ഇന്ന് ലോക കരൾദിനം; അറിയാം, കരള്‍ രോഗങ്ങളെക്കുറിച്ച്


ഡോ. മുഹമ്മദ്‌ കെ., ഡോ. ഷാനവാസ് കക്കട്ടിൽ

നാം പുലര്‍ത്തുന്ന ചെറിയ അശ്രദ്ധകള്‍ പോലും കരളിനെ കുഴപ്പത്തിലാക്കും

Representative Image| Photo: GettyImages

പ്രില്‍ മാസം 19ാം തിയ്യതി ലോക കരള്‍ദിനമായി ആചരിക്കുകയാണ്. കരളിനെ അറിയാനും, കരളിനെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ചറിയാനും, കരളിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുമെല്ലാമായാണ് ഈ ദിനം ഉപയോഗപ്പെടുത്തുന്നത്.

നമ്മുടെ ശരീരത്തില്‍ തലച്ചോര്‍ കഴിഞ്ഞാല്‍ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരള്‍. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്. അതുകൊണ്ട് തന്നെ നാം പുലര്‍ത്തുന്ന ചെറിയ അശ്രദ്ധകള്‍ പോലും കരളിനെ കുഴപ്പത്തിലാക്കും.

നിരവധി ധര്‍മ്മങ്ങളാണ് കരള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്നത്. കരളിലെത്തുന്ന വിഷമയവസ്തുക്കളെ നീക്കം ചെയ്യല്‍, അണുബാധയ്ക്കും അസുഖങ്ങള്‍ക്കുമെതിരായി പോരാട്ടം നടത്തല്‍, രക്തത്തിലെ പഞ്ചസാരയും അളവ് ക്രമീകരിക്കല്‍, കൊളസ്ട്രോള്‍ നില നിയന്ത്രണവിധേയമാക്കല്‍ തുടങ്ങിയവയെല്ലാം കരളിന്റെ പ്രവര്‍ത്തന ധര്‍മ്മങ്ങളാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങള്‍ പലപ്പോഴും അത് മൂര്‍ച്ഛിച്ച ശേഷമാണ് പ്രകടമാക്കപ്പെട്ട് തുടങ്ങുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത്. എന്നാല്‍ നേരത്തെയുള്ള പരിശോധനകളിലൂടെ കരള്‍ രോഗത്തെയോ രോഗസാധ്യതയെയോ തിരിച്ചറിയാമെന്നതും പ്രതിരോധിക്കാമെന്നതും യാഥാര്‍ത്ഥ്യവുമാണ്. അസുഖം അവസാന ഘട്ടമെത്തുകയും മറ്റ് ചികിത്സകള്‍ ഫലപ്രദമാവാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ കരള്‍ മാറ്റിവെക്കലിലൂടെ ജീവിതം തിരിച്ച് പിടിക്കാനും സാധിക്കും.

ലിവര്‍ സിറോസിസ്

ഏറ്റവും കൂടുതലായി കരള്‍ മാറ്റിവെക്കല്‍ ആവശ്യമായി വരുന്നത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലാണ്. കരളിന് വരുന്ന ശാശ്വതമായ തകരാറാണ് സിറോസിസ്. സ്ഥിരമായി മദ്യപിക്കുന്നവര്‍, ഹെപ്പറ്റൈറ്റിസ് ബി, സി മുതലായ രോഗാണുക്കള്‍ ദീര്‍ഘകാലം ശരീരത്തിലുള്ളവര്‍ മുതലായവര്‍ക്ക് സിറോസിസിനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമെ വ്യായാമക്കുറവ്, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ മുതലായവയുള്ളവര്‍ക്ക് കരളില്‍ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവര്‍ സംഭവിക്കുകയും അത് ക്രമേണ ലിവര്‍ സിറോസിസിലേക്ക് വഴിമാറുകയും ചെയ്യാം. ശരീരത്തിനകത്തുള്ള കോശങ്ങളെ ഫോറിന്‍ ബോഡി എന്ന് തെറ്റിദ്ധരിച്ച് ശരീരം തന്നെ പ്രതിരോധം തീര്‍ക്കുന്ന അവസ്ഥയായ ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ഉള്ളവര്‍, കോപ്പറിന്റെയും അയണിന്റെയും അളവ് കൂടിയവര്‍ മുതലായവര്‍ക്കും കരളിന് സ്ഥായിയായ തകരാര്‍ സംഭവിക്കാം.

ഹെപറ്റോസെല്ലുലാര്‍ കാര്‍സിനോമ ചൈല്‍ഡ് എ (Hepatocellular Carcinoma Child A) വിഭാഗത്തിലുള്ള സിറോസിസ് ബാധിച്ചവര്‍ക്ക് ശസ്ത്രക്രിയ ചികിത്സാരീതിയായി സ്വീകരിക്കാറുണ്ട്. ചിലരില്‍ ട്രാന്‍സാര്‍ടീരിയല്‍ കീമോഎംബോളൈസേഷന്‍ (Transarterial Chemoembolization - TACE), റേഡിയോ ഫ്രീക്വന്‍സി അബ്ലാഷന്‍ (RFA) തുടങ്ങിയ ചികിത്സകളും നിര്‍ദേശിക്കപ്പെടുന്നു.

വളരെ മൃദുവായ ശരീര അവയവമാണ് കരള്‍, എന്നാല്‍ ലിവര്‍ സിറോസിസ് സംഭവിക്കുമ്പോള്‍ ലിവര്‍ കാഠിന്യമുള്ള അവസ്ഥയിലേക്ക് മാറുകയും അതിനകത്ത് ഫൈബ്രോസിസ്‌ തുടങ്ങുകയും രക്തയോട്ടം തടസ്സപ്പെട്ട് തുടങ്ങുകയും ചെയ്യുന്നു. സ്വാഭാവികമായും കരളിനകത്ത് പ്രഷര്‍ വര്‍ധിക്കുകയും (Portal Hypertension) അന്നനാളത്തിലും മറ്റും ഞരമ്പുകള്‍ പൊട്ടുവാനും രക്തസ്രാവമുണ്ടാകുവാനും കാരണമാകുന്നു. ഇതാണ് ലിവറിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ജീവന് വിനാശകരമാകുന്ന മറ്റൊരു അവസ്ഥ. സിറോസിസ് വന്നുകഴിഞ്ഞാല്‍ അനുബന്ധമായ തകരാറുകളെ പരിഹരിക്കുന്നതിനും, ഇനി വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതുമാണ് ചികിത്സയുടെ പ്രാഥമിക ഘട്ടത്തില്‍ പരിഗണിക്കുന്നത്.

സിറോസിസിന്റെ അവസ്ഥയനുസരിച്ച് ഇതിനെ ചൈല്‍ഡ് എ, ചൈല്‍ഡ് ബി, ചൈല്‍ഡ് സി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. എ എന്ന ഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ താരതമ്യേന ഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവരായിരിക്കും. നല്ലരീതിയില്‍ പരിഗണിച്ചാല്‍ ഒരുപാട് കാലം വലിയ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും. ബി എന്ന സ്റ്റേജിലെത്തുന്നവര്‍ കുറച്ച് ബുദ്ധിമുട്ടുള്ളവരായിരിക്കും. പ്രത്യക്ഷ ലക്ഷണങ്ങള്‍ ധാരാളമുള്ള ഇവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ കുറച്ചുകാലം കൂടി വലിയ കുഴപ്പങ്ങളില്ലാതെ മുന്‍പോട്ട് പോകുവാന്‍ സാധിക്കും. എന്നാല്‍ സി എന്ന സ്റ്റേജിലെത്തുന്നവര്‍ക്ക് ലിവറിന്റെ അവസ്ഥ അതിന്റെ പാരമ്യതയിലായിരിക്കും. തിരിച്ചെടുക്കാന്‍ പറ്റാത്ത രീതിയിലുള്ള ഇവര്‍ക്കാണ് പ്രധാനമായും കരള്‍ മാറ്റിവെക്കല്‍ ആവശ്യമായി വരുന്നത്.

മെല്‍ഡ് സ്കോർ

കരളിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് മെല്‍ഡ് (Model for End-Stage Liver Disease) എന്ന ഒരു സ്‌കോറിന് രൂപം നല്‍കിയിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ആധാരമാക്കിയാണ് ഈ സ്‌കോര്‍ നിര്‍ണ്ണയിക്കുന്നത്. ഇത് 15ല്‍ അധികമാകുമ്പോഴാണ് കരള്‍ മാറ്റിവെക്കലിനെ കുറിച്ച് നമ്മള്‍ ആലോചിച്ച് തുടങ്ങുന്നത്. മെല്‍ഡ് സ്‌കോര്‍ ഒരുപാട് വര്‍ധിച്ച് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീരും അതിനാല്‍ അധികരിക്കുന്നതിന് മുന്‍പ് തന്നെ കരള്‍ മാറ്റിവെക്കലിന് തയ്യാറാകുന്നതാണ് ഉചിതമായ തീരുമാനം. ബി യിലും സി യിലും ഉള്ളവര്‍ക്ക് പലപ്പോഴും പെട്ടെന്ന് ഇന്‍ഫക്ഷന്‍ ബാധിക്കുവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ അധികരിച്ച് രോഗിയുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ സിറോസിസ് രോഗം ചൈല്‍ഡ് സി എന്ന അവസ്ഥയിലുള്ളവരും മെല്‍ഡ് സ്‌കോര്‍ 15 കഴിഞ്ഞവരും പരമാവധി വേഗത്തില്‍ തന്നെ കരള്‍ മാറ്റിവെക്കലിന് വിധേയരാകുന്നതാണ് ഉചിതം.

ലിവര്‍ സിറോസിസ് ബാധിതര്‍ക്ക് കരളിനകത്ത് ട്യൂമറുണ്ടാകുവാന്‍ സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും അഡ്വാന്‍സ് സ്റ്റേജിലായിരിക്കും തിരിച്ചറിയുക. ഇത്തരം അവസ്ഥയും ജീവനെ ദോഷകരമായി ബോധിക്കും. അതിനാല്‍ ലിവര്‍ സിറോസിസ് ബാധിച്ചവര്‍ ആറ് മാസത്തിലൊരിക്കലെങ്കിലും ട്യൂമറിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധനകള്‍ നിര്‍വ്വഹിക്കുന്നത് നിര്‍ദേശിക്കപ്പെടാറുണ്ട്. ട്യൂമര്‍ ബാധിച്ചവരില്‍ കരള്‍ മാറ്റിവെക്കുന്നതിന് വലിയ പ്രതിബന്ധങ്ങളുണ്ട്. നിരവധി മാനദണ്ഡങ്ങള്‍ ഇതിനായി നിര്‍ദ്ദേശിക്കപ്പെടുന്നു. 5 സെന്റിമീറ്ററില്‍ താഴെയായിരിക്കണം ട്യൂമറിന്റെ വലുപ്പം, മൂന്നില്‍ കൂടുതല്‍ ട്യൂമറുകള്‍ ഉണ്ടാകരുത്, കരളിന് പുറത്ത് പോകരുത് എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ട്യൂമര്‍ ബാധിതരില്‍ കരള്‍ മാറ്റിവെക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മാറ്റിവെച്ച് കഴിഞ്ഞാലും പുതിയ കരളില്‍ ട്യൂമര്‍ വരാന്‍ സാധ്യത കൂടുതലാണ്.

ശസ്ത്രക്രിയയുടെ വിജയനിരക്ക്

സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയല്ലേ, എത്രമാത്രം വിജയകരമായിരിക്കും എന്ന സംശയം പലരും ചോദിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥ സി സ്റ്റേജ് എത്തിക്കഴിഞ്ഞാല്‍ പൊതുവെ രോഗി അനുഭവിക്കുന്നത് വലിയ ദുരിതങ്ങളായിരിക്കും. ഈ അവസ്ഥയില്‍ പരമാവധി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ തുടര്‍ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാല്‍ കരള്‍ മാറ്റിവെക്കുന്നവരില്‍ വിജയം 90 ശതമാനത്തിലും മുകളിലാണ്. 70 ശതമാനത്തിലധികം പേരും 10 വര്‍ഷത്തിലധികം ആരോഗ്യപൂര്‍ണ്ണമായ ജീവിതം നിലനിര്‍ത്തുന്നു എന്ന് കാണാന്‍ സാധിക്കും. സാധാരണ ജോലി ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് നിര്‍വ്വഹിക്കുവാന്‍ സാധിക്കും.

രണ്ട് രീതിയിലാണ് കരള്‍ മാറ്റിവെക്കാന്‍ ലഭിക്കുന്നത്. ഇതില്‍ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. ധാരാളം മസ്തിഷ്‌ക മരണങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെങ്കിലും ഇത്തരം അവസ്ഥയില്‍ അവയവം ദാനം ചെയ്യാന്‍ തയ്യാറാകുന്നവര്‍ വളരെ കുറവാണ്. വളരെ സങ്കടകരമായ അവസ്ഥയാണിത്. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യണമെങ്കില്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സംവിധാനമാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവയവം തികച്ചും സുതാര്യമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് അര്‍ഹതപ്പെട്ട സ്വീകര്‍ത്താവിന് നല്‍കുന്നത്.

അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ലൈവ് ഡോണര്‍ എന്ന രീതിയില്‍ കരള്‍ ദാതാവാകുവാന്‍ സാധിക്കുകയുള്ളൂ. 60- 70 ശതമാനം ആരോഗ്യകരമായ കരള്‍ സ്വീകരിക്കുവാന്‍ സാധിക്കും. സ്വയം വളരുവാനുള്ള പ്രത്യേക കഴിവുള്ള അവയവമാണ് കരള്‍ എന്നതിനാല്‍ ദാനം ചെയ്തു കഴിഞ്ഞാലും കാലാന്തരത്തില്‍ കരളിന് പൂര്‍ണ്ണരൂപം സ്വയം കൈവരിക്കുവാനും സാധിക്കുന്നു. 11-14 ദിവസത്തിനകം തന്നെ 90 ശതമാനവും പഴയ രീതിയിലേക്ക് കരള്‍ തിരികെയെത്തുന്നതാണ്. 18 വയസ്സിന് മുകളിലും 55 വയസ്സിന് താഴെയും പ്രായമുള്ള ആരോഗ്യവാനായ, സ്വയം സന്നദ്ധനായ വ്യക്തിക്കാണ് ഡോണര്‍ ആകുവാന്‍ സാധിക്കുക. ചില പരിശോധനകള്‍ നടത്തി ദാതാവിന്റെ കരളിന്റെ ആരോഗ്യം നിര്‍ണ്ണയിക്കുകയും, ചില സ്‌കാനിങ്ങുകളിലൂടെ ദാനം ചെയ്താല്‍ ദാതാവിന് പ്രശ്‌നങ്ങളുണ്ടാകില്ല എന്നും ഉറപ്പ് വരുത്തുന്നു.

പൊതുവായ കാരണങ്ങള്‍ക്ക് പുറമെ മറ്റ് ചില കാരണങ്ങള്‍ കൊണ്ട് കൂടിയും കുഞ്ഞുങ്ങള്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ആവശ്യമായി വരാറുണ്ട്. മെറ്റാബോളിക് ലിവര്‍ ഡിസീസ് എന്ന ഗണത്തില്‍പെടുന്ന അസുഖങ്ങള്‍, ബൈലിയറി ആട്രീഷ്യ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. കുട്ടികള്‍ക്കായി കരള്‍ സ്വീകരിക്കുമ്പോള്‍ മുതിര്‍ന്നവരുടെ കരളിന്റെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ മാത്രമേ ആവശ്യമായി വരികയുള്ളൂ.

കരള്‍ രോഗകാരണങ്ങള്‍

ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടം എന്നതിനാലും, കഴിക്കുന്നതും കുടിക്കുന്നതുമായ മുഴുവന്‍ വസ്തുക്കളും എത്തിച്ചേരുന്ന ഇടം എന്നതിനാലും അനവധിയായ കാരണങ്ങള്‍ കരളിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതിന് കാരണമാകാറുണ്ട്. ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം ഇതിലുള്‍പ്പെടുന്നവയാണ്.

കരളിനെ രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നിരന്തരമായ മദ്യപാനമാണ്. മദ്യം കരളിനകത്ത് നീര്‍ക്കെട്ടിനിടയാക്കുകയും ക്രമേണ ഫാറ്റി ലിവറിലേക്കും, ലിവര്‍ സീറോസിസിലേക്കുമെല്ലാം നയിക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ മുതലായ വൈറസുകളും കരളിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ ഇടയാക്കുന്നവയാണ്. ഇവ ബാധിക്കുന്നത് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാണക്കാക്കുന്നത്. അമിതവണ്ണമുള്ളവരിലും കൊഴുപ്പ് ധാരാളമായി അടിഞ്ഞ് കൂടാനും അത് സിറോസിസ് പോലുള്ള രോഗാവസ്ഥകളിലേക്ക് നയിക്കാനും ഇടയാകുന്നുണ്ട്.

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. കൃത്യമായി ചികിത്സിക്കുകയും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യാത്തതാണ് ഇതിന് പ്രധാന കാരണം. പ്രമേഹം ബാധിച്ച അന്‍പത് ശതമാനത്തോളം പേരില്‍ കരള്‍ രോഗത്തിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില മരുന്നുകളും കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി സ്വാധീനിക്കുന്നു. പ്രധാനമായും മരുന്നുകളിലെ കോപ്പര്‍, ഇരുമ്പ് മുതലായവ കരളില്‍ അടിഞ്ഞ് കൂടുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് രോഗകാരണമായി മാറുന്നത്.

അമിതമായ ഉപ്പിന്റെ ഉപയോഗവും കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. സ്ഥിരമായി പുകവലിക്കുന്നതും കരളിന് ദോഷകരമാണ്. കീടനാശിനികളുമായി സ്ഥിരമായി ബന്ധപ്പെടുന്നവര്‍ക്കും, ആത്മഹത്യയ്ക്കും മറ്റും കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും കരള്‍ രോഗസാധ്യത കൂടുതലാണ്. കീടനാശിനി ഉപയോഗിച്ച പഴങ്ങളും പച്ചക്കറികളുമെല്ലാം സ്ഥിരമായി കഴിക്കുന്നതും ദോഷമാണ്.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഓഫ് എക്സല൯സ് ഫോർ ഗ്യാസ്ട്രോസയൻസസ് വിഭാ​ഗത്തിലെ വിദ​ഗ്ധരാണ് ലേഖകർ)

Content Highlights: World Liver Day 2021, know about liver diseases, Health, Liver Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented