ഒരു നിമിഷത്തിന്റെ തെറ്റായചിന്തയിൽ മരണത്തിന്റെ ആഴങ്ങളെ പുൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചെത്തിയതാണ് അനിതാ പീറ്റർ. അതിനുശേഷം ഇതുവരെ അനിതയ്ക്ക് ജീവിതംപോലെ മധുരമായ മറ്റൊന്നും കണ്ടെത്താനായിട്ടില്ല.
അനിത ആ കഥ ലോകത്തോടുപറയുന്നത് ഒരു പുസ്തകവും മൂന്നു ഷോർട്ട് ഫിലിമുകളും ഒരുക്കിയാണ്. ലോക ആത്മഹത്യാ പ്രതിരോധദിനമായ വ്യാഴാഴ്ച അനിതയുടെ മൂന്ന് ഷോർട്ട് ഫിലിമുകളും റിലീസ് ചെയ്യുമ്പോൾ പുസ്തകപ്രകാശനം അടുത്തമാസം നടക്കും.
എറണാകുളം സ്വദേശിയായ തോമസിന്റെയും സാറാമ്മയുടെയും നാലുമക്കളിൽ മൂന്നാമത്തെയാളായ അനിത ജനിച്ചുവളർന്നതു കുവൈത്തിലാണ്. പിന്നീട് ബെംഗളൂരുവിൽ ജെറ്റ് എയർവേയ്സിൽ ഹൈദരാബാദിൽ കോർപ്പറേറ്റ് ട്രെയിനറായി ജോലിചെയ്യുന്നതിനിടയിലാണ് വിഷാദരോഗത്തിന് അടിമയായി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
''ആശുപത്രിയിൽനിന്നെത്തി വെറുതെകിടക്കുമ്പോൾ ഗൂഗിളിൽ ഞാൻ ടൈപ്പ് ചെയ്തത് 'ഐ വാണ്ട് റൺ എവേ' എന്നായിരുന്നു. അപ്പോഴാണ് അതിന് ഉത്തരമായ മാരത്തൺ വിഷയം തെളിഞ്ഞുവന്നത്. അതായിരുന്നു എന്റെ മാറ്റത്തിന്റെ തുടക്കം. മാരത്തൺ ക്ലബ്ബുകാരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയതോടെ ഇതിനകം പത്തു ഹാഫ് മാരത്തണും 14 പത്തുകിലോമീറ്റർ മാരത്തണിലും പങ്കെടുത്തു. ബൈക്ക് റൈഡറായി ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. മോഹിനിയാട്ട നർത്തകിയായി ഒട്ടേറെ വേദികൾ പിന്നിട്ടു.
ഒരുപാട് കുട്ടികൾക്കു ഞാൻ ഇപ്പോൾ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നുണ്ട്. ജീവിതത്തിന്റെ മൂല്യം എനിക്കു ലോകത്തോടു പറയാനാകുന്നത് എന്റെ അനുഭവങ്ങളിലൂടെത്തന്നെയാണ്'' അനിത പറയുന്നു.
ഒരു നിമിഷത്തെ തെറ്റായ ചിന്ത
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് പ്രതിവർഷം എട്ടു ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നുണ്ട്. പലരും ആത്മഹത്യ ചെയ്യുന്നത് ഒരുപാട് ആലോചിച്ചിട്ടൊന്നുമല്ല. ഒരു നിമിഷത്തെ തെറ്റായ ചിന്തയിലാണ് അതു സംഭവിക്കുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മധുരം ജീവിതം...
-അനിത പീറ്റർ
ലോക്ഡൗൺ കാലത്തെ ഷോർട്ട് ഫിലിം
ഹൈദരാബാദിൽ ലോക്ഡൗൺ സമയത്ത് വെർച്വൽ യോഗങ്ങൾ കൂടിയാണ് അനിത ഷോർട്ട് ഫിലിമുകളുടെ ഒരുക്കങ്ങൾ തുടങ്ങിയത്. അനിത കഥയും തിരക്കഥയുമൊരുക്കിയ ഷോർട്ട് ഫിലിമുകൾ സംവിധാനംചെയ്യുന്നത് 185 ഷോർട്ട് ഫിലിമുകൾ ഒരുക്കിയിട്ടുള്ള അൻഷൂൽ സിൻഹയാണ്. അനിതയ്ക്കൊപ്പം മകൾ നേഹാ പീറ്ററും ഷോർട്ട്ഫിലിമിൽ അഭിനയിക്കുന്നുണ്ട്. ഭർത്താവ് പീറ്റർ ജേക്കബും മകൻ നേഥനും കൂടെയുണ്ട്.
Content Highlights:world suicide prevention day 2020, Anitha Peter shares her experience releasing her book and three short films, Health