പ്രതീകാത്മക ചിത്രം | Getty Images
വേഗക്കുറവിലും ചെറിയ വിറയലിലും തുടങ്ങി ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയെഴുതുന്ന, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ അറിയുമ്പോള്‍ മാത്രമേ രോഗിക്ക് ശാരീരികമായും മാനസികമായും സാമൂഹ്യവുമായുമുള്ള അര്‍ഹമായ പരിചരണം സാധ്യമാകൂ എന്ന സന്ദേശം ലോകമെങ്ങും എത്തിക്കാനാണ് ലോകമെങ്ങും ഏപ്രില്‍ 11 പാര്‍ക്കിന്‍സണ്‍സ്
ദിനമായി ആചരിക്കുന്നത്.
ലക്ഷണങ്ങള്‍ തിരിച്ചറിയുക
മറ്റേതൊരു രോഗത്തെയും പോലെ തന്നെ രോഗലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് സമയം കളയാതെ വിദഗ്ധചികിത്സ ഉറപ്പുവരുത്തുകയാണ് പ്രധാനമായും ചെയ്യാനുള്ളത്. രോഗിക്ക് ആദ്യം അനുഭവപ്പെടുക ഒരുതരം വേഗക്കുറവായിരിക്കും. നടക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുക, കുളിക്കാന്‍ കൂടുതല്‍ സമയമെടുക്കുക, ചെരിപ്പിടാന്‍ ശ്രമിക്കുമ്പോള്‍ അത് തെന്നിമാറിപ്പോകുക, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്ന സമയത്ത് ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വിറയ്ക്കുക, ഏതെങ്കിലും ഒരു വശത്ത് വിറയല്‍ അനുഭവപ്പെടുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ അനുഭവപ്പെടാം. പിന്നീട് അസുഖത്തിന്റെ ഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച് ശരീരത്തിന്റെ ചലനനിയന്ത്രണം നഷ്ടപ്പെടുക, തുലനം നഷ്ടപ്പെടുക പോലുള്ള അവസ്ഥയിലേക്ക് മാറും. പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളില്‍ ഏറിയ പങ്കും ഇഡിയോപ്പതിക് വിഭാഗത്തില്‍ പെടുന്നവയാണ്. കൂടാതെ, പക്ഷാഘാതം വന്നതിനു ശേഷം, തലച്ചോറിന് അണുബാധയുണ്ടാകുന്നത് മൂലവും ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും പാര്‍ക്കിന്‍സണ്‍സ് രോഗം
വരാം.
ചികിത്സാ സാധ്യത
പാര്‍ക്കിന്‍സണ്‍സ് രോഗം ഹൃദയസ്തംഭനം പോലെ മരണത്തിലേക്കെത്തിക്കുന്ന ഒരു രോഗമല്ല. രോഗം തിരിച്ചറിഞ്ഞതു മുതല്‍ ഏറ്റവും മികച്ച ചികിത്സ നല്‍കിയാല്‍ താരതമ്യേന നല്ല രീതിയില്‍ കൈകാര്യം ചെയ്തു പോകാവുന്ന രോഗമാണ്. രോഗം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ മരുന്നുകള്‍ നല്‍കി ചികിത്സിക്കാന്‍ സാധിച്ചാല്‍ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ കാര്യമായ കുഴപ്പങ്ങളില്ലാതെ സാധാരണ ജീവിതം സാധ്യമാണ്. പതിയെപ്പതിയെയാണെങ്കിലും ശരീരത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമായതുകൊണ്ട് പിന്നീട് മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയോ, മരുന്നുകളുടെ പാര്‍ശ്വഫലം ഉണ്ടാകുന്ന അവസ്ഥയോ സംഭവിക്കാം. ആധുനിക ഗവേഷണങ്ങളുടെ ഫലമായി കൈവന്ന പല മരുന്നുകളും പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വളരെ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. മരുന്നിനോട് തീരെ പ്രതികരിക്കാത്ത പാര്‍ക്കിന്‍സണ്‍സ് രോഗാവസ്ഥകള്‍ സാധാരണഗതിയില്‍ ഏതാണ്ട് അഞ്ചു ശതമാനത്തോളം മാത്രമാണ്.
കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ അപ്പോമോര്‍ഫിന്‍ ഇന്‍ജക്ഷന്‍, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി.ബി.എസ്.) ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാമാര്‍ഗങ്ങളും ഇന്ന് ലഭ്യമാണ്. രോഗിയുടെ ചലനങ്ങളും തുടര്‍ചലനങ്ങളും ഉറപ്പുവരുത്തുക എന്നത് ചികിത്സയുടെ സുപ്രധാനമായ ഘടകമാണ്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗമാണിത്. നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, തുടങ്ങി ഏത് പ്രവര്‍ത്തനമാണെങ്കിലും അത് മുടങ്ങാതെ തുടര്‍ന്നുകൊണ്ടിരിക്കണം.
രോഗം കൊണ്ട് സംഭവിക്കാവുന്ന വീഴ്ച ചികിത്സയില്‍ വലിയ വെല്ലുവിളിയാണ്. പല പ്പാഴും ഇത്തരം വീഴ്ചകള്‍ രോഗിയുടെ പ്രശ്‌നങ്ങള്‍ പതിന്‍മടങ്ങു വര്‍ധിപ്പിക്കും. നടന്നാല്‍ വീഴില്ല എന്ന ആത്മവിശ്വാസത്തോടെ രോഗിയുടെ നടത്തവും മറ്റു ചലനങ്ങളും ഉറപ്പുവരുത്താന്‍ ഫിസിയോതെറാപ്പിയുടെ സഹായം സുപ്രധാനമാണ്. രോഗം വന്ന ശേഷമുള്ള നടത്തം ചികിത്സയുടെ സുപ്രധാന ഘടകമായതുകൊണ്ട് ആധുനിക സംവിധാ
നമായ റോബോട്ടിക് ഗെയ്റ്റ് ട്രെയ്നര്‍ തുടങ്ങിയവയുടെ സഹായവും ഇപ്പോള്‍ ലഭ്യമാണ്.
രോഗിയുടെ അവസ്ഥകള്‍ തിരിച്ചറിഞ്ഞ് അവരെ മനസ്സറിഞ്ഞ് പരിചരിക്കുന്ന ഒരു കുടുംബ സാഹചര്യവും സാമൂഹ്യസാഹചര്യവും നാം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളയാള്‍ക്ക് വിഷാദരോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി തക്കസമയത്ത് മരുന്നു നല്‍കിയാല്‍ രോഗിയുടെ നിലവളരെ മെച്ചപ്പെടുന്നത് കാണാറുണ്ട്. കൂടാതെ രോഗി അനുഭവിക്കുന്ന മറ്റു രോഗാവസ്ഥകള്‍ കൂടി കണക്കിലെടുത്ത് സമഗ്രമായ പരിചരണം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഓര്‍മക്കുറവ്, ശരീരത്തില്‍ പല ഭാഗങ്ങളിലായി തരിപ്പ് അനുഭവപ്പെടല്‍, രക്തസമ്മര്‍ദ്ദം കുറഞ്ഞ് തലകറക്കം അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ അതിന്റെ ഗൗരവം അറിഞ്ഞ് ചികിത്സ നല്‍കാനായാല്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാക്കുകയോ, രോഗാവസ്ഥ പെട്ടെന്ന് മോശം അവസ്ഥയിലേക്ക് പോകുന്നത് തടയാനോ സാധിക്കും.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണം ഓരോ രോഗിയിലും ഓരോ വിധത്തിലാകാറുള്ളതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച് സമൂഹത്തില്‍ ആശയക്കുഴപ്പവും ധാരാളമുണ്ട്. ചലന നിയന്ത്രണം നഷ്ടപ്പെടുന്ന ഒരു രോഗമെന്ന നിലയില്‍ മാത്രം പാര്‍ക്കിന്‍സണ്‍സ് രോഗത്തെ കണ്ടിരുന്നതില്‍ നിന്ന് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഉറക്കം തകരാറിലാകുക, വേദന അനുഭപ്പെടുക, ഓര്‍മക്കുറവ് തുടങ്ങിയ മറ്റു പ്രശ്നങ്ങളും രോഗത്തിന്റെ ഭാഗമായി അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് തക്ക സമയത്ത് ഇടപെടാന്‍ കുടുംബത്തിലുള്ളവര്‍ക്ക് സാധിച്ചാല്‍ പല രോഗികളുടെയും അവസ്ഥ കൂടുതല്‍ മോശം ആകാതെ നോക്കാന്‍ കഴിയും. പാര്‍ക്കിന്‍സണ്‍സ് രോഗവും അതോടൊപ്പം വരാന്‍ സാധ്യതയുള്ള സങ്കീര്‍ണതകള്‍, മറ്റു രോഗങ്ങള്‍, മാനസിക, ശാരീരിക, സാമൂഹ്യ അവസ്ഥകള്‍ എന്നിവയെല്ലാം സമഗ്രമായി കൈകാര്യം ചെ
യ്യുന്ന ചികിത്സാസമീപനമാണ് നാം സ്വീകരിക്കേണ്ടത്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: world parkinsons day, parkinsons disease, treatment, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..