Representative Image | Photo: Gettyimages.in
തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാകാൻ ഇടയാക്കുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. 60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹബാധിതർ, രക്താതിമർദമുള്ളവർ, നേത്രരോഗങ്ങൾ ഉള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയുള്ളവർ, ദീർഘകാലമായി കോർട്ടിക്കോസ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.
എന്താണ് ഗ്ലോക്കോമ
കണ്ണിലെ മർദം ക്രമാതീതമായി കൂടുന്നതുമൂലം കാഴ്ച നൽകുന്നതിനുള്ള ഒപ്റ്റിക് നെർവിന് നാശമുണ്ടായി ക്രമേണ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുകയും തുടർന്ന് മുഴുവനായും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ഒരിക്കൽ കാഴ്ച നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും അത് തിരിച്ചുപിടിക്കാനാവില്ല എന്നതാണ് ഗ്ലോക്കോമയുടെ പ്രത്യേകത.
ഗ്ലോക്കോമ ഉണ്ടാകുന്നത് കണ്ണിലെ പ്രഷർ കൂടി
കണ്ണിനുളളിലെ പ്രഷർ സാധാരണ നില 10-21 mm വരെയാണ്. ഇത് കൂടുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാകുന്നത്.
കണ്ണിൽ രണ്ട് തരം ദ്രവങ്ങളുണ്ട്. അക്വസ് ഹ്യൂമർ എന്ന ദ്രവമാണ് ഒന്ന്. കണ്ണിനുള്ളിൽ ലെൻസിന് മുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലെൻസിന് പിന്നിലുള്ള ജെല്ലി പോലുള്ള വിട്രിയസ് ഹ്യൂമറാണ് രണ്ടാമത്തേത്. കണ്ണിന് ആവശ്യമായ പോഷകങ്ങൾ നൽകുക, കണ്ണിനെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് ഈ ദ്രവങ്ങളുടെ ചുമതലകൾ. ഇതിൽ അക്വസ് ഹ്യൂമറാണ് കണ്ണിലെ പ്രഷർ നിയന്ത്രിക്കുന്നത്.
അക്വസ് ദ്രവത്തിന്റെ ഉത്പാദനം കൂടുന്നത്, അക്വസ് ഹ്യൂമറിന്റെ ഒഴുക്കിന് തടസ്സമുണ്ടാകുന്നത്, കണ്ണിന് പറ്റുന്ന പരിക്കുകൾ, ചില മരുന്നുകൾ എന്നിവ കണ്ണിലെ പ്രഷർ കൂടാൻ ഇടയാക്കും.
ഗ്ലോക്കോമ പലതരം
ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ: ഈ അവസ്ഥയിലുള്ളവരുടെ കണ്ണിലെഐറിസിനും കോർണിയയ്ക്കും ഇടയ്ക്കുള്ള ഭാഗം തുറന്നിട്ടായിരിക്കും. ഇതിലൂടെ അക്വസ് ഹ്യൂമർ ഒഴുകി പുറത്തുപോകുന്ന ചാനലുകളിൽ തടസ്സമുണ്ടാകും. ഇതാണ് പ്രഷർ കൂടാൻ കാരണം. പതുക്കെയാണ് പ്രഷർ കൂടുക. ആദ്യമൊന്നും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല.
ലക്ഷണങ്ങൾ
65 വയസ്സ് കഴിഞ്ഞവർ, കുടുംബത്തിൽ ഗ്ലോക്കോമ രോഗം ഉള്ളവർ, മയോപ്പിയ (ഹ്രസ്വദൃഷ്ടി) ഉള്ളവർ എന്നിവരിലാണ് ഓപ്പൺ ആങ്കിൾ ഗ്ലോക്കോമ കൂടുതൽ കാണുന്നത്. ആദ്യം കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല. ചിലരിൽ വശങ്ങളിലെ കാഴ്ച നഷ്ടപ്പെട്ട് ഒരു കുഴലിലൂടെ കാണുന്ന പോലെ തോന്നുന്ന അവസ്ഥ (ട്യൂബുലാർ വിഷൻ) ഉണ്ടാകും.
ആംഗിൾ ക്ലോഷർ ഗ്ലോക്കോമ: ഈ രോഗമുള്ളവരിൽ ഐറിസിനും കോർണിയയ്ക്കും ഇടയിലുള്ള വിടവ് വളരെ കുറവായിരിക്കും. അതിനാൽ അക്വസ് ഹ്യൂമർ ഒഴുകുന്നതിൽ തടസ്സമുണ്ടാകും. ഇതുമൂലം കണ്ണിൽ പ്രഷർ വളരെ വേഗം കൂടി കണ്ണിൽ നീര്, വേദന, തലവേദന, ഛർദി എന്നിവ ഉണ്ടാകും. പെട്ടെന്ന് കാഴ്ച മങ്ങാനും സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
കണ്ണിന് കടുത്ത വേദനയും ചുവപ്പും തലവേദനയും ഛർദിയും ഉണ്ടാവുക, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുക, വസ്തുക്കൾക്ക് ചുറ്റും നിറങ്ങൾ പോലെ കാണുക എന്നിവയാണ് ആങ്കിൾ ക്ലോഷർ ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ.
നോർമൽ ടെൻഷൻ ഗ്ലോക്കോമ: കണ്ണിന്റെ പ്രഷർ നോർമൽ സ്ഥിതിയിൽ തന്നെ ആയിരിക്കുമ്പോഴും ഒപ്റ്റിക് നാഡിയ്ക്ക് തകരാറുണ്ടാകുന്ന അവസ്ഥയാണ് നോർമൽ ടെൻഷൻ ഗ്ലോക്കോമ. ഈ അവസ്ഥയുടെ യഥാർഥ കാരണം കൃത്യമായി അറിയില്ല. ഒപ്റ്റിക് നാഡിയിൽ രക്തപ്രവാഹം കുറയുന്നത് ഇതിനൊരു കാരണമാകാം. ഇത്തരത്തിൽ രക്തപ്രവാഹം കുറയുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്ന അതീറോക്ലീറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും.
രോഗനിർണയം
- ഇൻട്രാ ഓക്കുലാർ പ്രഷർ പരിശോധിക്കണം. ടോണോമെട്രി പരിശോധന എന്നാണ് ഇത് അറിയപ്പെടുന്നത്. 12 നും 21 നും ഇടയിലാണ് പ്രഷർ സാധാരണയായി ഉണ്ടാകാറുള്ളത്. 22 ലും കൂടുന്നത് പ്രശ്നമാണ്.
- പെരിമെട്രി പരിശോധന നടത്താം. ഇതുവഴി വിഷ്വൽ ഫീൽഡ് പരിശോധിച്ച് ഒപ്റ്റിക്ക് നെർവിന് എത്രമാത്രം നാശം വന്നിട്ടുണ്ടെന്ന് നോക്കണം. വശങ്ങളിലെ കാഴ്ച നഷ്ടപ്പെട്ട് ഒരു കുഴലിലൂടെ കാണുന്ന പോലെയുള്ള അവസ്ഥ (ട്യൂബുലാർ വിഷൻ) ഉണ്ടോയെന്നും നോക്കണം.
- ഗോണിയോസ്കോപ്പി പരിശോധനയിലൂടെ ഐറിസിനും കോർണിയയ്ക്കും ഇടയിലുള്ള ആംഗിൾ ചുരുങ്ങിയിട്ടുണ്ടോ എന്ന് അറിയാം.
- ഒപ്റ്റിക് നെർവ് നേരിട്ട് പരിശോധിക്കാം. ഇതിനായിൽ ഒഫ്താൽമോസ്കോപ്പ്, ഒ.സി.ടി. എന്നിവ ഉപയോഗിക്കാറുണ്ട്.
മരുന്ന് ചികിത്സ, ലേസർ ചികിത്സ, ശസ്ത്രക്രിയ എന്നിവയുണ്ട്.
ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്കാണ് മരുന്നു ചികിത്സ കൂടുതലും ഉപയോഗിക്കുന്നത്. തുള്ളിമരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. അക്വസ് ദ്രവത്തിന്റെ ഉത്പാദനം കുറയ്ക്കാനുള്ള മരുന്നുകളും ദ്രവം പുറത്തേക്ക് ഒഴുകുന്നത് എളുപ്പമാക്കുന്ന മരുന്നുകളും നൽകും.
ലേസർ ചികിത്സ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയ്ക്കാണ് ഉപയോഗിക്കാറുള്ളത്. പെട്ടെന്ന് കണ്ണിലെ പ്രഷർ കുറയ്ക്കാനാണ് ലേസർ ഉപയോഗിക്കുന്നത്. ഇത് ദ്രാവകം തടസ്സം കൂടാതെ ഒഴുകാനും അങ്ങനെ പ്രഷർ കുറയാനും സഹായിക്കും.
ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് മരുന്നുകൾ ഉപയോഗിച്ചിട്ടും പ്രഷർ നിയന്ത്രണത്തിലാക്കാൻ സാധിക്കുന്നില്ലെങ്കിലും ശസ്ത്രക്രിയ വേണ്ടിവരും. അക്വസ് ഹ്യൂമർ ഒഴുക്കാൻ ഒരു കുഴൽ ഉണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
അറിയേണ്ട ചില കാര്യങ്ങൾ
ഗ്ലോക്കോമ പൂർണമായും ഭേദമാകില്ല. എന്നാൽ കൃത്യമായി ചികിത്സ ചെയ്യുന്നത് വഴി രോഗം കൂടാതെ നോക്കാം. രോഗം നേരത്തെ തന്നെ തിരിച്ചറിയണം. കാഴ്ച പൂർണമായി നഷ്ടപ്പെടാതിരിക്കാൻ ഇതാണ് വഴി.
ചികിത്സയ്ക്കിടയിൽ നിശ്ചിത ഇടവേളകളിൽ തുടർപരിശോധനകൾ നടത്തണം. കണ്ണിലെ പ്രഷർ നോർമലായോ എന്നറിയാനും ചികിത്സയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നുമൊക്കെ അറിയാൻ ഇത് സഹായിക്കും.
Content Highlights: World Glaucoma Week, Does glaucoma cause blindness? Is there a cure?, Health, Eye Care


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..