21 ആഴ്ചയും രണ്ടുദിവസവും പ്രായമുള്ളപ്പോള്‍ ജനിച്ച് ജീവനു വേണ്ടി പോരാടിയ കുഞ്ഞ് റിച്ചാര്‍ഡിന് ഗിന്നസ് ലോക റെക്കോര്‍ഡോടെ ഒന്നാം പിറന്നാള്‍. യു.എസ്.എ. സ്വദേശികളായ ബേത്തിനും റിക്ക് ഹച്ചിന്‍സനുമാണ് ഗര്‍ഭകാലമായ 40 ആഴ്ച പൂര്‍ത്തിയാവുന്നതിന് മുന്‍പ് 21ാം ആഴ്ചയില്‍ 2020 ജൂണ്‍ അഞ്ചിന് റിച്ചാര്‍ഡ് ജനിച്ചത്. 

ജനിക്കുമ്പോള്‍ 340 ഗ്രാം ആയിരുന്നു കുഞ്ഞിന്റെ തൂക്കം. നീളമാകട്ടെ 26 സെന്റിമീറ്ററും. അച്ഛന്റെയും അമ്മയുടെയും കൈക്കുമ്പിളില്‍ ഒതുങ്ങുന്ന അത്രയും മാത്രം വലുപ്പം. 2020 ഒക്ടോബര്‍ 13 ആയിരുന്നു ബേത്തിന്റെ പ്രസവത്തീയതി. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 21 ാം ആഴ്ചയില്‍ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് വളര്‍ച്ചയെത്താത്ത കുഞ്ഞിനെ നിയോനാറ്റല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് പരിചരണം നല്‍കുകയായിരുന്നു. 

കുഞ്ഞിന്റെ നേരത്തെയുള്ള ജനനം ഉള്‍ക്കൊള്ളുന്നതിനായി റിക്കിനും ബേത്തിനും പ്രീനാറ്റല്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. കുഞ്ഞ് രക്ഷപ്പെടാന്‍ ഒരു ശതമാനം പോലും സാധ്യത ഡോക്ടര്‍മാര്‍ നല്‍കിയിരുന്നില്ല. പക്ഷേ, അവര്‍ നല്ലതു മാത്രം പ്രതീക്ഷിച്ചു. ആദ്യത്തെ കുറച്ചു ആഴ്ചകള്‍ കുഞ്ഞിന്റെ അതിജീവനം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, അവന്‍ പതിയെ ജീവിതം തിരിച്ചുപിടിച്ചു. 

richard
ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുമായി റിച്ചാര്‍ഡും മാതാപിതാക്കളും(ഇടത്).
നിയോനാറ്റല്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിച്ചാര്‍ഡ്(വലത്)

എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തി ഈ കഴിഞ്ഞ ജൂണ്‍ അഞ്ചിന് റിച്ചാര്‍ഡ് തന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ കേക്കിനൊപ്പം ഒരു സമ്മാനവും കൂടി അവനെ തേടിയെത്തി. വളര്‍ച്ച പൂര്‍ത്തിയാവാതെ ഏറ്റവും ചെറിയ പ്രായത്തില്‍ ജനിച്ച് ഇപ്പോഴും ജീവിക്കുന്ന കുഞ്ഞിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് (The Most Premature Baby to Survive). 

മൂന്ന് പതിറ്റാണ്ടിന് മുന്‍പും ഇതുപോലെ വളര്‍ച്ചയെത്താതെ ഒരു ശിശു ജനിച്ചിരുന്നു. 1987 മേയ് 20 ന് 21 ആഴ്ചയും 5 ദിവസവും പ്രായമുള്ളപ്പോള്‍ ജനിച്ച കാനഡ ഒട്ടാവയിലെ ജെയിംസ് എല്‍ഗിന്‍ ഗില്ലായിരുന്നു അത്. 2010 നവംബര്‍ ഏഴിന് ജര്‍മനിയിലെ ഫ്രെയിഡ മാന്‍ഗോള്‍ഡിന്റെ ജനനവും ഇതേ പ്രായത്തിലായിരുന്നു. ഈ ഗിന്നസ് റെക്കോര്‍ഡാണ് കുഞ്ഞു റിച്ചാര്‍ഡ് മറികടന്നത്. 

റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍ സന്തോഷത്തിലാണ്. തങ്ങളുടെ മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിലാണ് അവര്‍. വളര്‍ച്ചയെത്താതെയുള്ള ജനനങ്ങളെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്താനാണ് ഈ സന്തോഷം എല്ലാവരുമായും പങ്കുവയ്ക്കുന്നതെന്ന് ബേത്തും റിക്കും പ്രതികരിച്ചു.

Content Highlights: Worlds most premature baby survival celebrates first birthday with Guinness world Records, Health, Kids Health