Representative Image| Photo: Canva.com
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.
കരുതേണ്ടവ
വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകംചെയ്യുന്ന ഷവർമ, ബർഗർപോലുള്ള ഹോട്ടൽഭക്ഷണം, തിളപ്പിക്കാതെ വിതരണംചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണംചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.
ഭക്ഷ്യവിഷബാധ; സാഹചര്യങ്ങൾ ഇല്ലാതാക്കാം
മലിനമായ വെള്ളം ഉപയോഗിക്കുക, ശുചിത്വമില്ലാതെ പാചകംചെയ്യുക, പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളിൽ മാലിന്യം കലരുക, വൃത്തിയില്ലാത്ത പാത്രങ്ങൾ ഭക്ഷണം പാകംചെയ്യുന്നതിനോ സൂക്ഷിച്ചുവെക്കുന്നതിനോ ഉപയോഗിക്കുക, ഇറച്ചി, മീൻ, പാൽ, പാലുത്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങൾ പാകംചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
രോഗലക്ഷണങ്ങൾ
- ഓക്കാനം
- ഛർദി
- മനംപിരട്ടൽ
- ശരീരവേദന
- ശരീരത്തിൽ തരിപ്പ്
- വയറിളക്കം
- വയറുവേദന
- പനി.
സാധാരണഗതിയിൽ നിർജലീകരണ ചികിത്സകൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ്. ലായനി തുടങ്ങിയവ കുടിക്കാൻ നൽകണം.
പ്രതിരോധം ശുചിത്വംമാത്രം
ഭക്ഷ്യവിഷബാധയ്‌ക്കെതിരേയുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷംമാത്രമേ ഭക്ഷണം പാചകംചെയ്യാവൂ. വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം നൽകണം.
പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകംചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
ഈച്ചശല്യം ഒഴിവാക്കണം
- ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
- പച്ചക്കറികൾ ഉപ്പും വിനാഗിരിയുമിട്ട് നന്നായി കഴുകിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ.
- കേടായ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഭക്ഷണം നിയന്ത്രിതമായ ഊഷ്മാവിലല്ല സൂക്ഷിക്കുന്നതെങ്കിൽ അവ ഒരു നിശ്ചിതസമയത്തിനുശേഷം ഉപയോഗിക്കാതിരിക്കുക.
- പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റിൽ ലഭ്യമായ കാലാവധി കഴിഞ്ഞ ആഹാരപദാർഥങ്ങൾ എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
- വൃത്തിയുള്ള ഹോട്ടലിൽനിന്നുമാത്രം ആഹാരം കഴിക്കുക. യാത്രകളിൽ കഴിയുന്നതും സസ്യാഹാരംമാത്രം കഴിക്കുക.
- പൊതുചടങ്ങുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് നന്നായി കൈകഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക.
- ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, ഇലകൾ എന്നിവ നന്നായി വൃത്തിയാക്കണം.
- പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയും വെടിപ്പുമുള്ളതാണെന്നും ചെമ്പുപാത്രങ്ങളാണെങ്കിൽ ഈയം പൂശിയിട്ടുള്ളതാണെന്നും ഉറപ്പാക്കുക.
Content Highlights: world food safety day, how to avoid food poisoning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..