അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ, ദുസ്സൂചനകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ആത്മഹത്യകൾ തടയാം


ഡോ. ഷാഹുൽ അമീൻ

Representative Image | Photo: Canva.com

സെപ്റ്റംബർ പത്ത് എല്ലാ വർഷവും ലോക ആത്മഹത്യാപ്രതിരോധദിനമായി ആചരിക്കപ്പെടുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടും മരണപ്പെടാതിരുന്നവർ ഐകകണ്ഠ്യേന പറയുന്നൊരു കാര്യമാണ്, കുശലാന്വേഷണം നടത്താനും പ്രശ്നങ്ങൾ കേൾക്കാനും മനക്ലേശം ഉൾക്കൊള്ളാനും മരണവാഞ്ഛയിൽനിന്നു പിന്തിരിപ്പിക്കാനുമൊക്കെ ആരെങ്കിലുമൊന്നു മുന്നോട്ടുവന്നിരുന്നെങ്കിൽ എന്ന് അങ്ങനെയൊരു ചുവടെടുക്കുന്നതിനു മുന്നേ അവർ ഏറെ കൊതിച്ചിരുന്നുവെന്നത്.

മരണത്തോടുള്ള അഭിവാഞ്ഛയാലല്ല, സഹിച്ചുകൊണ്ടിരിക്കുന്ന മനോവേദനയിൽനിന്നൊരു മോചനം മോഹിച്ചു മാത്രമാണ്, ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും മുന്നിൽക്കാണാനാവാതെ തളരുമ്പോഴാണ്, പ്രത്യാശാരാഹിത്യവും ഏകാന്തതാബോധവും തന്നോടുതന്നെയുള്ള വെറുപ്പും കലശലാകുമ്പോഴാണ് മിക്കവരും ആത്മഹത്യയ്ക്കു തുനിയുന്നത്. കൃത്യത്തിന് ഒരുമ്പെടുന്ന വേളയിൽപ്പോലും അതു വേണോ വേണ്ടയോ എന്നൊരു ചാഞ്ചല്യം പലരുടെയും മനസ്സിൽ നിലനിൽക്കാറുമുണ്ട്. അതിനാലൊക്കെത്തന്നെ, മറ്റുള്ളവരുടെ യഥോചിതമായ ഇടപെടലുകൾക്ക് ഇവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനാകും.

മടിക്കേണ്ടതില്ല സഹായമൊരുക്കാൻ

സ്വയംഹത്യയിലേക്കു നീങ്ങുന്നുവെന്ന പ്രതീതിയുളവാക്കുന്നവരെ നേരിൽക്കണ്ടാലും, അവരെ സഹായിക്കണമെന്ന അദമ്യമായ ആഗ്രഹമുണ്ടെങ്കിലും പലരും ഒന്നുംചെയ്യാതെ മാറിനിൽക്കാറുണ്ട്. അതിനൊരു കാരണം, എന്താണു പറയേണ്ടതും ചെയ്യേണ്ടതുമെന്ന ജ്ഞാനം തനിക്കില്ലെന്ന അബദ്ധധാരണയും അതുളവാക്കുന്ന ആത്മവിശ്വാസമില്ലായ്കയുമാണ്.

എന്നാൽ, കടുത്ത ആത്മഹത്യാചിന്തകളുമായി ഏറെക്കാലം നടന്നിട്ടും അനന്തരം അവയിൽനിന്നു മുക്തി നേടാനായവർ പറയുന്നത്, തങ്ങൾക്കതു സാദ്ധ്യമായത് ആരെങ്കിലും പ്രത്യക്ഷപ്പെട്ട് മൊത്തം പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ട സഹായനിർദ്ദേശങ്ങൾ തന്നതു കൊണ്ടല്ല, മറിച്ച് സഹാനുഭൂതിയോടെ ഒന്നു ചെവിതരാനുള്ള മനസ്സോടെ ചിലരെങ്കിലും രംഗത്തെത്തിയതിനാലായിരുന്നു എന്നാണ് — അവരോടു നാം എന്തുപറയുന്നു എന്നതിലും പ്രധാനം, മനസ്സിൽ ആത്മാർഥമായ താൽപര്യം അവരോടുണ്ടായിരിക്കുക എന്നതാണ്. ആ ഭാഗം ശരിയായാൽ അനുയോജ്യമായ ഭാഷയും ശരീരഭാഷയുമൊക്കെ താനെ വന്നോളും.

സഹായഹസ്തം നീട്ടുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന മറ്റൊരു ചിന്താഗതിയാണ്, താൻ സംസാരിക്കാൻ ചെന്നാൽ അവസാനം പ്രശ്നം കൂടുതൽ വഷളായി ആൾ ശരിക്കുമങ്ങ് ആത്മഹത്യ ചെയ്തുകളഞ്ഞേക്കുമോയെന്നത്. ഈ ഭയവും അസ്ഥാനത്താണെന്നാണു ഗവേഷകമതം — പറയാനുള്ളത് മുൻവിധികളില്ലാതെ, അനുകമ്പയോടെ കേൾക്കാൻ ഒരാൾ തയ്യാറായാൽ അത് ആത്മഹത്യാചിന്തകളെ ശക്തിപ്പെടുത്തുകയല്ല, മറിച്ച് ദുർബലമാക്കുക തന്നെയാണു ചെയ്യുക.

വേറെയുമുണ്ടു തെറ്റിദ്ധാരണകൾ

 • 'സ്വജീവനെടുക്കുമെന്നു പറഞ്ഞുനടക്കുന്നവർ അത് പ്രാവർത്തികമാക്കുകയൊന്നുമില്ല. 'തെറ്റ്. ആത്മഹത്യ ചെയ്യുന്ന മിക്കവരും തത്സംബന്ധിയായ സൂചനകൾ ചുറ്റുമുള്ളവർക്കു പല രൂപത്തിലും കൊടുക്കാറുണ്ട്. 'ഞാനില്ലാതായാൽ നിനക്കു മനസ്സിലായേക്കും' 'എത്ര നോക്കിയിട്ടും ഒരു പരിഹാരവും തെളിഞ്ഞുകിട്ടുന്നില്ല' 'ജനിച്ചില്ലായിരുന്നെങ്കിൽ എന്തു നന്നായേനേ' എന്നൊക്കെയുള്ള പറച്ചിലുകൾ ഗൗരവത്തിലെടുക്കേണ്ടതു തന്നെയാണ് - 'ഏതുവിധേനയും എന്നെയൊന്നു ദയവുചെയ്തു സഹായിച്ചുതരാമോ?!' എന്നൊരഭ്യർഥന ഇത്തരം കമന്റുകളിൽ ഉള്ളടങ്ങിയിട്ടുണ്ടാകും.
 • 'മാനസികരോഗമുള്ളവരാണ് സ്വയംഹത്യയ്ക്കു തുനിയുക.' തെറ്റ്. ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവരിൽ ഭൂരിപക്ഷവും മനോരോഗമൊന്നും ഉള്ളവരല്ല. കടുത്ത മാനസികസമ്മർദ്ദം നേരിടുന്നവരോ ക്ലേശകരവും പൊരുത്തപ്പെടാനാകാത്തതുമായ ജീവിതസന്ധികളിലൂടെ കടന്നുപോകുന്നവരോ ആവാം മിക്കതും.
 • 'സ്വയം നശിപ്പിക്കാൻ നിശ്ചയിച്ചുറച്ചവരുടെ മനസ്സു മാറ്റിക്കാൻ ഒരാൾക്കുമാവില്ല.' അങ്ങനെയല്ല. പ്രശ്നങ്ങളെപ്പറ്റി തുറന്നു ചർച്ച ചെയ്യാനും അവയെ പുതിയ വീക്ഷണകോണുകളിലൂടെ നോക്കിക്കാണാനും അവയ്ക്കു പരിഹാരങ്ങൾ കണ്ടെത്താനുമൊക്കെ അവസരം കിട്ടുന്നത് മിക്കവരെയും മരണോന്മുഖതയിൽ നിന്നു പിന്തിരിപ്പിക്കും.
ദുസ്സൂചനകൾ തിരിച്ചറിയണം

ആത്മഹത്യകൾ തടയാനാകാൻ, ആത്മഹത്യയ്ക്കൊരുങ്ങുന്നവർ പൊതുവേ കാണിക്കാറുള്ള ലക്ഷണങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആത്മഹത്യയെയോ സ്വയം ഉപദ്രവിക്കുന്നതിനെയോ കുറിച്ചു സംസാരിക്കുക, മരണത്തെക്കുറിച്ച് ഏറെ വാചാലരാവുകയോ വായിക്കുകയോ എഴുതുകയോ ചെയ്യുക, ആത്മഹത്യയ്ക്ക് ഉപയോഗിക്കാവുന്ന വിഷമോ ആയുധങ്ങളോ പോലുള്ള സാധനങ്ങൾ വാങ്ങുക, താൻ എല്ലാവർക്കുമൊരു ഭാരമായിത്തീർന്നെന്ന മട്ടിലോ പ്രത്യാശ നഷ്ടപ്പെട്ട രീതിയിലോ സംസാരിക്കുക, വിൽപത്രം തയ്യാറാക്കുക, വിലപിടിപ്പുള്ള, ഏറെ ഇഷ്ടത്തോടും അഭിമാനത്തോടും കൊണ്ടുനടന്നിരുന്ന വസ്തുവകകൾ ആർക്കെങ്കിലും കൊടുത്തൊഴിവാക്കുക, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ പതിവില്ലാത്ത വിധം സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുക, അല്ലെങ്കിൽ എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങുക എന്നിവ ഇതിൽ പ്രധാനമാണ്.

അമിതമദ്യപാനമുള്ളവരിലും, മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളവരിലും, വിഷാദം പോലുള്ള മാനസികരോഗങ്ങളുള്ളവരിലും, മുൻപ് ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങളിൽ നിന്നുള്ളവരിലും ഇത്തരം സൂചനകളെ കൂടുതൽ ഗൗരവത്തിലെടുക്കേണ്ടതുമുണ്ട്.

ഇതിനു പുറമെ, പൊടുന്നനെയുള്ള വികാരവിക്ഷോഭങ്ങൾ, വൃത്തിക്കും വെടിപ്പിലും ജീവിക്കുന്നതിലും ദൈനംദിന കാര്യങ്ങളിലും താൽപര്യം നഷ്ടമാവുക, ഉറക്കത്തിലും വിശപ്പിലും വ്യതിയാനങ്ങൾ, മദ്യപാനമോ ലഹരിയുപയോഗമോ വർദ്ധിക്കുക, അശ്രദ്ധമായും സാഹസികമായും വാഹനമോടിക്കുക പോലുള്ള അപായകരമായ പ്രവൃത്തികളിലേർപ്പെടുക, വല്ലാതെ നിരാശപ്പെട്ടു നടന്നിരുന്ന ആൾ ഒരു സുപ്രഭാതത്തിൽ ഏറെ ശാന്തനും സന്തുഷ്ടനുമായി കാണപ്പെടുക എന്നിവയും ആത്മഹത്യയുടെ മുന്നോടിയാവാം.

ഇടപെടേണ്ട രീതികൾ

ചർച്ചകൾക്കു തുടക്കമിടാനായി താഴെപ്പറയുന്ന സംഭാഷണങ്ങൾ ഉപയോഗിക്കാം:

 • 'നിന്നെപ്പറ്റി ഈയിടെയായി എനിക്കു ചില ആശങ്കകൾ തോന്നുന്നുണ്ട്.'
 • 'നീയാളു വല്ലാതെ മാറിയിട്ടുണ്ട്. എന്താണു കാര്യം എന്നറിയാൻ എനിക്കു നല്ല താൽപര്യമുണ്ട്.'
 • 'ഈയിടെയായി നീ പഴയ ഒരാളേയല്ല. എന്തെങ്കിലും പ്രശ്നമുണ്ടോ അലട്ടുന്നതായിട്ട്?'
 • ശേഷം, താഴെക്കൊടുത്ത തരം ചോദ്യങ്ങൾ ഉന്നയിക്കാം:
 • 'എത്ര നാളായി ഇങ്ങിനെ തോന്നിത്തുടങ്ങിയിട്ട്?'
 • 'ഇങ്ങനെ തോന്നാൻ മാത്രം എന്താണുണ്ടായത്?'
 • 'നിന്നെ സഹായിക്കാൻ ഈ ഞാനന്താണു ചെയ്യേണ്ടത്?'
ആൾക്കല്പം ആശ്വാസം കൊടുക്കാൻ താഴെപ്പറയുന്ന രീതികളിൽ സംസാരിക്കാം:

'ഈയവസ്ഥയിൽ നിനക്കു വിശ്വാസമാകുമോ എന്നറിയില്ല, പക്ഷേ ഇത്തരം ചിന്താഗതികളൊക്കെ പരിഹാരമുള്ളവ തന്നെയാണ്.'
'ജീവിതമല്ല, നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് നിന്നെക്കുഴക്കുന്നത്. അതുകൊണ്ടുതന്നെ, അന്ത്യമൊരുക്കേണ്ടത് ജീവിതത്തിനല്ല, ആ പ്രശ്നങ്ങൾക്കാണ്.'
'വല്ലാതെ നിയന്ത്രണംവിട്ടു പോകുന്നുവെന്ന തോന്നലുയരുമ്പോഴൊക്കെ ഒരു ദിവസം, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു മിനിറ്റു കൂടി, പിടിച്ചുനിൽക്കാൻ സ്വയം നിർബന്ധിക്കണം.'

ചെയ്യേണ്ട ചില കാര്യങ്ങൾ

 • മനസ്സുതുറന്നു സംസാരിക്കാനും ഉള്ളിലെ സങ്കടവും കോപവുമൊക്കെ ബഹിർഗമിപ്പിക്കാനും അവസരം നൽകുക. ക്ഷമയോടെ, സശ്രദ്ധം കാതുകൊടുക്കുക. വെളിപ്പെടുത്തുന്ന കാര്യങ്ങൾ ശരിയോ തെറ്റോ തുടങ്ങിയ വിലയിരുത്തലുകൾക്ക് മുതിരാതിരിക്കുക.
 • അവരുടെ ജീവൻ നിങ്ങൾക്കും വേറെയും പലർക്കും പ്രാധാന്യമുള്ളതാണ് എന്നറിയിക്കുക.
 • ആത്മഹത്യാചിന്തകൾ പലപ്പോഴും താത്‌ക്കാലികം മാത്രമാണെന്ന് ഓർമിപ്പിക്കുക.
 • ആത്മഹത്യ നടപ്പാക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ, സാമഗ്രികൾ വല്ലതും സ്വരുക്കൂട്ടിയിട്ടുണ്ടോ, സമയം നിശ്ചയിച്ചിട്ടുണ്ടോ എന്നൊക്കെ ആരായുക.
 • കൃത്യമായ ആസൂത്രണങ്ങൾ പൂർത്തീകരിച്ചിട്ടിരിക്കുന്നവരെ തനിച്ചുവിടാതിരിക്കുക.
 • കൊച്ചിയിലെ 'മൈത്രി' പോലുള്ള (ഫോൺ 0484 2540530) സന്നദ്ധസംഘടനകളെ ബന്ധപ്പെടാൻ നിർദ്ദേശിക്കുക.
 • വിഷാദത്തിന്റെയോ മറ്റു മാനസികരോഗങ്ങളുടെയോ അമിതമദ്യപാനത്തിന്റെയോ ലഹരിയുപയോഗത്തിന്റെയോ സൂചനകളുണ്ടെങ്കിൽ സൈക്യാട്രിസ്റ്റിനെക്കാണാനും, കടുത്ത മാനസികസംഘർഷം സഹിക്കുന്നവരോട് കൗൺസലിങ് സ്വീകരിക്കാനും നിർദേശിക്കുക. തുടർചികിത്സകൾക്കു മുടക്കം വരുത്തുന്നില്ല, മരുന്നുകൾ കുറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ യഥാവിധി എടുക്കുന്നുണ്ട് എന്നൊക്കെ ഉറപ്പുവരുത്തുക.
 • ആത്മഹത്യയ്ക്ക് ഉപയോഗിച്ചേക്കാവുന്ന, കീടനാശിനികൾ പോലുള്ള സാധനങ്ങൾ അവർക്ക് എപ്പോൾ വേണമെങ്കിലും കൈവശപ്പെടുത്താവുന്ന സാഹചര്യം തടയാൻ ശ്രമിക്കുക.
ചെയ്യരുതാത്തത്

 • തർക്കിക്കുകയോ കുറ്റപ്പെടുത്തുകയോ അരുത്.
 • 'എല്ലാം ശരിയാകും' എന്ന വിധത്തിലുള്ള ക്ലീഷേ ഡയലോഗുകൾ ഒഴിവാക്കുക.
 • വെളിപ്പെടുത്തലുകൾ കേട്ട് ആകെ ഞെട്ടിത്തെറിച്ചുപോയി എന്ന മട്ടിൽ പ്രതികരിക്കാതിരിക്കുക.
 • പറയുന്ന വിവരങ്ങൾ പരിപൂർണരഹസ്യമായി സൂക്ഷിക്കുമെന്നു വാക്കുകൊടുക്കാതിരിക്കുക — ചികിത്സകരോടോ മറ്റോ കാര്യങ്ങൾ പങ്കുവെക്കേണ്ടി വന്നാൽ നിങ്ങൾ പറ്റിച്ചുവെന്ന തോന്നലുളവാകാതിരിക്കാൻ അതു സഹായകമാകും.
 • അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കാൻ സാധിക്കാത്തതിന്റെ പേരിൽ സ്വയം കുറ്റബോധത്തിന് അടിപ്പെടാതിരിക്കുക.
വിഷാദം തിരിച്ചറിയണം

ആത്മഹത്യയ്ക്കു കാരണമാകാറുള്ള മാനസികപ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം അഥവാ ഡിപ്രഷൻ. ഇതിന്റെ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്:

 • മിക്ക നേരവും നൈരാശ്യം അനുഭവപ്പെടുക.
 • ഒന്നിലും താത്‌പര്യം തോന്നാതെയോ ഒന്നിൽനിന്നും സന്തോഷം കിട്ടാതെയോ ആവുക.
 • വിശപ്പോ തൂക്കമോ വല്ലാതെ കുറയുകയോ കൂടുകയോ ചെയ്യുക.
 • ഉറക്കം നഷ്ടമാവുകയോ അമിതമാവുകയോ ചെയ്യുക.
 • ചിന്തയും ചലനങ്ങളും സംസാരവും, മറ്റുള്ളവർക്കു തിരിച്ചറിയാനാകുംവിധം, മന്ദഗതിയിലോ അസ്വസ്ഥമോ ആവുക.
 • ഒന്നിനുമൊരു ഊർജം തോന്നാതിരിക്കുകയോ ആകെ തളർച്ച അനുഭവപ്പെടുകയോ ചെയ്യുക.
 • താൻ ഒന്നിനും കൊള്ളാത്ത ഒരാളാണെന്നോ അമിതമായ, അസ്ഥാനത്തുള്ള കുറ്റബോധമോ തോന്നിത്തുടങ്ങുക.
 • ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കഴിവു കുറയുക.
 • മരണത്തെയോ ആത്മഹത്യയെയോ പറ്റി സദാ ആലോചിക്കാൻ തുടങ്ങുക.
മേൽനിരത്തിയവയിൽ അഞ്ചെണ്ണമെങ്കിലും, രണ്ടാഴ്ചയിലേറെ, മിക്ക ദിവസവും, നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ നിലനിൽക്കുന്നവർക്കാണ് വിഷാദം നിർണയിക്കപ്പെടുക. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടമാകുന്നവർ വിദഗ്ധസഹായം തേടേണ്ടതുണ്ട്.

Content Highlights: world suicide prevention day steps to prevent suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented