കൊച്ചി: ജീവൻ നൽകിയ അച്ഛൻമാർക്കു കരൾ പകുത്തുനൽകിയ ദമ്പതികളായ റോയിയും മിലിയും പറയുന്നു, ‘ഞങ്ങളുടേത് ഒരേ കരൾ, ഒരേ ജീവിതം.’ നിലമ്പൂർ സ്വദേശിയായ റോയ് ടോം 12 വർഷങ്ങൾക്കുമുമ്പാണ് അച്ഛൻ ടോമിക്കു കരൾ പകുത്തു നൽകി ജീവിതത്തിലേക്കു തിരികെ കൂട്ടിക്കൊണ്ടു വന്നത്. അതേ പാത പിന്തുടർന്നാണ് കഴിഞ്ഞമാസം മിലി, അച്ഛൻ ടോണിക്കു കരൾ പകുത്തു നൽകിയത്. ആസ്റ്റർ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ മിലിയും ടോണിയും സുഖം പ്രാപിച്ചുവരുകയാണ്.

“കരൾരോഗം ബാധിച്ചു മരണത്തെ അഭിമുഖീകരിച്ച അച്ചാച്ചനു ജീവിതം തിരികെ കൊടുക്കാൻ കരൾമാറ്റിവെക്കലല്ലാതെ മറ്റു മാർഗമൊന്നുമുണ്ടായിരുന്നില്ല. എൻജിനിയറിങ് കഴിഞ്ഞ് 22-ാം വയസ്സിൽ കരൾ കൊടുക്കാൻ തയ്യാറാണെന്നു പറഞ്ഞപ്പോൾ ബന്ധുക്കളൊന്നും സമ്മതിച്ചില്ല. അമ്മ കുഞ്ഞുമോൾ കരൾ കൊടുക്കാമെന്നു പറഞ്ഞു പിന്തിരിപ്പിച്ചു. പരിശോധനകൾക്കൊടുവിൽ അമ്മയുടെ കരൾ അനുയോജ്യമല്ലെന്നു വന്നപ്പോൾ ഞാൻ പിന്നെയും നിർബന്ധം പിടിച്ച് ശസ്ത്രക്രിയയ്ക്ക്‌ എല്ലാവരെയും കൊണ്ടു സമ്മതിപ്പിക്കുകയായിരുന്നു. അന്നു കേരളത്തിൽ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ അത്ര പരിചിതമല്ലാത്തതിനാൽ ഡൽഹിയിലാണ് അച്ചാച്ചനു കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.” -റോയ് പറഞ്ഞു.

മൂന്നു പെൺമക്കളുള്ള ടോണിക്കു കരളിൽ അർബുദം കണ്ടെത്തിയപ്പോഴാണ് കരൾമാറ്റിവെക്കൽ വേണ്ടി വന്നത്. “ഉടനെ മാറ്റിവെക്കണമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ ഞാൻ ധൈര്യപൂർവം മുന്നോട്ടുവരുകയായിരുന്നു. റോയിയുടെ കല്യാണാലോചന വന്നപ്പോൾ കരൾ ഇല്ലാത്ത ആളാണെന്നു പറഞ്ഞു ബന്ധുക്കൾ പലരും നിരുത്സാഹപ്പെടുത്തിയതാണ്. എന്നാൽ, റോയിയുടെ മനസ്സിന്റെ നന്മ മാത്രം മതിയായിരുന്നു എനിക്കു തീരുമാനമെടുക്കാൻ. അച്ഛന്‌ എന്റെ കരൾ പകുത്തു കൊടുക്കാൻ എനിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വരാത്തതിനു കാരണവും റോയിയുടെ കരൾപകുത്ത ജീവിതം തന്നെയായിരുന്നു.” മിലി പറഞ്ഞു.

തങ്ങളുടെ ആത്മവിശ്വാസത്തിനുമപ്പുറം ഇവർ പറയുന്ന ഒന്നുണ്ട്, അവയവമാറ്റം പേടിക്കാനേയുള്ള ഒരു കാര്യമല്ലെന്ന്. ജീവിതംതന്നെയാണ് അതിന് തെളിവും.

Content Highlights: World Organ donation day, Organ donation, Health