മൂന്നാംമാസത്തിൽ ഹൃദയത്തിൽ തുളയുണ്ടായ കുഞ്ഞ്. മൂന്നാം വയസ്സിൽ പല്ലുകൾ പുറത്തുവരാൻ അവളുടെ മോണ മുറിച്ചുമാറ്റേണ്ടിവന്നു. പതിമ്മൂന്നാം വയസ്സിൽ നിസ്സഹായയാക്കിയത് സ്തനങ്ങളാണ്. ആകെ ഭാരത്തിന്റെ പകുതിയോളമുണ്ടായിരുന്നു അവയ്ക്ക്. നടക്കാനും ഇരിക്കാനും വയ്യാതായി. എന്നാൽ, ഒരു വർഷത്തിനുശേഷം ഇന്നവളുടെ നെഞ്ചിലെ ഭാരമൊഴിഞ്ഞിരിക്കുന്നു.

പലതരം വൈകല്യങ്ങളായിരുന്നു (സിമ്മർമാൻ ലബാൻഡ്‌ സിൻഡ്രോം) കുട്ടിയ്ക്ക്‌. ശസ്ത്രക്രിയ ചെയ്ത് ഹൃദയത്തിന്റെ വൈകല്യങ്ങൾ പരിഹരിച്ചു. ആറാം വയസ്സിൽ തിമിര ശസ്ത്രക്രിയയും കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയും കഴിഞ്ഞു. ഇപ്പോൾ ഒരു കണ്ണിന് കാഴ്ചയുണ്ട്.

എട്ടാം ക്ലാസ് പരീക്ഷക്കാലംമുതൽ സ്തനങ്ങൾ അമിതമായി വളരാൻ തുടങ്ങി. ‘‘കോട്ടൺ തുണികൊണ്ടു രണ്ടു മാറിടങ്ങളും കെട്ടിമുറുക്കി അയഞ്ഞ കുപ്പായമിടീച്ച് ഞാനവളെ സ്കൂളിൽ വിടും.’’- കുട്ടിയുടെ അമ്മ പറഞ്ഞു. തുന്നൽക്കാരിയായ അവർതന്നെ കുപ്പായങ്ങൾ തുന്നി. നാൽപതിൽത്താഴെ ഭാരമുള്ള മെലിഞ്ഞ കുട്ടിക്ക് പതിനഞ്ചുകിലോയോളം ഭാരമുള്ള സ്തനങ്ങൾ! താഴ്ഭാഗം വയറിലുരസി മുറിവായി. അമ്മയും കടൽപ്പണിക്കാരനായ അച്ഛനും അവളുടെ വേദനകണ്ട് കരഞ്ഞു.

ഒടുവിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെത്തുന്നത്. ശസ്ത്രക്രിയയിലൂടെ സാധാരണ വലുപ്പത്തിലാക്കാനുള്ള ‘റിഡക്‌ഷൻ മാമോപ്ലാസ്റ്റി’ നിർദേശിക്കപ്പെട്ടു. ‘‘ഇത്തരം സ്തനവളർച്ച അസാധാരണമാണ്. രണ്ടു സ്തനങ്ങളും ഒരേസമയം ശസ്ത്രക്രിയ ചെയ്താൽ ജീവൻ അപകടത്തിലായേക്കും. ആദ്യം ഒന്ന്. മറ്റേത് ഒരു മാസത്തിനുശേഷമെന്ന തീരുമാനത്തിലെത്തി’’- പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ഷീജ രാജൻ പറഞ്ഞു.

ഡോ. മുബാരകിന്റെ നേതൃത്വത്തിൽ ഡോ. തസ്നിമും ഡോ. ഷഫ്നയും അടങ്ങുന്ന അനസ്തീഷ്യ സംഘം കൂടെനിന്നു. എട്ടുമണിക്കൂർ ആദ്യ ശസ്ത്രക്രിയ. അടുത്ത ശസ്ത്രക്രിയയും കഴിഞ്ഞ് അവൾ സുഖപ്പെട്ടുവെന്നുറപ്പാക്കുംവരെ ആശുപത്രി മുഴുവൻ കൂടെനിന്നു. പത്തു കിലോയിലധികം മുറിച്ചുമാറ്റി. സ്തനങ്ങൾ രൂപഭംഗിയോടെ നിലനിർത്തുകയും ചെയ്തു. ഡോ. ഷീജയോടൊപ്പം ഡോക്ടർമാരായ അനു ആന്റോ, കാൾസെൻ, ബെസ്റ്റിൻ, ദീപക്, അശ്വതി, നജീബ്, അക്ഷത, റോഷ്‌ജോ, പ്രിയവ്രത എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

Content Highlights: World Plastic Surgery Day, Breast reduction surgery at Kozhikode medical college, Health