സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു, തക്കസമയത്തുള്ള ചികിത്സ ‌പ്രധാനം; അവഗണിക്കരുത് ഓസ്റ്റിയോപോറോസിസിനെ


ഡോ. എം. ഡി. ജോര്‍ജ്ജ്

ഏതു പ്രായത്തിലുമുള്ള ആളുകളെ ബാധിക്കാവുന്ന രോഗമാണിതെങ്കിലും പ്രായമേറിയ സ്ത്രീകളെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ലോകമാകെ ഓരോ 3 സെക്കന്റിലും ദുര്‍ബലമായ ഒരു എല്ലു പൊട്ടല്‍ സംഭവിക്കുന്നു. അതിലൂടെ ഒരു വര്‍ഷം ശരാശരി 89 ലക്ഷം ആളുകളെ ഇത്തരം രോഗം ബാധിക്കുന്നു. എല്ലു പൊട്ടലുകള്‍ക്ക് ഇടയാകുന്നവരുടെ എണ്ണം ഇത്രയേറെ വര്‍ധിച്ചിട്ടും ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ വ്യാപനം ആരോഗ്യപ്രവര്‍ത്തകരുടെയോ ഭരണകൂടങ്ങളുടെയോ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അസ്ഥി ദൗര്‍ബല്യങ്ങള്‍ക്കും അസ്ഥിഭംഗത്തിനും കാരണമാകുന്ന ഓസ്റ്റിയോപോറോസിസ് ആളുകളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന രോഗമാണ്. സാധാരണ ഗതിയില്‍ എല്ലുകള്‍ പൊട്ടുന്നതു വരെയും പറയത്തക്ക ലക്ഷണങ്ങളൊന്നും കാണിക്കാത്ത നിശബ്ദ രോഗങ്ങളില്‍ പെട്ട ഒന്നാണ് ഓസ്റ്റിയോപോറോസിസ്. കടുത്ത വേദനയുണ്ടാക്കുന്ന, ചലനശേഷി ഇല്ലാതാക്കുന്ന, മരണത്തിനു പോലും കാരണമാകുന്ന ഓസ്റ്റിയോപോറോസിസ് രോഗത്തെ അവഗണിക്കരുത് എന്ന സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 20-ന് ലോക ഓസ്റ്റിയോപോറോസിസ് ദിനമായി ആചരിക്കുന്നത്.എല്ലുകള്‍ ശോഷിക്കുകയും ദുര്‍ബലമാകുകയും ചെയ്യുന്ന രോഗമാണ് ഓസ്റ്റിയോപോറോസിസ്. ഏതു പ്രായത്തിലുമുള്ള ആളുകളെ ബാധിക്കാവുന്ന രോഗമാണിതെങ്കിലും പ്രായമേറിയ സ്ത്രീകളെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത്. പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള ഓസ്റ്റിയോപോറോസിസില്‍ ആദ്യത്തേത് പ്രായം കൊണ്ടു വന്നു ചേരുന്ന രോഗാവസ്ഥയാണ്. സെക്കന്ററി ഓസ്റ്റിയോപോറോസിസ് മറ്റു കാരണങ്ങള്‍ കൊണ്ടോ ചില മരുന്നുകളുടെ ഉപയോഗം കൊണ്ടോ മറ്റു മെഡിക്കല്‍ അവസ്ഥകള്‍ കൊണ്ടോ സംഭവിക്കുന്നതാണ്.

പതിവായി കാത്സ്യം, വൈറ്റമിന്‍ ഡി ലഭിക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക, വ്യായാമം പതിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഓസ്റ്റിയോപോറോസിസ് രോഗം വരുന്നതിനെ ഒരുപരിധി വരെ തടയാനാകും.

കാരണങ്ങള്‍

ഓസ്റ്റിയോപോറോസിസിന് പല കാരണങ്ങളുണ്ടെങ്കിലും പ്രായമാകുന്നത് ഒരു പ്രധാന ഘടകമാണ്. നമുക്ക് പ്രായമേറുന്നതിനനുസരിച്ച് നമ്മുടെ എല്ലുകള്‍ ദുര്‍ബലമാകുകയും എളുപ്പത്തില്‍ ഒടിയുന്ന അവസ്ഥയിലുമാകുന്നു. പാരമ്പര്യം, പുകവലി, അമിത മദ്യപാനം, ആവശ്യത്തിന് കാത്സ്യമോ വൈറ്റമിന്‍ ഡിയോ ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ രോഗം ബാധിക്കാന്‍ അനുകൂലമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ സ്ത്രീകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. സീലിയാക് -Celiac - ഡിസീസ്, ക്രോണ്‍സ് -Crohn's- ഡിസീസ്, അനോറെക്സിയ നെര്‍വോസ, ചില കാന്‍സറുകള്‍ (സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍), ചില മരുന്നുകള്‍ (സ്റ്റിറോയ്ഡുകള്‍, ആന്റികണ്‍വല്‍സന്റ്സ്), തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകളും ഓസ്റ്റിയോപോറോസിസിന് കാരണമാകുന്നു.

ലക്ഷണങ്ങള്‍

ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗത്തിന്റെ കാഠിന്യത്തിന് അനുസരിച്ചാണ് പ്രത്യക്ഷപ്പെടുക. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിച്ചുകൊള്ളണമെന്നില്ല. അസുഖം കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ ഭാരം കുറയുക, വളവ് സംഭവിക്കുക, പുറംവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നതിനൊപ്പം നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവിടങ്ങളിലെ എല്ലുകള്‍ പൊട്ടുന്നതിലേക്കും നയിക്കുന്നു.

രോഗനിര്‍ണ്ണയം എങ്ങനെ?

രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് സ്പെഷ്യല്‍ എക്സ്-റേ മെഷിന്‍ ഉപയോഗിച്ചോ അള്‍ട്രാസൗണ്ട് വേവ് ഉപയോഗിച്ചോ നടത്തുന്ന ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ്. ശരീരത്തിലെ എല്ലുകളില്‍ ഉള്ള ധാതുപദാര്‍ത്ഥങ്ങളുടെ അളവ് കണ്ടെത്താനും അതുവഴി ഓസ്റ്റിയോപോറോസിസ് രോഗബാധയുണ്ടോ എന്നറിയാനും ഇത് സഹായിക്കുന്നു. കൂടാതെ കാത്സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ഡി3, എല്ലുവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു എന്‍സൈം ആയ ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ് എന്നിവയുടെ അളവ് അറിയുന്നതിനായി രക്ത പരിശോധന നടത്തും. കാത്സ്യം, മറ്റു ധാതുക്കളുടെ അളവ് അറിയുന്നതിനായി മൂത്ര പരിശോധന, നട്ടെല്ല്, ഇടുപ്പ്, ചിലപ്പോള്‍ കൈമുട്ട് എന്നിവിടങ്ങളില്‍ കുറഞ്ഞ റേഡിയേഷനുള്ള ഡുവല്‍-എനര്‍ജി എക്സ്-റേ അബ്സോര്‍പ്ഷ്യോമെട്രി (ഡിഎക്സ്എ അല്ലെങ്കില്‍ ഡിഇഎക്സ്എ) സ്‌കാന്‍ ചെയ്യുക.
രോഗബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ ഡോക്ടര്‍ കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദ്ദേശിച്ചേക്കാം.

ചികിത്സാരീതി

ഭാരം വഹിച്ചുകൊണ്ടുള്ള വ്യായാമം: ഇത് പുതിയ എല്ലുവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അസ്ഥിനഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആഴ്ചയില്‍ നിരവധി തവണ അര മണിക്കൂര്‍ നടക്കുന്നതു പോലെയാണിത്. നിശ്ചിത മരുന്നുകള്‍ക്കു പുറമെ കാത്സ്യവും വൈറ്റമിന്‍ ഡിയും ലഭിക്കുന്ന ഭക്ഷണങ്ങള്‍ പതിവാക്കുക. മാസമുറ നിലച്ച സ്ത്രീകളാണെങ്കില്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഓസ്റ്റിയോപോറോസിസിന്റെ അപകടസാധ്യത കുറയ്ക്കും.

കുടുംബ പാരമ്പര്യവും ജനിതക ഘടകങ്ങളും നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും നമ്മുടെ ജീവിതശൈലീ ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഓസ്റ്റിയോപോറോസിസിനെ നിയന്ത്രിക്കാന്‍ സാധിക്കും. നാം ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ എല്ലുകളുടെ ഗാഢത ഉറപ്പുവരുത്തിക്കൊണ്ട് ഭക്ഷണത്തില്‍ കാത്സ്യവും വൈറ്റമിന്‍ ഡിയും അധികമായുള്ള പാല്‍, തൈര്, വെണ്ണ, പച്ച ഇലകള്‍, ചില ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ആവശ്യത്തിന് ഉള്‍പ്പെടുത്തുക. നടത്തം, ഓട്ടം, പടി കയറ്റം, ടെന്നിസ്, നൃത്തം തുടങ്ങിയ വ്യായാമങ്ങളും എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.

(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-ഓർത്തോപീഡിക് സർജനാണ് ലേഖകൻ)

Content Highlights: world osteoporosis day 2022, treatment symptoms reasons for osteoporosis, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented