പെട്ടെന്നുള്ള കേള്‍വി കുറവ് അഥവാ പെട്ടെന്നുള്ള ഉള്‍ചെവിയിലെ കേള്‍വി കുറവ് വിശദീകരിക്കാന്‍ സാധിക്കില്ല. വേഗത്തില്‍ കേള്‍വി നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. ഇത് ഒരു രാത്രി കൊണ്ടോ ദിവസങ്ങള്‍ക്കുള്ളിലോ സംഭവിച്ച് ക്രമേണ കേള്‍വി കുറവ് വര്‍ധിക്കാനും സാധ്യതയുണ്ട്. 

പെട്ടെന്നുള്ള ഉള്‍ചെവിയിലെ കേള്‍വി കുറവ് എല്ലാ പ്രായക്കാരിലും പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്നു. പകുതിയിലധികം പേര്‍ക്കും തുടര്‍ച്ചയായി ചെവിയില്‍ ഉണ്ടാകുന്ന മൂളല്‍ ശബ്ദം (Tinnitus), ചെവിയടപ്പ് (ear fullness), തലകറക്കം (vertigo) എന്നിവ അനുഭവപ്പെട്ടേക്കാം.

രോഗകാരണങ്ങള്‍ 

വിവിധ തരത്തിലുള്ള വിഷാണുക്കള്‍, പെരിലിംഫാറ്റിക് ഫിസ്റ്റുല, വാസ്‌കുലാര്‍ രോഗങ്ങള്‍, ബ്ലഡ് ഡിസോര്‍ഡറുകള്‍ (ഉദാ: സിക്കിള്‍ സെല്‍), എംബോളിസം, വാസ്‌കുലാര്‍ സ്പാസം, പെരിലിംഫ് ഹൈപ്പര്‍ ടെന്‍ഷന്‍, റെയ്‌സ്‌നേഴ്‌സ് സ്തരം പൊട്ടുന്നത് (Rupturing of Reissner's Membrane), മീനിയേഴ്സ് ഡിസീസ്, തുടങ്ങിയവ.
എന്നാല്‍ തലയ്‌ക്കേറ്റ ആഘാതം, ടോക്‌സിക് മരുന്നുകളുടെ ഉപയോഗം, ശബ്ദം മൂലം സംഭവിക്കുന്ന ആഘാതം തുടങ്ങിയവ പലപ്പോഴും പെട്ടെന്നുള്ള കേള്‍വി കുറവിന് സമാനമായ കാരണങ്ങളില്‍ പെടുന്നു.

പെട്ടെന്നുള്ള കേള്‍വി കുറവ് പെട്ടെന്ന് കാഴ്ചശക്തി നഷ്ടപ്പെടുന്നത് പോലെയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയായി കണക്കാക്കപ്പെടുന്നു.

ചികിത്സ

കേള്‍വി പെട്ടെന്ന് കുറയുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ ഒരു ഇ.എന്‍.ടി. ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം. ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേള്‍വി പരിശോധന നടത്തി കേള്‍വിയുടെ തോത്, ഏതു തരം കേള്‍വി കുറവാണ് എന്ന് കണ്ടെത്തുകയും ചെയ്യണം. ഉള്‍ചെവിയെയും ഞരമ്പിനെയും ബാധിക്കുന്ന കേള്‍വി കുറവ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇ.എന്‍.ടി. ഡോക്ടര്‍, ഓഡിയോളജിസ്റ്റ് എന്നിവരുടെ ഒരുമിച്ചുള്ള സേവനം ഇവിടെ ആവശ്യമാണ്.  കഴിയുന്നതും വേഗം (72 മണിക്കൂറിനുള്ളില്‍) ചികിത്സ ലഭിച്ചെങ്കില്‍ കേള്‍വി കുറവിന്റെ കാരണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയിലൂടെ രോഗിയുടെ കേള്‍വി വീണ്ടെടുക്കാനോ സ്ഥിരപ്പെടുത്താനോ കഴിയും. 32 ശതമാനം മുതല്‍ 65 ശതമാനം വരെ രോഗികളില്‍ കേള്‍വിശക്തി പൂര്‍ണ്ണമായും തിരിച്ചുകിട്ടാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

പെട്ടെന്നുള്ള കേള്‍വിക്കുറവിന് സാധാരണയായി മരുന്നിലൂടെയുള്ള ചികിത്സയാണ് നല്‍കി വരുന്നത്. രോഗ ലക്ഷണങ്ങള്‍ക്കനുസരിച്ച് കോര്‍ട്ടിക്കോ സ്റ്റിറോയിഡ്‌സ്, വാസോ ഡയലേറ്റേഴ്‌സ്, ആന്റികൊയാഗുലന്റ്‌സ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സകള്‍ നല്‍കി പ്യുവര്‍ ടോണ്‍ ഓഡിയോമെട്രി (Pure Tone Audiometry (PTA) എന്ന കേള്‍വി പരിശോധനയിലൂടെ ഇടയ്ക്കിടെ ചികിത്സാപുരോഗതി നിര്‍ണയിക്കുകയും ചെയ്തുകൊണ്ടുള്ള ചികിത്സയാണ് ചെയ്യുക. കൂടാതെ ആറുമാസം കൂടുമ്പോള്‍ പ്യുവര്‍ ടോണ്‍ ഓഡിയോമെട്രിയ്ക്ക് വിധേയമാക്കുകയും ചെയ്യണം. ഒരു ചെവിയുടെ കേള്‍വി തിരിച്ചുകിട്ടിയില്ലെങ്കില്‍ മറ്റേ ചെവി കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. 

ഒരു ചെവിക്ക് മാത്രം പൂര്‍ണമായി കേള്‍വി കുറവാണെങ്കില്‍ കോണ്‍ട്രാലാറ്ററല്‍ റൂട്ടിങ് ഓഫ് സിഗ്നല്‍സ് (Contralateral Routing Of Signals (CROS) ഹിയറിങ് എയ്ഡ് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ആവശ്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റബിള്‍ എയ്ഡും ചെയ്യാവുന്നതാണ്. രണ്ടു ചെവികള്‍ക്കും പൂര്‍ണമായി കേള്‍വി കുറവ് ബാധിച്ചെങ്കില്‍ ആവശ്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്യാവുന്നതാണ്.

(നാദാപുരം ജയ്ഹിന്ദ് മള്‍ട്ടിസ്‌പെഷ്യലിറ്റി മെഡിക്കല്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ് ഓഡിയോളജിസ്റ്റും സ്പീച്ച് കണ്‍സള്‍ടന്റ് ഓഡിയോളജിസ്റ്റ് & സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുമാണ് ലേഖകന്‍)

Content Highlights: World Hearing Day 2021, Sudden hearing loss; Seek treatment quickly, Health, Ear Health, Hearing Loss