്തസാന്നിധ്യമില്ലാത്ത ശരീരസ്രവങ്ങളില്‍നിന്ന് രോഗം പകരില്ല

• ചുംബനം, ആലിംഗനം എന്നിവയിലൂടെ പകരില്ല

• ഒരേ കുളത്തില്‍ കുളിക്കുന്നതിലൂടെയോ അണുബാധിതര്‍ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെയോ എച്ച്.ഐ.വി. പകരില്ല.

• ഒരേ ശൗചാലയം ഉപയോഗിക്കുന്നതിലൂടെയും പകരില്ല

എങ്ങനെയൊക്കെ പകരും

• എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗികബന്ധത്തിലൂടെ

• എച്ച്.ഐ.വി. ബാധിതയായ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക്

• എച്ച്.ഐ.വി. ഘടകങ്ങളുള്ള സൂചിയും സിറിഞ്ചും പങ്കുവെക്കുന്നതിലൂടെ

• എച്ച്.ഐ.വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ

Content highlights: World AIDS day 2021, how to prevent spread of aids