പ്രായമായവര്‍, കുട്ടികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവരിലാണ് കോവിഡ് 19 കൂടുതല്‍ തീക്ഷ്ണമായി അനുഭവപ്പെടുന്നത് എന്നാണ് പഠനങ്ങള്‍. ഇവര്‍ക്കൊപ്പം മറ്റ് അസുഖങ്ങളുള്ളവര്‍ എന്ന വിഭാഗവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെപ്പറ്റൈറ്റീസും, സിറോസിസും പോലെ കരളിനെ ബാധിക്കുന്ന രോഗങ്ങളഉള്വരില്‍ കോവിഡ് വന്നാല്‍ പ്രത്യാഘാതം കൂടുതല്‍ തീവ്രമാകുവാനുള്ള സാധ്യതയും കൂടുതലാണ്. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ കരള്‍രോഗങ്ങളുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

1. പ്രതിരോധം തന്നെ പ്രതിവിധി എന്ന മുദ്രാവാക്യം സ്വയം സ്വീകരിക്കുക. പ്രതിരോധത്തിനാവശ്യമായ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ മാര്‍ഗ്ഗങ്ങളും (മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറ ധരിക്കല്‍) നിര്‍ബന്ധമായും സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. വീട്ടിനകത്തും ഇത് നിര്‍ബന്ധമായും പിന്‍തുടരുക.

2. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്വയം ക്വാറന്റൈന്‍ സ്വീകരിക്കുക. റിവേഴ്സ് ക്വാറന്റൈന്‍ എന്ന ഈ രീതിയിലൂടെ മറ്റുള്ളവരില്‍ നിന്ന് കോവിഡ് പകര്‍ന്ന് കിട്ടാനുള്ള എല്ലാ സാധ്യതകളും കുറഞ്ഞ് കിട്ടും. 

3. ആള്‍ക്കുട്ടം നിര്‍ബന്ധമായും ഒഴിവാക്കുക. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളില്‍ പോകാതിരിക്കുക. സാധനങ്ങള്‍ വാങ്ങിക്കാന്‍ കടകളില്‍ പോകരുത്. 

4. ജോലി ചെയ്യുന്നവര്‍ വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിക്കുക.

5. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പ്രതിരോധ ശേഷി കൂട്ടുവാനുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കരുത്. ഇവ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷം ഉണ്ടാകുവാന്‍ കാരണമാകും.

6. ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ചികിത്സാ രീതികള്‍ സ്വീകരിക്കരുത്.

7. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. ടെലി മെഡിസിന്‍, മൊബൈല്‍ ഫോണ്‍ മുതലായവയിലൂടെ ഡോക്ടറുടെ ഉപദേശം തേടുക. നിര്‍ബന്ധമായും ആശുപത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുക.

8. സിറോസിസ് ഉള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ തുടരുക. സ്റ്റിറോയിഡ്/അസത്തിയോപ്രൈന്‍ മുതലായ മരുന്നുകള്‍ കഴിക്കുന്നവരും ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവരും ഡോക്ടറുമായി ബന്ധപ്പെട്ട ശേഷം മാത്രം അനുബന്ധ കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

ഇത്തരത്തിലുള്ള മുന്‍കരുതലുകളെല്ലാം സ്വയം രക്ഷയ്ക്കും അതിലൂടെ സമൂഹത്തിന്റെ തന്നെ സുരക്ഷയ്ക്കും വേണ്ടിയാണെന്നുള്ള ഓര്‍മ്മ എല്ലാവര്‍ക്കുമുണ്ടാകണം. എല്ലാവര്‍ക്കും വരും എനിക്ക് മാത്രം വരില്ല എന്ന മനോഭാവമാണ് ഏറ്റവും അപകടകരം.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റാണ് ലേഖകന്‍) 

Content Highlights:World Hepatitis Day 2020: Causes, symptoms, treatment and prevention during Corona pandemic