കോവിഡ്-19 മഹാമാരി ലോകത്താകെ മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇതിനെതിരെയുള്ള ഒരു വാക്സിന്‍ ആണ്. വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന തല്‍പര കക്ഷികള്‍ക്ക് അവരുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രചരണം ഇനിയും തുടരുമെങ്കിലും, സാമാന്യബോധമുള്ള ജനങ്ങള്‍ക്ക് വാക്സിനുകളെപ്പറ്റി കോവിഡ് നല്‍കിയ തിരിച്ചറിവ് വളരെ വലുതാണ്.

കോവിഡ്-19 രോഗത്തെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2020 മാര്‍ച്ച് 24 മുതല്‍ കേരളത്തില്‍ കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രതിരോധ വാക്സിനുകള്‍ നിര്‍ത്തിവെച്ചിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികളും അവരുടെ മാതാപിതാക്കളും വാക്സിന്‍ എടുക്കാന്‍ വേണ്ടി കൂട്ടംകൂടുന്നത് ഒഴിവാക്കുക ആയിരുന്നു ലക്ഷ്യം. ജനിച്ച ഉടനെ നല്‍കുന്ന 3 വാക്സിനുകള്‍(ബി.സി.ജി., സീറോ ഡോസ് പോളിയോ വാക്‌സിന്‍, സീറോ ഡോസ് ഹെപ്പറ്റൈറ്റിസ് ബി) മാത്രമാണ് ഈ കാലയളവില്‍ നല്‍കിയത്.

എന്നാല്‍ സാമൂഹ്യ അകലത്തിലൂടെയും, കൈകഴുകുന്നതിലൂടെയും ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താനും, ഉന്നതനിലവാരമുള്ള ചികിത്സ നല്‍കി മരണനിരക്ക് വളരെ ചെറിയ തോതിലേക്ക് കുറയ്ക്കാനും (അര ശതമാനത്തില്‍ താഴെ) കേരളത്തിനായി എന്ന് നമുക്കറിയാം. ഈ സാഹചര്യത്തില്‍ വലിയൊരു ശതമാനം കുട്ടികള്‍ക്ക് വേണ്ടത്ര പ്രതിരോധശേഷി ഇല്ലാത്ത അവസ്ഥ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഏപ്രില്‍ 16 ന് വാക്സിനേഷന്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് അടിസ്ഥാനമാക്കിയ ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.

 1. കുട്ടികളില്‍ കോവിഡ് രോഗബാധയ്ക്കുള്ള സാധ്യത വളരെ കുറവാണ്.
 2. ചെറുപ്പക്കാരില്‍ കോവിഡ് രോഗം പൊതുവേ ഗുരുതര സ്വഭാവം കാണിക്കുന്നില്ല. വാക്സിന്‍ എടുക്കാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഭൂരിപക്ഷവും യൗവനത്തില്‍ ഉള്ളവര്‍ ആയിരിക്കും.
 3. വാക്സിനേഷന്‍ ഇനിയും മുടങ്ങിയാല്‍ പ്രതിരോധശേഷി ലഭിക്കാത്ത കുട്ടികളുടെ വലിയൊരു സംഘം സമൂഹത്തില്‍ ഉണ്ടാവും. ഇത്തരത്തില്‍ ഉള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സമൂഹങ്ങളില്‍ ആണ് ഡിഫ്ത്തീരിയ, ടെറ്റനസ് അടക്കം വാക്സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ പൊട്ടിപുറപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നത്.
 4. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ ആളുകള്‍ പഴയതുപോലെ സമൂഹത്തില്‍ ഇടപെടാന്‍ തുടങ്ങുകയും, വിവിധതരം രോഗങ്ങള്‍ പടരാന്‍ ഉള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ സമയത്ത് ഏറ്റവും അപകട സാധ്യത ഉണ്ടാവുക കുട്ടികള്‍ക്കാണ്- പ്രത്യേകിച്ച് പ്രതിരോധ വാക്സിനുകള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക്.
 5. അതിഥി തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ധാരാളം താമസിക്കുന്ന കേരളത്തില്‍- അവര്‍ വരുന്ന നാടുകളിലെ പ്രതിരോധ വാക്സിന്റെ ഉപയോഗം കേരളത്തിലെ പോലെ സാര്‍വത്രികമല്ലാത്ത സാഹചര്യത്തില്‍- ഇത്തരം രോഗാണുക്കള്‍ നമ്മുടെ നാട്ടില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. വിമാനയാത്ര പുനാരംഭിക്കുന്നതോടെ യാത്രക്കാര്‍ വഴി ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും രോഗാണുക്കള്‍ കേരളത്തില്‍ എത്താം. (മലയാളി ഇല്ലാത്ത നാടില്ലെന്ന് ഓര്‍ക്കുക)

ഏതൊക്കെ വാക്സിനുകള്‍ 

എട്ട് മാരക രോഗങ്ങള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായേി വാക്സിനുകള്‍ നല്‍കുന്നത്.
ജനിച്ച ഉടനെ:
ബി.സി.ജി.
ഹെപ്പറ്റൈറ്റിസ് ബി: സീറോ ഡോസ്
ഓറല്‍ പോളിയോ വാക്‌സിന്‍: സീറോ ഡോസ്
ആറ് ആഴ്ച: ഓറല്‍ പോളിയോ വാക്‌സിന്‍ 1, പെന്റാവാലന്റ് വാക്‌സിന്‍ 1, റോട്ടവൈറല്‍ വാക്‌സിന്‍ 1, ഇനാക്ടീവേറ്റഡ് പോളിയോ വാക്‌സിന്‍ 1
10 ആഴ്ച: ഓറല്‍ പോളിയോ വാക്‌സിന്‍ 2, പെന്റാവാലന്റ് വാക്‌സിന്‍ 2, റോട്ടവൈറല്‍ വാക്‌സിന്‍ 2
14 ആഴ്ച: ഓറല്‍ പോളിയോ വാക്‌സിന്‍ 3, പെന്റാവാലന്റ് വാക്‌സിന്‍ 3, റോട്ടാവൈറല്‍ വാക്‌സിന്‍ 3, ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിന്‍ 2
10-ാം മാസം: മീസില്‍സ്-റൂബല്ല (എം.ആര്‍.) 
16-24 മാസം: ഡി.പി.റ്റി ഒന്നാം ബൂസ്റ്റര്‍ എം.ആര്‍.- 2 ഓറല്‍ പോളിയോ ബൂസ്റ്റര്‍
5-6 വയസ്: ഡി.പി.റ്റി. രണ്ടാം ബൂസ്റ്റര്‍
10 വയസ്സ്: ടി.ഡി. വാക്‌സിന്‍
16 വയസ്സ്: ടി.ഡി. വാക്‌സിന്‍

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ച് തിയതിയും സമയവും തീരുമാനിച്ച ശേഷം കുട്ടിയുമായി പോകുക.
 • അധികം ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ ഇത് അത്യാവശ്യമാണ്.
 • ഒരാള്‍ മാത്രം ഒപ്പം പോവുക.
 • ആശുപത്രികള്‍ക്ക് പകരം രോഗികള്‍ അധികം വരാത്ത സബ്സെന്ററുകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.
 • വാക്സിനേഷന്‍ കേന്ദ്രത്തില്‍ കാത്തിരിക്കുന്ന സമയത്ത് സാമൂഹ്യ അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
 • കേന്ദ്രത്തില്‍ എത്തിയാല്‍ ഉടനെ കൈകള്‍ സോപ്പിട്ട് കഴുകുക.
 • വാക്സിനേഷന്‍ കേന്ദ്രത്തിലേക്കുള്ള യാത്രയില്‍ മുതിര്‍ന്നവരും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
 • കഴിയുന്നതും മാതാപിതാക്കളില്‍ ഒരാള്‍ തന്നെ കുട്ടികളെ അനുഗമിക്കുക. പ്രായമായവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ കുട്ടികളെ അനുഗമിക്കരുത്.
 • വീടിന് ഏറ്റവും അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് യാത്ര പരമാവധി കുറയ്ക്കുക.
 • കോവിഡ്-19 പോസിറ്റീവ് കേസുകള്‍ ഉണ്ടായ വീടുകളിലെ കുട്ടികളെ ക്വാറന്റൈന്‍ കഴിയുന്നതുവരെ വാക്സിനേഷന്‍ ആവശ്യത്തിനുപോലും വീടിന് പുറത്ത് ഇറക്കരുത്.

ഓര്‍ക്കുക- കോവിഡിനേക്കാള്‍ മാരകമാണ് ഡിഫ്ത്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍. ഇവ തടയാനുള്ള വാക്സിനുകള്‍ നമുക്ക് ലഭ്യമാണ്. പോളിയോ അടക്കം നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുനീക്കിയ ഇത്തരം രോഗങ്ങള്‍ മടങ്ങിവരാതിരിക്കാന്‍ മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ഓരോ കുട്ടിക്കും വാക്സിനേഷന്‍ ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

(കേരള ഹെല്‍ത്ത് സര്‍വീസസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: World Immunization Week, Vaccines for kids during Covid19, Health, Kids health