ഇന്ന് ലോകാരോ​ഗ്യദിനം; നീതിയുക്തവും ആരോ​ഗ്യപൂർണവുമായ ലോകം പടുത്തുയർത്താം


ഡോ. സുരഭ സുനിൽ

ലോകത്തെല്ലാവർക്കും കൂടുതൽ തിളക്കമുള്ളതും, ആരോഗ്യപൂർണ്ണവുമായ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്

Representative Image | Photo: Gettyimages.in

ർഷം തോറും ഏപ്രിൽ 7 ലോകത്താകമാനം "ലോകാരോഗ്യദിന”മായി ആചരിച്ചു വരികയാണല്ലോ. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകാരോഗ്യസംഘടന അഥവാ "WHO” യുടെ നേതൃത്വത്തിലാണ് ഇത് കൊണ്ടാടുന്നത്.

1948-ൽ പ്രഥമ ആരോഗ്യസഭ വിളിച്ചു ചേർത്ത അന്നുമുതൽ, വർഷംതോറും ഏപ്രിൽ 7 ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നു. ലോകാരോഗ്യസംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതോടൊപ്പം, ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും, ഈ ദിനാചരണം പ്രയോജനപ്പെടുന്നു. സ്വാഭാവികമായും, ഈ വർഷത്തേത് 'കോവിഡ്’ എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നും ഉൻമൂലനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതികളെ പറ്റിയാവുമല്ലോ .

"BUILDING A FAIRER, HEALTHIER WORLD" എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. ലോകത്തെല്ലാവർക്കും കൂടുതൽ തിളക്കമുള്ളതും, ആരോഗ്യപൂർണ്ണവുമായ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. "ലോകാ: സമസ്താ: സുഖിനോ ഭവന്തു” എന്ന് പണ്ട് നമ്മുടെ ആചാര്യന്മാർ പറഞ്ഞുവെച്ചതു തന്നെ.

ഇപ്രാവശ്യത്തെ ലോകാരോഗ്യദിനാചരണത്തിനു മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രസക്തിയേറെയാണ്. അത് എന്തുകൊണ്ടാണെന്ന് അറിയണമെങ്കിൽ കോവിഡിനു മുൻപുള്ള ജനജീവിതവും, കോവിഡാനന്തരമുള്ള ജനജീവിതവും നമ്മളൊന്ന് താരതമ്യം ചെയ്തു നോക്കേണ്ടി വരും.

നമ്മുടെ ഈ ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. പാശ്ചാതൃരും പൗരസ്ത്യരും തമ്മിൽ വ്യത്യാസം, തെക്കും വടക്കും തമ്മിൽ വ്യത്യാസം എന്തിന്, ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കിൽ ഒരു ജില്ലയുടെ തന്നെ രണ്ടറ്റത്തുനിന്നുമുള്ള ജനങ്ങൾ തമ്മിലും കാണാം, ഈ വ്യത്യാസം. അവരുടെ ജീവിതരീതിയിൽ ഉടനീളം പ്രകടമായ മാറ്റങ്ങൾ കാണാവുന്നതാണ്.

ജനിച്ച സ്ഥലം, വിദ്യാഭ്യാസം, അറിവ്, ജോലി, ജീവിതസാഹചര്യങ്ങൾ, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത, പ്രായം, ലിംഗ അസമത്വം എന്നിവയൊക്കെ ജീവിത നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന സൂചികകളാണ്. കോവിഡ് ഈ അസമത്വം ഒന്നുകൂടി വർധിപ്പിച്ചു എന്നതൊരു യാഥാർഥ്യം. നല്ല പഠിപ്പും, ആരോഗ്യവും, മെച്ചപ്പെട്ട ജീവിത നിലവാരവുമുള്ള യുവജനങ്ങൾ മഹാമാരിയെ അതിജീവിച്ചതു പോലെ ഗ്രാമപ്രദേശങ്ങളിലെ നിരക്ഷരകുക്ഷികളും, നിർദ്ധനരുമായ ജനങ്ങൾക്ക് കോവിഡിനെ നേരിടാനായില്ല. ദിവസവേതനക്കാരായ അവർക്ക് ലോക്ക്ഡൗൺ ഏൽപ്പിച്ച പ്രഹരം കുറച്ചൊന്നുമല്ല. പലർക്കും ജോലി നഷ്ടപ്പെട്ടു. പ്രായമായവരിലേയും, കുട്ടികളിലേയും പോഷകാഹാരക്കുറവ് അവരെ കൂടുതൽ കൂടുതൽ അസുഖങ്ങളിലേക്കും, വിഷാദരോഗങ്ങളിലേക്കും തള്ളിവിട്ടു.

ഗ്രാമപ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളുടെ കുറവ് സ്ഥിതി കൂടുതൽ വഷളാക്കി. ചികിത്സിച്ച് ഭേദമാക്കാമായിരുന്ന അസുഖങ്ങൾ ബാധിച്ചവർ തക്ക സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. രക്ഷപ്പെട്ടവരാകട്ടെ, ജോലി ചെയ്യാൻ പോലുമാകാതെ നിത്യരോഗികളായി മാറി. സ്വതവേ ദാരിദ്ര്യം കൂടപ്പിറപ്പായ അവർ ഒന്നുകൂടി ദരിദ്രരായി.

ഇത് ഭാവിയിൽ കുറ്റകൃത്യങ്ങൾ പെരുകാനും, അരാജകത്വം കൊടികുത്തിവാഴാനും കാരണമാകും. സമ്പന്നനും, ദരിദ്രനും തമ്മിലുള്ള അന്തരം പിന്നേയും കൂടാനും കാരണമാകും. ഈ വ്യത്യാസം ഏറ്റവും കുറച്ചു കൊണ്ടുവരുമ്പോഴാണ് ലോകനന്മ ഉണ്ടാകുന്നത്. അതിനായുള്ള പ്രയത്നത്തിലാണ് ലോകാരോഗ്യസംഘടന. ഇക്കൊല്ലത്തെ ലോകാരോഗ്യദിനസന്ദേശവും ഇതുൾക്കൊള്ളുന്നതത്രേ.

ഈ ലക്ഷ്യം നിറവേററുന്നതിലേക്കായി എന്തൊക്കെയാണ് ലോകാരോഗ്യസംഘടന രാഷ്ട്രത്തലവൻമാരെ ഏൽപ്പിച്ചിരിക്കുന്നതെന്നു നോക്കാം:
1. താഴെക്കിടയിലുള്ള ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ യാതനകളുടെ മൂലകാരണം കണ്ടുപിടിച്ച് അതിനൊരു പോംവഴി കണ്ടെത്തുക.
2. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസൂചികകൾ- അതായത് വയസ്, വരുമാനം, വിദ്യാഭ്യാസം, ലിംഗഭേദം, വൈകല്യങ്ങൾ, വാസസ്ഥലം എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക. ഇത് അതാത് സ്ഥലത്തെ വ്യത്യസ്തമായ പ്രശ്നങ്ങളെ കൃത്യതയോടെ കണ്ട് സത്വരനടപടികൾ കൈകൊള്ളുന്നതിന് സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ “customize” ചെയ്യുക എന്നതു തന്നെ.
3. ജനങ്ങൾക്കിടയിലെ അസമത്വം കുറച്ചു കൊണ്ടുവരിക: അതായത് “പ്രെെമറി ഹെൽത്ത് കെയർ” സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുക. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുക വഴി പാവപ്പെട്ടവനും ഏതു സമയത്തും വൈദ്യസഹായം ഉറപ്പാക്കുക. അങ്ങനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാനാണ് WHO ലക്ഷ്യമിടുന്നത്.
4. അതിരുകൾ കടന്നുള്ള സഹായവാഗ്ദാനങ്ങൾ: കോവിഡു പോലുള്ള ഒരു മഹാമാരിക്കെതിരെ പൊരുതുമ്പോൾ രാജ്യാതിർത്തികൾ ഒരിക്കലും ഒരു തടസ്സമാകരുത്. അത്, ചികിത്സയായാലും, വാക്സിനേഷനായാലും, തുടർപരീക്ഷണങ്ങളായാലും രാജ്യങ്ങൾ ഒറ്റക്കെട്ടായി മുന്നേറണം. എന്നാൽ മാത്രമേ അതിനെ ഭൂമുഖത്തു നിന്നു തുടച്ചുമാറ്റാൻ സാധിക്കൂ. അല്ലാത്തിടത്തോളം കാലം അതിങ്ങനെ ഭൂഖണ്ഡങ്ങളിൽ നിന്നു ഭൂഖണ്ഡങ്ങളിലേക്ക് പടർന്നു കൊണ്ടേയിരിക്കും.

ആരോഗ്യ രംഗത്തെ അസമത്വങ്ങളെ കൃത്യമായി വിശകലനം ചെയ്യുവാനായി HEAT, HEAT PLUS (Health Equity Assessment Toolkit) എന്നിങ്ങനെ രണ്ടു സൂചികകൾ ലോകാരോ​ഗ്യ സംഘടന വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇതിൽ HEAT, 118 വികസ്വരരാജ്യങ്ങളിലെ അമ്മമാരുടേയും, കുഞ്ഞുങ്ങളുടേയും ആരോഗ്യ സൂചികകൾ അപഗ്രഥനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

HEAT PLUS ആകട്ടെ, ആരോഗ്യരംഗമൊഴിച്ചുള്ള മറ്റു മേഖലകളിലെ അസമത്വങ്ങൾ ദേശീയ, അന്തർദ്ദേശീയ തലത്തിൽ താരതമ്യം ചെയ്തു പഠിക്കാൻ സഹായിക്കുന്നു. കോവിഡ് മഹാമാരി വരുത്തിവെച്ച സാമ്പത്തിക-സാമുദായിക-സാംസ്ക്കാരിക അസമത്വങ്ങൾ വരെ ഇതിൽ രേഖപ്പെടുത്താനാകും. ഇത് വിശകലനം ചെയ്ത്, മുൻഗണനാക്രമം നിശ്ചയിക്കാം.

എന്താണ് ACT-Accelerator?
"Access to COVID-19 Tools (ACT)" എന്നത് അന്തർദ്ദേശീയ തലത്തിൽ കോവിഡിനെതിരായ ടെസ്റ്റുകൾ, ചികിത്സ, വാക്സിനുകൾ എന്നിവ വികസിപ്പിച്ചെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തെടുത്ത ഒരു പദ്ധതിയാണ്.

കഴിഞ്ഞ വർഷം- അതായത് ഏപ്രിൽ 2020 ന് ലോകാരോ​ഗ്യസംഘടന ഡയറക്ടർ ജനറലും, മെലിൻഡ ആന്റ് ബിൽ ഗേററ്സ് ഫൗണ്ടേഷൻ പോലുള്ള ഒട്ടനവധി ഗവർണ്മെന്റിതര പ്രസ്ഥാനങ്ങളും കൈകോർത്ത് രൂപം കൊടുത്തതാണ് ഇത്.

സംക്ഷിപ്തം:
എത്രയും വേഗം ഈ കോവിഡ് മഹാമാരിക്കൊരു ശമനമുണ്ടാക്കുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. അതിന്,
1. ഉച്ചനീചത്വങ്ങളില്ലാതെ, കോവിഡിന്റെ ടെസ്റ്റുകൾ, ചികിത്സ, വാക്സിൻ എന്നിവ എത്രയും പെട്ടെന്ന് ലോകത്ത് എല്ലാവർക്കും ലഭ്യമാക്കണം.
2. കോവിഡ് വരുത്തിവെച്ച സാമ്പത്തിക-സാമുദായിക അസമത്വങ്ങൾ ഇല്ലാതാക്കി എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തണം.
3. ദീർഘകാലാടിസ്ഥാനത്തിൽ, ഇനിയൊരു മഹാമാരി പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഫലപ്രദമായി കണ്ടെത്തി, മാനവരാശിയെ രക്ഷിക്കണം.

"ലോകാ: സമസ്താ: സുഖിനോ ഭവന്തു:" എന്നതുതന്നെയാണ് “BUILDING A FAIRER, HEALTHIER WORLD“ എന്നതുകൊണ്ട് ലോകാരോ​ഗ്യ സംഘടന ഉദ്ദേശിക്കുന്നതെന്ന് പറയാം.

ആരാധ്യനായ നമ്മുടെ മുൻരാഷ്ട്രപതി അബ്ദുൾ കലാം സാറിന്റെ ഒരു സന്ദേശം ഇതോടൊപ്പം ചേർത്തുവായിക്കണം:
“ഓരോ വ്യക്തിയും നന്നായാൽ കുടുംബം നന്നാകും, കുടുംബം നന്നായാൽ സമൂഹം നന്നാകും, സമൂഹം നന്നായാൽ രാജ്യം നന്നാകും, രാജ്യങ്ങൾ നന്നായാൽ ഈ ലോകം നന്നാകും. അങ്ങനെ, വ്യക്തിനന്മയിൽ നിന്നും ലോക നന്മയിലേക്ക്...

അതുകൊണ്ട് നമുക്കെല്ലാവർക്കും- പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരായ നമുക്ക് പ്രത്യേകിച്ചും പ്രകാശപൂരിതമായ, ആരോഗ്യപൂർണ്ണമായ ഒരു ജനതയെ വാർത്തെടുക്കാൻ, ലോകാരോഗ്യ സംഘടനയോടൊപ്പം അണിചേരാം...

(തുറവൂർ താലൂക്കാശുപത്രിയിലെ നേത്രരോ​ഗവിദ​ഗ്ധയാണ് ലേഖിക)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: World Health Day 2021, Building a fairer, healthier world, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented