കാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാം?; ലക്ഷണങ്ങളും ചികിത്സയും


By ഡോ.ദീപ്തി ടി.ആര്‍

5 min read
Read later
Print
Share

Representative Image| Photo: Canva.com

ല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദദിനമായി ആചരിക്കപ്പെടുന്നു. അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ UICC (യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കാന്‍സര്‍

യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാന്‍സര്‍.

കാന്‍സറിന്റെ ലക്ഷണങ്ങള്‍

ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായയില്‍)
ശരീരത്തില്‍ ഉണ്ടാകുന്ന മുഴകളും തടിപ്പും
അസാധാരണവും ആവര്‍ത്തിച്ചുമുള്ള രക്തസ്രാവം
തുടരെത്തുടരെയുള്ള ദഹനക്കേട്, വയറു വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം
തുടര്‍ച്ചയായുള്ള ശബ്ദമടപ്പും ചുമയും (പ്രത്യേകിച്ച് പുകവലിക്കാരില്‍),
നീണ്ടുനില്‍ക്കുന്ന പനി
സാധാരണയില്‍ നിന്നും വ്യത്യസ്തമായി മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ)
മറുക്, കാക്ക പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം.

ഇവ എല്ലാം പൂര്‍ണമായും കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചികിത്സയ്ക്കു ശേഷവും 15 ദിവസത്തില്‍ കൂടുതലായും കാണുകയാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

കാന്‍സറിന്റെ വര്‍ഗീകരണം

കാന്‍സറിനെ മൂന്നായി തരം തിരിക്കാം.

1) പ്രതിരോധിക്കാനാവുന്നവ
80 ശതമാനം വായിലെ കാന്‍സറും 85 ശതമാനം ശ്വാസകോശ കാന്‍സറും മറ്റു പല കാന്‍സറുകളും പ്രതിരോധിക്കാനാവുന്നവയാണ്. പുകയിലയും മദ്യവും വര്‍ജിച്ചും മറ്റും അത്തരം കാന്‍സറുകളെ തടയാം.

2) നേരത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കുന്നവ
വായിലെ കാന്‍സര്‍ ,സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, മലശയത്തിലെയും വന്‍ കുടലിലെയും ക്യാന്‍സര്‍ ഇവയെല്ലാം നേരത്തെ കണ്ടെത്തി ചികിത്സിക്കാവുന്നവയാണ്.

3) രണ്ടും സാധ്യമല്ലാത്തവ
ചിലതരം രക്താര്‍ബുദം, അപൂര്‍വം ചില ട്യൂമറുകള്‍ പലപ്പോഴും നേരത്തെ കണ്ടെത്താനോ പ്രതിരോധിക്കുവാനോ സാധ്യമല്ലാത്തവയാണ്. ഇത്തരം കേസുകളില്‍ സാന്ത്വന ചികിത്സ നല്‍കി പരിചരിക്കാറാണ് പതിവ്.

രോഗത്തിന്റെ ഫലമായി സംയുക്ത കോശങ്ങളില്‍ വരുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീകരണം (Histopathological classification)

കാര്‍സിനോമ(CARCINOMA)
സാര്‍ക്കോമ(SARCOMA)
മെലെനോമ(MELANOMA)
ലിംഫോമ(LYMPHOMA)
ലുക്കിമിയ(LEUKEMIA)

കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകള്‍

കാന്‍സര്‍ രോഗം നിര്‍ണയിക്കുന്നതിനും അത് ശരീരത്തില്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിര്‍ണയ ഉപാധികളും ആവശ്യമാണ്. കാന്‍സര്‍ എന്നത് വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയില്‍ ബാധിക്കുന്നതുകൊണ്ട് ഈ പരിശോധനകള്‍ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും.

രക്തത്തിലെ വിവിധ അണുക്കളുടെ എണ്ണം ഒരു പ്രധാന സൂചികയാണ്. പലതരത്തിലുള്ള ചികിത്സകളും രക്തത്തിലെ അണുക്കളെ ഉല്പാദിപ്പിക്കുന്ന bone marrow അഥവാ അസ്ഥിക്കുള്ളിലെ മജ്ജയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില അവസരങ്ങളില്‍ കൂടുതല്‍ പ്രാവശ്യം രക്തം പരിശോധിക്കേണ്ടതായി വരാറുണ്ട്.

ചില രക്ത പരിശോധനകള്‍ ശരീരത്തിലെ കാന്‍സറിന്റെ വ്യാപ്തി അറിയാന്‍ സഹായിക്കുന്നു. ഇവ'ട്യൂമര്‍ മാര്‍ക്കേഴ്‌സ്' എന്നറിയപ്പെടുന്നു. റേഡിയോ ആക്ടിവിറ്റി ഉപയോഗിച്ചുള്ള ഈ പരിശോധനകള്‍ സാധാരണ പരിശോധനയേക്കാളും കൂടുതല്‍ സമയം എടുക്കാറുണ്ട്. വൃഷണങ്ങളുടെ കാന്‍സര്‍ തുടങ്ങിയ ചില കാന്‍സറുകളില്‍ ഈ പരിശോധന ഒരു നിശ്ചിത കാലയളവിനുള്ളില്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കണം (Eg. PSA tests)

ബയോപ്‌സി

ശരീര കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇത് രോഗനിര്‍ണയത്തിന് മാത്രമല്ല ചികിത്സാരീതി തീരുമാനിക്കാനും വിജയ സാധ്യതകള്‍ പ്രവചിക്കാനും സഹായകരമാകുന്നു.

സൈറ്റോളജി / സൈറ്റോ പാത്തോളജി

FNAC

ഒരു ചെറിയ സൂചി കൊണ്ട് കട്ടിയോ തടിപ്പോ ഉള്ള ശരീര ഭാഗത്തില്‍ നിന്ന് കോശങ്ങള്‍ കുത്തി എടുത്ത് പരിശോധിക്കുന്നു.

പാപ് സ്മിയര്‍ ടെസ്റ്റ്

ഗര്‍ഭാശയത്തില്‍ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങള്‍ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡില്‍ പരത്തി കെമിക്കല്‍ റീ ഏജന്റുകള്‍ കൊണ്ട് നിറം നല്‍കി മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങള്‍ കണ്ടു പിടിക്കുന്നു. 10 വര്‍ഷം കഴിഞ്ഞ് കാന്‍സറായി മാറാന്‍ സാധ്യതയുണ്ടെങ്കില്‍ ഇതിലൂടെ മനസിലാക്കി ചികില്‍സ ലഭ്യമാക്കാം.

ENDOSCOPY / COLONOSCOPY

ശരീരത്തിനുള്ളിലെ വിവിധ ഭാഗങ്ങള്‍ കാണുകയും അവയില്‍ നിന്ന് കോശം പരിശോധന നടത്തുന്നതിനും വേണ്ടി വിവിധ തരം endoscopy(ആന്തരാവയവങ്ങളെ ദര്‍ശിക്കുക) പരിശോധനകള്‍ ആവശ്യമാണ്. ഇവ അന്നനാളം, ആമാശയം, വന്‍കുടല്‍ എന്നീ ഭാഗങ്ങളെയും ശ്വാസകോശം മുതലായ ഭാഗങ്ങളെയും പരിശോധിക്കാന്‍ സഹായിക്കും.

വിവിധതരം എക്‌സ്-റേ പഠനങ്ങളും കാന്‍സര്‍ നിര്‍ണയത്തിന് ആവശ്യമാണ്. പ്ലെയിന്‍ എക്‌സറേ കൂടാതെ മരുന്നുകള്‍ കൊടുത്ത ശേഷം എടുക്കുന്ന CT,MRI പോലുള്ള സ്‌കാനുകള്‍ ശരീര ആന്തരിക ഭാഗങ്ങളെ കാണുന്നതിന് സഹായിക്കും.

മാമോഗ്രാം എന്ന പരിശോധനയിലൂടെ സ്തനങ്ങളുടെ എക്‌സ്-റേ എടുക്കുകയും അതു വഴി കൈകൊണ്ട് അറിയാന്‍ കഴിയുന്നതിനേക്കാളും സൂക്ഷ്മമായ മാറ്റങ്ങള്‍ കണ്ടുപിടിക്കാനും സാധിക്കും.

PET scan (Positron Emission Tomography)

പെറ്റ് സ്‌കാന്‍ ഓരോ അവയവത്തിലും നടക്കുന്ന വിവിധ ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങളാണ് കണ്ടുപിടിക്കുന്നത്. ഏതെങ്കിലും രോഗമോ ട്യൂമറോ അവയവങ്ങളില്‍ എന്തെങ്കിലും ഘടനാ പരമായ മാറ്റങ്ങള്‍
ഉണ്ടാക്കുന്നതിനു മുമ്പ് കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ് പെറ്റ് സ്‌കാനിന്റെ പ്രത്യേകത.

കാന്‍സര്‍ ചികിത്സ

കാന്‍സര്‍ ചികിത്സയ്ക്ക് ഒന്നിലധികം ചികിത്സാവിധികള്‍ പ്രയോഗിക്കേണ്ടി ഇരിക്കുന്നു .ഈ കാരണത്താല്‍ ഒരു രോഗിക്ക് ഒന്നില്‍ കൂടുതല്‍ ചികിത്സാ വിധികള്‍ നല്‍കേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സര്‍ജറി കാന്‍സറിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നു. പല കാന്‍സറുകളും പരിപൂര്‍ണ്ണമായി സുഖപ്പെടുത്തുവാന്‍ ശസ്ത്രക്രിയയ്ക്ക് സാധിക്കും. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലും ഭക്ഷണം കൊടുക്കാനും ശ്വാസ തടസ്സം, മലമൂത്ര വിസര്‍ജനം എന്നിവയുടെ തടസ്സം നീക്കാനും ശസ്ത്രക്രിയ ആവശ്യമാണ്.

റേഡിയോതെറാപ്പി

കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അണുപ്രസരണങ്ങള്‍ കാന്‍സര്‍ ബാധിച്ച ഭാഗത്ത് പതിപ്പിച്ചു കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാക്രമമാണ് റേഡിയോ തെറാപ്പി. X-ray എടുക്കുന്ന അതേ കിരണങ്ങള്‍ കൂടുതല്‍ ശക്തിയോടെ ഉല്പാദിപ്പിച്ച് ഈ ചികിത്സ ചെയ്യുന്നു.

കീമോതെറാപ്പി

മരുന്നുകള്‍ കൊണ്ടുള്ള ഈ ചികിത്സ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. മറ്റു അവയവങ്ങളിലേക്കു വ്യാപിക്കാന്‍ സാധ്യതയുള്ള ക്യാന്‍സറുകള്‍ക്ക് ഈ ചികിത്സാ രീതി ഫലപ്രദമാണ്. രോഗ സ്വഭാവമനുസരിച്ച് ഇത്തരം മരുന്നുകള്‍ നിശ്ചിത സമയങ്ങളില്‍ കൊടുക്കുന്നു. ശരീരത്തിലെ രക്താണുക്കളുടെ അളവ്, മറ്റു അവയവങ്ങളിലെ പ്രവര്‍ത്തനക്ഷമത എന്നിവ കൃത്യമായി നിരീക്ഷിച്ച് കൊണ്ടാണ് കീമോതെറാപ്പി മരുന്നുകള്‍ നല്‍കുന്നത്.

ഇമ്മ്യൂണോ തെറാപ്പി

കാന്‍സര്‍ ചികിത്സയില്‍ നമുക്ക് സുപരിചിതമായ കീമോതെറാപ്പിയുടെ പൊതുതത്വം അര്‍ബുദകോശങ്ങള്‍ പോലെ ശരീരത്തില്‍ അതിവേഗം വളരുന്ന കോശങ്ങളെ നശിപ്പിക്കുക എന്നതാണ്. കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനും ഉള്ള ജോലി മികച്ച രീതിയില്‍ ചെയ്യാന്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക എന്നതാണ് ഇമ്മ്യൂണോ തെറാപ്പി ലക്ഷ്യമിടുന്നത്. അതുവഴി അവയെ ആക്രമിക്കാനും നശിപ്പിക്കുവാനും കഴിയും. പ്രായോഗികമായി പറഞ്ഞാല്‍ കാന്‍സറിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു കൂട്ടം ടി സെല്ലുകള്‍ (T cells) സൃഷ്ടിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പിയുടെ ആത്യന്തിക ലക്ഷ്യം.

മെലനോമ, ലിംഫോമ, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ചിലതരം അര്‍ബുദങ്ങളെ ചികിത്സിക്കുന്നതിലും ഇമ്മ്യൂണോതെറാപ്പി അംഗീകരിച്ചിട്ടുണ്ട്.

ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി

റേഡിയോളജിയുടെ ഒരു വിഭാഗമായിത്തന്നെ കാന്‍സര്‍ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്നു. CT MRI Fluroscopy ചിത്രങ്ങളുടെ സഹായത്തോടെ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ , കീമോ മൊബിലൈസേഷന്‍ എന്നിവയെല്ലാം ചെയ്യുന്നു. ആശുപത്രിയില്‍ ചിലവഴിക്കുന്ന സമയം, ശസ്ത്രക്രിയയുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

ചികിത്സയ്ക്കു ശേഷമുള്ള കരുതല്‍

കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് ശേഷം രോഗ വിമുക്തര്‍ക്ക് കൃത്യമായ തുടര്‍ പരിശോധനയും ദുശ്ശീലങ്ങള്‍ ഒഴിവാക്കിയുള്ള ചിട്ടയായ ജീവിതശൈലിയും കൊണ്ട് ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണ്.

കാന്‍സറിനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുകയിലയുടെ ഉപയോഗവും മദ്യപാനവും വര്‍ജിക്കുക.
ഭക്ഷണത്തില്‍ ധാരാളം പച്ചക്കറിയും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക, കരിഞ്ഞതും പൊരിച്ചതുമായ ഭക്ഷണങ്ങളും, പൂപ്പല്‍ വന്നവയും ഒഴിവാക്കുക.
ചുവന്ന വിഭാഗത്തില്‍പ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടന്‍, പോര്‍ക്ക്) ഉപയോഗം കുറയ്ക്കുക.
എല്ലാ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക
മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാന്‍ ശ്രദ്ധിക്കുക.
കൃത്യമായ വിശ്രമം,ആറ് മുതല്‍ എട്ടു മണിക്കൂര്‍ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
ശരീരത്തില്‍ മാറ്റം വരുന്ന മുഴകള്‍, ശരീരത്തിലെ വിവിധ ദ്വാരങ്ങളില്‍ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീര്‍ഘമായുള്ള അസാധാരണ മലമൂത്ര വിസര്‍ജനം തുടങ്ങിയവ കണ്ടാല്‍ ഉടനെ പരിശോധന നടത്തുക.
സ്ത്രീകള്‍ എല്ലാ മാസവും സ്വയം സ്തനപരിശോധന ശീലമാക്കുക, 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധന നടത്തുക,
മാസത്തിലൊരിക്കല്‍ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭാശയഗള ക്യാന്‍സര്‍ പരിശോധന മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തുക. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ എച്ച് .പി. വി. വാക്‌സിന്‍ എടുക്കുക
45 വയസ്സ് കഴിഞ്ഞവര്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്തി രോഗം വരാനുള്ള സാധ്യത അറിയുക. രോഗം ഉണ്ടെന്ന് കണ്ടാല്‍ ഉടനെ ചികിത്സിക്കുക

(കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖിക)

Content Highlights: world cancer day 2023 all you need to know about cancer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ദിവസവും കഴിയ്ക്കാവുന്ന ഉപ്പിന്റെ അളവ് എത്ര?; ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Jun 5, 2023


pain

3 min

അകാരണവും വിട്ടുമാറാത്തതുമായ വേ​​ദനയും ക്ഷീണവും; ഫൈബ്രോമയാള്‍ജിയ തിരിച്ചറിഞ്ഞ് ചികിത്സ തേടാം

Jun 5, 2023


turmeric milk

1 min

ഗര്‍ഭിണികള്‍ പാലില്‍ മഞ്ഞള്‍ കലര്‍ത്തി കുടിക്കുന്നത് ആരോഗ്യപ്രദമോ?

Jun 5, 2023

Most Commented