പസ്മാര രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 26-ാം തിയ്യതി ലോകമെങ്ങും വേള്‍ഡ് പര്‍പ്പിള്‍ ഡേ ആയി ആചരിക്കുകയാണ്.  അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, പുതിയ ചികിത്സാ രീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗബാധിതര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുക തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് ഈ ദിവസം തുടക്കം കുറിക്കുകയും തുടര്‍ന്ന് പോവുകയും ചെയ്യുന്നു. 

എന്നാല്‍ ഈ പര്‍പ്പിള്‍ ഡേ എന്ന ആശയത്തിന്റെ പിറകിലാരാണെന്ന് ആലോചിച്ചിട്ടുണ്ടോ? വെറും ഒന്‍പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കാസിഡി മെഗന്‍ എന്ന കാനഡ സ്വദേശിയായ പെണ്‍കുട്ടിയാണ് 2008-ല്‍ ഈ ആശയത്തിന് തുടക്കം കുറിച്ചത്. തന്റെ ഏഴാം വയസ്സിലായിരുന്നു കാസിഡി മെഗന് അപസ്മാരം സ്ഥിരീകരിച്ചത്. 

രോഗം ബാധിച്ചപ്പോള്‍ വല്ലാത്ത അപകര്‍ഷതാബോധം തോന്നിയെന്നാണ് മെഗന്‍ തന്നെ അതിനെ പറ്റി പറയുന്നത്. 'ലോകത്ത് അപസ്മാര ബാധിതയായ ഏക വിദ്യാര്‍ത്ഥി ഞാനാണെന്നാണ് വിചാരിച്ചത്. എന്റെ അസുഖത്തെക്കുറിച്ച് ആരും അറിയുന്നതും അച്ഛനമ്മമാര്‍ പോലും മറ്റുള്ളവരോട് ചര്‍ച്ച ചെയ്യുന്നതും എനിക്കിഷ്ടമായിരുന്നില്ല'. 

അവള്‍ രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ അവളുടെ ക്ലാസ്സില്‍ എപ്പിലെപ്സി അസോസിയേഷന്‍ ഓഫ് നോവസ്‌കോട്ടിയ (ഇപ്പോള്‍ ദി എപ്പിലെപ്സി അസോസിയേഷന്‍ ഓഫ് മാരിടൈംസ്) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് തന്റെ അസുഖം അത്ര മാരകമായ ഒന്നല്ല എന്നും മറ്റുള്ളവരോട് പറയാവുന്നതാണെന്നും കാസിഡി മെഗന്‍ മനസ്സിലാക്കിയത്. മൂന്നാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് അവളുടെ കുഞ്ഞ് മനസ്സില്‍ ആ സംശയത്തിന്റെ വിത്ത് ആദ്യം ഉടലെടുത്തത്. ഒരു ദിവസം അവള്‍ അമ്മയോടത് നേരിട്ട് ചോദിക്കുകയും ചെയ്തു.

'കാന്‍സര്‍ ഡേ, സെന്റ് പാട്രിക് ഡേ, തുടങ്ങിയ സവിശേഷ ദിവസങ്ങളൊക്കെ നമ്മള്‍ ആചരിക്കുന്നില്ല, പിന്നെന്തേ എന്റെ അസുഖമായ അപസ്മാരത്തിന് ഒരു പ്രത്യേക ദിവസം ഇല്ലാത്തത്?, അപസ്മാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുന്ന ഒരു ദിവസം ഉണ്ടെങ്കില്‍ ഈ അസുഖത്തെക്കുറിച്ച് കുറേയധികം ചര്‍ച്ച ചെയ്യപ്പെടില്ലേ?, കൂടുതല്‍ ആളുകള്‍ക്കത് സഹായകരമാകില്ലേ? എന്നായിരുന്നു അവളുടെ സംശയം.

കാനഡയില്‍ മാര്‍ച്ച് മാസം അപസ്മാര ബോധവത്കരണ മാസമായി ആചരിക്കുന്നുണ്ട്, അതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റ് പല മാസങ്ങളിലും തീയതികളിലുമൊക്കെ അപസ്മാര ദിവസം ആചരിക്കുന്നുണ്ട് എന്ന് അമ്മ മെഗനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷെ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആ കുഞ്ഞ് മനസ്സ് ഒട്ടും സംതൃപ്തയായില്ല. എല്ലാവരും ഒരുമിച്ച് ഒരു ദിവസം അപസ്മാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. അതിനായൊരു ദിവസം നമുക്ക് സൃഷ്ടിക്കണം അവള്‍ വാശിപിടിച്ചു.  

മെഗന്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് സംസാരിച്ചു. മെയ് മാസത്തിലെ 26-ാം തീയതി പര്‍പ്പിള്‍ ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചു. അപ്പോഴും അത് വിദ്യാലയത്തിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരിക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍ കാസിഡി മെഗന്‍ അത്തരത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. ലാവന്റര്‍ ആണ് അപസ്മാരത്തിന്റെ നിറം എന്നവള്‍ മനസ്സിലാക്കി. എന്നാല്‍ ലാവന്ററിന്റെ തന്നെ വകഭേദമായ പര്‍പ്പിള്‍ കളര്‍ കുറച്ച് കൂടി ആകര്‍ഷണം കൂടുതലുള്ളതാണെന്നവള്‍ തിരിച്ചറിഞ്ഞു. മാര്‍ച്ച് മാസം 26 ന്  വിദ്യാലയത്തിലെ എല്ലാവരും പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് പ്രിന്‍സിപ്പാളിനെ കൊണ്ട് സമ്മതിപ്പിച്ചു. അതുകൊണ്ട് മാത്രം അവളുടെ ഇടപെടലുകള്‍ അവസാനിച്ചില്ല. സഹോദരന്‍ പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിച്ചു. അവിടെയും അന്നേ ദിവസം തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പിന്തുണ നേടിയെടുത്തു. 

തുടര്‍ന്ന് അവള്‍ സുഹൃത്തുക്കളോടും പരിചയത്തിലുള്ള കുടുംബങ്ങളോടുമെല്ലാം ആശയം പങ്കുവെച്ചു. കാനഡയിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും, യൂണിവേഴ്സിറ്റികള്‍ക്കും, വിദ്യാലയങ്ങള്‍ക്കുമെല്ലാം കത്തെഴുതി. പ്രധാനമായും പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നതായിരുന്നു അവളുടെ ആവശ്യം. അവിശ്വസനീയമായ പിന്തുണയാണ് ഒന്‍പത് വയസ്സുകാരിയുടെ ഇടപെടലുകള്‍ക്ക് ലഭിച്ചത്. ആരും തന്നെ ഇത് കുട്ടിക്കളിയായി കണ്ടില്ല. മറിച്ച് നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവും അവള്‍ക്ക് ലഭിച്ചു. 

കാസിഡി മെഗന്‍ നടത്തുന്ന ഇടപെടലുകളില്‍ ആകൃഷ്ടരായ ദി എപ്പിലെപ്സി അസോസിയേഷന്‍ ഓഫ് നോവ സ്‌കോട്ടിയ (ഇ എ എം) ഈ പരിപാടിയുടെ കാനേഡിയന്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ എന്ന രീതിയിലുള്ള സഹകരണം 2009- ല്‍ പ്രഖ്യാപിച്ചു. ഇന്ന് ലോകത്തിലെ  എല്ലാ രാജ്യങ്ങളിലും മാര്‍ച്ച് 26 പര്‍പ്പിള്‍ ഡേ ആയി ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നു. ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള ചെറിയ പെണ്‍കുട്ടി നടത്തിയ ചെറുതല്ലാത്ത ഇടപെടല്‍ ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആദരവ് നേടിയെടുത്തിരിക്കുന്നു. 

കാസിഡി മെഗന്‍ ഇന്ന് ഒരു പ്രൊഫഷണല്‍ മോഡലാണ്. മാത്രമല്ല തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും തന്റെ പ്രൊഫഷനിലൂടെയും അപസ്മാരത്തെ പറ്റി ലോകത്തെ ബോധവത്ക്കരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും അവള്‍.

(ആസ്റ്റര്‍ മിംസ് കോഴിക്കോട് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Purple Day Cassidy Megan Supporting Epilepsy Around The World