ashapoornanad''ഇന്ന് ആശ മരിച്ചതിന്റെ നാല്‍പതാം ദിവസമാണ്. അതുകൊണ്ടൊന്ന് വെറുതെ വിളിച്ചതാ. ഞാനിപ്പോള്‍ ശരിക്കും ഒറ്റയ്ക്കാണിവിടെ. ആശ നേരത്തേ പോയതേതായിലും നന്നായി. പക്ഷെ പലപ്പോഴും ഈ വിയോഗം എനിക്ക് താങ്ങാനാവുന്നില്ല. എന്നാലും മരിക്കുന്നതു വരെ ജീവിക്കാന്‍ എനിക്കാ ഓര്‍മകള്‍ തന്നെയേയുള്ളൂ.''-
 
പൂര്‍ണാനന്ദന്‍ പറഞ്ഞ് പറഞ്ഞ് അതൊരു കരച്ചിലിലേക്ക് വഴുതി. തിരിച്ചു പറയാന്‍ എനിക്കു മറുപടി ഉണ്ടായിരുന്നില്ല. കാരണം ആ ജീവിതം രേഖപ്പെടുത്താന്‍ പോയെങ്കിലും പടമെടുക്കാന്‍ സൗകര്യപ്പെടാത്തതിനാല്‍ അത് നീണ്ടുപോയി. മൂന്നാല് മാസത്തിനുള്ളില്‍ ആശ ഈ ലോകം വിട്ടുപോവുകയും ചെയ്തു.
 
പൂര്‍ണ്ണാനന്ദനെ കാണാന്‍ പോകാന്‍ കാരണം ഡോ ചന്ദ്രശേഖരനാണ്. കൊച്ചിയിലെ നായേ്‌ഴ്‌സ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റാണ് ഡോക്ടര്‍. മൊയ്തീന്‍ കാഞ്ചനമാല പ്രണയം സിനിമയായി കൊണ്ടാടുമ്പോള്‍ ഈ പ്രണയം ലോകം അറിയാതെ പോവരുതെന്ന് ഡോക്ടര്‍ക്ക് തോന്നി. ഡോക്ടര്‍ ആമുഖമായി കഥ പറഞ്ഞുതന്നു. പിന്നെ നേരില്‍ പോയി പൂര്‍ണ്ണാനന്ദനേയും ആശയേയും കണ്ടു. അവരുടെ പ്രണയകഥ കേട്ടു.
 
പ്രണയം എന്ന വാക്ക് ഒരു പക്ഷെ ആശയ്ക്കിപ്പോള്‍ മനസ്സിലാവുന്നുണ്ടോ എന്നറിയില്ല. താളം തെറ്റിയ ആ മനസ്സിലെ വികാരവിചാരങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു പക്ഷെ വൈദ്യശാസ്ത്രത്തിനും നിര്‍വ്വചിച്ച് തരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
 
മാനസികരോഗം ഒരു കുറ്റമാണോ, അത് ബാധിച്ചവരെ സമൂഹം എങ്ങിനെയൊക്കെയാണ് കാണുന്നത്. ശരിക്കും അവരെ  എങ്ങിനെയാണ് കാണേണ്ടത്. ആയിരക്കണക്കിന് രോഗികളേയും അവരുടെ ബന്ധുക്കളേയും കണ്ട ഡോക്ടര്‍ക്ക് പൂര്‍ണ്ണാനന്ദന്‍ ഒരു മാതൃകയാണ്. അതാണ് ഡോക്ടര്‍ വീണ്ടും വീണ്ടും ഈ കഥ പറഞ്ഞുതന്നത്.
 
പൂര്‍ണ്ണാനന്ദന്‍ തലശ്ശേരിക്കാരനാണ്. ഒരു സമ്പന്നകുടുംബത്തിലെ മൂന്നാമത്തെ ആണ്‍. ആശ കോഴിക്കോട്ടുകാരിയാണ്. ഇരുവരും ബന്ധുക്കളാണ്. ആ ബന്ധുത്വം തന്നെയാണ് കഥയിലെ ഒരു വില്ലന്‍. ഒരു കല്യാണ വീട്ടില്‍ വെച്ച് പൂര്‍ണാനന്ദന്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ പതിമൂന്നുകാരിയായി ആശയെ കാണുന്നു. ആദ്യമാത്രയില്‍ തന്നെ അയാള്‍ക്കവളോട് പ്രണയം തോന്നി. ആശയെ പരിചയപ്പെട്ടു. പരിചയം വളര്‍ന്നു. അത് പ്രണയമായി. പക്ഷെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പ്. അവര്‍ മേലാല്‍ ഈ വീട്ടില്‍ കയറി പോവരുതെന്ന് താക്കീത് ചെയ്തു. 
 
പൂര്‍ണന്‍ ജോലി സ്ഥലത്തേക്ക് പോയി. ആശയും പൂര്‍ണാനന്ദനും പിന്നെ കത്തുകളിലൂടെയായി വര്‍ത്തമാനം. ഓരോ ദിവസവും ഓരോ കത്ത്. അതായാള്‍ മുടക്കാറുണ്ടായിരുന്നില്ല. ആശ മറുപടിയും. കത്തുകളില്‍ ഒരു പിന്‍വാങ്ങലിന്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോള്‍ പൂര്‍ണ്ണാനന്ദന്‍രെ മനസ്സില്‍ എന്തോ പന്തികേടുകള്‍ തോന്നിതുടങ്ങി. ഒരു ദിവസം ബന്ധത്തില്‍ പെട്ട സ്ത്രീ പൂര്‍ണ്ണാനന്ദനെ വിളിച്ചു. ഇവിടെ കാര്യങ്ങള്‍ അവതാളത്തിലാണ്. നീ ഇവിടെ വരെ നേരിട്ടൊന്നു വരണമെന്നവര്‍ പറഞ്ഞു. അത് പ്രകാരം ആശയുടെ വീട്ടിലെത്തിയ പൂര്‍ണന്‍ കണ്ടത് താളം തെറ്റിയ മനസ്സുമായി ഒരപരിചിതയെ പോലെ വീടിറങ്ങി നില്‍ക്കുന്ന ആശയേയാണ്. അയാള്‍ ഉള്ളുകൊണ്ട് കരഞ്ഞു. പിന്നെ എന്തു ചെയ്യണമെന്നറിയാതെ നിന്നു. 
 
ആശയുടെ അച്ഛന്‍ ഓടി വന്ന് അയാളുടെ കാല്‍ക്കല്‍ വീണു. എന്റെ മോളെ  രക്ഷിക്കണം. അയാള്‍ കേണു പറഞ്ഞു. ഞാനിവിളെ നോക്കിക്കോളാം നിങ്ങള്‍ പേടിക്കേണ്ടെന്നു പൂര്‍ണന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് വിശ്വാസമായില്ല. അവരെല്ലാം പൂര്‍ണനേയും കൂട്ടി നേരെ ഗുരുവായൂര്‍ക്ക് പോയി. അവിടെ അമ്പലത്തില്‍ മാല ചാര്‍ത്തുമ്പോഴും പ്രദക്ഷിണം വെക്കുമ്പോഴുമെല്ലാം ആശയുടെ മനസ്സ് മറ്റേതോ ലോകത്ത് അലയുകയായിരുന്നു. 
 
ആദ്യരാത്രി ഭാര്യ ഇറങ്ങി പോവുമോ എന്ന ആശങ്കയോടെ കാവല്‍ നില്‍ക്കേണ്ടി വന്ന ഭര്‍ത്താവ് ഒരു പക്ഷെ ഈ ലോകത്ത് ഞാനേ ഉണ്ടാവൂ. വീട്ടില്‍ നിന്നിറങ്ങിയോടി ഗേറ്റ് വരെ പോയ അവളെ ഞാന്‍ അനുനയിപ്പിച്ചാണ് വീണ്ടും മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. ആദ്യരാത്രി ഉറക്കമില്ലാത്ത കാവലിന്റെ രാത്രിയായിരുന്നു. മനോരോഗമുള്ള ഒരാളെ കല്യാണം കഴിച്ചുകൊണ്ടുവന്ന എനിക്ക് ഭ്രാന്താണെന്ന് എല്ലാവരും അടക്കം പറഞ്ഞു. പക്ഷെ എനിക്കവളെ ഉപേക്ഷിക്കാനാവുമായിരുന്നില്ല. അത് സഹതാപമായിരുന്നില്ല. ശരിക്കുള്ള ഇഷ്ടം കൊണ്ടുതന്നെ.
 
വീട്ടുകാരുടെ നിസ്സഹകരണം കാരണം ഞാന്‍ അടുത്ത ദിവസം തന്നെ ഭാര്യയേയും കൂട്ടി കളമശ്ശേരിയിലെ ജോലി സ്ഥലത്തേക്ക് പോയി. അവിടെ ക്വാര്‍ട്ടേഴ്‌സില്‍ അവളെ താമസിപ്പിച്ച് വീട്ടുജോലിക്കാരിയേയും കൂട്ടിനിരുത്തി ഞാന്‍ ജോലിക്ക് പോവും. ജോലിസ്ഥലത്ത് ഇരിപ്പുറക്കാതെ ഞാന്‍ ഇടയ്ക്കിടെ വന്നു നോക്കുമായിരുന്നു. പിന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വേലക്കാര്‍ ഓടി വരും. വീണ്ടും ആശുപത്രികളും മരുന്നുകളും.
 
കളമശ്ശേരി അപ്പോളോ ടയേഴ്‌സില്‍ ബോളിബോള്‍ ടീമിന്റെ മാനേജരായിരുന്നു പൂര്‍ണ്ണാനന്ദന്‍. ജോലിക്കു പോവുമ്പോള്‍ ആശയെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കുമായിരുന്നു. മൂന്നു തവണ അവള്‍ കിണറ്റില്‍ ചാടാന്‍ ശ്രമിച്ചതോടെ അതും നിര്‍ത്തി. പിന്നെ ചില സ്ഥലത്തേക്ക് ഞാനവളെ കൂടെ കൊണ്ടുപോവും. മരുന്ന് കഴിപ്പിക്കും. പത്ത് നാനൂറ് ദിവസം ഹോസ്പിറ്റലില്‍ മാത്രം കിടന്നിട്ടുണ്ടാവും. എത്രയോ തവണ ഷോക്ക് ട്രീറ്റ് മെന്റ്ും നല്‍കി. ശരിക്കും അത് നല്‍കാന്‍ പാടില്ലായിരുന്നെന്ന് പിന്നീടാണ് മന്‌സിലായത്. പക്ഷെ ചിലര്‍ ഈ ചികിത്സ കഴിഞ്ഞ് സാധാരണ പോലെ പോവുന്നത് കണ്ടപ്പോള്‍ ഇവള്‍ക്കും ശരിയാവുമെന്ന പ്രതീക്ഷയിലായിരുന്നു.
 
ഇപ്പോള്‍ കഴിക്കുന്ന മരുന്നു പോലും വളരെ ശക്തിയുള്ളതാണ്. ഒരിക്കല്‍ അവളുടെ മരുന്ന് എന്റെ മരുന്നാണെന്ന് തെറ്റിദ്ധരിച്ച് ഞാന്‍ കഴിച്ചുപോയി. അന്ന വൈകീട്ട് പാല്‍ക്കാരന്‍ ഗേറ്റില്‍ കൊണ്ടുവെച്ച പാലെടുക്കാന്‍ പോവാന്‍ തുനിഞ്ഞ എനിക്ക് എത്ര ശ്രമിച്ചിട്ടും ഗേറ്റിനരികിലെത്താന്‍ കഴിയുന്നില്ല. അങ്ങിനെ ഞാന്‍ അവള്‍ക്കിനി ഈ മരുന്ന് കൊടുക്കേണ്ടെന്നു തീരുമാനിച്ചു. പക്ഷെ പതിനഞ്ചാം നാള്‍ അവളുടെ മട്ടും ഭാവവും മാറുന്നത് കണ്ടപ്പോള്‍ വീണ്ടും ആരംഭിക്കേണ്ടി വന്നു.
 
ഇപ്പോള്‍ വീണ്ടും അവള്‍ ശാന്തായാണ്. എല്ലാ കാര്യങ്ങളും ചെയ്യാന്‍ കൂടെ നില്‍ക്കണം. ഭക്ഷണം കഴിപ്പിക്കണം. കുളിപ്പിക്കണം. പല്ലു തേക്കാന്‍ പോലും നിര്‍ബ്ബന്ധിച്ച് കൂടെ നില്‍ക്കണം.

ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ച പൂര്‍ണ്ണാനന്ദന്‍ തലശ്ശേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. അങ്ങിനെ പറയാന്‍ പറ്റില്ല. കാരണം അയാള്‍ക്ക് ആശയെ ഇപ്പോഴും പരിചരിക്കേണ്ടതുണ്ട്. ഒരു കൊച്ചുകുട്ടിയെ പോലെ തന്നെ. എന്നും വൈകുന്നേരം വീടിനു മുന്നിലെ ഗേറ്റിരകില്‍ വന്നിരിക്കും ഇരുവരും. അതുവഴി പോവുന്ന സ്ഥിരം സഞ്ചാരികളുമായി നല്ല ചങ്ങാത്തത്തിലാണിരുവരും. പുറംലോകവുമായുള്ള ബന്ധം അങ്ങിനെ മാത്രം. ആശയുടെ ബന്ധുക്കളൊന്നും വരാറില്ല. ഞാനവളെ അങ്ങോട്ട് കൊണ്ടുോപയി കാണിക്കും. അവള്‍ക്കൊരു ആശ്വാസമാവട്ടെ എന്നു കരുതി മാത്രം. പൂര്‍ണ്ണന്‍ പറഞ്ഞു.
 
ഞാന്‍ ഒരുപാട് രോഗികളേയും അവരുടെ ബന്ധുക്കളേയുമൊക്കെ കണ്ടിട്ടുണ്ട്. പലരും ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. മറ്റ് വിവാഹത്തെ കുറിച്ചാലോചിച്ച് ബന്ധം വേര്‍പെടുത്തിയവരേയും ഈ അസുഖം കാരണം തെരുവില്‍ അലയുന്നവരേയും എല്ലാം അറിയാം. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഈ കേസ് കണ്ടതുകൊണ്ടാണ് ആശയേയും പൂര്‍ണ്ണാനന്ദനേയും ലോകം തിരിച്ചറിയേണ്ടതുണ്ടെന്നു തോന്നിയത്. ഡോ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രത്യേകിച്ചും ആശയ്ക്ക് സ്‌കിസോഫ്രീനിയ ആണ് രോഗം. മരുന്നുകള്‍ക്കപ്പുറം സമൂഹത്തിന്റെ പരിഗണന കൂടിയാണ് ഈ രോഗത്തിനുള്ള മരുന്ന്. ചില രോഗികള്‍ക്ക് ആജീവനാന്തം മരുന്നു വേണ്ടി വരുന്നു. ആശയുടെ കേസില്‍ അങ്ങിനെയാണ്. ഒരു മനസ്സിന്റെ താളം തെറ്റുമ്പോള്‍ അത് വീടിന്റെയും താളം തെറ്റിക്കുന്നു. ഇവിടെ ശ്രദ്ധാപൂര്‍ണമായ പരിചരണം തന്നെ അത്യാവശ്യം.
 
പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥയാണീ രോഗം. എന്തുകൊണ്ട് ഇതു വരുന്നു എന്നതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. പാരമമ്പര്യം കൊണ്ടാവാം, മാനസിക സംഘര്‍ഘങ്ങള്‍ കൊണ്ടാവാം, ഇതെല്ലാം ചേര്‍ന്നാവാം. മരുന്നു കൊണ്ട് തലച്ചോറിന്റെ രാസസംതുലനം കൃത്യമാക്കിയാണ് ചികിത്സ. അതോടൊപ്പം സ്‌നേഹിക്കുന്നവരുടെയും ചുറ്റുവട്ടത്തുള്ളവരുടെയും പരിചരണം നല്ല മരുന്നാണ്. അതാണ് പലപ്പോഴും നഷ്ടമാവുന്നത്. ആര്‍ക്കു വേണമെങ്കിലും ഈ അവസ്ഥ വരാം എന്നാരും ഓര്‍ക്കാറില്ല. ഡോക്ടര്‍ പറഞ്ഞു.
 
ഇപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി ഒറ്റയ്ക്ക് കഴിയുകയാണ് പൂര്‍ണന്‍. ആശ നേരത്തെ പോയ്‌ക്കോട്ടെ എന്നതായിരുന്നു അയാളുടെ പ്രാര്‍ഥനയെങ്കില്‍ ഇന്നയാള്‍ അത് തിരുത്തുന്നു. താളം തെറ്റിയ മനസാണെങ്കിലും ആശയക്കുവേണ്ടിയുള്ളതായിരുന്നു എന്റെ ജീവിതം. ഒരു കുഞ്ഞിനെപോലെയാണ് ഞാനവളെ നോക്കിയത്. അതിലൊരു സന്തോഷമുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കുവേണ്ടി മാത്രം പാചകം ചെയ്യുമ്പോഴും വീട് ഒരുക്കുമ്പോഴും ഒരു സുഖവും തോന്നുന്നില്ല. ഉറക്കം വരാന്‍ ഗുളികകളെ ആശ്രയിക്കേണ്ട് സ്ഥിതിയാണ്. ആകെയൊരാശ്വാസം അവളെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്.