രു നിമിഷത്തെ തോന്നലാണ് ആത്മഹത്യ... അത് കടന്നുകിട്ടിയാല്‍ ജീവിതത്തിലേക്കുള്ളത് മടക്കയാത്രയാണ്... അങ്ങനെയൊരു നിമിഷം ആരുടെയും ജീവിതത്തിലുണ്ടാകാം. പ്രളയ നാളുകളെ തുടര്‍ന്ന് ഇത്തരം മാനസികത്തകര്‍ച്ചകളുടെ വാര്‍ത്തകള്‍ ഒരുപാട് കേള്‍ക്കുന്നു. ജീവിതത്തെ പ്രണയിക്കാനും ആത്മഹത്യയിലേക്ക് കുരുക്ക് മുറുക്കാതിരിക്കാനുമുള്ള ചിന്തകള്‍ക്ക് പ്രേരണയാകട്ടെ ഈ ആത്മഹത്യാ പ്രതിരോധ ദിനം.....

സുരേഷ് (പേര് സാങ്കല്‍പ്പികമാണ്) എറണാകുളത്തെ ഒരു ബിസിനസുകാരനാണ്... ഓഹരി വിപണിയില്‍ വന്ന ഇടിവില്‍ ബിസിനസ് മോശമായപ്പോള്‍ സുരേഷ് മാനസികമായി തളര്‍ന്നു. സുഹൃത്തുക്കളോട് സംസാരിക്കാതെയായി. അയാള്‍ സ്വയം വീടിനുള്ളിലേക്ക് ഒതുങ്ങി. സുരേഷിന്റെ പ്രശ്‌നം വീട്ടുകാര്‍ക്കുപോലും മനസ്സിലായില്ല. ആത്മഹത്യക്കു ശ്രമിച്ച സുരേഷിനെ എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടറുടെ മുന്നിലെത്തിയപ്പോഴാണ് സുരേഷ് മനസ്സ് തുറന്നത്: ''ബിസിനസ് തകര്‍ന്നപ്പോള്‍ എന്റെ സമ്പാദ്യമെല്ലാം നശിച്ചു. എനിക്കു മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല...'' -ഡോക്ടറുടെ കൈകളില്‍ പിടിച്ച് അയാള്‍ കരഞ്ഞു. മനസ്സുതുറന്ന് സംസാരിച്ചപ്പോള്‍ സുരേഷിന് ആശ്വാസം ലഭിച്ചു തുടങ്ങി. ഇതു മനസ്സിലാക്കിയ ഡോക്ടര്‍, അയാള്‍ പറയുന്നതു കേള്‍ക്കാന്‍ സമയം കണ്ടെത്തി. ഭാവികാര്യങ്ങളെക്കുറിച്ച് അയാള്‍ സംസാരിക്കാന്‍ തുടങ്ങി. പയ്യെ പയ്യെ അയാള്‍ ജീവിതത്തിലേക്ക് പിച്ചവച്ചു... വീണ്ടും ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് മടങ്ങിയെത്തി.

ഒരു നിമിഷത്തെ മാനസികാവസ്ഥയാണ് ആത്മഹത്യയിലേക്ക് പലരെയും നയിക്കുന്നത്. അതിന് പല കാരണങ്ങള്‍ അവര്‍തന്നെ കണ്ടെത്തുന്നു. ഇത്തരം പ്രവണതയുള്ളവരെ കേള്‍ക്കാനുള്ള മനസ്സ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉണ്ടാകുക എന്നതാണ് പ്രധാനം എന്ന് ഓര്‍മിപ്പിക്കുകയാണ് ആത്മഹത്യാ പ്രതിരോധ ദിനം.

കേരളം നാലാമത്

പ്രായഭേദമെന്യേ നിരവധി ആളുകളാണ്, ജീവിതത്തില്‍ ഒരു വിഷമഘട്ടം വരുമ്പോള്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. ആത്മഹത്യ തടയാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആത്മഹത്യയുടെ തോതില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്താകമാനം നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനം ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നത്.

കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015-ലെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്.

'തനിക്ക് ആരുമില്ല... അല്ലെങ്കില്‍, താന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല...' എന്ന തോന്നലിലാണ് ഭൂരിഭാഗം ആത്മഹത്യകളും നടക്കുന്നത്. ഇന്ത്യയിലെ തന്നെ കര്‍ഷക ആത്മഹത്യകള്‍ വലിയ ആശങ്കയാണ് ഇന്നത്തെ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയം അത്യധികം ഗൗരവമുള്ളതാണ്.

ആഗോളാടിസ്ഥാനത്തില്‍ എട്ടു ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെട്ടവരുടെ എണ്ണം ഇതിന്റെ 25 ശതമാനം കൂടുതലാണ്. കൗമാരക്കാരിലും മുതിര്‍ന്ന പൗരന്‍മാരിലും ആത്മഹത്യാശ്രമം വര്‍ധിച്ചുവരുന്നതായും പഠനങ്ങള്‍ പറയുന്നു.

പ്രളയ ശേഷം

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നാളുകള്‍ നിര്‍ണായകമാണ്. സംസ്ഥാനത്തെ ഒന്നാകെ പിടിച്ചുലച്ച പ്രളയനാളുകളെ അതിജീവിക്കുക ശ്രമകരമാണ്. കാരണം, നഷ്ടങ്ങള്‍ അത്രത്തോളം വലുതാണ്. അത് പലര്‍ക്കും പല രീതിയിലാണ്. ഇതിനോടകം പ്രളയം ഏറെ ബാധിച്ച പ്രദേശങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും നാം കേട്ടു.

ജീവിതത്തിലെ ഏക സമ്പാദ്യമായ വീട് നഷ്ടപ്പെട്ടവരും വളര്‍ത്തുമൃഗങ്ങളില്‍നിന്ന് വരുമാനം കണ്ടെത്തി ജീവിച്ചവരും ഒക്കെ പ്രതിസന്ധി നേരിടുകയാണ്... 'ഇനിയെന്തിന് ജീവിക്കണം...?' എന്നതായിരിക്കും പലരുടെയും ചിന്ത.

വിഷമതകള്‍ ഉള്ളവരെ തിരിച്ചറിയുകയും അവര്‍ക്ക് പിന്തുണയേകുകയും ചെയ്യുക... നഷ്ടങ്ങളില്‍ പിടിച്ചുകയറാനുള്ള ഉപാധികള്‍ കൊടുക്കുക... പ്രളയബാധിത മേഖലയിലുള്ളവര്‍ക്ക് താത്കാലിക വിഷമത്തില്‍ ഇരുട്ടിലാണെന്ന് തോന്നല്‍ വരാം. ഇവര്‍ പിന്നീട് വിഷാദത്തിന് അടിമപ്പെടാം. എല്ലാം പോയി നിരാശപ്പെടുന്നവര്‍ക്ക് ഒരു പ്രത്യാശ കൊടുക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വം ഉണ്ട്. ഇതിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച് ആത്മഹത്യാ പ്രവണത തടയാം.

നമുക്കു ചുറ്റും വിഷമതകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവരെ നിരീക്ഷിക്കുകയുമാണ് വേണ്ടത്. അവര്‍ക്കുവേണ്ടി സമൂഹം അല്‍പ്പസമയം ചെലവിടണം. അവര്‍ പറയുന്ന കാര്യങ്ങളില്‍ സ്വകാര്യത സൂക്ഷിക്കുകയും വേണം. ഒരാള്‍ വിഷമം പറയുമ്പോള്‍ ശരി-തെറ്റുകള്‍ പറയാന്‍ നില്‍ക്കരുത്. അവര്‍ പറയുന്നതിന് ശ്രദ്ധയും ക്ഷമയും നല്‍കി കേള്‍ക്കുക. പ്രളയശേഷമണ്ടായ നഷ്ടത്തിന് ധനസഹായം നല്‍കണം. അതിരുവിടുന്ന വികാര പ്രകടനം ഒഴിവാക്കണം.

പ്രളയവും ആത്മഹത്യാ പ്രവണതയും

* വീടുകള്‍ നഷ്ടപ്പെട്ടവര്‍.

* ഉപജീവന മാര്‍ഗമായ വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍.

* പ്രിയപ്പെട്ടവര്‍ ഇല്ലാതായവര്‍.

* രേഖകള്‍ പോയവര്‍.

* രോഗങ്ങളുടെ ഭീതി.

* ഇന്‍ഷുറന്‍സ് കിട്ടാത്ത പ്രശ്‌നങ്ങള്‍.

ഈ അവസ്ഥകളിലേതെങ്കിലും ഒന്നിലൂടെ കടന്നുപോകുന്നവരാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നത്.

പൊതു സമൂഹത്തില്‍ ആത്മഹത്യ

* വൃദ്ധജനങ്ങളുടെ ഇടയില്‍ ആത്മഹത്യ കൂടുന്നതായി കണ്ടുവരുന്നുണ്ട്. 60 വയസ്സിനു മുകളില്‍ ആത്മഹത്യ കൂടുന്നത് പ്രധാന ആപത്സൂചനയാണ്. ഒറ്റപ്പെട്ടു പോകുന്നുവെന്നതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. വാര്‍ധക്യകാലത്ത് തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ആത്മഹത്യാ പ്രവണത കൂട്ടുന്നുണ്ട്. മക്കള്‍ വിദേശത്തുള്ളവരും വേണ്ടത്ര ശ്രദ്ധ കിട്ടാത്തവരുമാണ് ഇതില്‍ ഏറെയും. ഇതുകൂടാതെ മക്കള്‍ ഉപേക്ഷിച്ചുപോകുന്നവരും ആത്മഹത്യ ചെയ്യുന്നുണ്ട്.

* സാമൂഹിക ഘടകങ്ങളില്‍നിന്ന് വന്നിട്ടുള്ള മാറ്റം.

* ബന്ധങ്ങളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. ഭര്‍ത്താവിന്റെ അമിത മദ്യപാനം, വ്യക്തികളുമായുളള കലഹം, പ്രണയ നൈരാശ്യം.

* മാനസിക ആരോഗ്യ പ്രശ്‌നം.

* കൗമാരക്കാരില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. വളര്‍ത്തുശൈലിയില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങളാണ് കൗമാരക്കാരില്‍ ഇത്തരം പ്രവണതയ്ക്ക് കാരണം. കുട്ടികളുടെ മനസ്സറിഞ്ഞ് വളര്‍ത്തണം. ബന്ധങ്ങളില്‍ വന്നിട്ടുള്ള തകര്‍ച്ചകളും പരീക്ഷകളിലെ പരാജയവും ആത്മഹത്യക്ക് കാരണമാകുന്നുണ്ട്.

* കര്‍ഷക ആത്മഹത്യകള്‍.

പ്രതിരോധം വീടുകളില്‍ നിന്ന്

ജീവിതത്തിലെ തിരിച്ചടികളെ നേരിടാനും അതിജീവിക്കാനും വീടുകളില്‍നിന്ന് പഠിക്കണം. ബാല്യത്തിലും കൗമാരത്തിലും ഒരാളുടെ ജീവിതാന്തരീക്ഷത്തില്‍ രൂപപ്പെടുന്നുവെന്നാണ് വിദഗ്ദ്ധാഭിപ്രായം. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതില്‍ പങ്കുവഹിക്കാനുണ്ട്. ആത്മവിശ്വാസം വേണം.

എല്ലാം തുറന്നുപറയാന്‍ കഴിയുന്ന സൗഹൃദങ്ങളും ആത്മഹത്യയെ ഒരു പരിധി വരെ തടയുന്ന ഘടകങ്ങളാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുടുംബങ്ങളില്‍ തന്നെ സുതാര്യമായ ആശയവിനിമയം നടക്കണം.

ആര്‍ദ്രതയോടെ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം

പ്രളയനാളുകളെ മറികടക്കാന്‍ സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. 'എല്ലാം പോയി' എന്ന നിരാശ വരാം. വീടുകള്‍ നിര്‍മിക്കാനും രേഖകള്‍ വീണ്ടെടുക്കാനും സഹായിക്കുകയാണ് വേണ്ടത്. ആകുലതകള്‍ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ആര്‍ദ്രതയോടെ കേള്‍ക്കണം. ജീവിതം പിടിച്ചുനിര്‍ത്താനും പ്രത്യാശ നല്‍കാനും പറ്റും. ഇത് പ്രളയദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഉറക്കവും വിശപ്പും നഷ്ടപ്പെടാം. പല തലങ്ങളിലും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

ആത്മഹത്യാ ശ്രമം കുറ്റകൃത്യമല്ലാതാക്കിയിട്ടുണ്ട്. കുറ്റകൃത്യമല്ല എന്നുപറഞ്ഞ് അവസാനിപ്പിക്കാതെ, ആത്മഹത്യാ ശ്രമം നടത്തിയവര്‍ക്ക് സഹായത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നാണ്‌ മനഃശാസ്ത്ര വിദഗ്ദ്ധന്‍ സി.ജെ. ജോണ്‍ പറയുന്നത്.

സഹായത്തിനായുള്ള സാഹചര്യം വേണമെന്ന് ആവശ്യപ്പെടലാണ് ഓരോ ആത്മഹത്യാ ശ്രമവും. 'ജീവന്‍ രക്ഷിച്ചിരിക്കുന്നു, ഇനി നിങ്ങള്‍ പൊയ്‌ക്കോളൂ...' എന്ന രീതിയിലുള്ള ഇടപെടല്‍ അപൂര്‍ണമാണ്. ദുഃഖത്തിലൂടെ കടന്നുപോകുന്നയാള്‍ക്ക് സഹായം നല്‍കാന്‍ ആസ്പത്രികളും അധികാരികളും ശ്രദ്ധ ചെലുത്തണം.

പ്രളയബാധിത മേഖലകളില്‍ വീടുകളില്‍ ബോധവത്കരണം

ആത്മഹത്യാ പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ്. കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദുരിതബാധിത മേഖലകളിലെ വീടുകള്‍ തോറും കയറി ബോധവത്കരണം നടത്തും. പ്രശ്‌നങ്ങള്‍ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ് നടത്തും. ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനമാണ് ഉണ്ടാകുക.

ചിലര്‍ക്ക് പ്രളയം അതിജീവിക്കാന്‍ മനക്കരുത്ത് ഉണ്ടാകും. മനക്കരുത്ത് ഇല്ലാത്തവരെ കണ്ടെത്തി വൈകാരിക പിന്തുണ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കും. കൃത്യമായ മാനസികാരോഗ്യ അവലോകനം നടത്തും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവര്‍ത്തകരിലും ആശാ പ്രവര്‍ത്തകരിലും പരിശീലനം നടത്തുന്നുണ്ടെന്നും ബിഫ്രണ്ടേഴ്സ് ഇന്ത്യ പ്രസിഡന്റ്  രാജേഷ് ആര്‍. പിള്ള  വ്യക്തമാക്കി.