കൈകളുടെ ചലനങ്ങള്‍ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രകടിപ്പിക്കും. മറ്റൊരാളുമായി ആശയവിനിമയം നടത്തുമ്പോഴാണ് ഇത് കൂടുതലായി പ്രകടമാവുക. സംസാരിക്കുന്ന വിഷയങ്ങളില്‍ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കൈകളുടെ ചലനങ്ങള്‍ നമ്മെ ഒരുപാട് സഹായിക്കും. ഒരു പ്രശസ്തനായ വാഗ്മിയുടെ പ്രസംഗം നേരിട്ട്  കേള്‍ക്കാനിടയായല്‍  ഈ സത്യം വ്യക്തമാകും. മൗനിയായിരിക്കുമ്പോഴും കൈകളുടെ ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍  നമ്മുടെ മാനസികാവസ്ഥയെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. കൈകളുടെ വിവിധ തരത്തിലുള്ള ചലനങ്ങളെ സംസ്‌കൃതത്തി 'ഹസ്തമുദ്ര' എന്ന്പറയുന്നു.
 
കേരളത്തിന്റെ തനതു കലാരൂപങ്ങളാണ് കഥകളി, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍  തുടങ്ങിയവ. കഥകളിയില്‍  കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തില്‍  ഭാഗവതര്‍ ആലപിക്കുന്ന പദങ്ങള്‍ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടന്മാര്‍ അഭിനയിച്ചാണ് കഥകളിയില്‍  കഥ പറയുന്നത്. കൂടിയാട്ടത്തിലും, ഓട്ടന്‍ തുള്ളലിലും കഥാപാത്രങ്ങള്‍ ഹസ്തമുദ്രകളുടെ സേവനം നിര്‍ല്ലോഭമായി ഉപയോഗിക്കുന്നുണ്ട്.
 
എന്നാല്‍  ജീവിതമെന്ന രംഗവേദിയില്‍  അഭിനയിക്കാന്‍ ആംഗ്യഭാഷയെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹം നമുക്ക്
ചുറ്റുമുണ്ട്. അവരെ നാം ശ്രവണവൈകല്ല്യബാധിതര്‍ അല്ലെങ്കില്‍  ബധിരര്‍ എന്നാണ് അഭിസംബോധന ചെയ്യുക. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുപ്രകാരം ലോകത്തില്‍  ഏകദേശം 46 കോടി ജനങ്ങള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ ശ്രവണവൈകല്യമുള്ളവരാണ്. ഇതി  43 കോടി പ്രായപൂര്‍ത്തിയായ വരും, 3 കോടി കുട്ടികളുമാണ്. ഭാരതത്തില്‍  ഏകദേശം 6 കോടി
ജനങ്ങള്‍ ശ്രവണ വൈകല്യ ബാധിതരാണ്.
 
ആംഗ്യഭാഷയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ഗ്രീക്ക് ചിന്തകനായപ്ലാറ്റോവിന്റെ 'ക്രാട്ടൈലസ് ' (Cratylus) എന്ന രചനയില്‍  നമുക്കു കാണാം. ശിഷ്യനായ സോക്രട്ടീസിന്റെ പ്രസ്താവനയാണ് ഇതിന്റെ സൂചിക. 'നമുക്ക് ശബ്ദവും, നാവും ഉണ്ടായിരുന്നില്ലെങ്കിലും, അന്യോന്യം ആശയം കൈമാറണമെന്ന് തോന്നുകയാണെങ്കില്‍  കൈകള്‍ ചലിപ്പിച്ചും, തലതിരിച്ചും, ശരീര ഭാഗങ്ങള്‍ ചലിപ്പിച്ചും ഇപ്പോള്‍ ബധിരര്‍ ചെയ്യുന്നതുപോലെ നമ്മള്‍ പ്രവര്‍ത്തിക്കുമായിരുന്നില്ലെ ? '
 
11-ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ തന്നെ യൂറോപ്പിലെ ചില പുരോഹിന്മാര്‍ മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമായി മൗനവൃതം ആചരിക്കുക പതിവായിരുന്നു. ഈ സമയത്ത് ആശയവിനിമയം ചെയ്യാനായി ചില അടിസ്ഥാന ആംഗ്യങ്ങള്‍ക്ക്  (Signs) അവര്‍ രൂപം കൊടുത്തു.
 
15-ാം നൂറ്റാണ്ടില്‍  സ്പാനിഷ് പുരോഹിതനായ പെഡ്രോ പോന്‍സി ഡി ലിയോണ്‍ (Pedro Ponce De Leon) ശ്രവണ വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ അടിസ്ഥാന മുദ്രകളെ ഉപയോഗിച്ചു. അദ്ദേഹമാണ് ശ്രവണ വൈകല്യ ബാധിതരുടെ ആദ്യത്തെ അധ്യാപകനായി അറിയപ്പെടുന്ന മഹാന്‍.
 
സ്‌പെയിനിലെ മറ്റൊരു ഭാഷാ പണ്ഡിതനായിരുന്നു ഷുവാന്‍ പാബ്ലോ ബൊനെറ്റ് (Juan Pablo Bonet 1573 - 1633). 1620   ഷുവാന്‍ പ്രസിദ്ധീകരിച്ച ' Summary of the letters and the art of teaching speech to the mute' എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തി  ബധിര വിദ്യാഭ്യാസത്തിനായി ഔപചാരികമായി വികസിപ്പിച്ചെടുത്ത ആംഗ്യഭാഷയുടെ (Sign Language) ആദ്യ പാഠങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഷുവാന്റെ ഈ ആംഗ്യഭാഷാ അക്ഷരമാലകള്‍ സ്‌പെയ്ന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആംഗ്യഭാഷാ വികസനത്തില്‍  ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
 
ഏകദേശം 135-ല്‍ പരം ആംഗ്യ ഭാഷകള്‍  ഇന്ന് ലോകത്തി  നിലവിലുണ്ട്. എന്നാ  ലോകത്താകമാനം ഏവരും ഉപയോഗിക്കുന്ന പൊതുവായ ഒരാംഗ്യഭാഷ ഇല്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഒരേ വസ്തുതകള്‍ തന്നെ സൂചിപ്പിക്കാന്‍ വ്യത്യസ്തങ്ങളായ ആംഗ്യങ്ങളാണ് ഓരോ രാജ്യങ്ങളിലെയും ആംഗ്യഭാഷകള്‍ സ്വീകരിക്കുന്നത്. ഉദാഹരണമായി വിരലില്‍  മോതിരം അണിയുന്ന ആംഗ്യം അമേരിക്കന്‍ ആംഗ്യഭാഷയി (ASL) വിവാഹത്തെ സൂചിപ്പിക്കുന്നുവെങ്കില്‍, ഭാരത ആംഗ്യഭാഷ (ISL) രണ്ടുകരങ്ങളും ചേര്‍ത്തുപിടിക്കുന്ന ആംഗ്യത്തിലൂടെയാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റൊരു വസ്തുതയെന്തെന്നാ  ഓരോ രാജ്യത്തും പ്രാദേശികമായി ഉപയോഗിക്കുന്ന ആംഗ്യഭാഷകള്‍ തമ്മില്‍  ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്.
 
ആധുനിക ഭാഷകള്‍ പോലെ ആംഗ്യ ഭാഷയ്ക്കും അതിന്റേതായ താളം, ഉച്ചാരണ ഭേദം, വ്യാകരണം, വാക്കുകളുടെ ക്രമം എന്നിവയെല്ലാമുണ്ട്. മറ്റു ഭാഷകള്‍ പോലെ ആംഗ്യ ഭാഷയും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാണ്. ലോകപ്രശസ്ത മന:ശാസ്ത്രജ്ഞനായ ആ ബര്‍ട്ട് മെഹ്‌റാബിയന്റെ ( Albert Mahrabian ) 75538 എന്ന ആശയവിനിമയത്തെക്കുറിച്ചുള്ള തിയറി പ്രസിദ്ധമാണ്. ഒരു വ്യക്തി ആശയവിനിമയത്തില്‍  ഏര്‍പ്പെടുമ്പോള്‍ വെറും 7 ശതമാനം വാക്കുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 55 ശതമാനം ആശയവിനിമയവും ശരീര ഭാഷയിലൂടേയും, കണ്ണുകളില്‍  വിരിയുന്ന ഭാവങ്ങളിലൂടേയും നടത്തപ്പെടും. 38 ശതമാനം ആശയവിനിമയം ശബ്ദത്തിന്റെ വേഗത, പിച്ച്, ധ്വനി, ഭാവം എന്നിവയെ ആശ്രയിച്ചിരിക്കും. മെഹ്‌റാബിയന്റെ അഭിപ്രായത്തില്‍  ഒരു വ്യക്തിയുടെ ആശയവിനിമയത്തിന്റെ 93 ശതമാനവും വാചികമല്ല എന്നതാണ്. ശ്രവണവൈകല്ല്യമുള്ളവര്‍ ഉപയോഗിക്കുന്ന ആംഗ്യഭാഷയും വാചികമല്ല എന്ന്  ഈ സന്ദര്‍ഭത്തില്‍  ഓര്‍ക്കുന്നത് നന്നായിരിക്കും.
 
ലോകമെമ്പാടുമുള്ള ശ്രവണവൈകല്യബാധിതര്‍ക്ക് തുല്യ അവകാശം ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സംഘടനയാണ് World Federation of Deaf (WFD). 1951 സെപ്തംബര്‍ 23 ന് റോമിലാണ് ഈ സംഘടന നിലവില്‍ വന്നത്. ആദ്യ ലോക സമ്മേളനത്തില്‍  ബധിരരുടെ 25 ദേശീയ സംഘടനകളില്‍  നിന്നുള്ള പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍  ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലായി 125 രാജ്യങ്ങളെ ഈ സംഘടന പ്രതിനിധീകരിക്കുന്നു.
 
സെപ്തംബര്‍ മാസത്തെ അവസാനത്തെ ആഴ്ച്ച അന്താരാഷ്ട്ര ബധിര വാരമായി ആചരിച്ചുവരുന്നു. 1958   ആണ് ഈ ആചരണത്തിന് നാന്ദി കുറിച്ചത്. അന്താരാഷ്ട്ര ബധിര സംഘടന (WFD) നിലവില്‍  വന്നത് സെപ്തംബര്‍ 23 ന് ആയതിനാല്‍ , 2018 മുതല്‍  സെപ്തംബര്‍ 23 അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി ആചരിച്ചുവരുന്നു. ആംഗ്യഭാഷയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനും, പ്രോത്സാഹിപ്പിക്കാനും,  ശ്രവണ വൈകല്യമുള്ള സഹോദരീസഹോദരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
 
അന്താരാഷ്ട്ര ആംഗ്യഭാഷാദിനം 2020 ആഘോഷിക്കുന്നതിനായി അന്താരാഷ്ട്ര ബധിര സംഘടന (WFD) ആഗോള നേതാക്കള്‍ക്ക് ഒരാഹ്വാനം നല്‍കിയിട്ടുണ്ട്. ഓരോ രാജ്യത്തേയും ബധിരരുടെ ദേശീയ സംഘടനകളുമായും, ബധിരരുടെ നേതൃത്വത്തിലുള്ള മറ്റു സംഘടനകളുമായും സഹകരിച്ച് പ്രാദേശിക, ദേശീയ, ആഗോള നേതാക്കള്‍ ആംഗ്യഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ ആഹ്വാനം.
 
ഈ വര്‍ഷത്തെ ആംഗ്യഭാഷാ ദിനത്തിന്റെ തീം -' ആംഗ്യഭാഷകള്‍ എല്ലാവര്‍ക്കുമാണ് 'എന്നാണ്. ശവണ വൈകല്യമുള്ളവര്‍ക്ക് ദൈവം നല്‍കിയ വരദാനമാണ് ആംഗ്യഭാഷ. ശ്രവണ വൈകല്യമുള്ളവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല എന്നതല്ല പ്രശ്‌നം; മറിച്ച് ശ്രവണ സമൂഹം അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്.
 
ഭൂരിഭാഗം ശ്രവണവൈകല്യമുള്ള കുഞ്ഞുങ്ങളും ജനിക്കുന്നത് കേള്‍വി വൈകല്യമില്ലാത്ത മാതാപിതാക്കള്‍ക്കാണ്. സ്വന്തം കുഞ്ഞിന് ശ്രവണവൈകല്യമുണ്ടെന്നറിയുമ്പോള്‍ രക്ഷിതാവിനുണ്ടാകുന്ന ഞെട്ടല്‍  നമുക്ക് ഊഹിക്കാന്‍ കഴിയും. തങ്ങളുടേതായ ചില വീഴ്ചകള്‍ കാരണമാകാം കുഞ്ഞിന് ശ്രവണ വൈകല്യമുണ്ടായതെന്ന് ചില മാതാപിതാക്കള്‍ സ്വയം കുറ്റപ്പെടുത്താറുണ്ട്. പക്ഷേ കുട്ടികളില്‍  കാണപ്പെടുന്ന ശ്രവണ വൈകല്യത്തിനുള്ള കാരണങ്ങള്‍ പലപ്പോഴും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. സ്വന്തം കുഞ്ഞിന് ശ്രവണവൈകല്യമുണ്ടെന്ന് ആദ്യമായി അറിയുന്നത് ഡോക്ടറുടെ നാവില്‍ നിന്നായിരിക്കും. അതുകൊണ്ടുതന്നെ ആരംഭഘട്ടത്തില്‍  വൈദ്യശാസ്ത്ര ഇടപെടലിലൂടെ ഒരു പരിഹാരം കാണാനായിരിക്കും മാതാപിതാക്കള്‍ ശ്രമിക്കുക.
ശ്രവണ സഹായിയും, കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയും ഇന്ന് ലഭ്യമാണെങ്കിലും സാധാരണ കേള്‍വിശേഷി തിരിച്ചുകിട്ടാന്‍ വലിയ പ്രയാസമാണ്. അവലംബിക്കേണ്ട ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അഭിപ്രായം തേടുന്നതിനൊപ്പം, കുഞ്ഞിനെ എത്രയും വേഗം ആംഗ്യഭാഷ പഠിപ്പിക്കാനുള്ള ശ്രമവും തുടങ്ങണം.
 
സ്വന്തം കുഞ്ഞിന് സംസാരശേഷിയുണ്ടായിരിക്കണേയെന്നു പ്രാര്‍ത്ഥിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ശ്രവണവൈകല്യം കാരണം സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നിര്‍ബന്ധമായും ആംഗ്യഭാഷ (Sign Language) പഠിപ്പിച്ചിരിക്കണം. എന്നാ  വലിയൊരു ശതമാനം മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സംസാരശേഷിയില്ലെങ്കിലും, നിര്‍ബന്ധപൂര്‍വ്വം അവരെ സംസാരിപ്പിക്കാനുള്ള ശ്രമം നടത്തുക മാത്രമല്ല, കുട്ടി ആംഗ്യഭാഷ പഠിക്കുന്നത് ഒരു കുറച്ചിലായിട്ടാണ് കാണുന്നതും. അതുകൊണ്ടുതന്നെ കുട്ടിയെ ആംഗ്യഭാഷ പഠിപ്പിക്കാന്‍ ഇവര്‍ മുതിരാറില്ല. ഈ വികലമായ കാഴ്ച്ചപ്പാട് മാറേണ്ടത് അനിവാര്യമാണ്. സംസാരഭാഷ പഠിപ്പിക്കാനുള്ള ശ്രമം നടത്തുന്നതില്‍  യാതൊരു തെറ്റുമില്ല. പക്ഷേ അതിനോടു ചേര്‍ന്നുതന്നെ ഈ കുഞ്ഞുങ്ങള്‍ക്ക് ആംഗ്യഭാഷയുമായും പരിചയപ്പെടാന്‍ അവസരമൊരുക്കണമെന്നുമാത്രം. ശ്രവണവൈകല്യമുള്ള കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍  ആംഗ്യഭാഷാ പഠനം നിര്‍ണ്ണായകമായ പങ്ക് വഹിക്കുമെന്നതില്‍  യാതൊരു സംശയവും വേണ്ട.
 
കുടുംബാംഗങ്ങള്‍ തമ്മില്‍  സുഗമമായ ആശയവിനിമയം നടക്കുന്ന വീട്ടില്‍  മാത്രമേ സന്തോഷവും സമാധാനവും ഉണ്ടാവുകയുള്ളൂ. ശ്രവണവൈകല്യമുള്ള ഒരു കുഞ്ഞ് വീട്ടില്‍  ഉണ്ടെങ്കില്‍  ആ കുഞ്ഞിനെ ആംഗ്യഭാഷ പഠിപ്പിക്കുന്നതോടൊപ്പം എല്ലാ കുടുംബാംഗങ്ങളും ആംഗ്യഭാഷ പഠിക്കാന്‍ തയ്യാറാകണം. ഒരു ഭാഷ കൂടുതലായി പഠിച്ചു എന്നതുകൊണ്ട് ഒരു തകരാറും സംഭവിക്കില്ല. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബി എന്നീ ഭാഷകള്‍ പഠിക്കാന്‍ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാത്ത നമ്മള്‍, ആംഗ്യ ഭാഷയോടു മാത്രം എന്തിന് മുഖം തിരിയ്ക്കണം? മറ്റു ഭാഷകളെപ്പോലെ ആംഗ്യഭാഷയും ഒരു സമ്പൂര്‍ണ്ണ ഭാഷയാണ്. ശ്രവണ വൈകല്യ ബാധിതര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ട ഒരു ഭാഷയാണെന്ന ധാരണ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കേരളത്തിന്റെ തനതുകലാരൂപങ്ങളായ കഥകളിയിലേയും, കൂടിയാട്ടത്തിലേയും കലാകാരന്മാര്‍ ആംഗ്യത്തിലൂടെയാണ് കഥകള്‍ ആസ്വാദക ഹൃദയത്തിലേയ്ക്ക് പകര്‍ന്നു നല്‍കിയത്. അതുപോലെ ആംഗ്യഭാഷയും (Sign Language) ആശയ വിനിമയത്തിന് ഉതകുന്ന ഉദാത്തമായ ഒരു മാധ്യമമാണ്. ശ്രവണവൈകല്യ ബാധിതരുടെ പുനരധിവാസം സുഗമമാകണമെങ്കില്‍  ആംഗ്യഭാഷ പ്രോത്സാഹിപ്പിക്കപ്പെടണം.
 
ഈ അവസരത്തില്‍  കോഴിക്കോട് മെഡിക്കല്‍  കോളേജിനടുത്ത് താമസിക്കുന്ന പ്രേമകുമാരി (ഞങ്ങളുടെ പ്രേമേച്ചി)എന്ന അമ്മയെയാണ് എനിക്ക് ഓര്‍മ്മവരുന്നത്. ജന്മനാ ഊമയും ബധിരയുമായ മകളെ റഹ്‌മാനിയ വികലാംഗ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍  ചേര്‍ത്തപ്പോള്‍ ആ അമ്മ മനസ്സ് ഒരു നിമിഷം പിടഞ്ഞു എന്നത് സത്യം. പക്ഷേ ആ അമ്മ തളര്‍ന്നില്ല. രാവിലെ മുതല്‍  വിദ്യാലയം വിടുന്നതുവരെ മകള്‍ക്ക് കൂട്ടിരിക്കുന്നതോടൊപ്പം ആംഗ്യഭാഷയും പ്രേമേച്ചി പഠിച്ചെടുത്തു. മകളുടെ കൂടെ വിദ്യാലയത്തിലേക്കുള്ള യാത്ര പലരും പരിഹസിച്ചെങ്കിലും, ആ അമ്മ ഒരു ചെറു പുഞ്ചിരിയോടെ അതെല്ലാം അവഗണിച്ചു. ശ്രവണ വൈകല്യമുള്ള മകളുടെ ഓരോ ഹൃദയമിടിപ്പും അമ്മ അറിഞ്ഞിരുന്നു. മകളുടെ നല്ല ഭാവിക്കായുള്ള അവരുടെ ജീവിത പോരാട്ടം അവസാനം ലക്ഷ്യം കണ്ടെത്തി. 1999   കിണാശ്ശേരി ഗവ.വൊക്കേഷണല്‍  ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  കമ്പ്യൂട്ടര്‍
ലാബ് അസിസ്റ്റന്റായി ജോലി നേടിയ മകള്‍ (പ്രസീന) സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് ഭിന്നശേഷി ജീവനക്കാര്‍ക്കുള്ളസംസ്ഥാന അവാര്‍ഡും 2009-ല്‍   നേടി. സ്വന്തം മകളുടെ ഭാവി ശോഭനമാക്കാന്‍ വേണ്ടി ആംഗ്യഭാഷ പഠിച്ച പ്രേമകുമാരി ഇന്ന് പലവേദികളിലും ശ്രവണവൈകല്യ ബാധിതര്‍ക്കായി പ്രഭാഷണങ്ങളും, ക്ലാസ്സുകളും ആംഗ്യഭാഷയില്‍  പരിഭാഷപ്പെടുത്തിക്കൊണ്ട് തന്റെ ജീവിതം ധന്യമാക്കുകയാണ്. പ്രേമേച്ചിയെപ്പോലെ അമ്മമാര്‍ ഉണ്ടായാല്‍  ഈ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും.
 
നമ്മുടെ ഭരണ ഘടന 22 ഭാഷകളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഭാരത ആംഗ്യഭാഷ (Indian Sign Languge) ഔദ്യോഗികമായി അംഗീകരിക്കണമെന്ന നിവേദനം കേന്ദ്രസര്‍ക്കാറിനു മുമ്പി  ദേശീയ ബധിര സംഘടന സമര്‍പ്പിച്ചിട്ടുണ്ട്. ഭാരത ആംഗ്യഭാഷ  (Indian Sign Languge)  ഭരണഘടനയിലെ 23 ാം ഭാഷയായി അംഗീകരിക്കപ്പെട്ടാല്‍  ശ്രവണവൈകല്യസമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അവര്‍ക്ക് മുന്‍നിരയിലേക്ക് വരാന്‍ അതൊരു പ്രചോദനമാകുകയും ചെയ്യും.  
 
(ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ എന്ന അഖിലേന്ത്യാ സംഘടനയുടെ കോഴിക്കോട് ഘടകത്തിന്റെ ജില്ലാ അദ്ധ്യക്ഷനും, സംസ്ഥാന സമിതി അംഗവുമാണ് ലേഖകന്‍) 
 
Content Highlighlts: world sign language day and importance of sign language