പ്രതീകാത്മക ചിത്രം | Photo: Getty Images
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 250 കോടി ജനങ്ങളാണ് കേള്‍വി തകരാര്‍ മൂലം കഷ്ടപ്പെടുന്നത്. അതായത് ലോക ജനസംഖ്യയുടെ നാലില്‍ ഒരാള്‍ക്ക് കേള്‍വി തകരാറുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ അതീവ ഗൗരവതരമായ സാമൂഹിക അവസ്ഥയാണ് കേള്‍വിക്കുറവ് എന്ന് കണക്കാക്കാം. പഠന സംബന്ധമായ ബുദ്ധിമുട്ടുകള്‍, തൊഴില്‍പരമായ തടസ്സങ്ങള്‍, ഒറ്റപ്പെടല്‍ തുടങ്ങി അനേകം പ്രത്യാഘാതങ്ങളെയാണ് കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇത്തരം സാഹചര്യത്തിലാണ് കേള്‍വിക്കുറവിനെ കുറിച്ച് ലോകവ്യാപകമായി ബോധവത്കരണം നടത്തുവാനും ഈ സാഹചര്യത്തെ അതിജീവിക്കാന്‍ സഹായകരമാകുന്ന ഇടപെടലുകള്‍ നടത്താനുമായി ലോകാരോഗ്യ സംഘടന എല്ലാവര്‍ഷവും മാര്‍ച്ച് 3ാം തിയ്യതി ലോക കേള്‍വിദിനമായി പ്രഖ്യാപിച്ചത്.
എങ്ങിനെയാണ് നമ്മള്‍ കേള്‍ക്കുന്നത്.
ശബ്ദം കേള്‍ക്കുക, തിരിച്ചറിയുക എന്നിവ വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ചെവിയില്‍ പ്രവേശിക്കുന്ന ശബ്ദം ചെവിയിലൂടെ കോക്ലിയ എന്ന ഭാഗത്താണ് ശബ്ദം എത്തിച്ചേരുന്നത്. ഇവിടെ നിന്നുള്ള ഞരമ്പുകളിലൂടെ തലച്ചോറിലെ കേള്‍വിയുടെ ഭാഗത്തെത്തിച്ചേരുകയും കേള്‍വി യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു.
കേള്‍വി സംബന്ധമായ തകരാറുകളെ പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. കോക്ലിയയില്‍ പ്രവേശിക്കുന്നത് വരെയുള്ള വഴിയിലെവിടെയെങ്കിലും തടസ്സമുണ്ടായാല്‍ സ്വാഭാവികമായും കേള്‍വിത്തകരാറുണ്ടാകും. ഇതിനെ കണ്ടക്റ്റീവ് ഹിയറിങ്ങ് ലോസ്സ് എന്നാണ് വിളിക്കുന്നത്. അതുപോലെ തന്നെ കോക്ലിയയിലെ തകരാറുകള്‍ മൂലമോ, കോക്ലിയയില്‍ നിന്നുള്ള ഞരമ്പ് തലച്ചോറിലെത്തുന്നതിനിടയിലുണ്ടാകുന്ന തകരാറുകള്‍ മൂലമോ കേള്‍വിത്തകരാറുണ്ടാകാം. ഇതിനെ സെന്‍സറി ന്യൂറല്‍ ഹിയറിങ്ങ് ലോസ്സ് എന്നാണ് പറയുന്നത്.
കണ്ടകറ്റീവ് ഹിയറിംഗ് ലോസ്സ്
ചെവിയില്‍ ചെപ്പി എന്ന് വിശേഷിപ്പിക്കുന്ന വാക്സ് അടിഞ്ഞ് കൂടിയാല്‍ കേള്‍വിത്തകരാര്‍ സംഭവിക്കാറുണ്ട്. അതുപോലെ ചെവിയിലെ പാടയില്‍ ദ്വാരം വീഴുക, കുട്ടികളില്‍ പാടയ്ക്കുള്ളില്‍ നീര് നിറയുക തുടങ്ങിയവയെല്ലാം കണ്ടക്റ്റീവ് ഹിയറിംഗ് ലോസ്സിനുള്ള കാരണങ്ങളാണ്.
കേള്‍വിക്കുറവുണ്ട് എന്ന തിരിച്ചറിയലാണ് ഇതില്‍ ഏറ്റവും പ്രധാനം. കുട്ടികളിലെ ശ്രദ്ധക്കുറവ് ഇതിന് വലിയ ഉദാഹരണമാണ്. സ്‌കൂളില്‍ നിന്നും മറ്റും അദ്ധ്യാപകര്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക, പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതിരിക്കുക, മാതാപിതാക്കളോ മറ്റുള്ളവരോ വിളിച്ചാലും മറ്റും ശ്രദ്ധിക്കാതിരിക്കുക, പാടയില്‍ നിന്ന് സ്രവം ഒലിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായിരിക്കാം.
രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അടുത്ത ഘട്ടം ചികിത്സയാണ്. ചില അവസ്ഥകള്‍ മരുന്ന് ഉപയോഗിച്ച് തന്നെ ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ മരുന്ന് ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായി വരും. നേരത്തെ തന്നെ ചികിത്സിക്കുക എന്നത് ഇതില്‍ പ്രധാനമാണ്. പലപ്പോഴും പാടയില്‍ ദ്വാരം ശ്രദ്ധയില്‍ പെട്ടാലും പെട്ടെന്ന് കേള്‍വി തകരാര്‍ സംഭവിച്ചു എന്ന് വരില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പേരും ചികിത്സിക്കാതെ മുന്‍പിലേക്ക് പോവുകയും ചെയ്യും. പിന്നീട് ഒരു നിശ്ചിത കാലം കഴിഞ്ഞാലാണ് കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാവുക. അപ്പോഴേക്കും മരുന്ന് ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ പൂര്‍ണ്ണമായി ഭേദമാക്കാന്‍ സാധിക്കുന്ന അവസ്ഥ പിന്നിട്ട് കഴിഞ്ഞിട്ടുണ്ടാകും. അതിനാല്‍ തന്നെ അസുഖം ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ നിര്‍വ്വഹിക്കുക എന്നത് പരമപ്രധാനമാണ്.
സെന്‍സറിന്യൂറല്‍ ഹിയറിംഗ് ലോസ്സ്
കുട്ടികളില്‍ ജന്മനാ തന്നെ കാണപ്പെടുന്ന കേള്‍വിത്തകരാറുകള്‍ കൂടുതലും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയായിരിക്കും. ജനിച്ച ഉടനെ തന്നെ കുഞ്ഞുങ്ങളിലെ കേള്‍വിശേഷി പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. ഇങ്ങനെ നേരത്തെ തന്നെ കേള്‍വിക്കുറവ് ശ്രദ്ധയില്‍ പെട്ടാല്‍ അതിനാവശ്യമായ ചികിത്സകള്‍ സ്വീകരിക്കാന്‍ സാധിക്കും. മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുക, ശ്രവണ സഹായികള്‍ ഉപയോഗിക്കുക, കോക്ലിയാര്‍ ഇംപ്ലാന്റ് നിര്‍വ്വഹിക്കുക മുതലായവയെല്ലാം ഇതിന് സഹായകരമാണ്. ചെറുപ്പത്തിലേ നിര്‍വ്വഹിച്ചാല്‍ സംസാര ശേഷി സ്ഫുടമായിരിക്കുവാനും, കുഞ്ഞിന്റെ ഭാവി തന്നെ സംരക്ഷിക്കുവാനും സാധിക്കും.
ചിലരില്‍ അണുബാധകള്‍ മൂലം കേള്‍വി സംബന്ധമായ തകരാറുകള്‍ സംഭവിക്കാറുണ്ട്. ഇതും സെന്‍സറിന്യൂറല്‍ ഹിയറിംഗ് ലോസ്സിലാണ് കൂടുതലായും ഉള്‍പ്പെടുന്നത്. കുഞ്ഞുങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ വാക്സിനുകളും നിര്‍ബന്ധമായും സ്വീകരിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി. ചെവിയിലെ അസുഖങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്ന പതിവും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന മരുന്നുകളില്‍ പലതും തെറ്റായ സാഹചര്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് മൂലം കേള്‍വിത്തകരാര്‍ സംഭവിക്കും. ശബ്ദമലിനീകരണം കേള്‍വിത്തകരാറിനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. സ്ഥിരമായി അമിത ശബ്ദം കേള്‍ക്കുക, ഇയര്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുക എന്നിവയെല്ലാം ഇതിന് കാരണമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ് ഇത്തരത്തിലുള്ള കേള്‍വിത്തകരാറുണ്ടാകുന്നതിനെ അതിജീവിക്കാനുള്ള എളുപ്പവഴി.
നമ്മുടെ മനസ്സിലെ ആശയങ്ങള്‍ മറ്റൊരാളുമായി സംവേദനം ചെയ്യുവാനുള്ള ഉപാധിയാണ് ശബ്ദവും കേള്‍വിയും. ഇത് നഷ്ടപ്പെടുന്ന അവസ്ഥ അത്രത്തോളം വേദനാജനകമാണെന്നത് പറഞ്ഞറിയിക്കുവാന്‍ സാധിക്കില്ല. ഇത്രയും പ്രധാനപ്പെട്ടതായിട്ട് പോലും നമ്മുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധകൊണ്ട് മാത്രം പലപ്പോഴും വലിയ വിപത്ത് സംഭവിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി ശ്രദ്ധ പുലര്‍ത്തുവാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും, ചെറിയ ലക്ഷണങ്ങളെ പോലും അവഗണിക്കാതെ ചികിത്സ തേടാനും ശ്രമിക്കണം. ഇമൃല യേേലലൃ ളീൃ വലമൃശിഴ യേേലലൃ എന്നത് എല്ലായ്പ്പോഴും ഓര്‍മ്മിക്കുക.
(കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗം സര്‍ജനാണ് ലേഖിക)
Content Highlights: world hearing day 2022, how does deafness occur, can survive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..