Representative Image| Photo: GettyImages
ഓമനിക്കാനൊരു കുഞ്ഞു വേണമെന്നത് മനുഷ്യവര്‍ഗത്തിന്റെ ജനിതകപരവും മാനസികവുമായ വൈകാരികതയാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ കിട്ടാതെ നിരാശരായി കഴിഞ്ഞിരുന്ന ലോകത്തിന് പ്രതീക്ഷയുടെ തിരിനാളമായി ശാസ്ത്രം 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ സമ്മാനമായിരുന്നു കൃത്രിമബീജസങ്കലനം എന്ന സാങ്കേതികത. 1978-ല്‍ ബ്രിട്ടണില്‍ ജനിച്ച ലൂയീസ് ബ്രൗണിന്റെ ജനനത്തോടെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) അഥവാ കൃത്രിമ ബീജസങ്കലനം യാഥാര്‍ഥ്യമാകുകയായിരുന്നു. ലൂയീസ് ബ്രൗണിന്റെ ജന്മദിനമായ ജൂലായ് 25 ആണ് ലോക ഐ.വി.എഫ്. ദിനമായി ആചരിക്കുന്നത്.
സ്വന്തം രക്തത്തില്‍ കുഞ്ഞിനെ ലഭിക്കുകയെന്നതിന് ശാരീരികമായി കഴിയാത്തവര്‍ക്കായി ശാസ്ത്രം നല്‍കിയ സംഭാവനയായ ഐ.വി.എഫ്. ഇന്ന് ലോകമാകെ നിരവധി ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ നല്‍കുന്നുണ്ട്. എട്ട് മില്യണ്‍ കുഞ്ഞുങ്ങളെയാണ് ഈ സാങ്കേതിക വിദ്യ ലോകത്തിനു നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത കണ്ടുപിടിത്തത്തിന് ബ്രട്ടീഷ് ഫിസിയോളജിസ്റ്റായ റോബര്‍ട്ട് ജി എഡ്വേഡിന് 2010-ല്‍ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി. ലാറ്റിന്‍ ഭാഷയിലെ കണ്ണാടിയെന്ന അര്‍ത്ഥം വരുന്ന വിട്രിയസ് എന്ന വാക്കില്‍ നിന്നാണ് ഇന്‍ വിട്രോ എന്ന വാക്കുണ്ടായത്. ബീജസങ്കലനം നടക്കുന്ന ജൈവപരീക്ഷണ കണ്ണാടിപാത്രങ്ങളെ ഉദ്ദേശിച്ചാണ് ഈ പദം രൂപപ്പെട്ടത്.
സ്വാഭാവിക ഗര്‍ഭധാരണം സാധ്യമാകാത്തവര്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗമായാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ആരംഭിച്ചതെങ്കിലും ഇന്ന് ജനിതക രോഗങ്ങളുമായി ജനിക്കുന്ന തലമുറകള്‍ക്കെതിരെയുള്ള പ്രതിരോധമായും ഐ.വി.എഫ്. ചികിത്സാ രീതിയെ മെഡിക്കല്‍ ലോകം കാണുന്നുണ്ട്. ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മരണങ്ങള്‍ വ്യാപകമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗം ബാധിക്കുന്ന കുഞ്ഞിനായി 18 കോടി പിരിച്ചു നല്‍കിയവരാണ് മലയാളികള്‍. മറ്റൊരു കുഞ്ഞായ മലപ്പുറം സ്വദേശി ഇമ്രാനു വേണ്ടി പണം സ്വരൂപിച്ചെങ്കിലും രക്ഷിക്കാനാകാത്തത് മലയാളിയെ ഏറെ വേദനിപ്പിച്ച വാര്‍ത്തകളിലൊന്നാണ്. ഇത്തരം മരണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ന് ഐ.വി.എഫ്. ട്രീറ്റ്മെന്റിന് സാധിക്കുന്നുണ്ട്.
ശരീരത്തിന് പുറത്ത് കൃത്രിമ സാഹചര്യത്തില്‍ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യുന്ന രീതിയാണ് ഐ.വി.എഫ്. ഹോര്‍മോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിച്ച് ഉത്പ്പാദിപ്പിക്കപ്പെടുന്ന അണ്ഡകോശങ്ങളെ സ്ത്രീ ശരീരത്തില്‍ നിന്നു മാറ്റി അവയെ പുരുഷബീജം കൊണ്ട് സങ്കലനം നടത്തി സൈഗോട്ടാക്കും. തുടര്‍ന്ന് ഗര്‍ഭം ധരിക്കേണ്ട സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
എസ്.എം.എ. ഉള്‍പ്പടെയുള്ള ജനിതക രോഗം വരാനുള്ള സാധ്യതയുള്ളവരെയും തിരിച്ചറിയാന്‍ പ്രീ ഇംപ്ലാന്റേഷന്‍ ജനിറ്റിക് ടെസ്റ്റിങിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ അത്തരക്കാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ നിന്നും ജനിത രോഗങ്ങളെ മാറ്റി കുഞ്ഞിനെ ജനിപ്പിക്കാന്‍ ഐ.വി.എഫ്. ഐ.സി.എസ്.ഐ. (ഇക്സി) ചികിത്സയിലൂടെ സാധിക്കുന്നതിനാലാണ് ഐ.വി.എഫ.് ചികിത്സയുടെ പ്രചാരണം വര്‍ധിക്കുന്നതിന് കാരണമാകുന്നത്.
എസ്.എം.എ., ഹീമോഫീലിയ, ഡുഷീന്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ടേ-സാക് ഡിസീസ്, സിട്രോലീമിയ, ഹണ്ടിംഗ്ടണ്‍സ്‌കോറിയ തുടങ്ങിയ രോഗങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന സാഹചര്യം ഐ.വി.എഫിലൂടെ ശാസ്ത്രലോകം ഇല്ലാതാക്കി തുടങ്ങിയിട്ടുണ്ട്. ഇത് ജനിതരോഗ ചികിത്സയില്‍ വലിയൊരു നാഴികക്കല്ലായാണ് മെഡിക്കല്‍ രംഗം നോക്കി കാണുന്നത്.
ഭ്രൂണത്തിലെ കോശങ്ങളെ വേര്‍തിരിച്ച് കള്‍ച്ചര്‍ ചെയ്ത് എസ്.എം.എ. ജീനില്ലാത്ത സെല്ലിനെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക വഴി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന രോഗത്തെ തുടച്ചു നീക്കാന്‍ സാധിക്കുമെന്ന് മെഡിക്കല്‍ രംഗം കണ്ടെത്തിയിട്ടുണ്ട്.
വികസിത രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയ്ക്കുമുണ്ട് ഒരു മികച്ച ഐ.വി.എഫ്. പരീക്ഷണ ചരിത്രം. എന്നാല്‍ ഒരു കറുത്ത ഏടായാണ് അത് ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളതെന്നതാണ് ദു:ഖകരമായ വസ്തുത. ലോകത്തെ തന്നെ രണ്ടാമത്തേ കുഞ്ഞ് ജനിക്കേണ്ടത് ഇന്ത്യയിലായിരുന്നു. ബംഗാളിയായ സുഭാഷ് മുഖോപാധ്യായാണ് രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ശില്‍പി. എന്നാല്‍ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളെ ബംഗാള്‍ സര്‍ക്കാറിന്റെ വിദഗ്ധ സമിതി തള്ളുകയും തട്ടിപ്പാണെന്നു മുദ്രകുത്തുകയും ചെയ്തു. തുടര്‍ന്ന് തന്റെ കണ്ടുപിടുത്തത്തിന് വിദേശത്ത് സ്വീകാര്യത കിട്ടുമെന്നുറച്ച അദ്ദേഹം രാജ്യാന്തര മെഡിക്കല്‍ സമ്മേളനത്തിന് പോകാനുറച്ചു. എന്നാല്‍ ഈ ശ്രമം സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് 1981 ജൂണ്‍ 19ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
ലോകത്തിനൊപ്പം ആരോഗ്യരംഗത്തെ മികവിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. അതിന് നേതൃത്വം വഹിക്കുന്നതാകട്ടെ മികച്ച മലയാളി ഡോക്ടര്‍മാരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ലോകം ഇന്ന് 43)മത് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ദിനമായി ആചരിക്കുമ്പോള്‍ ജനിതക രോഗങ്ങളെ കൂടി തോല്‍പ്പിക്കുന്ന വിധം കൃത്രിമബീജ സങ്കലനം മാറിയെന്നത് മെഡിക്കല്‍ രംഗത്തെ മികച്ച നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
(ഡയറക്ടര്‍& സീനിയര്‍ കണ്‍സള്‍ട്ടന്റ് -റിപ്രൊഡക്റ്റിവ് മെഡിസിന്‍, കാഫ്റ്റ് ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍)
Content Highlights: World IVF Day 2021, Truths About IVF treatment You needs to know, Health, Pregnancy, Women's Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..