Representative Image | Photo: Gettyimages.in
ഇന്ന് മാര്‍ച്ച് 20.. ലോക ദന്താരോഗ്യ ദിനം. വായയെ കുറിച്ച് അഭിമാനം കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ലോക ദന്താരോഗ്യദിന സന്ദേശം. തെറ്റിദ്ധാരണയുണ്ടാക്കുന്ന നിരവധി ആരോഗ്യ സന്ദേശങ്ങള്‍ ദിവസവും വാട്‌സാപ്പിലൂടെയും മറ്റും ലഭിക്കാറുണ്ട്. ദന്ത ചികിത്സയെ സംബന്ധിച്ചും ഇത്തരം മിഥ്യാധാരണകള്‍ നിലവിലുണ്ട്. ഇപ്പോഴും മുകള്‍ത്താടിയിലെ കോമ്പല്ലെടുത്താല്‍ തലച്ചോറിനെ ബാധിക്കുമോ എന്നും കാഴ്ച പോകുമോ എന്നും ഭയക്കുന്ന ഒരു കൂട്ടരുണ്ടെന്നുള്ളതാണ് സത്യം. ദന്താരോഗ്യത്തിന് അവശ്യം അറിയേണ്ട 20 കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. മൂന്നാഴ്ചയില്‍ കൂടുതല്‍ ഉണങ്ങാതെ നില്‍ക്കുന്ന വായിലെ വ്രണങ്ങള്‍ ദന്തഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം
2. സ്ഥിരമായി കൂര്‍ത്ത പല്ലുകളോ, വയ്പുപല്ലിന്റെയോ, പല്ലില്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പിയുടേയോ അറ്റം കവിളിലോ നാവിലോ മുറിവുണ്ടാക്കിയാല്‍ അവഗണിക്കാതെ ഡോക്ടറെ സമീപിക്കുക
3. ദന്തക്ഷയത്തിന്റെ തുടക്കം പല്ലില്‍ ചെറിയൊരു കറുത്ത പാടായാണ് കാണുക. ദിവസവും പല്ലു തേയ്ക്കുമ്പോള്‍ ഇത് ശ്രദ്ധിച്ചാല്‍ തുടക്കത്തിലേ ചികിത്സിച്ച് ദന്തക്ഷയം വ്യാപിക്കുന്നത് തടയാം
4. മോണയിലെ രക്തസ്രാവം, അമിതമായ ചുവപ്പ് നിറം മോണരോഗത്തിന്റെ ലക്ഷണമാണ്.ഇത് അവഗണിക്കാതിരിക്കുക
5. കുട്ടികളിലെ വിരല്‍ ഊറല്‍,നഖം കടി, വായിലൂടെ ശ്വാസമെടുക്കല്‍, പല്ലിറുമ്മല്‍ എന്നിവ ദന്ത ക്രമീകരണ വൈകല്യങ്ങള്‍ ഉണ്ടാക്കാം. ശിശു ദന്തരോഗ വിദഗ്ദ്ധന്റെ സേവനം തേടുക
6. കവിളിന്റെ ഉള്‍ഭാഗത്തും നാവിലുമൊക്കെ കാണുന്ന വേദനാരഹിതമായ ചുവന്നതോ വെളുത്തതോ ആയ പാടുകളും അവഗണിക്കരുത്. ഇത് പൂര്‍വ്വാര്‍ബുദ അവസ്ഥയായിരിക്കാം.
7 പ്രമേഹരോഗികള്‍ ദന്ത സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
8. പുകവലി മോണരോഗത്തിനും വായിലെ അര്‍ബുദത്തിനും കാരണമാവുന്നു. സിഗററ്റ്/ ബീഡിയുടെ എണ്ണം കുറച്ച് പതിയെ പൂര്‍ണമായി പുകവലി ശീലം ഉപേക്ഷിക്കുക
9. പല്ല് പുളിപ്പിന് പല കാരണങ്ങളുണ്ട്. അമിതമായ തേയ്മാനം ഇതിലൊരു കാരണമാണ്. ഉമിക്കരി പോലുള്ള വസ്തുക്കള്‍ ഒഴിവാക്കുക
10. ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ് ജെല്‍ രൂപത്തിലുള്ളതിനേക്കാള്‍ നല്ലത്
11. ദിവസേനയുള്ള ഉപയോഗത്തിന് മീഡിയം ബ്രിസിലുകളുള്ള ഫ്‌ളെക്‌സിബിള്‍ ആയ കഴുത്തുള്ള ടൂത്ത് ബ്രഷാണ് നല്ലത്. ഹാര്‍ഡ് ബ്രഷ് ഒഴിവാക്കുക.
12. പല്ലുകള്‍ക്ക് ഇടയിലെ അഴുക്ക് എടുക്കാനായി ദന്തല്‍ ഫ്‌ളോസ് ,ഇന്റര്‍ ദന്തല്‍ ബ്രഷ് തുടങ്ങിയ ഉപാധികള്‍ ഉപയോഗിക്കുക.
13. വായ്‌നാറ്റം വായിലെ കാരണങ്ങള്‍ കൊണ്ടും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ അസുഖങ്ങള്‍ കൊണ്ടും സംഭവിക്കാം. കാരണം കണ്ടെത്തി ചികിത്സിച്ചാലേ ശമനം ലഭിക്കുകയുള്ളൂ
14. കുട്ടികളുടെ പല്ല് ഇളകി പോയാല്‍ അത് അധികം മര്‍ദ്ദം ഏല്‍പ്പിക്കാതെ കഴുകി പാലിലോ തേങ്ങാവെളളത്തിലോ കോണ്‍ടാക്‌സ് ലെന്‍സ് ഇടുന്ന വയസ്പാന്‍ ലായനിയിലോ ഇട്ട് എത്രയും വേഗം ദന്തഡോക്ടറുടെ അടുത്ത് എത്തിച്ചാല്‍ അത് തിരികെ ഉറപ്പിക്കാനാവും
15. എല്ലില്‍ കുടുങ്ങി കിടക്കുന്ന പല്ലുകള്‍ സാധാരണ രീതിയില്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അവ ലഘുവായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്
16. പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, ആസ്ത്മ, കരള്‍രോഗം, വൃക്കരോഗം തുടങ്ങി തങ്ങളുടെ രോഗങ്ങളെ കുറിച്ചും കഴിക്കുന്ന മരുന്നുകളെ കുറിച്ചും ദന്തരോഗവിദഗ്ദ്ധനെ അറിയിക്കേണ്ടതാണ്.
17. വയ്പു പല്ലുകള്‍ ഇന്ന് പലതരത്തിലുണ്ട്. മോണയുടെ ആരോഗ്യം നിര്‍ണയിച്ചതിനു ശേഷം ഡോക്ടര്‍ ഊരി മാറ്റാവുന്നതോ സ്ഥിരമായി ഘടിപ്പിക്കുന്നവയോ നിര്‍ദ്ദേശിക്കും. അസ്ഥിയില്‍ ഘടിപ്പിക്കുന്ന ദന്തല്‍ ഇംപ്ലാന്റ് നൂതന ചികിത്സ രീതിയാണ്
18. അമിത മാനസിക സമ്മര്‍ദ്ദം, ഫോളിക് ആസിഡ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവ് വായ്പുണ്ണുണ്ടാകാന്‍ കാരണമാവും. വേദന മാറാനുള്ള ലേപനങ്ങളും ആല്‍ഫാ ലൈപോയിക് ആസിഡ് അടങ്ങിയ മള്‍ട്ടി വിറ്റാമിന്‍ ഗുളികകളും ഇതിന് ശമനം നല്‍കും
19. ഗര്‍ഭിണികളില്‍ അവസാന മൂന്നു മാസങ്ങളില്‍ മോണയില്‍ ദശാ വളര്‍ച്ച കാണാറുണ്ട്. ഇത് പേടിക്കേണ്ടതില്ല. മിക്കവാറും ആള്‍ക്കാരില്‍ പ്രസവം കഴിയുമ്പോള്‍ ഇത് താനേ അപ്രത്യക്ഷമാവും. അല്ലാത്തവരില്‍ ലഘുവായ പ്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാറുണ്ട്. ഗര്‍ഭിണികള്‍ ദന്തസംരക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്
20. കുട്ടികളെ കിടത്തിയുറക്കുമ്പോള്‍ വായില്‍ കുപ്പിപ്പാല്‍ വച്ച് കിടത്തരുത്. പഞ്ഞി ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കി വേണം കിടത്താന്‍. മധുരം കഴിവതും പ്രധാന ഭക്ഷണത്തിനൊപ്പം നല്‍കണം. കുട്ടികള്‍ക്കായുള്ള ബ്രഷും പേസ്റ്റും രണ്ടു വയസു മുതല്‍ ഉപയോഗിച്ച് തുടങ്ങണം. മൂന്നു വയസു വരെ അരി മണിയുടെ അളവിലും 3 - 6 വയസ് വരെ പയറുമണിയുടെ അളവിലും പേസ്റ്റ് ഉപയോഗിച്ചാല്‍ മതി. 2 വയസു വരെ അമ്മയുടെ കൈയില്‍ ഘടിപ്പിക്കാവുന്ന ഫിംഗര്‍ ബ്രഷുകളാണ് അഭികാമ്യം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വര്‍ഷത്തില്‍ രണ്ടു തവണ ദന്ത പരിശോധന നടത്തുകയും ചെയ്യണം.
Content Highlights: world oral health day, dental health, dental health tips, dental hygiene
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..