Representative Image | Photo: Gettyimages.in
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്ട്രോക്ക്.
എന്താണ് സ്ട്രോക്ക്
തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കില്‍ ചിലപ്പോള്‍ ഒരു കാലിനോ കൈക്കോ മാത്രം അനുഭവപ്പെടുന്ന ചെറിയ തളര്‍ച്ച മാത്രമാകാം ലക്ഷണം. എന്നാല്‍ തീവ്രമായ സ്ട്രോക്ക് ബാധിച്ചവരില്‍ ശരീരമാകമനം തളര്‍ന്നു പോകുകയും സംസാരശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ടു പോകുവാനും സാധ്യതയുണ്ട്.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍
മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം മസ്തിഷ്ക കോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ച ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്നു. ഇപ്രകാരം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
- പക്ഷാഘാതം (Paralysis)
- ശരീരത്തിന്റെ ഒരു വശത്തുണ്ടാകുന്ന തളര്‍ച്ച. കൈകാലുകള്‍, മുഖം എന്നിവയ്ക്കുണ്ടാകുന്ന ബലക്ഷയം.
- സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട്, സംസാരം തിരിച്ചറിയുന്നതിനോ വാക്കുകള്‍ പ്രകടമാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകള്‍
- പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങല്‍, രണ്ടായി കാണുക
- നടക്കുന്നതിനുള്ള ബുദ്ധിമുട്ട്
- ശരീരത്തിന്റെ സന്തുലനവും ഏകോപനവും നഷ്ടപ്പെടുന്ന അവസ്ഥ
- പെട്ടെന്നുണ്ടാവുന്ന തലകറക്കം
- അകാരണമായി പെട്ടെന്നുണ്ടാകുന്ന അസഹനീയമായ തലവേദനയും, ഛര്‍ദ്ദിയും
- പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടതാണ്. എത്രയും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതുവഴി തലച്ചോറിനുണ്ടാകുന്ന കൂടുതല്‍ ക്ഷതവും, സ്ഥിരമായി ഉണ്ടായേക്കാവുന്ന ശാരീരിക വൈകല്യമോ, അല്ലെങ്കില്‍ മരണം തന്നെയോ പ്രതിരോധിക്കുവാന്‍ സാധിക്കുന്നതാണ്.
രോഗസാധ്യതയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍
സ്ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗമാണ്. ജീവിതത്തില്‍ അനുവര്ത്തിച്ചുവരുന്നതോ, സംഭവിച്ചിട്ടുള്ളതോ ആയ ചില കാര്യങ്ങള്‍ മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
1. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍
ഉയര്‍ന്ന അളവില്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, വളരെ കൂടിയ അളവില്‍ അന്നജം, കൊളസ്ട്രോള്‍ എന്നിവയടങ്ങിയ ആഹാരരീതിയും രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.
2. വ്യായാമക്കുറവ്
കൂടുതല്‍ സമയം വെറുതെ ഇരിക്കുന്നതും, യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്ട്രോക്കിലേക്ക് നയിച്ചേക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്.
3. മദ്യപാനം, പുകവലി
മദ്യപാനവും പുകവലിയും മസ്തിഷ്കാഘാത സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു. ഇവ മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും, രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
4. പാരമ്പര്യം
ചെറിയൊരു ശതമാനം ആളുകളില്‍ ചില പാരമ്പര്യഘടകങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ സ്ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കാം.
5. രോഗാവസ്ഥകള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് സ്ട്രോക്ക് വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ (atrial fibrillation) തുടങ്ങിയവയും സ്ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ഒരുതവണ സ്ട്രോക്ക്
(Transient Ischemic Attack) വന്നിട്ടുള്ളവരില്‍ വീണ്ടും സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗനിര്‍ണയം
രോഗനിര്‍ണയത്തിനായി രോഗിയുടെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിയേണ്ടതാണ്. രക്തസമ്മര്‍ദം, ഹൃദയതാളം, എന്നിവയുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം രോഗിയുടെ ശാരീരിക പരിശോധനയിലൂടെ രോഗിയുടെ ശരീര സന്തുലനാവസ്ഥ, പേശികളുടെ ബലം, ചലനശേഷി, കാഴ്ചശക്തി തുടങ്ങിയ നാഡീ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനുശേഷം രോഗിക്ക് സ്ട്രോക്ക് സംഭവിച്ചിട്ടുണ്ടോ, എന്തായിരിക്കും കാരണം, തലച്ചോറിന്റെ ഏത് ഭാഗത്താണ് ബാധിച്ചിരിക്കുന്നത്, എന്നിവയെക്കുറിച്ച് കൃത്യമായി തിരിച്ചറിയുന്നതിന് ചില ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.
രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍
- രക്തപരിശോധന
- എം.ആര്.ഐ., സി.ടി. സ്കാന്‍
- സെറിബ്രല്‍ ആന്‍ജിയോഗ്രാം
- കരോട്ടിഡ് ഡോപ്ലര്‍
- ഇലക്ട്രോകാര്‍ഡിയോഗ്രാം, എക്കോ കാര്‍ഡിയോഗ്രാം
ചികിത്സ
ഫലപ്രദമായ ചികിത്സകള്‍ കൊണ്ട് മസ്തിഷ്കാഘാതം മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളെ ലഘൂകരിക്കാനും, ഒരു പരിധിവരെ രോഗിയെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സാധിക്കുന്നതാണ്.
ഇസ്കെമിക് സ്ട്രോക്കിന്റെ ചികിത്സകള്‍
സ്ട്രോക്കിന്റെ ചികിത്സയെ മൂന്ന് ഘട്ടങ്ങളായി തരംതിരിക്കാം
1) എത്രയും പെട്ടെന്നുള്ള ചികിത്സ അഥവാ എമര്‍ജന്‍സി ട്രീറ്റ്മെന്റ്
1) എത്രയും പെട്ടെന്നുള്ള ചികിത്സ അഥവാ എമര്‍ജന്‍സി ട്രീറ്റ്മെന്റ്
2) അപകടഘടകങ്ങളെ ചികിത്സിച്ച് സങ്കീര്‍ണത ഒഴിവാക്കുക
3) പുനരധിവാസം
ത്രോമ്പോലിസിസ്
സ്ട്രോക്ക് സംഭവിച്ച് 4.5 മണിക്കൂറിനുള്ളിലാണ് ഈ ചികിത്സ നല്‍കേണ്ടത്. ത്രോംബോലൈറ്റിക് (Thrombolytic ) മരുന്നുകള്‍ രക്തക്കുഴലുകളില്‍ ഉള്ള രക്തക്കട്ടയെ അലിയിപ്പിച്ച് രക്തപ്രവാഹം പുനസ്ഥാപിക്കുവാന്‍ സഹായിക്കുന്നു. Alteplase, Tenecteplase എന്നീ മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
2. മെക്കാനിക്കല്‍ ത്രോംബെക്ടമി
തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലേക്ക് കത്തീറ്റര്‍ കടത്തിവിട്ട് രക്തക്കട്ട നീക്കം ചെയ്യുന്ന രീതിയാണിത്. സ്ട്രോക്ക് സംഭവിച്ച ആറു മണിക്കൂറിനുള്ളില്‍ തന്നെ ചെയ്യേണ്ട ഒരു ചികിത്സാരീതിയാണിത്. അപൂര്‍വ്വമായി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ത്രോംബെക്ടമി വിജയകരമായി ചെയ്യാന്‍ സാധിക്കും.
3.ആസ്പിരിന്‍ മുതലായ ആന്റിപ്ലേറ്റ്ലെറ്റ് മരുന്നുകള്‍
ഇത്തരം മരുന്നുകള്‍ വീണ്ടും രക്തധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.
4. ഹെപ്പാരിന്‍\ ആന്റികൊയാഗുലന്റ്
പ്രത്യേകിച്ചും ഹൃദയസംബന്ധമായ രോഗങ്ങള്‍ മുഖേന സ്ട്രോക്ക് വരുന്നവരില്‍ ഇത്തരം മരുന്നുകള്‍ നല്കി വരുന്നു. ദീര്‍ഘകാലത്തേക്ക് ഉപയോഗത്തിനായി Wargarin, Dabiagatran തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമാണ്.
5. രക്തസമ്മര്‍ദം കുറയ്ക്കുന്ന മരുന്നുകള്‍
രക്താതിസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അത് കുറയ്ക്കുന്നതിനുള്ള വിവിധ മരുന്നുകള്‍ നല്‍കേണ്ടതാണ്. സ്ട്രോക്ക് വന്ന് രോഗികളെ പ്രത്യേക ഐ.സി.യുകളില്‍ കിടത്തി നിരീക്ഷിക്കുകയും ബി.പി., ബ്ലഡ് ഷുഗര്‍ തുടങ്ങിയവ നിയന്ത്രിച്ചു നിര്‍ത്തുകയും വേണം. അതോടൊപ്പം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിന് മരുന്നുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവയും വേണ്ടിവന്നേക്കാം. സ്ട്രോക്ക് വന്ന് ചില രോഗികള്‍ തലച്ചോറിലെ സമ്മര്‍ദ്ദം (Intracranial pressure ) കൂടുന്നത് വഴി അബോധാവസ്ഥയിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അത്തരം രോഗികള്‍ക്ക് സമ്മര്‍ദം കുറയ്ക്കുന്ന മരുന്നുകളോടൊപ്പം, വെന്റിലേറ്ററിന്റെ സഹായവും വേണ്ടിവന്നേക്കാം.

കരോട്ടിഡ് എന്ഡാര്ടെറെക്ടമി ആന്‍ഡ് കരോട്ടിഡ് ആന്‍ജിയോപ്ലാസ്റ്റി
കഴുത്തിലെ രക്തധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കുകള്‍ മാറ്റുന്നതിനായി സര്‍ജറിയോ ആന്‍ജിയോപ്ലാസ്റ്റിയോ ചെയ്യാവുന്നതാണ്.
തുടര്‍ചികിത്സകള്‍
സ്ട്രോക്ക് ബാധിച്ച 40-60 ശതമാനത്തോളം രോഗികള്‍ക്കും സ്ഥിരമായ ശാരീരിക വൈകല്യങ്ങള്‍ കാണപ്പെടാറുണ്ട്. അവര്‍ക്കെല്ലാം തന്നെ തുടര്‍ചികിത്സകള്‍ ആവശ്യമായി വരുന്നു. ന്യൂറോളജിസ്റ്, ഫിസിയാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ഏകോപിച്ചുള്ള സമീപനം ആവശ്യമാണ്. പുനരുജ്ജീവനം ആശുപത്രിയില്‍ തുടങ്ങി വീട്ടില്‍ തുടരേണ്ട ഒരു പ്രക്രിയയാണ്.
എങ്ങനെ പ്രതിരോധിക്കാം
ഭക്ഷണശീലവും, ചിട്ടയായ വ്യായാമവും, ആരോഗ്യപരമായി അനുവര്ത്തിക്കുന്നതിനോടൊപ്പം പുകവലി, അമിത മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് മസ്തിഷ്കാഘാതത്തെ മാറ്റിനിര്‍ത്താനുള്ള ഏറ്റവും എളുപ്പമായ വഴികള്‍. അതിറോസ്ക്ലിറോസിസ് , ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതും സ്ട്രോക്കിനെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള ഉപായങ്ങളാണ്.
വേണ്ടത് ശ്രദ്ധ
പക്ഷാഘാതം വന്ന ഒരു വ്യക്തിക്ക് അത് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ചികിത്സ മുടക്കാതെ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അനുവര്‍ത്തിച്ച് ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെതന്നെ രോഗസാധ്യതയേറ്റുന്ന 'റിസ്ക് ഫാക്ടറു' കളെ വേണ്ടവിധത്തില്‍ ചികിത്സിക്കുകയും വേണം.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും, രക്തം കട്ടപിടിക്കുന്നതിന് കഴിക്കുന്ന മരുന്നുകളും, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകളും യാതൊരു കാരണവശാലും മുടക്കം വരുത്താന്‍ പാടുള്ളതല്ല. നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും, ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കേണ്ടതുമാണ്. സ്ഥിരമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും, കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കേണ്ടതുമാണ്.
മസ്തിഷ്കാഘാതം വന്നവര്‍ക്ക് പലപ്പോഴും സ്വന്തം കാര്യം പരസഹായം കൂടാതെ ചെയ്യാന്‍ സാധിക്കുകയില്ല. ഈ അവസ്ഥ രോഗിയെ പരിചരിക്കുന്നവരും, സുഹൃത്തുക്കളും, ബന്ധുക്കളും മനസ്സിലാക്കി അവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു കൊടുക്കുന്ന വ്യായാമങ്ങള്‍ രോഗിയെ പരിചരിക്കുന്നവര്‍ ഇടവിട്ട് ചെയ്യിപ്പിക്കേണ്ടതും അവരോട് മാനസിക ഐക്യത്തോടെ പെരുമാറുകയും ചെയ്യേണ്ടതാണ്. അതുപോലെതന്നെ സംസാരശേഷി വീണ്ടെടുക്കുന്നതിനായി കൂടെയുള്ളവരുടെ ക്ഷമാപൂര്‍വമായ ഇടപെടലുകളും അവര്‍ക്ക് അത്യാവശ്യമാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖിക)
Content Highlights: World Stroke Day 2020, What is Stroke symptoms causes treatments, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..