ണ്ണിന്റെ ഒപ്റ്റിക് നാഡിയെ ബാധിക്കുന്ന രോ​ഗമാണ് ​ഗ്ലോക്കോമ. ശരിയായി ചികിത്സിച്ചില്ലെങ്കിൽ അത് അന്ധതയ്ക്ക് ഇടയാക്കും. ​ഗ്ലോക്കോമയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുണ്ട്.  ഇത്തരത്തിൽ പൊതുവേയുള്ള തെറ്റിദ്ധാരണകൾ ഇവയാണ്. ഇവയുടെ  സത്യാവസ്ഥ എന്തൊക്കെയെന്ന് അറിയാം. 

​ഗ്ലോക്കോമ പ്രായമായവരെ മാത്രമേ ബാധിക്കൂ

പ്രായമായവരിൽ ​ഗ്ലോക്കോമയ്ക്കുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ പ്രായമായവരെ മാത്രം ബാധിക്കുന്ന രോ​ഗമല്ല ഇത്. ഏത് പ്രായക്കാർക്കും ​ഗ്ലോക്കോമ ബാധിക്കാം. അതിനാൽ കണ്ണുകൾ കൃത്യമായി പരിശോധിക്കണം. നേരത്തെ തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാനാവും.  കാഴ്ച നഷ്ടപ്പെട്ടാൽ അത് ഒരിക്കലും തിരിച്ചുകിട്ടില്ല. 

കാഴ്ചാപ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് ​ഗ്ലോക്കോമ വരില്ല

ഇതൊരു തെറ്റിദ്ധാരണയാണ്. ഭൂരിഭാ​ഗം ​ഗ്ലോക്കോമയ്ക്കും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ആദ്യം ഉണ്ടാകാറില്ല. അതിനാൽ തന്നെ ​ഗ്ലോക്കോമയെ സെെലന്റ് തീഫ് ഓഫ് സൈറ്റ് എന്ന് പറയാറുണ്ട്. അതിനാൽ നേരത്തെ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സ ചെയ്യണം. 

എന്റെ കുടുംബത്തിൽ ആർക്കും ​ഗ്ലോക്കോമ ഇല്ല; അതുകൊണ്ട് എനിക്ക് രോ​ഗം വരില്ല

​ഗ്ലോക്കോമ പാരമ്പര്യം ഉണ്ടാകുന്നത് അപകടസാധ്യത കൂടുതൽ വർധിപ്പിക്കുന്നതാണ്. എന്നാൽ ​ഗ്ലോക്കോ പാരമ്പര്യ രോ​ഗമല്ല. കുടുംബത്തിൽ ആർക്കും ​ഗ്ലോക്കോമ ഇല്ലാത്തവർക്കും ​ഗ്ലോക്കോമ ഉണ്ടാകാം. 

ഇൻട്രാഓക്കുലാർ പ്രഷർ ഉയർന്നു നിൽക്കുന്നവർക്ക് മാത്രമേ ​ഗ്ലോക്കോമ ഉണ്ടാവൂ

​ഗ്ലോക്കോമ ഉള്ളവരിൽ ഭൂരിഭാ​ഗം പേരിലും ഇൻട്രാഓക്കുലർ പ്രഷർ( കണ്ണിലെ ദ്രവത്തിന് പ്രഷർ കൂടുന്നത് ) കൂടുതൽ കാണാറുണ്ട്. ഇത് ​ഗ്ലോക്കോമയ്ക്ക് അപകടഘടകമാണ്. എന്നാൽ ചില ​ഗ്ലോക്കോമ രോ​ഗികളിൽ ഇത്തരത്തിൽ ഇൻട്രാഓക്കുലാർ പ്രഷർ ഉയർന്ന് കാണാറില്ല. ഈ കേസുകളിൽ നോർമൽ ടെൻഷൻ ​ഗ്ലോക്കോമ എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇൻട്രാഓക്കുലാർ പ്രഷർ ഉള്ള ചിലരിൽ ​ഗ്ലോക്കോമ ഉണ്ടാകാറുണ്ട്. ഓക്കുലർ ​ഹെെപ്പർടെൻഷന്‌ എന്നാണിത് അറിയപ്പെടുന്നുണ്ട്. 

ഗ്ലോക്കോമ ഒരിക്കലും ഭേദമാവില്ല അതിനാൽ ചികിത്സയുടെ ആവശ്യമില്ല

ഗ്ലോക്കോമ മൂലം നഷ്ടപ്പെട്ട കാഴ്ച ഒരിക്കലും തിരിച്ചുകിട്ടില്ല.  എന്നാൽ കാഴ്ച മുഴുവനായി നഷ്ടപ്പെടാതെ രോ​ഗം ​ഗുരുതരമാവാതെ തടയാൻ ചികിത്സ സഹായിക്കും. കൃത്യമായി നിരീക്ഷിക്കുകയും ചികിത്സ ചെയ്യുകയും ചെയ്താൽ കാഴ്ച കൂടുതൽ നഷ്ടമാകാതെ നോക്കാനാവും. ചികിത്സ ചെയ്തില്ലെങ്കിൽ കാഴ്ച മുഴുവനായി നഷ്ടപ്പെടും. അതിനാൽ തന്നെ ചികിത്സ ഒരിക്കലും ചെയ്യാതിരിക്കരുത്. 

Content Highlights: World Glaucoma Day 2021, debunks myths eye health prevention, Health