ചെറിയ തലവേദന വന്നാൽ ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ?; എന്തെല്ലാം ശ്രദ്ധിക്കണം?


ഡോ. ജേക്കബ് ആലപ്പാട്ട്

4 min read
Read later
Print
Share

ജൂണ്‍ 8 -ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം

Representative Image| Photo: Canva.com

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ഡേ. ചെറിയ തലവേദന വന്നാൽ അത് ബ്രെയിൻ ട്യൂമറാണോ എന്ന് സംശയിക്കണോ? വേണ്ട, തലവേദന തന്നെയാണ് ബ്രെയിൻ ട്യൂമറിന്റെ പ്രഥമ ലക്ഷണം എന്നിരിക്കെ എങ്ങനെ ബ്രെയിൻ ട്യൂമറിന്റെ തലവേദനയെ തിരിച്ചറിയാം? പൂർണ്ണമായി തിരിച്ചറിയുക എളുപ്പമല്ല, എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറേയൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാനാകും.

ബ്രെയിൻ ട്യൂമറും മൈഗ്രേനും

സഹിക്കാൻ പറ്റാത്ത തലവേദന, രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്ന തരത്തിലുള്ള തലവേദന, സുഖമായി ഉറങ്ങിയിരുന്ന ആൾ ഉറക്കത്തിൽ നിന്ന് തലവേദന മൂലം ഉണരുകയാണെങ്കിൽ അതിന് പ്രാധാന്യമുണ്ട്. തലവേദനയോട് കൂടിയ ഛർദ്ദി, ഓർമ്മ നഷ്ടപ്പെടുക, അപസ്മാരം, ഒരു വശത്തിന് ബലക്കുറവ്, ഒരു വശത്തിന് തരിപ്പ്, കാഴ്ചക്കുറവ്, അപസ്മാരം ഇല്ലാത്ത രോഗിക്ക് പുതിയതായി അപസ്മാരം വരിക, ഇതെല്ലാം ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. ഒരളവ് വരെ മൈഗ്രെയിനിന്റെ ലക്ഷണങ്ങളുമായി ഇതിനെ കൂട്ടി വായിക്കുവാൻ സാധിക്കും. അതുകൊണ്ടാണ് പലപ്പോഴും ഈ തലവേദനകളെല്ലാം ബ്രെയിൻ ട്യൂമറിന്റേതാവണം എന്നില്ല എന്ന് പറയുന്നത്.

ട്യൂമറിന്റെ തലവേദന ഒരു ചെറുകഥ പോലെയാണ്, അതിന്റെ അവസ്ഥ നീണ്ടതല്ല, തലവേദന ആരംഭിച്ച് തുടങ്ങിയാൽ രോഗി ഒരിക്കലും പൂർണ്ണമായി സുഖപ്പെടുന്നില്ല. എന്നാൽ മൈഗ്രൈയിനിന്റെ തലവേദന ഒരു നോവൽ പോലെയാണ്, നീണ്ടകഥയാണിത്. പലപ്പോഴും രോഗിയോട് തലവേദന എത്രനാളായി എന്ന് ചോദിക്കുമ്പോൾ പത്തും പതിനാറും വർഷമായി എന്നൊക്കെ രോഗി നീട്ടി പറയുമ്പോൾ കേൾക്കുന്ന ഡോക്ടർക്ക് ആശ്വാസമാണ്. ഗൗരവം വർദ്ധിപ്പിക്കാനാണ് രോഗി പറയുന്നതെങ്കിലും ഡോക്ടർക്കറിയാം പതിനാറ് വർഷമായിട്ട് ഒരു ബ്രെയിൻ ട്യൂമറും വളരില്ല എന്ന്.

തലയ്ക്ക് മുഴുവനായി വരുന്ന വേദന പലപ്പോഴും ട്യൂമറിന്റേതാവാനാണ് സാധ്യത. മൈഗ്രേനിന്റെ തലവേദന തലയുടെ ഇരുവശങ്ങളിലായി മാറി വന്നേക്കാം, പക്ഷെ ഒരിക്കലും തലയിൽ മുഴുവനായി വരാറില്ല. തലവേദനയുടെ ഗൗരവം കൂട്ടാൻ ചിലപ്പോൾ ആളുകൾ ഛർദ്ദിയുടെ കാര്യവും പറയും. ഇത് മൈഗ്രേനിലും പൊതുവായ ലക്ഷണമാണ്. എന്നാൽ ബ്രെയിൻ ട്യൂമറിന്റെ ഛർദ്ദിയിൽ മൈഗ്രെയിനിന്റെ ഛർദ്ദിയിലേത് പോലെ മനം പുരട്ടലുണ്ടാകില്ല. ഇതിനെ പ്രൊജക്ടൈൽ വൊമിറ്റിങ്ങ് (Projectile Vomiting) എന്നാണ് പറയുന്നത്. പെട്ടെന്ന് രോഗി ഛർദ്ദിക്കും ഛർദ്ദി കഴിയുമ്പോൾ മൈഗ്രെയിനിലും ബ്രെയിൻ ട്യൂമറിലും വേദനയുടെ തീവ്രത കുറയുന്നതായി കാണാറുണ്ട്.

തെറ്റിദ്ധരിച്ച് ചികിത്സ തേടുന്ന സന്ദർഭങ്ങൾ

ഛർദ്ദി പലപ്പോഴും വയറിന്റെ പ്രശ്‌നമായി തെറ്റിദ്ധരിച്ച് ചികിത്സ തേടുന്നത് പതിവാണ്. വയറുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം ചെയ്തിട്ടും അസുഖം തിരിച്ചറിയാനാവാതെ വന്ന് തലയുടെ സ്‌കാൻ ചെയ്യുമ്പോഴാണ് ട്യൂമർ കണ്ടുപിടിക്കപ്പെടുക. കുട്ടികളിലെ ട്യൂമറിന്റെ പ്രത്യേകതയാണ് Early morning Vomiting. കുട്ടി രാവിലെ എഴുന്നേറ്റ് സ്‌കൂളിൽ പോകാൻ ഡ്രസ്സൊക്കെ മാറ്റിയിരിക്കുമ്പോഴായിരിക്കും ഛർദ്ദി കാണപ്പെടുന്നത്. ഇത് സ്‌കൂളിൽ പോകാനുള്ള മടിയാണ് എന്ന് പൊതുവെ ചിത്രീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. തലച്ചോറിലെ ഛർദ്ദി നിയന്ത്രിക്കുന്ന Ependymoma എന്ന ഭാഗത്ത് ട്യൂമർ ബാധിക്കുന്നത് കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഇത് നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്ന ലക്ഷണമാണ്.

പെരുമാറ്റ വ്യത്യാസം

വളരെയധികം രോഗികൾ സൈക്യാട്രിസ്റ്റിനെ സന്ദർശിച്ച് ചികിത്സ നടത്തുന്ന ലക്ഷണമാണ് പെരുമാറ്റ വ്യത്യാസം. ദീർഘനാൾ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നെടുക്കുന്ന രോഗി അവസാനം അപസ്മാരം സംഭവിച്ചതിന് ശേഷം സ്‌കാൻ ചെയ്യുമ്പോഴായിരിക്കും ട്യൂമർ തിരിച്ചറിയപ്പെടുന്നത്. ഞാൻ മെഡിക്കൽ സ്റ്റുഡന്റായി പഠിക്കുന്ന കാലത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുള്ള ഒരു രോഗിയെ അഡ്മിറ്റ് ചെയ്തിരുന്നു. കൊലപാതക കേസിലെ പ്രതിയായിരുന്നു അവർ, മകനെ കത്തികൊണ്ട് കുത്തിക്കൊന്നതായിരുന്നു കേസ്. അങ്ങനെയിരിക്കുമ്പോഴാണ് അവർക്ക് ജയിലിൽ നിന്ന് അപസ്മാരം ഉണ്ടാകുന്നത്. അവർക്ക് തലയിൽ ഒരു വലിയ ട്യൂമർ ഉണ്ടായിരുന്നു. സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്ത് അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ട്യൂമർ മൂലമാണ് ആ സ്ത്രീക്ക് ദേഷ്യത്തിലും വികാരങ്ങളിലും നിയന്ത്രണമില്ലാതായത്, അതിന്റെ ഭാഗമായാണ് അവർ ആ കൊലപാതകം നടത്തിയത് എന്ന് കോടതിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് പ്രസ്താവിച്ചുകൊണ്ട് ജഡ്ജ് അവരെ തുടർ ശിക്ഷകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സ്‌ട്രോക്ക്

ട്യൂമർ ബ്ലീഡ് ചെയ്താൽ പലപ്പോഴും അത് ഒരു സ്‌ട്രോക്ക് പോലെ വരും. കാഴ്ചക്കുറവ് മറ്റൊരു പ്രത്യേകതയാണ്. സ്‌പൈനൽ കോഡ് സംബന്ധമായ അസുഖമാണ് എന്ന് തെറ്റിദ്ധരിക്കുന്ന മറ്റൊരു അവസ്ഥയാണ് കാലിനുണ്ടാകുന്ന ബലക്കുറവ്. കഴുത്ത് വേദന മറ്റൊരു ലക്ഷമമാണ്. ഓർത്തോപീഡിഷ്യനെ സന്ദർശിച്ച് ചികിത്സ നേടുകയാണ് പലരും ഈ അവസ്ഥയിൽ ചെയ്യാറുള്ളത്.

ചില രോഗികൾ നേരിട്ട് നമ്മളോട് പറയും 'ഡോക്ടറെ, എനിക്ക് ബ്രെയിൻ ട്യൂമറാണോ എന്ന് സംശയമുണ്ട് സ്‌കാൻ ചെയ്ത് നോക്കണം' എന്ന്. കുടുംബത്തിലോ ബന്ധത്തിലോ ആർക്കെങ്കിലും ബ്രെയിൻ ട്യൂമർ ബാധിച്ചവരായിരിക്കും പ്രധാനമായും ഇത്തരത്തിലുള്ളത്. മുൻപൊന്നും ഇതിനത്ര പ്രാധാന്യം ഞാൻ കൊടുത്തിരുന്നില്ല. പക്ഷെ ഇപ്പോൾ ഇത്തരക്കാരെ തീർച്ചയായും പരിഗണിക്കാറുണ്ട്. പലതരത്തിലുള്ള കാരണങ്ങളാണിതിനുള്ളത്. ഒന്നാമതായി ഇന്നത്തെ എം.ആർ.ഐ സ്‌കാനിംഗിന് വലിയ റേഡിയേഷൻ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ അസുഖമില്ല എന്നറിഞ്ഞാൽ രോഗിക്ക് വലിയ ആശ്വാസമാകും, അഥവാ അസുഖമുണ്ട് എന്നാണ് ഫലമെങ്കിൽ നമുക്ക് നേരത്തെ ചികിത്സ ആരംഭിക്കുകയും ചെയ്യാം. അത് തുടർ ചികിത്സയിൽ ഏറെ സഹായകരമാകും.

നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത

എന്തിനാണ് ബ്രെയിൻ ട്യൂമർ നേരത്തെ കണ്ടുപിടിക്കേണ്ടത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. പണ്ടൊക്കെ കൂടുതലും രോഗികൾ വരുന്നത് ട്യൂമർ വളരെ വലുതായ ശേഷമായിരുന്നു. രോഗി പലപ്പോഴും അബോധാവസ്ഥയിലായിരിക്കും എത്തുക. നേരത്തെ സ്‌കാൻ ചെയ്ത് തിരിച്ചറിഞ്ഞാൽ അതിനെ ഒരു ചെറുനാരങ്ങയോ, നെല്ലിക്കാ വലുപ്പത്തിലോ ഓപ്പറേറ്റ് ചെയ്യാൻ എളുപ്പമാണ്. റിസൽട്ട് നന്നായിരിക്കും. ഏത് അസുഖം പോലെയും നേരത്തെ ട്യൂമർ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് വളരെ വ്യത്യാസമുണ്ടാക്കും. ഓപ്പറേഷൻ അല്ലാത്ത ചികിത്സാ രീതികളും ചിലപ്പോൾ സാധിക്കും. അക്യുസ്റ്റിക് ന്യൂറോമ പോലുള്ള ട്യൂമർ മൂന്ന് സെന്റിമീറ്ററിൽ താഴെയാണെങ്കിൽ കേൾവിക്ക് കുഴപ്പമില്ലാതെ, മുഖത്തിന് കോടലില്ലാതെ ഗാമ നൈഫ് എന്ന ട്രീറ്റ്‌മെന്റിലൂടെ ഭേദപ്പെടുത്താൻ സാധിക്കും. ഇത് വലുപ്പം കൂടിയാൽ സാധിക്കില്ല. വലുപ്പം കുറഞ്ഞ ട്യൂമറുകളെ കൂടുതൽ ഫലപ്രദമായി എളുപ്പത്തിൽ ചികിത്സിക്കാം എന്നതിലാണ് ബ്രെയിൻ ട്യൂമർ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രസക്തി.

ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പ്രബുദ്ധരാണ് നമ്മൾ മലയാളികൾ എങ്കിലും ബ്രെയിൻ ട്യൂമർ പോലുള്ള അസുഖങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അസുഖബാധിതനായി കഴിഞ്ഞാൽ ആത്മവിശ്വാസമുണ്ടാകണം, അസുഖ ബാധിതനെ ഒറ്റപ്പെടുത്താതെ പിൻതുണ കൊടുക്കുകയും കുടുംബത്തിനൊപ്പം സമൂഹം ഉണ്ടാവുകയും ചെയ്യണം. ഇത്തം കാര്യങ്ങൾക്ക് ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്ന് ഈ വേൾഡ് ബ്രെയിൻ ട്യൂമർ ഡേയിൽ നമുക്ക് ഉറപ്പ് വരുത്താം.

(കോഴിക്കോട് ആസ്റ്റർ മിംസിലെ ന്യൂറോ സയൻസസ് വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റുമാണ് ലേഖകൻ)

Content Highlights: world brain tumor day, symptoms signs and treatment of brain tumor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


braces

5 min

പല്ലിന് കമ്പിയിടൽ ചികിത്സ എത്രാമത്തെ വയസ്സിൽ ചെയ്തു തുടങ്ങാം ?

Sep 22, 2023


Most Commented