സി.ഒ.പി.ഡി. ഒരു ഭീകരനാണ്; അതിനൊപ്പം കോവിഡ് കൂടി വന്നാല്‍? ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്


അനു സോളമന്‍

'Healthy Lungs - Never More Important' എന്നാണ് ഈ വര്‍ഷത്തെ സി.ഒ.പി.ഡി. ദിന സന്ദേശം

Representative Image| Photo: GettyImages

നവംബര്‍ 17 ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സി.ഒ.പി.ഡി. രോഗികളും അവരെ പരിചരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സാബിര്‍ എം.സി.

ല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുകയാണ്. ഗ്ലോബല്‍ ഇനീഷിയേറ്റീവ് ഫോര്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് ലങ് ഡിസീസ്(GOLD) എന്ന സംഘടനയും ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംയുക്തമായാണ് ദിനാചരണം നടത്തുന്നത്. ലോകമെമ്പാടും സി.ഒ.പി.ഡി. എന്ന രോഗത്തെപ്പറ്റി അവബോധം വളര്‍ത്തുക, നൂതന ആശയങ്ങള്‍ പങ്കുവെക്കുക, സി.ഒ.പി.ഡി. രോഗഭാരം കുറയ്ക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ വര്‍ഷം നവംബര്‍ 17 ന് ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുന്നത്.

ഈ വര്‍ഷത്തെ സി.ഒ.പി.ഡി. ദിന സന്ദേശം 'Healthy Lungs - Never More Important' എന്നാണ്. കോവിഡ് മഹാമാരി കാലത്ത് വളരെ അനുയോജ്യമായ വിഷയമാണിത്.

ശ്വാസകോശത്തെ ബാധിക്കുന്ന രോഗമെന്ന നിലയില്‍ ഈ കോവിഡ് കാലത്ത് സി.ഒ.പി.ഡിയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ലോകത്തില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. ശ്വാസകോശ രോഗമായതിനാല്‍ കോവിഡ് വ്യാപനം സി.ഒ.പി.ഡി. രോഗികളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.

എന്താണ് സി.ഒ.പി.ഡി.?

ശ്വാസനാളികളിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന രോഗങ്ങളില്‍ വിട്ടുമാറാത്തതും ദീര്‍ഘകാലമായുള്ളതുമായ രോഗാവസ്ഥയാണ് സി.ഒ.പി.ഡി. അഥവ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണ് ഇവിടെ. വര്‍ഷംതോറും ഏതാണ്ട് 30 ലക്ഷത്തോളം ആളുകളാണ് ലോകത്താകമാനം സി.ഒ.പി.ഡി. ബാധിച്ച് മരിക്കുന്നത്. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.

ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, നടക്കുമ്പോള്‍ കിതപ്പ് എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

കാരണങ്ങള്‍

 • പുകവലിയും അന്തരീക്ഷമലിനീകരണവും സി.ഒ.പി.ഡി. ഉണ്ടാകാന്‍ കാരണമാകുന്നു.
 • ഇതില്‍ പ്രധാന കാരണം പുകവലി തന്നെ. ഇതുവഴി ശ്വാസനാളിയില്‍ നീര്‍ക്കെട്ടുണ്ടാകും. ഇത് ശ്വാസക്കുഴലുകളുടെ വ്യാസം കുറയ്ക്കാന്‍ കാരണമാവും. അതോടെ ശ്വാസതടസ്സം ഉണ്ടായി ബുദ്ധിമുട്ടുകള്‍ കൂടിവരും. ഇത് കിതപ്പുണ്ടാക്കുന്ന അവസ്ഥയില്‍ രോഗിയെ എത്തിക്കും.
 • പുകവലിക്കുന്നവരില്‍ ഈ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
 • ഇനി പുകവലിക്കാത്തവരിലും പാസീവ് സ്‌മോക്കിങ് വഴിയും (മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ ആ പുക പുകവലിയില്ലാത്തവരുടെ ഉള്ളില്‍ എത്തുന്ന അവസ്ഥ) ഈ രോഗമുണ്ടാകാം.
 • വാഹനങ്ങളില്‍ നിന്നുള്ള പുക
 • ഫാക്ടറികളില്‍ നിന്നുള്ള പുക
 • വിറക് അടുപ്പ് കത്തിക്കുമ്പോഴുള്ള പുക (പൊതുവേ സ്ത്രീകളില്‍ സി.ഒ.പി.ഡിയ്ക്കുള്ള കാരണം) എന്നിവയും ഈ രോഗത്തിന് കാരണമാകാം.
covid
Photo: AP

രോഗത്തിന്റെ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണില്ല എന്നതിനാല്‍ ശരിയായ ചികിത്സയോ പ്രതിരോധമോ ലഭിക്കാതെ പോകാം. രോഗം കൂടിവരുമ്പോള്‍ വര്‍ധിച്ചുവരുന്ന ശ്വാസംമുട്ടല്‍, ചുമ, കിതപ്പ്, വലിവ്, കഫക്കെട്ട്, ഇടയ്ക്കിടെയുളള ശ്വാസകോശ അണുബാധ എന്നിവ ഉണ്ടാകുന്നു.

രോഗം ഗുരുതരമാകുമ്പോള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നു. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാനും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കൂടാനും ഇടയാക്കുന്നു.

ഈ സമയത്ത് ചില ലക്ഷണങ്ങള്‍ കാണാനാകും. കാലുകളില്‍ നീര്, നഖത്തിലും ചുണ്ടുകളിലും നീലനിറം, ശരീര ശോഷണം എന്നിവ ഉണ്ടാകാം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാം.

രോഗികള്‍ രണ്ടുതരം

തുടര്‍ച്ചയായുള്ള ചുമയും കഫക്കെട്ടുമുള്ള ക്രോണിക് ബ്രോങ്കൈറ്റിസ് രോഗികളും കടുത്ത കിതപ്പ് അനുഭവപ്പെടുന്ന എംഫെസെമയുള്ളവരുമാണ് സി.ഒ.പി.ഡിയിലെ രണ്ട് തരത്തിലുള്ള രോഗികള്‍.

ശ്വാസകോശങ്ങള്‍ക്ക് സംഭവിക്കുന്നത് എന്താണ്?

ശ്വാസമെടുക്കുമ്പോള്‍ ശ്വാസനാളികളിലൂടെ വായു ശ്വാസകോശങ്ങളില്‍ എത്തുന്നു. ശ്വാസനാളികള്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും വായുവിനെ ശ്വാസകോശങ്ങളില്‍ എത്തിക്കുന്നു. സി.ഒ.പി.ഡി. ബാധിച്ചവരില്‍ ശ്വാസനാളികള്‍ ചുരുങ്ങും. പിന്നെ കൃത്യമായ അളവില്‍ വായു അകത്തേക്ക് എടുക്കാനാവില്ല. നിശ്വാസവായു ശരിയായ അളവില്‍ പുറത്തേക്കും പോകില്ല. ഈ അവസ്ഥയില്‍ ശ്വാസകോശങ്ങള്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. നെഞ്ചി പിടിത്തമുള്ളതുപോലെയും ശ്വാസതടസ്സവും അനുഭവപ്പെടും.

സി.ഒ.പി.ഡി. ബാധിച്ചാല്‍ ശാരീരികമായി അധ്വാനിക്കാനാവാത്ത അവസ്ഥയുണ്ടാകും. ജോലിക്ക് പോകല്‍, വീട്ടുജോലി ചെയ്യല്‍ എന്നിവയ്ക്ക് സാധിക്കാത്ത അവസ്ഥയാകും. വിശ്രമിക്കുമ്പോഴും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകും. പല്ലുതേപ്പ്, വസ്ത്രം മാറല്‍എന്നിവയ്ക്ക് പോലും സാധിക്കാത്ത അവസ്ഥയാണ് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്നത്. അവസാനം മരണത്തിന് കീഴടങ്ങേണ്ടതായി വരും.

ani
Photo: ANI

രോഗം തിരിച്ചറിയാം

രോഗം പെട്ടെന്ന് തിരിച്ചറിയുന്നതു വഴി രോഗതീവ്രത കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. ഇതിനായി ലക്ഷണങ്ങള്‍ കണ്ടാല്‍ പള്‍മണോളജിസ്റ്റിന്റെ സേവനം തേടണം. രോഗനിര്‍ണയത്തിന് ചില ടെസ്റ്റുകള്‍ ഉണ്ട്.

 • ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമത അളക്കുന്നതിനുള്ള പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്(സ്‌പൈറോമെട്രി പരിശോധന) നടത്തും.
 • ആര്‍ട്ടീരിയ ബ്ലഡ് ഗ്യാസ് അനാലിസിസ്(എ.ബി.ജി. ടെസ്റ്റ്) പരിശോധന നടത്താം. ഇതുവഴി രക്തത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും അളവ് അറിയാനാകും.
 • എക്‌സ് റേ, സി.ടി. സ്‌കാന്‍ പോലുള്ള പരിശോധനകള്‍. ഇതുവഴി ശ്വാസകോശം, രക്തക്കുഴലുകള്‍, ഹൃദയം എന്നിവ വ്യക്തമായി കാണാനാകും.
ചികിത്സ

 • ആസ്ത്മ ആണെങ്കില്‍ ചികിത്സയിലൂടെ ശ്വാസനാളത്തെ പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിക്കാനാവും. എന്നാല്‍ ശ്വാസനാളികള്‍ക്കുണ്ടാകുന്ന ക്ഷതം ചികിത്സിച്ച് പഴയപോലെയാക്കാന്‍ സാധിക്കില്ല. ഇതാണ് ആസ്ത്മയും സി.ഒ.പി.ഡിയും തമ്മിലുള്ള പ്രധാന വ്യത്യാസം.
 • ഓരോ വ്യക്തികളിലെയും രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ചികിത്സ. ശ്വാസനാളം വികസിപ്പിക്കാനുള്ള ബ്രോങ്കോഡയലേറ്റേഴ്‌സ് മരുന്നുകള്‍ ഇന്‍ഹേലറുകളായും ഗുളികകളായും ന കും. രോഗതീവ്രതയും ലക്ഷണങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കും. മരുന്ന് പെട്ടെന്ന് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിച്ച് വേഗത്തില്‍ ഫലം നല്‍കാന്‍ ഇന്‍ഹേലറുകള്‍ വളരെ നല്ലതാണ്.
 • റെസ്പിറേറ്ററി ഫെയ്‌ലിയര്‍ അഥവ സ്ഥിരമായ ശ്വാസകോശ തകരാര്‍ സംഭവിച്ചര്‍ക്ക് ശ്വസനസഹായികള്‍ (BIPAP ) ലഭ്യമാക്കാറുണ്ട്. ഓക്‌സിജന്‍ തെറാപ്പിയും ചെയ്യാറുണ്ട്. ഇത് ചെയ്യുന്നത് രക്തത്തില്‍ ഓക്‌സിജന്റെ അളവ് വളരെ കുറയുന്ന അവസ്ഥയിലാണ്. വീട്ടില്‍ വെച്ചുതന്നെ തുടര്‍ച്ചയായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദീര്‍നാളത്തേക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കാം. ഓക്‌സിജന്‍ അളവ് 88 ശതമാനത്തില്‍ കുറയുന്നവര്‍ക്കാണ് ഇത് നല്‍കുക.
 • ശ്വാസകോശ പുനരധിവാസ ചികിത്സ അഥവ പള്‍മണറി റിഹാബിലിറ്റേഷന്‍ ആണ് മറ്റൊരു മാര്‍ഗം. രോഗിയുടെ ശ്വാസകോശ പേശികളെ ബലപ്പെടുത്തുന്നതിന് സഹായിക്കുന്ന വ്യായാമ മുറകളും ഭക്ഷണക്രമവും ആരോഗ്യബോധവത്ക്കരണവും അടങ്ങുന്നതാണിത്. ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
covid
Representative Image| Photo: GettyImages

പള്‍മണോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് എന്നിവരടങ്ങിയ ഒരു ടീമാണ് പള്‍മണറി റിഹാബിലിറ്റേഷന്‍ നടപ്പിലാക്കുന്നത്.

 • ശ്വസനവ്യായാമങ്ങള്‍ (Breathing Exercises) ശീലിക്കുക
 • ദിവസവും നടക്കുക
 • കൈകാലുകളുടെ മസില്‍ സ്‌ട്രെങ്തനിങ് വ്യായാമങ്ങള്‍ ചെയ്യുക.
 • അമിതവണ്ണം കുറയ്ക്കാനുള്ള ഭക്ഷണക്രമീകരണം ശീലിക്കുക.
 • പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റ് കുറവുമുള്ള ഭക്ഷണം ശീലിക്കുക.
 • മാനസിക പിന്തുണയും സി.ഒ.പി.ഡി. രോഗിക്ക് നല്‍കണം. ഇതിനായി സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കണം.
കോവിഡും സി.ഒ.പി.ഡിയും

കോവിഡ് ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതുകൊണ്ട് കടുത്ത സി.ഒ.പി.ഡി. ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ അതീവ സങ്കീര്‍ണതയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ശ്വാസകോശത്തിന് ക്ഷതം നിലവിലുള്ളതിനാല്‍ ഒരു അണുബാധയെക്കൂടി ചെറുക്കാന്‍ ശ്വാസകോശത്തിന് ബുദ്ധിമുട്ടാണ്.

സി.ഒ.പി.ഡി. രോഗികളെ കോവിഡ് ബാധിക്കുമ്പോള്‍ ഹൈപ്പോക്‌സിയ ഉണ്ടാകും. ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയാണിത്. ഒപ്പം കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തേക്ക് പോകാതെ ശരീരത്തില്‍ തന്നെ കെട്ടിക്കിടക്കുന്ന ഹൈപ്പര്‍കാപ്നിയ എന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് രോഗം ഗുരുതരമാവാന്‍ ഇടയാക്കും.

ഈ സാഹചര്യത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് നീക്കാന്‍ ശ്വസനസഹായികള്‍ ഉപയോഗിച്ച് ബൈപാപ് ചികിത്സ നല്‍കേണ്ടി വരും. സി.ഒ.പി.ഡി. രോഗികള്‍ക്ക് കോവിഡ് ബാധിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. അതീവ ഗുരുതരമായ അവസ്ഥയാണ്.

Dr.Sabir
ഡോ. സാബിര്‍ എം.സി.

മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയാണ് ഇത്തരം രോഗികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. കോവിഡ് ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് ഈ ചികിത്സ നല്‍കുന്നത്.

തിരിച്ചറിയാതെ പോകുന്ന സി.ഒ.പി.ഡി.

സി.ഒ.പി.ഡി. പലരിലും പെട്ടെന്ന് തിരിച്ചറിയാനാവാതെ പോകാറുണ്ട്. സ്ത്രീകളാണ് പലപ്പോഴും ഇതിന്റെ ഇരകള്‍. അമ്പതിന് മുകളില്‍ പ്രായമുള്ള നല്ല തടിയുള്ള ചില സ്ത്രീകളില്‍ കാലില്‍ നീരും കിതപ്പും മയക്കവും ഉണ്ടാകാറുണ്ട്. പക്ഷേ, ആദ്യം അവര്‍ അത് ശ്രദ്ധിക്കാറില്ല. അമിതവണ്ണം മൂലമാണെന്ന് കരുതി ഡോക്ടറെ കാണിക്കാതെ വിടും. പിന്നീട് കിതപ്പും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും വരുമ്പോഴാണ് അവര്‍ ഡോക്ടറെ കാണുക. കിതപ്പും കാലിലെ നീരും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടാണ് അവര്‍ ഡോക്ടറുടെ അടുത്തെത്തുക. എന്നാല്‍ പ്രാഥമിക പരിശോധനകളില്‍ ഹൃദ്രോഗത്തിന്റെ പരിശോധനകള്‍ നടത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ കാണില്ല. അപ്പോഴാണ് പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്തുക. ഇതുവഴി ഓക്‌സിജന്‍ നില കുറയുന്നുവെന്ന് മനസ്സിലാകുന്നതോടെ രോഗിയെ പള്‍മണോളജിസ്റ്റിന്റെ അടുത്തേക്കെത്തിക്കും. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിട്ടുണ്ടാകും. പരിശോധനകളില്‍ രക്തത്തിലെ പി.എച്ച്. നില കുറഞ്ഞതായും ക്രോണിക് ടൈപ്പ് ടു റെസ്പിറേറ്ററി ഫെയ്‌ലിയര്‍ എന്ന അവസ്ഥയിലാണെന്നും കണ്ടെത്തും. ഇവരില്‍ ബോധക്ഷയത്തിനുള്ള സാധ്യതയും ഉണ്ട്. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് വളരെ ഉയര്‍ന്ന തോതിലായിരിക്കും ഇവരുടെ ശരീരത്തിലുണ്ടാവുക. ഇതിനെ കാര്‍ബണ്‍ഡയോക്‌സൈഡ് റിട്ടന്‍ഷന്‍ എന്നുപറയും. ഇത് നീക്കം ചെയ്യാനുള്ള ബൈപാപ് ചികിത്സാരീതികള്‍ ഇവിടെ ഉപയോഗിക്കണം.

സി.ഒ.പി.ഡി. പ്രതിരോധം

 • പുകവലി ഒഴിവാക്കണം.
 • വീട്ടിലെയും പരിസരത്തെയും വായു ശുദ്ധമായിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
 • സി.ഒ.പി.ഡി. ബാധിതര്‍ കഫക്കെട്ടും ശ്വാസകോശ അണുബാധയും ഉള്ളവരി നിന്നും അകലം പാലിക്കണം.
 • ശ്വാസകോശ അണുബാധകളുണ്ടാകുന്നത് രോഗം തീവ്രമാക്കും. അതിനാ ന്യൂമോകോക്കല്‍ വാക്‌സിന്‍, ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ എന്നിവ കൃത്യമായി എടുക്കണം. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പി.സി.വി.13) എന്ന വാക്‌സിന്‍ എടുക്കണം. തുടര്‍ന്ന് എട്ടാഴ്ചയ്ക്ക് ശേഷം ന്യൂമോകോക്കല്‍ പോളിസാക്കറൈഡ് വാക്‌സിന്‍(പി.പി.എസ്.വി.23) രണ്ടാമത്തെ ഡോസായി എടുക്കുകയും വേണം.
 • മാസ്‌ക് ഉപയോഗം തുടരണം.
 • ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ശീലിക്കണം.
 • കൃത്യമായി വ്യായാമം ചെയ്യണം.
Content Highlights: World COPD Day 2021, COPD and Covid, How to prevent COPD, What is the treatment of COPD


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented