പ്രധാനമായും ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണം എന്ന ശാരീരികാവസ്ഥയിലേക്ക് നയിക്കുന്നത്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാല്‍ അത് കൊഴുപ്പായി പരിവര്‍ത്തനപ്പെടുകയും ശരീരത്തില്‍ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യും. ഇത് വര്‍ധിക്കുന്ന മുറയ്ക്ക് ത്വക്കിനടിയില്‍ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. സ്വാഭാവികമായും ശരീരഭാരവും വണ്ണവും വര്‍ധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു. 

ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയതയ്ക്ക്പുറമെ വ്യായാമക്കുറവ്, ഇരുന്നുകൊണ്ട് ദീര്‍ഘനേരം ചെയ്യുന്ന തൊഴില്‍ മുതലായവ ഉള്‍പ്പെടുന്ന ജീവിതശൈലിയിലെ മാറ്റം, പിറ്റിയൂട്ടറി ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി മുതലായവയിലുണ്ടാകുന്ന പ്രവര്‍ത്തന തകരാറുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യപരമായ കാരണങ്ങള്‍, ജനിതകപരമായ കാരണങ്ങള്‍, പാരിസ്ഥിതികമായ കാരണങ്ങള്‍ മുതലായവയും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ഇത്തരം കാരണങ്ങള്‍ മൂലം അമിതവണ്ണം ബാധിച്ചവരെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം ഭേദപ്പെടുത്തിയെടുക്കുവാന്‍ സാധിക്കില്ല.

അമിതവണ്ണം മൂലമുള്ള സങ്കീര്‍ണതകള്‍

അമിതവണ്ണം തന്നെ ഒരു ബുദ്ധിമുട്ടേറിയ ശാരീരികാവസ്ഥയാണ്. എന്നാല്‍ ഇതിന് അനുബന്ധമായി മറ്റനേകം ശാരീരികമായ പ്രത്യാഘാതങ്ങള്‍ക്ക് കൂടി അമിതവണ്ണം കാരണമാകുന്നു എന്നറിയുമ്പോഴാണ് ഈ അവസ്ഥയില്‍ നിന്ന് അതിവേഗം മുക്തിനേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. മുപ്പതിലധികം ശാരീരികമായ പ്രത്യാഘാതങ്ങളാണ് അമിതവണ്ണം ബാധിച്ചവരെ കാത്തിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടവ ഇവയാണ്. 

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം, സ്ട്രോക്ക്, പിത്താശയ രോഗങ്ങള്‍, ആമാശയ സംബന്ധമായരോഗങ്ങള്‍, സന്ധികളിലെ തേയ്മാനം,
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, കൂര്‍ക്കം വലി, ചിലതരം കാന്‍സറുകള്‍ തുടങ്ങിയവ.

ഇത്തരം സങ്കീര്‍ണമായ അനുബന്ധ പ്രത്യാഘാതങ്ങളില്‍ നിന്നും അമിതവണ്ണത്തില്‍ നിന്നും രക്ഷനേടാനുള്ള ഏക വഴി ശാസ്ത്രീയമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമാണ്.

അമിതവണ്ണത്തെ എങ്ങനെ അതിജീവിക്കാം

ഹോര്‍മോണ്‍ തകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതവണ്ണത്തിനിടയാക്കുന്ന ഭക്ഷണ ഇതര കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം കാരണങ്ങളാല്‍ ശരീരഭാരം വര്‍ധിച്ചവര്‍ക്ക് ഹോര്‍മോണ്‍ നില കൃത്യമാക്കുവാനുള്ള ചികിത്സ പൂര്‍ത്തീകരിക്കുന്നതിലൂടെ തന്നെ അമിതവണ്ണത്തെ മറികടക്കുവാന്‍ സാധിക്കും. ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എന്‍ഡോക്രൈനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുകയും അവസ്ഥ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തശേഷം ചികിത്സ ആരംഭിക്കണം.

ജീവിതശൈലി ക്രമീകരിക്കല്‍

അമിതവണ്ണത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവിതശൈലി ശാസ്ത്രീയമായി ക്രമീകരിക്കുക എന്നത്. അനുയോജ്യമായ ഭക്ഷണക്രമീകരണവും കൃത്യമായ വ്യായാമവുമാണ് ഇതിനുള്ള പ്രധാന വഴികള്‍. അനുചിതമായ രീതിയിലുള്ളതും ശരീരത്തിന് അനുയോജ്യമല്ലാത്തതുമായ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ സ്വാഭാവികമായി അമിതവണ്ണത്തിന് കാരണമാകുന്നവയാണ്. ഇവയെ തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും ഒഴിവാക്കണം. ശാരീരികമായ അധ്വാനമില്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നതും പ്രധാനമാണ്. കൃത്യമായ വ്യായാമ പ്ലാന്‍ വിദഗ്ധനായ ഡോക്ടറെയോ ഫിസിയോതെറാപ്പിസ്റ്റിനെയോ സന്ദര്‍ശിച്ച് തയ്യാറാക്കണം. ശരീരത്തിന്റെ ഫിറ്റ്നസ്സ് ഉറപ്പുവരുത്തുന്നതിലൂടെ അമിതവണ്ണത്തിന് പുറമെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റനേകം ജീവിതശൈലി രോഗങ്ങളില്‍ നിന്നും മോചനത്തിന് കാരണമാകുകയും ചെയ്യും.

ഭക്ഷണക്രമീകരണം

അമിതവണ്ണ നിയന്ത്രണത്തില്‍ ഭക്ഷണ ക്രമീകരണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ വ്യക്തിയുടെയും ശാരീരികമായ അവസ്ഥകളും രോഗസംബന്ധമായ അവസ്ഥകളും വ്യത്യാസപ്പെട്ടിരിക്കുന്നവയായതിനാല്‍ ഭക്ഷണ ക്രമീകരണത്തിലും വളരെയേറെ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗുണത്തിന് ചെയ്തിട്ട് ദോഷമായി മാറുന്ന അവസ്ഥ ഉണ്ടാകരുത്. ഇതിന് പരിചയ സമ്പന്നനായ ഡയറ്റീഷ്യന്റെ സേവനം തേടുന്നത് തന്നെയാണ് നല്ലത്. എങ്കിലും ഇനി പറയുന്ന പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്നത് നല്ലതാണ്.

വീട്ടിലെ അന്തരീക്ഷം ക്രമീകരിക്കുക

 • ഡൈനിങ് ടേബിളില്‍ ഇരുന്ന് മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ എന്ന് സ്വയം തീരുമാനിക്കുക. ടി.വി. കണ്ടുകൊണ്ടും, വായിച്ചുകൊണ്ടും, പാചകത്തിനിടയിലും, ഫോണില്‍ സംസാരിക്കുമ്പോഴും, കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോഴുമൊക്കെയുള്ള ലഘുഭക്ഷണം കഴിക്കുന്ന ശീലം നിര്‍ബന്ധമായും ഒഴിവാക്കുക.
 • ഇടയ്ക്കിടെ കഴിക്കാന്‍ തോന്നുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വീട്ടിലേക്ക് വാങ്ങിക്കരുത്.
 • ഭക്ഷണം പാചകം ചെയ്യാത്ത സന്ദര്‍ഭങ്ങളില്‍ അടുക്കളയില്‍ നിന്ന് മാറി നില്‍ക്കുക.
 • ലഘുഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ബേക്കറി പദാര്‍ഥങ്ങളെയും വറുത്തതും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണങ്ങളെയും ഒഴിവാക്കുക. പകരം പഴങ്ങളും, പച്ചക്കറികളും ചെറു കഷണങ്ങളാക്കി ഉള്‍പ്പെടുത്തുക.

തൊഴിലിടങ്ങളിലെ ക്രമീകരണം

 • ജോലി ചെയ്യുന്ന ടേബിളില്‍ വെച്ച് ഭക്ഷണം കഴിക്കുകയും സമീപത്ത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ ചെയ്യരുത്.
 • ജോലിക്കിടയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരിക.
 • ഇടവേളകളില്‍ അല്പദൂരം നടക്കുകയോ പടികള്‍ കയറുകയും ചെയ്യുക
 • ച്യൂയിംഗം, മധുരമില്ലാത്ത മിഠായികള്‍, വെള്ളം കുടിക്കല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള പ്രചോദനത്തെ അതിജീവിക്കുക.
 • ഭക്ഷണം കഴിച്ചുകൊണ്ട് ജോലി ചെയ്യരുത്, ജോലിക്കിടയില്‍ ഭക്ഷണം ഒഴിവാക്കുകയും ചെയ്യരുത്. 
 • അവിചാരിതമായി വരുന്ന ആഘോഷവേളകളിലും മറ്റും ഒഴിവാക്കാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ ഏറ്റവും കലോറി കുറഞ്ഞ ഭക്ഷണം കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക.

ദിവസേനയുള്ള ഭക്ഷണ ക്രമീകരണം

 • ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഭക്ഷണവുമായി ബന്ധപ്പെടാത്ത മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് ആ പ്രലോഭനത്തെ അതിജീവിക്കുക.
 • ഭക്ഷണം കഴിക്കണമെന്ന തോന്നലുണ്ടായാല്‍ 20 മിനിറ്റ് കാത്തിരിക്കുക
 • ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വലിയ ഒരു ഗ്ലാസ്സില്‍ വെള്ളം കുടിക്കുക
 • ഇടയ്ക്കിടെ വെള്ളം കുടിക്കുക, ഇതിനായി എപ്പോഴും വാട്ടര്‍ ബോട്ടില്‍ കൂടെ കരുതുക
 • ക്രീം, വെണ്ണ, മയോണൈസ് മുതലായ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.

വ്യായാമ ക്രമീകരണം

 • വ്യായാമം ദിനചര്യയുടെ നിര്‍ബന്ധിത ഭാഗമായി ഉള്‍പ്പെടുത്തുക
 • ജോലി സ്ഥലത്തേക്ക് ചെറിയ ദൂരമാണെങ്കില്‍ നടത്തം ശീലമാക്കുക
 • പാര്‍ക്കിങ്ങ് ഏരിയയില്‍ ഏറ്റവും അകലെയുള്ള അറ്റത്ത് പാര്‍ക്ക് ചെയ്തശേഷം ഓഫീസിലേക്ക് നടക്കുക
 • ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് ഓഫീസിനുള്ളില്‍ തന്നെ നടക്കുക.
 • ഇരിക്കുന്ന സമയത്ത് കാലുകള്‍ ഉയര്‍ത്തിയുള്ള വ്യായാമങ്ങളും, കൈക്കും, കഴുത്തിനുമുള്ള വ്യായാമങ്ങളും ചെയ്യുക.

വേണം നല്ല മനോഭാവം

 • ആരോഗ്യപൂര്‍ണ്ണമായ മനോഭാവം ക്രമീകരിക്കേണ്ടത് നിര്‍ബന്ധമാണ്
 • അമിതവണ്ണം കുറയ്ക്കുമെന്ന് മനസ്സില്‍ ഉറപ്പ് വരുത്തുക
 • ഡയറ്റിങ്ങ് എന്നതിലുപരി ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഡയറ്റിങ്ങ് ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് കൊണ്ടുപോകുവാന്‍ സാധിച്ചു എന്ന് വരില്ല. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലം എല്ലാകാലത്തും നിലനിര്‍ത്താനാകും.
 • നടപ്പില്‍ വരുത്തുന്ന മാറ്റങ്ങള്‍ ദീര്‍ഘകാലത്തേക്ക് എന്ന രീതിയില്‍ ചിന്തിക്കുക.

അമിതവണ്ണം നിയന്ത്രിക്കല്‍ അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ലെന്ന് ആദ്യം തന്നെ മനസ്സിലുറപ്പ് വരുത്തണം. ആഹാരവുമായി ബന്ധപ്പെട്ടതാണ് കാരണമെങ്കില്‍ അതിനാവശ്യമായ മാറ്റങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ പിന്‍തുടരുകയും ദീര്‍ഘകാലത്തേക്ക് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ തന്നെ ഒരു പരിധിവരെ അമിതവണ്ണത്തെ മറികടക്കാന്‍ സാധിക്കും. ആരോഗ്യപരമായ കാരണങ്ങളാണെങ്കില്‍ അവ കൃത്യമായി തിരിച്ചറിഞ്ഞ് ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്നതേയുള്ളൂ. അമിതവണ്ണത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിയുക എന്നതും അതിനനുസരിച്ച് സ്വയം ക്രമീകരണത്തിന് മാനസികമായി തയ്യാറെടുക്കുക എന്നതും തന്നെയാണ് പരമപ്രധാനമായ കാര്യം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റാണ് ലേഖിക)  

Content Highlights: World Obesity Day 2021, How to overcome Obesity, Health, Food, Fitness, Weight loss