ജൂൺ 8 ലോക ലോക ബ്രെയിൻ ട്യൂമർ ദിനം. ബ്രയിൻ ട്യൂമറുകളെ പൊതുവെ ഭയത്തോടെ ആണ് പൊതുജനം വീക്ഷിക്കുന്നത്. ഇത്രമാത്രം ഭയപ്പെടേണ്ടവയാണോ ഈ ട്യൂമറുകൾ?

പ്രായഭേദമന്യേ ബ്രെയിൻ ട്യൂമറുകൾ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കണ്ടു വരാറുണ്ട്. മുതിർന്നവരിൽ കണ്ടുവരുന്ന ട്യൂമറുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം (1) മെറ്റാസ്റ്റാറ്റിക് (metastastic), അഥവാ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കാൻസറുകളിൽ നിന്ന് ബ്രെയിനിലേക്ക് രക്തധമനികളിലൂടെ വ്യാപിച്ചവ. മുതിർന്നവരിൽ പകുതിയിൽ കൂടുതലും ഇത്തരത്തിലുള്ളവയാണ്. രണ്ട്-തലച്ചോറിൽ തന്നെ ഉത്ഭവിക്കുന്ന ട്യൂമറുകളെ പ്രൈമറി ട്യൂമറുകൾ എന്ന് വിളിക്കാം. കുട്ടികളിൽ കൂടുതലും കാണുന്നത് പ്രൈമറി ട്യൂമറുകളാണ്.

WHO ട്യൂമറുകളെ 120-ഓളമായി തരംതിരിച്ചിട്ടുണ്ട് ഗ്ലയോമ, മെനിൻജിയോമ, എന്നിവയാണ് ഇതിലെ പ്രധാനികൾ. ഈ 120 ട്യൂമറുകളുടെ അതിന്റെ കാൻസർ ശേഷിവച്ച് WHO തന്നെ ഗ്രേഡ് ഒന്നു മുതൽ നാല് വരെ ആയി വിഭജിച്ചിട്ടുണ്ട്. ഒന്നും രണ്ടും ക്യാൻസർ സാധ്യത തീരെ ഇല്ലാത്തതും, ഗ്രേഡ് 4 കൂടിയ ഗ്രേഡ് കാൻസറും ആകുന്നു.

ഭയപ്പെടേണ്ടതുണ്ടോ?

രണ്ടുകാര്യങ്ങളാണ് മുഖ്യമായും നമ്മുടെ ജീവിതത്തെ ഈ ട്യൂമറുകൾ എത്രത്തോളം ബാധിക്കും എന്ന് തീരുമാനിക്കുന്നത്. ട്യൂമറിന്റെ ഗ്രേഡും അത് സ്ഥിതി ചെയ്യുന്ന തലച്ചോറിലെ സ്ഥാനവും.

ലക്ഷണങ്ങൾ

തലവേദന ട്യൂമറിനെ ലക്ഷണമാകാം. എന്നാൽ 95% തലവേദനകളും ട്യൂമർ കൊണ്ട് അല്ല. ചർദ്ദിൽ, ജന്നി, ഒരുവശത്തെ ബലക്കുറവ്, സംസാരത്തിലെ അപാകതകൾ, സ്വാഭാവത്തിലെ മാറ്റങ്ങൾ എന്നിവയാണ് മുഖ്യമായും കാണുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി നിങ്ങൾ ഒരു ന്യൂറോ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു സി ടി സ്കാൻ/ എംആർഐ സ്കാൻ അനിവാര്യമായിരിക്കും.

എല്ലാ ട്യൂമറുകൾക്കും സർജറി വേണമോ?

ഗ്രേഡ് 1, 2 ൽ ഉൾപ്പെട്ട ചെറിയ ട്യൂമറുകളോ, വളർച്ചാ നിരക്ക് കുറഞ്ഞ ട്യൂമറുകൾക്കും എല്ലായ്പ്പോഴും അല്ലെങ്കിലും മിക്കപ്പോഴും നിരീക്ഷണം (അഥവാ മൂന്നോ ആറോ മാസമോ കൂടുമ്പോൾ ഉള്ള സ്കാൻസ്) മതിയാകും.

കീഹോൾ സർജറി

പിറ്റിയൂറ്ററി ഗ്രന്ഥിയിലെ ട്യൂമറുകളും ചുരുക്കം ചില ബ്രയിൻ ട്യൂമറുകൾക്കും കീഹോൾ സർജറി മൂക്കിൽ കൂടി തലച്ചോറിൽ പ്രവേശിച്ച് ചെയ്യാൻ പറ്റും. മിക്കപ്പോഴും തലയോട്ടി തുറന്നുള്ള സർജറിയാണ് വേണ്ടിവരുക.

സർജറി ഭയപ്പെടേണ്ടതാണോ?

ആധുനിക വൈദ്യശാസ്ത്രത്തിലെ പുരോഗതി തലച്ചോറിലെ സർജറികളെ വളരെ ലളിതവും അപകടരഹിതവും ആക്കി മാറ്റിയിട്ടുണ്ട്. രോഗിയെ ഉണർത്തി ഇരുത്തികൊണ്ടുള്ള 'Awake Craniotony' എന്ന ശസ്ത്രക്രിയ ഇതിന് ഉദാഹരണമാണ്. ചുറ്റുമുള്ള ബ്രെയിനിന് ഒരു കേടുപാടും കൂടാതെ ട്യൂമർ മാത്രം മാറ്റാൻ കഴിയുന്നു.

മിക്കപ്പോഴും മറ്റു കാൻസറുകളെ പോലെ റേഡിയേഷനും കീമോതെറാപ്പിയും ബ്രെയിൻ ട്യൂമർ സർജറിക്കു ശേഷവും ആവശ്യമായി വരാറുണ്ട്. രോഗിയുടെ പുനരധിവാസത്തിന് ഫിസിയോതെറാപ്പിയുടെ പങ്കും വളരെ വലുതാണ്. ബ്രെയിൻ ട്യൂമർ ഭയപ്പെടേണ്ട ഒന്നല്ല. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാം.

(പട്ടം എസ്.യു. ടി ആശുപത്രിയിലെ ന്യൂറോസർജനാണ് ലേഖകൻ)

Content Highlights:World Brain Tumor Day 8 June