ന്ന് ഏപ്രില്‍ 25. ലോക മലേറിയ ദിനം. മലേറിയയെ(മലമ്പനി) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം  സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്. മലമ്പനിയെക്കുറിച്ച് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദിനാചരണം ആരംഭിച്ചത്‌. 'സീറോ മലേറിയ സ്റ്റാര്‍ട്ട്‌സ് വിത്ത് മീ' എന്നതാണ് ഈ വര്‍ഷത്തെ മലേറിയ ദിനത്തിലെ ആപ്തവാക്യം.  

2018 ല്‍ ലോകമൊട്ടാകെ 228 മില്ല്യണ്‍ മലേറിയ കേസുകളും 405000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലമ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ആഫ്രിക്കന്‍ മേഖലയിലാണ്. 2018 ല്‍ 93 ശതമാനം കേസുകളും 94 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടെയാണ്. 

എന്താണ് മലമ്പനി

ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം പാരസൈറ്റുകളാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരില്‍ മലേറിയ ബാധിക്കാന്‍ ഇടയാക്കുന്ന അഞ്ച് തരം പാരസൈറ്റുകളില്‍ പി.ഫാല്‍സിപാറം, പി.വിവാക്‌സ് (P. falciparum), (P. vivax) എന്നീ രണ്ടിനമാണ് പ്രധാനമായും ഭീഷണിയുയര്‍ത്തുന്നത്. രോഗാണുവിന്റെ സാന്നിധ്യമുള്ള അനോഫെലസ് പെണ്‍കൊതുകിന്റെ കടിയേല്‍ക്കുന്നതു വഴിയാണ് രോഗം പരക്കുന്നത്. ഈ കൊതുകുകളാണ് മലേറിയ വെക്ടറുകള്‍ എന്നറിയപ്പെടുന്നത്. ശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുന്നത്. 

രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്. തലവേദന, ഇടവിട്ടുള്ള കടുത്ത പനി,  വിറയലോടു കൂടിയ പനി, പേശീവേദന, ക്ഷീണം, ഛര്‍ദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ടുള്ള വിറയലോടു കൂടിയ പനി മലേറിയയുടെ പ്രത്യേകതയാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, വൃക്കകള്‍ക്ക് തകരാറ് എന്നിവയുണ്ടാകാം. 

നിലവില്‍ കേരളത്തില്‍ മലമ്പനി ഭീഷണി താരതമ്യേന കുറവാണ്. എങ്കിലും നിരവധി കേസുകള്‍ ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ മലമ്പനി കണ്ടുവരുന്ന മേഖലകളാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും രോഗഭീഷണിയുണ്ട്. അതിനാല്‍ തന്നെ മലമ്പനി ബാധയുള്ള മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

രോഗനിര്‍ണയം

മലമ്പനി ബാധിക്കാനിടയായ സാഹചര്യമെന്തെന്ന് ആദ്യം കണ്ടെത്തും. യാത്രകള്‍ ചെയ്തിട്ടുണ്ടോയെന്ന് ആദ്യം നോക്കും. മലമ്പനി ബാധിത മേഖലകളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ രോഗബാധയ്ക്കുളള സാധ്യത വളരെ കൂടുതലാണ്.  രക്തപരിശോധന വഴിയാണ് രോഗം തിരിച്ചറിയുക. ഇതിനായി പെരിഫെറല്‍ സ്മിയര്‍ ഫോര്‍ മലേറിയല്‍ പാരസൈറ്റ്‌സ്  എന്നറിയപ്പെടുന്ന രക്തത്തിന്റെ പെരിഫെറല്‍ സ്മിയര്‍ പരിശോധന നടത്തും. ഈ ടെസ്റ്റിന്റെ ഫലം വരാന്‍ രണ്ട് ദിവസമെടുത്തേക്കും. അതിനാല്‍  പെട്ടെന്ന് രോഗം നിര്‍ണയിക്കാന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കും. റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ പരിശോധനാഫലം രണ്ടു മണിക്കൂറിനകം ലഭിക്കും. മലേറിയ പ്രതിരോധ ആന്റിജന്‍ സാന്നിധ്യം രക്തത്തില്‍ ഉണ്ടോയെന്ന് അറിയാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ആന്റിജന്‍ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ ആരംഭിക്കാം. പക്ഷേ, ഒപ്പം പെരിഫെറല്‍ സ്മിയര്‍ ടെസ്റ്റ് കൂടി ചെയ്ത് രോഗം ഉറപ്പിക്കണം. 

ചികിത്സ
ക്ലോറോക്വിന്‍ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിന്‍, പ്രിമാക്വിന്‍, ക്വിനൈന്‍, അര്‍ട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷന്‍ ചികിത്സയും ചെയ്യുന്നു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രം,  നഗരാരോഗ്യകേന്ദ്രം, താലുക്കാശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മലമ്പനി ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്. സമൂഹത്തില്‍ നിന്നും രോഗമുള്ളവരെ അതിവേഗം കണ്ടെത്തി, ശരിയായ ചികിത്സ കാലതാമസം കൂടാതെ നല്‍കുന്നതിലൂടെ രോഗ വ്യാപനം തടയാന്‍ സാധിക്കും. ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ സ്വീകരിക്കുക. മലമ്പനിക്ക് പ്രതിരോധ വാക്‌സിന്‍ പരീക്ഷിച്ചുനോക്കിയെങ്കിലും കാര്യമായി ഫലം കണ്ടിട്ടില്ല. അതിനാല്‍ രോഗം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് നല്ലത്. 

യാത്ര ചെയ്യുന്നവര്‍ ചെയ്യേണ്ടത്

രോഗബാധിതമായ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്ര തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ഒരു തവണയും യാത്രയ്ക്ക് ശേഷം തുടര്‍ച്ചയായി നാലാഴ്ച ആഴ്ചയില്‍ ഒന്ന് എന്ന തോതിലും ക്ലോറോക്വിന്‍ ഗുളിക കഴിക്കണം. 

ശ്രദ്ധിക്കേണ്ടത്

  • കൊതുകു നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം. 
  • മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. 
  • കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക. 
  • വീടിന്റെ ടെസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം. 
  • വെള്ളത്തില്‍ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നതും നല്ലതാണ്. 
  • വീടിനകത്ത് കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം പുകയ്ക്കാം. 
  • കൊതുകുവല, കൊതുകുതിരി, കൊതുകിനെ അകറ്റാനുള്ള സ്‌പ്രേ, ക്രീം എന്നിവ ഉപയോഗിക്കാം. 
  • വീടിന്റെ ജനലുകളും വാതിലുകളും എയര്‍ഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക. 
  • കൊതുകടിയേല്‍ക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
  • മറ്റ് സംസ്ഥാനങ്ങളില്‍ താമസിച്ച് കേരളത്തിലേക്ക് തിരിച്ചു വരുന്നവരിലും അതിഥി തൊഴിലാളികളിലും പനിയുണ്ടാകുമ്പോള്‍ രക്ത പരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പു വരുത്തണം. 

malaria day

മലമ്പനി മുക്ത രാജ്യങ്ങള്‍

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ മലമ്പനി മുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യങ്ങള്‍ ഇവയാണ്. മൊറോക്കോ(2010), തുര്‍ക്ക്‌മെനിസ്താന്‍(2010), അര്‍മേനിയ(2011), മാലിദ്വീപ്(2015), ശ്രീലങ്ക(2016), കിര്‍ഗിസ്ഥാന്‍(2016), പരഗ്വായ്(2018), ഉസ്‌ബെക്കിസ്ഥാന്‍(2018), അള്‍ജീരിയ(2019) അര്‍ജെന്റീന(2018). 

മലമ്പനി വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അതിനാല്‍ മലമ്പനി നിര്‍മ്മാര്‍ജനത്തിനായി രാജ്യം നടപ്പാക്കിയിരിക്കുന്ന പദ്ധതിയാണ് നാഷണല്‍ സ്ട്രാറ്റജിക് പ്ലാന്‍ 2017-2022. ഇതുവഴി 2022 ആകുന്നതോടു കൂടി ഒന്ന്, രണ്ട് വിഭാഗം മലമ്പനി രാജ്യത്തു നിന്ന് തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം 2027 ആകുമ്പോഴേക്കും രാജ്യത്ത് നിന്നും മലമ്പനി പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനും പദ്ധതി വഴി ലക്ഷ്യമിടുന്നു. 

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റും കോവിഡും

കോവിഡ്-19 പ്രതിരോധത്തിന് മികച്ചതാണെന്ന നിഗമനങ്ങളെത്തുടര്‍ന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ്(എച്ച്.സി.ക്യു.എസ്.) താരമായത്. മലമ്പനിക്ക് സാധാരണമായി ഉപയോഗിക്കുന്ന ക്ലോറോക്വിന്‍ മരുന്നിന്റെ ഘടനാമാറ്റം വരുത്തിയ മരുന്നാണിത്. മലമ്പനി, സിസ്റ്റമിക് ലൂപ്പസ് എറിത്ത്മാറ്റോസിസ്(എസ്.എല്‍.ഇ.) എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗം, ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചിത ഡോസില്‍ കഴിക്കേണ്ടതാണ്. മെഡിക്കല്‍ ഷോപ്പില്‍ പോയി വെറുതെ വാങ്ങി കഴിക്കേണ്ടതല്ല. ക്ലോറോക്വിന്‍ മരുന്ന് ഹൃദയമിടിപ്പിന് വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. അതിനാല്‍ തന്നെ രോഗിയുടെ ഇ.സി.ജി. കൂടി എടുത്ത ശേഷമേ ഈ മരുന്ന് നല്‍കാറുള്ളു. ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്ക് ഇത് നല്‍കാന്‍ പാടില്ല. ഇത് ക്യു.ടി. പ്രൊലോങ്കേഷന്‍(QT prolongation) എന്ന ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കും. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ്
ഇന്റേണല്‍ മെഡിസിന്‍ വിഭാഗം
എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ

Content Highlights: World Malaria Day 2020, Health, Malaria