ന്ത്യയില്‍ ഇപ്പോഴും തുടരുന്ന രോഗങ്ങളിലൊന്നാണ് മലേറിയ അഥവ മലമ്പനി. ആഗോള മലേറിയ കേസുകളുടെ രണ്ട് ശതമാനവും ആഗോള മലേറിയ മരണങ്ങളില്‍ രണ്ട് ശതമാനവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 
 
മലേറിയ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ മേഖലയിലാണ്. സബ്-സഹാറന്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ മരണത്തിന് മലേറിയ ഇന്നും ഒരു പ്രധാന കാരണമായി തുടരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 2,60,000 ആഫ്രിക്കന്‍ കുട്ടികള്‍ പ്രതിവര്‍ഷം മലേറിയ ബാധിച്ച് മരിക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് ലോകത്തിലെ ആദ്യത്തെ മലേറിയ വാക്‌സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. പാരസൈറ്റ് വിഭാഗത്തില്‍പ്പെടുന്ന രോഗകാരികള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആദ്യത്തെ വാക്‌സിന്‍ കൂടിയാണിത്. ആര്‍.ടി.എസ്, S/AS01, അല്ലെങ്കില്‍ മോസ്‌ക്വിരിക്‌സ് (RTS,S/AS01 (RTS,S) (Mosquirix) എന്നാണ് വാക്‌സിന്റെ പേര്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ആണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 

എന്താണ് മലേറിയ?

പാരസൈറ്റുകള്‍ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മലേറിയ അഥവ മലമ്പനി. ഇത് രോഗബാധിതമായ കൊതുകിന്റെ കടിയിലൂടെ പടരുന്നു. പാരസൈറ്റുകള്‍ രക്തത്തില്‍ പ്രവേശിക്കുമ്പോഴാണ് ആളുകള്‍ക്ക് മലേറിയ ബാധിക്കുന്നത്  അനോഫിലിസ് അല്ലെങ്കില്‍ ക്യൂലക്‌സ് കൊതുകുകളില്‍ നിന്നാണ് സാധാരണയായി ആളുകള്‍ക്ക് മലേറിയ പിടിപെടുന്നത്. രോഗബാധിതനായ ഒരു പെണ്‍ അനോഫിലിസ് കൊതുക് ഒരു വ്യക്തിയെ കടിക്കുകയും സ്‌പോറോസോയിറ്റുകളുടെ (പാരസൈറ്റിന്റെ ജീവിതചക്രത്തിലെ ഒരു ഘട്ടം) രൂപത്തിലുള്ള പ്ലാസ്‌മോഡിയം പരാദങ്ങള്‍ രക്തത്തില്‍ കലരുകയും ചെയ്യുമ്പോള്‍ മലേറിയ അണുബാധ ആരംഭിക്കുന്നു.  

സ്‌പോറോസോയിറ്റുകള്‍ അവിടെ നിന്ന് കരളിലേക്ക് പടരുന്നു. അടുത്ത 7-10 ദിവസങ്ങളില്‍ പെരുകുന്നു. അവിടെ ഉണ്ടാകുന്ന മെറോസോയിറ്റുകളുടെ രൂപത്തിലുള്ള പാരസൈറ്റുകള്‍ കരള്‍ കോശങ്ങളില്‍ നിന്ന് പുറത്തുവരുകയും ഹൃദയത്തിലൂടെ ശ്വാസകോശത്തിന്റെ രക്ത ധമനിയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. വെസിക്കിളുകള്‍ ഒടുവില്‍ ശിഥിലമാവുകയും, മെറോസോയിറ്റുകളെ (പാരസൈറ്റിന്റെ ജീവിതചക്രത്തിലെ ഒരു ഘട്ടം ) രക്തപ്രവാഹത്തിലേക്ക് വിടുകയും, അവിടെ അവ ആക്രമിക്കുകയും ചുവന്ന രക്താണുക്കളില്‍ പെരുകുകയും ചെയ്യുന്നു. പിന്നീട് ഇവ കൂടുതല്‍ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്നു. 

malaria
Representative Image| Photo: GettyImagesCaption

ഇവയെ തടയാന്‍ പല തരത്തിലുള്ള വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള പ്രക്രിയ പല വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നു. അതില്‍ ഒന്ന് ഈ വര്‍ഷം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നു.

ലോകാരോഗ്യ സംഘടന RTS,S/AS01 (RTS,S) (Mosquirix) മലേറിയ വാക്‌സിന്‍ സബ്-സഹാറന്‍ ആഫ്രിക്കയിലെയും മറ്റ് പ്രദേശങ്ങളിലെയും കുട്ടികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. സമഗ്രമായ മലേറിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ RTS,S/AS01 മലേറിയ വാക്സിന്‍ മിതമായതോ ഉയര്‍ന്നതോ ആയ സംക്രമണമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളില്‍ പ്ലാസ്‌മോഡിയം ഫാല്‍സിപാരം മലേറിയ തടയുന്നതിന് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. മലേറിയ രോഗവും പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് അഞ്ച് മാസം പ്രായമുള്ള കുട്ടികള്‍ക്ക് നാല് ഡോസുകളുടെ ഷെഡ്യൂളില്‍ നല്‍കണം. ഇന്നുവരെ, മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2.3 ദശലക്ഷത്തിലധികം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്- വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിരിക്കുന്നു. വാക്‌സിന്‍ ഉപയോഗം മൂലം മാരകമായ മലേറിയയില്‍ (30 ശതമാനം) ഗണ്യമായ കുറവ് കാണുന്നു.

മനുഷ്യരിലെ പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരത്തിന്റെ ജീവിത ചരിത്രം അനുസരിച്ച് മലേറിയ വാക്‌സിനുകളെ മൂന്ന് തരങ്ങളായി തിരിക്കാം. 
1) പ്രീ-എറിത്രോസൈറ്റിക്
2) ബ്ലഡ്-സ്റ്റേജ് 
3) ട്രാന്‍സ്മിഷന്‍-ബ്ലോക്കിംഗ് വാക്‌സിനുകള്‍ (TBVs)

ഒന്നിലധികം വാക്‌സിന്‍ കാന്‍ഡിഡേറ്റുകള്‍ ഇതില്‍ ഫാല്‍സിപ്പാരത്തിന്റെ ജീവിത ചക്രത്തിലെ രക്തത്തിലുള്ള അവസ്ഥയെ ലക്ഷ്യമിടുന്നു.  പരാന്നഭോജിയുടെ ജീവിത ചക്രം സ്വന്തമായി അപര്യാപ്തമാണ്.  പ്രീ-എറിത്രോസൈറ്റിക് ഘട്ടം ലക്ഷ്യമിട്ടുള്ള നിരവധി സാധ്യതയുള്ള വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

RTS,S/AS01 മലേറിയ വാക്സിന്‍

Mosquirix ആണ് ഇതുവരെ അംഗീകരിച്ച ഒരേയൊരു ഓപ്ഷന്‍. ആര്‍.ടി.എസ്., എസ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെ ഗ്ലാക്സോ സ്മിത്ത്‌ക്ലൈന്‍ (ജി.എസ്.കെ. അടുത്തിടെ വികസിപ്പിച്ച റീകോമ്പിനന്റ് വാക്സിനാണ് ഇത്. ഈ വാക്‌സിന്‍ പ്രീ-എറിത്രോസൈറ്റിക് ഘട്ടത്തില്‍ നിന്നുള്ള പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരത്തിന്റെ ഒരു പ്രോട്ടീന്‍ ഘടന ഉള്‍പ്പെട്ടതാണ്. ഈ ആന്റിജന് എതിരെയുള്ള ആന്റിബോഡികള്‍ ഒരാളുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അങ്ങനെ ഈ വാക്‌സിന്‍ വഴി കരള്‍ കോശങ്ങളിലേക്ക് ഇവ പ്രവേശിക്കാതെ തടയുന്നു. ഇതു വഴി പരാദങ്ങളുടെ ജീവചക്രം പകുതിയില്‍ തടയുന്നു. കൂടാതെ രോഗബാധിതമായ കരള്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവും ഈ വാക്‌സിനുണ്ട്.

മലേറിയക്കെതിരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് വാക്‌സിനുകള്‍

R21/Matrix-M

R21 വാക്‌സിന്‍ RTS,S വാക്‌സിനേക്കാള്‍ ഉയര്‍ന്ന അനുപാതത്തില്‍ സര്‍ക്കംസ്‌പോറോസോയിറ്റ് പ്രോട്ടീന്‍ (CSP) ആന്റിജന്‍ ഉപയോഗിക്കുന്നു.  Novavax കോവിഡ് 19 വാക്സിനില്‍ ഉപയോഗിക്കുന്ന Matrix-M അഡ്ജുവന്റ് ഇതില്‍ ഉള്‍പ്പെടുന്നു. 2021 ഏപ്രിലില്‍ ഒരു രണ്ടാംഘട്ട ട്രയല്‍ റിപ്പോര്‍ട്ട് വന്നു. അതനുസരിച്ച് വാക്സിന്‍ ഫലപ്രാപ്തി 77 ശതമാനം ആണ്. 

ആന്റിബോഡിയുടെ അളവ് RTS,S വാക്സിനേക്കാള്‍ വളരെ കൂടുതലാണ്.  നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലായി 4,800 കുട്ടികളുമായി മൂന്നാം ഘട്ട പരീക്ഷണം ആസൂത്രണം ചെയ്തിട്ടുണ്ട്. വാക്‌സിന്‍ അംഗീകരിക്കപ്പെട്ടാല്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 200 ദശലക്ഷത്തിലധികം ഡോസുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇന്ത്യ പ്രതീക്ഷ വെക്കേണ്ട ഒരു വാക്‌സിന്‍ ഇതാണ്.

PfSPZ വാക്‌സിന്‍

റേഡിയേഷന്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കിയ സ്പോറോസോയിറ്റുകള്‍ ഉപയോഗിച്ച് സനാരിയ വികസിപ്പിച്ച ഒരു മലേറിയ വാക്സിനാണ് PfSPZ വാക്സിന്‍. ഈ വാക്‌സിന് അമേരിക്കന്‍ എഫ്.ഡി.എ. 2016 സെപ്റ്റംബറില്‍ ഫാസ്റ്റ് ട്രാക്ക് പദവി നല്‍കി. 2019 ഏപ്രിലില്‍, ബോയ്‌ക്കോയില്‍ ഒരു മൂന്നാംഘട്ട ട്രയല്‍ പ്രഖ്യാപിച്ചു. 2020-ന്റെ തുടക്കത്തില്‍ ആരംഭിക്കുമെന്ന് ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും കൊറോണ കാരണം ഇതു നീണ്ടു പോകുന്നു.

saRNA വാക്സിന്‍

ശരീരത്തിന്റെ ടി സെല്‍ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരത്തിന്റെ  PMIF എന്ന പ്രോട്ടീനെ ലക്ഷ്യം വയ്ക്കുന്ന വാക്സിനാണ് ഇത്. 2021 ഫെബ്രുവരിയില്‍ പേറ്റന്റ് ലഭിച്ചു. വാക്സിന്‍ എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. എലികളിലെ പഠനങ്ങളില്‍ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ഈ വാക്‌സിന്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം മനുഷ്യരില്‍ ആദ്യഘട്ട പരീക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതിയുണ്ട്.

ഇപ്പോള്‍ ലോകാരോഗ്യസംഘടന അനുമതി നല്‍കിയ വാക്‌സിന്‍ പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരം മൂലം ഉണ്ടാകുന്ന മലേറിയക്ക് എതിരെയാണ്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ കാണുന്നത് പ്ലാസ്‌മോഡിയം വൈവാക്‌സ് ഉണ്ടാക്കുന്ന മലേരിയ ആണ്. എങ്കിലും തീവ്രത കൂടിയത് ഫാല്‍സിപ്പാരം മലേറിയ ആണ്. ആയതിനാല്‍ വാക്‌സിന്‍ വരും മാസങ്ങളില്‍ ഇന്ത്യയിലും ലഭ്യമായേക്കും. അതുപോലെ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിനുകളും പ്രതീക്ഷ നല്‍കുന്നവയാണ്. മലേറിയ എന്ന രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഈ വാക്‌സിന് നല്‍കിയ അംഗീകാരം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

syringe
Representative Image| Photo: GettyImages

മലേറിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

 • ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ. 
 • പ്ലാസ്‌മോഡിയം പാരസൈറ്റുകളാണ് ഈ രോഗം പരത്തുന്നത്. 
 • മനുഷ്യരില്‍ മലേറിയ ബാധിക്കാന്‍ ഇടയാക്കുന്ന അഞ്ച് തരം പാരസൈറ്റുകളില്‍ പി.ഫാല്‍സിപാറം, പി.വിവാക്സ് (P. falciparum), (P. vivax) എന്നീ രണ്ടിനമാണ് പ്രധാനമായും ഭീഷണിയുയര്‍ത്തുന്നത്. 
 • രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെണ്‍കൊതുകിന്റെ കടിയേല്‍ക്കുന്നതു വഴിയാണ് രോഗം പരക്കുന്നത്. ഈ കൊതുകുകളാണ് മലേറിയ വെക്ടറുകള്‍ എന്നറിയപ്പെടുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. 
 • രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്. 
 • തലവേദന, ഇടവിട്ടുള്ള കടുത്ത പനി,  വിറയലോടു കൂടിയ പനി, പേശീവേദന, ക്ഷീണം, ഛര്‍ദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ടുള്ള വിറയലോടു കൂടിയ പനി മലേറിയയുടെ പ്രത്യേകതയാണ്. 
 • രോഗം മൂര്‍ച്ഛിച്ചാല്‍ മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, വൃക്കകള്‍ക്ക് തകരാറ് എന്നിവയുണ്ടാകാം. 
 • നിലവില്‍ കേരളത്തില്‍ മലമ്പനി ഭീഷണി താരതമ്യേന കുറവാണ്. എങ്കിലും നിരവധി കേസുകള്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ മലമ്പനി കണ്ടുവരുന്ന മേഖലകളാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും രോഗഭീഷണിയുണ്ട്. അതിനാല്‍ തന്നെ മലമ്പനി ബാധയുള്ള മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

രോഗനിര്‍ണയം

മലമ്പനി ബാധിക്കാനിടയായ സാഹചര്യമെന്തെന്ന് ആദ്യം കണ്ടെത്തും. യാത്രകള്‍ ചെയ്തിട്ടുണ്ടോയെന്ന് ആദ്യം നോക്കും. മലമ്പനി ബാധിത മേഖലകളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ രോഗബാധയ്ക്കുളള സാധ്യത വളരെ കൂടുതലാണ്. 

രക്തപരിശോധന വഴിയാണ് രോഗം തിരിച്ചറിയുക. ഇതിനായി പെരിഫെറല്‍ സ്മിയര്‍ ഫോര്‍ മലേറിയല്‍ പാരസൈറ്റ്സ്  എന്നറിയപ്പെടുന്ന രക്തത്തിന്റെ പെരിഫെറല്‍ സ്മിയര്‍ പരിശോധന നടത്തും. ഈ ടെസ്റ്റിന്റെ ഫലം വരാന്‍ രണ്ട് ദിവസമെടുത്തേക്കും. അതിനാല്‍  പെട്ടെന്ന് രോഗം നിര്‍ണയിക്കാന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കും. റാപ്പിഡ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ പരിശോധനാഫലം രണ്ടു മണിക്കൂറിനകം ലഭിക്കും. മലേറിയ പ്രതിരോധ ആന്റിജന്‍ സാന്നിധ്യം രക്തത്തില്‍ ഉണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ആന്റിജന്‍ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ ആരംഭിക്കാം. പക്ഷേ, ഒപ്പം പെരിഫെറല്‍ സ്മിയര്‍ ടെസ്റ്റ് കൂടി ചെയ്ത് രോഗം ഉറപ്പിക്കണം. 

ചികിത്സ

ക്ലോറോക്വിന്‍ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിന്‍, പ്രിമാക്വിന്‍, ക്വിനൈന്‍, അര്‍ട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷന്‍ ചികിത്സയും ചെയ്യുന്നു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രം,  നഗരാരോഗ്യകേന്ദ്രം, താലുക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മലമ്പനി ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്. സമൂഹത്തില്‍ നിന്നും രോഗമുള്ളവരെ അതിവേഗം കണ്ടെത്തി, ശരിയായ ചികിത്സ കാലതാമസം കൂടാതെ നല്‍കുന്നതിലൂടെ രോഗ വ്യാപനം തടയാന്‍ സാധിക്കും. ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ സ്വീകരിക്കുക. മലമ്പനിക്ക് പ്രതിരോധ വാക്സിന്‍ പരീക്ഷിച്ചുനോക്കിയെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. അതിനാല്‍ രോഗം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്. 

യാത്ര ചെയ്യുന്നവര്‍ ചെയ്യേണ്ടത്

രോഗബാധിതമായ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ഒരു തവണയും യാത്രയ്ക്ക് ശേഷം തുടര്‍ച്ചയായി നാലാഴ്ച ആഴ്ചയില്‍ ഒന്ന് എന്ന തോതിലും ക്ലോറോക്വിന്‍ ഗുളിക കഴിക്കണം. 

ശ്രദ്ധിക്കേണ്ടത്

 • കൊതുകു നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം. 
 • മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. 
 • കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക. 
 • വീടിന്റെ ടെസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം. 
 • വെള്ളത്തില്‍ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നതും നല്ലതാണ്. 
 • വീടിനകത്ത് കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം പുകയ്ക്കാം. 
 • കൊതുകുവല, കൊതുകുതിരി, കൊതുകിനെ അകറ്റാനുള്ള സ്പ്രേ, ക്രീം എന്നിവ ഉപയോഗിക്കാം. 
 • വീടിന്റെ ജനലുകളും വാതിലുകളും എയര്‍ഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക. 
 • കൊതുകടിയേല്‍ക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
 • മറ്റ് സംസ്ഥാനങ്ങളില്‍ താമസിച്ച് കേരളത്തിലേക്ക് തിരിച്ചു വരുന്നവരിലും അതിഥി തൊഴിലാളികളിലും പനിയുണ്ടാകുമ്പോള്‍ രക്ത പരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പു വരുത്തണം. 

മലേറിയ മുക്ത രാജ്യങ്ങള്‍

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ മലമ്പനി മുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഇവയാണ്. മൊറോക്കോ(2010), തുര്‍ക്ക്മെനിസ്താന്‍(2010), അര്‍മേനിയ(2011), മാലിദ്വീപ്(2015), ശ്രീലങ്ക(2016), കിര്‍ഗിസ്ഥാന്‍(2016), പരഗ്വായ്(2018), ഉസ്ബെക്കിസ്ഥാന്‍(2018), അള്‍ജീരിയ(2019) അര്‍ജെന്റീന(2018). 

നാഷണല്‍ സ്ട്രാറ്റജിക് പ്ലാന്‍ 2017-2022

മലമ്പനി വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതിനാല്‍ മലമ്പനി നിര്‍മ്മാര്‍ജനത്തിനായി രാജ്യം നടപ്പാക്കിയിരിക്കുന്ന പദ്ധതിയാണ് നാഷണല്‍ സ്ട്രാറ്റജിക് പ്ലാന്‍ 2017-2022. ഇതുവഴി 2022 ആകുന്നതോടു കൂടി ഒന്ന്, രണ്ട് വിഭാഗം മലമ്പനി രാജ്യത്തു നിന്ന് തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം 2027 ആകുമ്പോഴേക്കും രാജ്യത്ത് നിന്നും മലമ്പനി പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനും പദ്ധതി വഴി ലക്ഷ്യമിടുന്നു. 

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: world's first malaria vaccine approved by world health organization