കോവിഡ് -19 കാലത്തും ഓരോ 30 സെക്കന്റിലും ഓരോ ജീവന്‍ പൊലിയാന്‍ കാരണമാകുന്ന കരള്‍ രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ മുതല്‍ ഇ വരെ അഞ്ചു തരം വൈറസുകള്‍ മൂലം ഉണ്ടാകുന്ന ഈ രോഗാവസ്ഥയില്‍ ഹെപ്പറ്റൈറ്റിസ് -ബി യും -സിയുമാണ് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും 11 ലക്ഷം പേര്‍ മരിക്കുകയും 30 ലക്ഷം പേര്‍ രോഗബാധിതരായി തീരുകയും ചെയ്യുന്നു.  പൊതുജനാരോഗ്യത്തിന് ആകെ ഭീഷണിയായി മാറിയ രോഗമെന്ന നിലയില്‍ ആരോഗ്യ പരിപാലകരെല്ലാം ഒരുമിച്ച് കൈകോര്‍ത്ത്, 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് മുക്തമായ ലോകമാണ് ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്നത്. 

ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്ക് ജീവന്‍രക്ഷാ ചികിത്സകള്‍ക്കായി ഈ കോവിഡ് കാലഘട്ടത്തില്‍ ഇനിയും കാത്തു നില്‍ക്കാനാവില്ലെന്ന പ്രധാന സന്ദേശമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിലൂടെ ലോകാരോഗ്യസംഘടന ലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഹെപ്പറ്റൈറ്റിസ് -ബി കണ്ടെത്താനുള്ള പരിശോധന ആരംഭിക്കുക, അതിലൂടെ ആവശ്യമെങ്കില്‍ കുഞ്ഞിലേക്ക് രോഗബാധ പകരുന്നത് തടയാന്‍ കഴിയും. ജനനസമയത്തു തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷന്‍ ഉറപ്പുവരുത്തുക, ഈ രോഗം ബാധിച്ചവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്ക് അറുതി വരുത്തുക, സാമൂഹ്യസംഘടനകളുടെ മുഖ്യ കര്‍മ്മമേഖലയാക്കി ഈ രംഗം മാറ്റുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ്, അനുബന്ധ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഔദ്യോഗിക തീരുമാനങ്ങളുണ്ടാവാനും സാമ്പത്തിക അടിത്തറയൊരുക്കാനും നയപരമായ പിന്തുണയുണ്ടാവണം. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്-ബി, സിഫിലിസ് എന്നീ മൂന്ന് രോഗങ്ങള്‍  പകരാതിരിക്കാന്‍ സംവിധാനമൊരുക്കണം, ഹെപ്പറ്റൈറ്റിസ് നിര്‍മ്മാര്‍ജ്ജനം എല്ലാ രാജ്യങ്ങളും ഏറ്റെടുക്കണം, ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്ക് ആഗോളതലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തണം തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.

ഇതിനായി ചില മാര്‍ഗ്ഗ നിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നു. ദേശീയ തലത്തില്‍ ഹെപ്പറ്റൈറ്റിസ് നിര്‍മാര്‍ജ്ജനത്തിനായി 2030നുള്ളില്‍ വരുന്ന വിധം കാലപരിധി നിശ്ചയിക്കുക, ഈ രോഗവുമായി പൊരുതുന്ന കുഞ്ഞുങ്ങളും മുതിര്‍ന്നവരുമായ എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തണം. സാമൂഹ്യക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധ ഈ രംഗത്തും പതിയേണ്ടതുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തിയോടൊപ്പം ആവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കിയാല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ ഈ രോഗത്തെ നമുക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്. ഹെപ്പറ്റൈറ്റിസ് -ബിയെപ്പോലെ കരളിനെ കാന്‍സര്‍ രോഗത്തിന് കാരണമാകുന്ന ഹെപ്പറ്റെറ്റിസ്-സി വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സ്വയം പരിശോധനയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. 

ഹെപ്പറ്റൈറ്റിസ് രോഗബാധിതരായ ആളുകളില്‍ നിന്നും രക്തം സ്വീകരിക്കുക, മയക്കു മരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സുരക്ഷിതമല്ലാത്ത ടാറ്റൂ ചിത്രണം തുടങ്ങിയവയാണ് ബി, സി ഗണങ്ങളിലുള്ള ഹെപ്പറ്റൈറ്റിസ് രോഗങ്ങളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ പഠനം അനുസരിച്ച് ലോകമാകെ ഈ രോഗം ബാധിച്ചവര്‍ 58 ദശലക്ഷം പേരാണെങ്കില്‍ രോഗവിവരം തിരിച്ചറിഞ്ഞവര്‍ 21 ശതമാനം മാത്രമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രോഗം കണ്ടെത്താതെ പോകുന്നതാണ് മരണ നിരക്ക് ഉയര്‍ത്തുന്നതെന്നും അത് നിയന്ത്രിക്കാന്‍ സ്വയം പരിശോധനാ സംവിധാനങ്ങള്‍ ഉപകരിക്കുമെന്നുമാണ് ആരോഗ്യരംഗത്തിന്റെ പ്രതീക്ഷ.

കേരളത്തില്‍ കൂടുതലും കണ്ടു വരുന്നത് താരതമ്യേന കുറഞ്ഞ തോതില്‍ അപകടകാരിയായ എ വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് ആണ്. മാലിന്യം കലര്‍ന്ന വെള്ളം, ഹെപ്പറ്റൈറ്റിസ് രോഗികളുടെ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍, മലിനമായ ജീവിത സാഹചര്യം തുടങ്ങിയവയില്‍ നിന്നാണ് ഈ രോഗമുണ്ടാകുന്നത്. ഫലപ്രദമായ ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണ് മുതിര്‍ന്നവരില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ് രോഗങ്ങളില്‍ അധികവും. എന്നാല്‍ സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ രോഗമുണ്ടെന്ന തിരിച്ചറിവിലേക്ക് എത്താനും കണ്ടെത്തിയാല്‍ ചികിത്സ തേടാനും തടസ്സം സൃഷ്ടിക്കുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയാനും രോഗം വരാതിരിക്കാനും നിലവില്‍ സംവിധാനമുണ്ടായിട്ടു പോലും അത് ഫലപ്രദമായി വിനിയോഗിക്കപ്പെടാത്തതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നുണ്ട്. ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും സമൂഹവും ഭരണകൂടവും ഒരുമിച്ച് ഒരു മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്നതു പോലെ ഒരു ദശകത്തിനുള്ളില്‍ നമുക്ക് ഈ രോഗത്തെ തുടച്ചു നീക്കാനാകും.

(സീനിയര്‍ കണ്‍സൾട്ടന്റ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി,
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്)

Content Highlights: World Hepatitis Day 2021, What is Hepatitis, Health, Liver Diseases