Representative Image| Photo: Gettyimages
മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഗ്ലോക്കോമ വാരാചരണം നടക്കുകയാണ്. ഗ്ലോക്കോമ എന്ന രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയും രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ ഗ്ലോക്കോമയെക്കുറിച്ചും ഗ്ലോക്കോമ പ്രതിരോധത്തെക്കുറിച്ചും വിശദമാക്കുകയാണ് കോഴിക്കോട് ജനറല്‍ ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഒഫ്ത്താല്മോളജിസ്റ്റായ ഡോ. ബീന ഗോപാലകൃഷ്ണന്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അന്ധതയ്ക്ക് കാരണമായ ലോകത്തെ രണ്ടാമത്തെ പ്രധാന രോഗമാണ് ഗ്ലോക്കോമ. ഇന്ത്യയില്‍ 12 മില്ല്യണ്‍ ഗ്ലോക്കോമ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏത് പ്രായക്കാരെയും ഗ്ലോക്കോമ ബാധിക്കാന്‍ ഇടയുണ്ട്. എങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടാല്‍ അത് പിന്നീട് വീണ്ടെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ രോഗത്തെ പ്രതിരോധിച്ച് കാഴ്ച നഷ്ടമാകുന്നത് തടയാന്‍ സാധിക്കും.

എങ്ങനെയാണ് ഗ്ലോക്കോമ ഉണ്ടാകുന്നത്?
അക്വസ് ഹ്യൂമര്‍ എന്ന ഒരു ദ്രാവകമാണ് കണ്ണിനുള്ളില്‍ മര്‍ദം നിലനിര്‍ത്തുന്നത്. കണ്ണിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും കണ്ണിന്റെ മര്‍ദം നിലനിര്‍ത്തുന്നതും ഈ ദ്രാവകത്തിന്റെ ഒഴുക്ക് മൂലമാണ്. കണ്ണുകള്‍ നിരന്തരം ചെറിയ അളവില്‍ അക്വസ് ഹ്യൂമര്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. അതേസമയം തന്നെ ചെറിയ അളവ് അക്വസ് ഹ്യൂമര്‍ കോര്‍ണിയയുടെ അരികിലെ സ്പോഞ്ച് പോലെയുള്ള കോശങ്ങളായ ട്രാബെകുലാര് മെഷ് വര്‍ക്കിലൂടെ പുറത്തേക്ക് പോവുകയും ചെയ്യും. അങ്ങനെയാണ് ഈ ദ്രാവകത്തിന്റെ അളവ് ബാലന്‍സ് ചെയ്യുന്നത്.
എന്നാല്‍ ഈ ബാലന്‍സ് ചിലപ്പോള്‍ തെറ്റാം. അപ്പോള്‍ കണ്ണില്‍ മര്‍ദം കൂടും. ഇന്‍ട്രാ ഓക്കുലാര്‍ പ്രഷര്‍(IOP) എന്നാണിത് അറിയപ്പെടുന്നത്. സാധാരണ കണ്ണിലെ മര്‍ദം 12-21 mmHg ആണ്. ഇത് 21 mm Hg യില്‍ കൂടുതലായാല്‍ അത് ഉയര്‍ന്ന മര്‍ദമായി കണക്കാക്കുന്നു.
ഇത്തരത്തില്‍ ഉയര്‍ന്ന മര്‍ദം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത് കണ്ണിന്റെ ഒപ്റ്റിക് നാഡിയ്ക്ക് കേടുപാടുകള്‍ വരാനിടയാക്കും. ഇത ആ വ്യക്തിയുടെ ദൃശ്യമണ്ഡലത്തില്‍ (വിഷ്യല്‍ ഫീല്‍ഡ്) അന്ധ മേഖലകള്‍ (ബ്ലൈന്‍ഡ് സ്പോട്ടുകള്‍) ഉണ്ടാകാന്‍ കാരണമാകും. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടാനും ഇടയാക്കും.
ഗ്ലോക്കോമ പലതരം
ഗ്ലോക്കോമ പല തരത്തിലുണ്ട്. പ്രധാനപ്പെട്ടത് ഇവയാണ്.
1) ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ
2) ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ
3) സെക്കണ്ടറി ഗ്ലോക്കോമ
4) കണ്ജെനിറ്റീവ് ഗ്ലോക്കോമ
1) ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ
ഏറ്റവും സാധാരണമായ തരം ഗ്ലോക്കോമയാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ. വൈഡ് ആംഗിള്‍ ഗ്ലോക്കോമ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അക്വസ് ഹ്യൂമര്‍ ഒഴുകി പോകുന്ന ട്രാബെകുലാര് മെഷ് വര്‍ക്ക് എന്ന കനാലില്‍ സ്ക്ലിറോസിസ് (Sclerosis) എന്ന അവസ്ഥ ഉണ്ടാകും. ഇതുമൂലം ദ്രാവകം സാധാരണ രീതിയില്‍ കൃത്യമായി ഒഴുകിപ്പോവാത്ത അവസ്ഥയുണ്ടാകും. അങ്ങനെ കണ്ണില്‍ മര്‍ദം കൂടി ഗ്ലോക്കോമയുണ്ടാകും.
ലക്ഷണങ്ങള്‍
രോഗത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയുള്ളവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും രോഗം മൂര്‍ച്ഛിക്കുന്നതു വരെ കാഴ്ചശക്തിയില്‍ കുറവുണ്ടാകുന്നത് തിരിച്ചറിയാന്‍ സാധിക്കാറില്ല. 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കുടുംബത്തില്‍ ഗ്ലോക്കോമ രോഗമുള്ളവര്‍, ഹ്രസ്വദൃഷ്ടി(മയോപ്പിയ) പ്രമേഹം ഉള്ളവര്‍ എന്നിവരിലാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ കൂടുതല്‍ കാണുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുന്നതായി കാണാം. ഒരു കുഴലിലൂടെ കാണുന്ന പോലെയാണ് ഈ സമയത്ത് അനുഭവപ്പെടുക. ട്യൂബുലാര്‍ വിഷന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ട്യൂബുലാര്‍ വിഷന്‍ എന്ന അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ ആ വ്യക്തി പൂര്‍ണമായും അന്ധതയിലേക്കെത്തും.
2) ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ
നാരോ ആംഗിള്‍ ഗ്ലോക്കോമ, ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അക്വസ് ഹ്യൂമര്‍ ഒഴുകിപ്പോകേണ്ട കോര്‍ണിയയ്ക്കും ഐറിസിനും ഇടയിലുള്ള ഡ്രെയ്നേജ് ആംഗിള്‍ അടഞ്ഞുപോകുന്നതുവഴി ട്രാബെകുലാര് മെഷ് വര്‍ക്കിലേക്ക് അക്വസ് ഹ്യമറിന് ഒഴുകിപ്പോകാന്‍ സാധിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇതുമൂലം കണ്ണിന് മര്‍ദം കൂടുകയും ചെയ്യും. ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ കുറച്ചുകൂടി നേരത്തെ കണ്ടെത്താനാകും. ലക്ഷണങ്ങള്‍ ഇവയാണ്.
- കടുത്ത തലവേദന
- കണ്ണുവേദന
- ഛര്‍ദിയും ഓക്കാനവും
- മങ്ങിയ കാഴ്ച
- കണ്ണിന് ചുറ്റും നിറമുള്ള വളയങ്ങള്‍ കാണുക
- കണ്ണിന് ചുവപ്പ്
തിമിരം മൂര്‍ച്ഛിക്കുന്നത്, ഇറിഡോസൈക്ലിറ്റിസ് (Iridocyclitis) എന്ന രോഗാവസ്ഥ എന്നിങ്ങനെ സെക്കണ്ടറി ഗ്ലോക്കോമയ്ക്ക് നിരവധി കാരണങ്ങളുണ്ട്.
ലക്ഷണങ്ങള്‍
ഗ്ലോക്കോമയുടെ മറ്റ് ലക്ഷണങ്ങള്‍ തന്നെയായിരിക്കും സെക്കണ്ടറി ഗ്ലോക്കോമയുടെയും ലക്ഷണങ്ങള്‍.
.jpg?$p=88e5fa6&&q=0.8)
4) ഗ്ലോക്കോമ കുട്ടികളില്‍
അപൂര്‍വമായി കുട്ടികളിലും ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില കുട്ടികളില്‍ ജന്മനാല് ഗ്ലോക്കോമ ഉണ്ടാകാനിടയുണ്ട്. കണ്‍ജെനിറ്റല്‍ ഗ്ലോക്കോമ എന്നാണിത് അറിയപ്പെടുന്നത്.
ലക്ഷണങ്ങള്‍
- കണ്ണ് തിരുമ്മല്‍
- കണ്ണില്‍ നിന്നും വെള്ളം വരല്
- കണ്ണുകള്‍ വലുതാവല്‍ എന്നീ ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്.
അക്വസ് ഹ്യൂമര്‍ പുറത്തേക്ക് ഒഴുകിപ്പോകുന്ന ഘടകങ്ങള്‍ പൂര്‍ണമായി വികസിക്കാത്തതുകൊണ്ടാണ് കുട്ടികളില്‍ ഗ്ലോക്കോമ ഉണ്ടാകുന്നത്.
ഗ്ലോക്കോമ എങ്ങനെ തിരിച്ചറിയാനാകും?
ലക്ഷണങ്ങള്‍ നേരത്തെ ഉണ്ടാവില്ല എന്നത് ഗ്ലോക്കോമയുടെ വെല്ലുവിളിയാണ്. അതിനാല്‍ രോഗം മൂര്‍ച്ഛിച്ച് കാഴ്ചയില്‍ പ്രശ്നമുണ്ടാകുമ്പോള്‍ മാത്രമേ പലരും രോഗം തിരിച്ചറിയൂ. അതിനാല്‍ രോഗമില്ലാത്തവരും നേത്രപരിശോധനകളുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തി ഇന്‍ട്രാ ഓക്കുലാര്‍ പ്രഷര്‍ എത്രയെന്ന് പരിശോധിക്കണം. അങ്ങനെ ഗ്ലോക്കോമ തിരിച്ചറിയാനാവും. രോഗനിര്‍ണയ പരിശോധനകള്‍ ഇവയാണ്.
ടോണോമെട്രി: കണ്ണിന്റെ മര്ദമളക്കുന്ന ഇന്‍ട്രാ ഓക്കുലര്‍ പ്രഷര്‍ പരിശോധനയാണ് ടോണോമെട്രി എന്ന് അറിയപ്പെടുന്നത്. 12-21 mmHg ആണ് കണ്ണിന്റെ നോര്‍മല്‍ പ്രഷര്‍. ഈ പ്രഷര്‍ കൂടുതലുണ്ടോയെന്ന് പരിശോധിക്കുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം.
വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റ്: വശങ്ങളിലെ കാഴ്ച പരിശോധിക്കുന്ന വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റാണിത്.
ഒപ്റ്റിക് നെര്‍വ് പരിശോധന: കാഴ്ചാ നാഡി പരിശോധിക്കുന്നതാണിത്. ഇതിനായി ഒഫ്താല്‍മോസ്കോപ്പ്, ഒ.സി.ടി. എന്നിവ ഉപയോഗിച്ച് പരിശോധിക്കാം.
ഗോണിയോസ്കോപ്പി പരിശോധന: ഐറിസിനും കോര്‍ണിയയ്ക്കും ഇടയിലുള്ള ഡ്രെയ്നേജ് ആംഗിള്‍ പരിശോധിക്കലാണ് ഈ ടെസ്റ്റിലൂടെ ചെയ്യുന്നത്.
ചികിത്സ
രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ചികിത്സ ഫലപ്രദമാകാനും കാഴ്ച നഷ്ടപ്പെടാതിരിക്കാനും സാധിക്കുകയുള്ളൂ.
മരുന്ന് ചികിത്സയും ശസ്ത്രക്രിയയുമാണ് ചികിത്സാമാര്‍ഗങ്ങള്‍.
മരുന്ന് ചികിത്സ: മരുന്ന് ചികിത്സയില്‍ തുള്ളിമരുന്നാണ് നല്‍കുന്നത്. അക്വസ് ഹ്യൂമറിന്റെ ഉത്പാദനം കുറയ്ക്കാനോ, അക്വസ് ഹ്യൂമര്‍ പുറത്തേക്കൊഴുകുന്നത് എളുപ്പമാക്കാനോ ആണ് മരുന്നുകള്‍ സഹായിക്കുന്നത്. ഇത് കണ്ണിലെ മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം മരുന്നുകള്‍ ഉപയോഗിക്കേണ്ടത്. മരുന്ന് ചികിത്സ കൂടുതലും ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്കാണ് ഉപയോഗിക്കുന്നത്.
ലേസര്‍ ശസ്ത്രക്രിയ: ലേസര്‍ ശസ്ത്രക്രിയയാണ് മറ്റൊരു ചികിത്സാരീതി. കൂടുതലും ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ നിയന്ത്രണത്തിലാവുന്നില്ലെങ്കില് ശസ്ത്രക്രിയാരീതികള്‍ ഉപയോഗിക്കും. ഡ്രെയ്നേജ് ഭാഗം തുറക്കുന്ന ട്രാബികുലോപ്ലാസ്റ്റി, അക്വസ് ഹ്യൂമറിന് സുഗമമായി പുറത്തേക്ക് ഒഴുകാന്‍ ഒരു ടണല്‍ നിര്‍മ്മിക്കുന്ന ട്രാബികുലെക്ടമി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സെക്കണ്ടറി ഗ്ലോക്കോമയുടെ ചികിത്സ
എന്തുകൊണ്ടാണ് സെക്കണ്ടറി ഗ്ലോക്കോമ ഉണ്ടാകുന്നത് എന്ന് കണ്ടെത്തി ആ രോഗത്തിനുള്ള ചികിത്സ ചെയ്യണം. ഇതുവഴി സെക്കണ്ടറി ഗ്ലോക്കോമയെ പ്രതിരോധിക്കാം.
കണ്‍ജെനിറ്റല്‍ ഗ്ലോക്കോമയുടെ ചികിത്സ
ശസ്ത്രക്രിയയാണ് കുട്ടികളിലെ ഗ്ലോക്കോമ (കണ്‍ജെനിറ്റല്‍ ഗ്ലോക്കോമ) പരിഹരിക്കാനുള്ള മാര്‍ഗം. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
40 വയസ്സിന് മുകളിലുള്ളവര്‍ നേത്രപരിശോധനയ്ക്കിടെ ഗ്ലോക്കോമ പരിശോധനയും നടത്തണം. കണ്ണട വില്‍ക്കുന്ന കടകളില്‍ നടത്തുന്ന ടെസ്റ്റുകള്‍ വഴി ഗ്ലോക്കോമ നിര്‍ണയിക്കാനാവില്ല എന്ന് ഓര്‍ക്കണം. ഇതിന് ഒരു നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടേണ്ടതുണ്ട്. നേത്രരോഗവിദഗ്ധന്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ കൃത്യമായി പരിശോധന നടത്തേണ്ടതുണ്ട്.
ഗ്ലോക്കോമ വാരാചരണത്തിന്റെ പ്രസക്തി
ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഒ.പികളില്‍ കൂടുതല്‍ ആളുകള്‍ക്ക് കണ്ണിലെ മര്‍ദം പരിശോധിക്കുന്നുണ്ട്. ഈ സ്ക്രീനിങ് വഴിയും കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ കഴിയും.

ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിനായി ബോധവത്ക്കരണ പരിപാടികള്‍, ബ്രോഷര്‍, പോസ്റ്റര്‍ വിതരണം, ബാനര്‍ എക്സിബിഷനുകള്‍ എന്നിവ നടത്താറുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി വലിയതോതില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്കൂളുകളിലും പരിപാടി സംഘടിപ്പിക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടില്ല. അതിനാല്‍ ഇത്തവണ ബ്രോഷര്‍ വിതരണവും ബോധവത്ക്കരണ പരിപാടികളുമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
Content Highlights: World Glaucoma Week 2022, What is Glaucoma, Vision loss, Glaucoma leads to blindness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..