പ്രതീകാത്മകചിത്രം | Photo: ANI
ഇന്ന് ലോക രോഗി സുരക്ഷാദിനം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലോകമെങ്ങും വിവിധങ്ങളായ ബോധവത്കരണ പരിപാടികളോടെയാണ് പേഷ്യന്റ് സെയ്ഫ്റ്റി ദിനം ആചരിക്കാറുള്ളത്. നാളിതുവരെയുണ്ടായിരുന്ന പൊതുവായ സാഹചര്യങ്ങളില്‍ നിന്ന് മാറി കോവിഡ് 19 എന്ന വന്‍ ഭീഷണിയുടെ നിഴലില്‍ ഈ വര്‍ഷത്തെ രോഗി സുരക്ഷാദിനം ആചരിക്കുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടതും കോവിഡ് കാലത്തെ രോഗികളുടെ സുരക്ഷയെക്കുറിച്ച് തന്നെ.
'ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ, അതിലൂടെ രോഗികളുടെ സുരക്ഷ' എന്നതാണ് ഈ വര്‍ഷത്തെ ലോക പേഷ്യന്റ് സെയ്ഫ്റ്റി ദിനത്തിന്റെ ആപ്തവാക്യം. ചികിത്സ നേടുവാന്‍ ആശുപത്രികളെ ആശ്രയിക്കേണ്ടത് രോഗികളെ സംബന്ധിച്ച അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ രോഗികളെ പരിചരിക്കുന്ന ആശുപത്രികളില്‍ ഏതെല്ലാം കാര്യങ്ങളിലാണ് മുന്നൊരുക്കങ്ങള്‍ സ്വീകരിക്കേണ്ടത് എന്നതിന് പ്രാധാന്യമുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കൃത്യമായി മാസ്‌ക് (സര്‍ജിക്കല്‍ മാസ്‌ക്/എന്‍ 95) ധരിക്കുക, കയ്യുറ ധരിക്കുക, ഓരോ രോഗിയുമായും ഇടപഴകുന്നതിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യുക എന്നതിന് തന്നെയാണ് ഏറ്റവും പ്രാധാന്യം. ഈ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് രോഗം ബാധിക്കുമെന്നതും അവരില്‍ നിന്ന് വേഗത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗങ്ങള്‍ പടരുമെന്നതും ഓര്‍മ്മിക്കുക.
പനി പോലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്‍ പ്രധാനപ്പെട്ടത് ഫേസ് ഷീല്‍ഡും, പി പി ഇ കിറ്റുമാണ്. ഇവ രണ്ടും കൃത്യമായി ധരിക്കുക. പി പി ഇ കിറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും കൃത്യമായി ധരിക്കുന്ന പോലെ തന്നെ ഇവ അഴിച്ച് മാറ്റുമ്പോഴും വളരെയേറെ ശ്രദ്ധിക്കണം. കൃത്യമായി ശ്രദ്ധിക്കാതെ ഇവ അഴിച്ച് മാറ്റുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ രോഗവ്യാപനത്തിന്റെ സാധ്യത ഏറ്റവും കൂടുതലാണ്.
രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രോഗികള്‍ ആശുപത്രി സന്ദര്‍ശിക്കുവാന്‍ തീരുമാനമെടുക്കുന്ന സമയം മുതല്‍ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചുള്ള ബോധ്യമുണ്ടാവണം. പൊതുവാഹന സംവിധാനങ്ങളെ പരമാവധി ഒഴിവാക്കുന്നതാണ് ഗുണകരം.
2. കൂടെ ഒന്നലധികം പേര്‍ ഉണ്ടാകരുത്. കുട്ടികളേയും പ്രായമായവരെയും ഒരു കാരണവശാലും കൂട്ടിരിപ്പുകാരായി കൂടെ കൂട്ടരുത്.
3. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ ആശുപത്രികള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടിയല്ല അവനവന് വേണ്ടിയാണ് എന്ന ഓര്‍മ്മ പ്രത്യേകമുണ്ടായിരിക്കണം.
4. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആദ്യം ചെയ്യേണ്ടത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഇടങ്ങളില്‍ നിന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്.
5. ആവശ്യപ്പെടുന്ന പക്ഷം പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ നിര്‍ബന്ധമായും നല്‍കണം. ഇത് തെറ്റി എഴുതരുത്.
6. തെര്‍മല്‍ സ്‌കാന്‍ ചെയ്തിട്ടായിരിക്കും മിക്ക ആശുപത്രികളിലും ഉള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. നിര്‍ബന്ധമായും ഇതുമായി സഹകരിക്കുക.
7. ശരീര ഊഷ്മാവില്‍ വ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുകയോ, സെക്യൂരിറ്റി ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുക.
8. ഒരു സഹായിയെ മാത്രം ആശുപത്രിക്കുള്ളിലേക്ക് കൂടെ കൂട്ടുക.
9. ദീര്‍ഘനേരമുള്ള പരിശോധനയും രോഗനിര്‍ണ്ണയോപാധികളും ആവശ്യമായി വരുമെന്ന് തോന്നുന്നവര്‍ ചെറിയ ലഘുഭക്ഷണങ്ങളും കുടിക്കാനുള്ള വെള്ളവും കയ്യില്‍ കരുതുന്നത് നല്ലതാണ്.
10. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ പല ആശുപത്രികളും അവരെ സുരക്ഷിതരാക്കി മാറ്റുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാകും. ഇത്തരം കാര്യങ്ങളെ കുറിച്ച് നേരിട്ട് ചോദിച്ചറിഞ്ഞ ശേഷം അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
11. ആശുപത്രിക്കുള്ളിലെത്തിയാല്‍ എല്ലാറ്റിലും ആദ്യ പരിഗണന വേണമെന്നുള്ള നിര്‍ബന്ധം പൊതുവെ എല്ലാവര്‍ക്കുമുള്ളതാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ അത്തരം നിര്‍ബന്ധബുദ്ധികള്‍ മാറ്റിവെക്കുക. രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിര്‍ദ്ദിഷ്ട അകലം പാലിച്ച് മാത്രം ക്യൂ നില്‍ക്കുക.
12. ഇടയിലൂടെ കയറാതെ അവനവന്റെ സന്ദര്‍ഭം വന്നതിന് ശേഷം മാത്രം അറിയാനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുക. ഒ പി, പരിശോധന സ്ഥലങ്ങള്‍, ഫാര്‍മസി മുതലായ ഇടങ്ങളിലെല്ലാം ഈ മുന്‍കരുതലുകള്‍ പാലിക്കുക. നിങ്ങളുടെ ഊഴമെത്താല്‍ ചിലപ്പോള്‍ അല്‍പ്പം ആധികസമയമെടുത്തേക്കാം, പക്ഷെ മഹാമാരിയുടെ ഭീഷണിയില്‍ നിന്ന് ഒഴിഞ്ഞ് മാറിനില്‍ക്കാന്‍ ഈ അധികസമയം നിങ്ങളെ സഹായിക്കുമെന്ന് എപ്പോഴും മനസ്സില്‍ കരുതുക.
13. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നിമിഷം മുതല്‍ തിരികെ വീട്ടിലെത്തുന്നത് വരെയുള്ള സമയം ഒരു കാരണവശാലും മാസ്‌ക് ഊരുവാന്‍ പാടില്ല.
14. സൈനിറ്റൈസര്‍ എപ്പോഴും കയ്യില്‍ കരുതുക. കയ്യുറ ധരിക്കുന്നത് കൂടുതല്‍ സുരക്ഷനല്‍കും.
15. ആശുപത്രിയിലെ ഇരിപ്പിടങ്ങളില്‍ എപ്പോഴും അകലം പാലിച്ച് മാത്രമിരിക്കുക. തൊട്ട് മുന്‍പിലുള്ള വ്യക്തിയും തൊട്ടരികിലുള്ള വ്യക്തിയും കോവിഡ് ബാധിച്ച ആളാണെന്ന മുന്‍വിധിയോടെ മാത്രം ഇടപഴകുകയോ അകലം പാലിക്കുകയോ ചെയ്യുക.
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കോവിഡ് ടീം നോഡല്‍ ഓഫീസറും പീഡിയാട്രിക് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമാണ് ലേഖകന്‍)
Content Highlights: World Patient Safety Day 2020 Health Worker Safety, A Priority for Patient Safety
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..