ഒ. പി. യിലെക്ക് കടന്ന് വരുന്ന മനുഷ്യനെ എനിക്കറിയാം, പക്ഷെ പെട്ടെന്ന് ഓർമ്മ വരുന്നില്ല. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. എന്നാലും ആരോഗ്യവാനാണ്. സ്വയം പരിചയപ്പെടുത്തുന്നതിന് മുൻപ് ഓർത്തെടുക്കാൻ ശ്രമിച്ചു, പക്ഷെ എളുപ്പമായിരുന്നില്ല.

'ഡോക്ടർ, ഞാൻ ഇസ്മയിൽ, മൂന്ന് വർഷം മുൻപ് ഡോക്ടറുടെ ചികിത്സയിലുണ്ടായിരുന്നു'

അപ്പോഴും എനിക്ക് കൃത്യമായ ഓർമ്മ കൈവന്നില്ല. ഒ കെ പറഞ്ഞ്, കമ്പ്യൂട്ടറിൽ അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് ഹിസ്റ്ററി പരിശോധിച്ചു. സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി, ഉള്ളിൽ അലതല്ലിയ ആഹ്ലാദത്തെ നിർവ്വചിക്കാനുള്ള വാക്കുകൾ പോലും അന്യമായിരുന്നു. മൂന്ന് വർഷം മുൻപിലത്തെ ഓർമ്മകളിലേക്ക് അറിയാതെ മനസ്സൊന്ന് സഞ്ചരിച്ചു.

പ്രോസ്റ്റേറ്റിനുള്ള സർജറിക്കായാണ് ഇസ്മയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. എല്ലാ പരിശോധനകളും നിർവ്വഹിച്ചു. മറ്റസുഖങ്ങളൊന്നുമില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നു പക്ഷെ ഇസ്മയിൽ പെട്ടെന്ന് അബോധാവസ്ഥയിലേക്ക് മാറി. അവസ്ഥ സങ്കീർണ്ണമായി. ഒരിക്കലും അങ്ങിനെ സംഭവിക്കാനിടയില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസ്ഥ.

രോഗിയെ ഐ സി യു വിലേക്ക് മാറ്റി, വിശദമായ അനേകം പരിശോധനകൾക്ക് വിധേയനാക്കി, ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് കണ്ടത് ഇസ്മയിലിന്റെ തലച്ചോറിലെ സ്റ്റെമ്മിൽ രക്തസ്രാവമുണ്ടായിരിക്കുന്നു, ആ ഞെട്ടലിന്റെ ആഘാതത്തെ ഒന്നൂകൂടി ശക്തമാക്കി അനുബന്ധമായ മറ്റൊരു കണ്ടെത്തൽ കൂടി, തലച്ചോറിന്റെ വലത് വശത്ത് ഒരു മുഴ കൂടി വളർന്നിരിക്കുന്നു...ഒരു സമയം തലച്ചോറിൽ രക്തസ്രാവവും, ബ്രെയിൻ ട്യൂമറും. സങ്കീർണ്ണതയുടെ അങ്ങേയറ്റമുള്ള അവസ്ഥ.

ബന്ധുക്കളോട് സംസാരിച്ചു. ഒരിക്കൽ ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ട്യൂമറിന് ഉടൻ തന്നെ സർജറി വേണം, രക്തസ്രാവത്തിന് മരുന്ന് നൽകൽ മാത്രമാണ് പ്രതിവിധി, ശസ്ത്രക്രിയ വിജയകരമായാൽ രക്തസ്രാവം സമയമെടുത്ത് മാറുവാൻ സാധ്യതയുണ്ട്. മറ്റൊന്നും ചെയ്യാനില്ല. കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. ശസ്ത്രക്രിയയ്ക്ക് സമ്മതം ലഭിച്ചു.

സമയമൊട്ടും പാഴാക്കാനുണ്ടായിരുന്നില്ല, ഉടൻ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. പിന്നെയും ഇസ്മയിലിനെ ഐ സി യുവിവേക്ക് മാറ്റി. ഗുരുതരമായിരുന്നു അവസ്ഥ. ഞങ്ങളുടെ നിതാന്തമായ മോണിറ്ററിംഗ്. ഇതിനിടയിൽ പല തവണ ഇൻഫക്ഷൻ വന്നു. എല്ലാം വിജയകരായി തരണം ചെയ്തു. ഏതാണ്ട് 2 മാസത്തോളം ഐ സി യുവിൽ. എന്റെ ഭാഗം ഏറെക്കുറെ വിജയകരമായി പൂർത്തിയാക്കിയ ശേഷം യൂറോളജിസ്റ്റിനും, ജനറൽ മെഡിസിനുമൊക്കെയായി വിട്ടുകൊടുത്തു. രണ്ട് മാസത്തിന് ശേഷം ഡിസ്ചാർജ്ജ് ചെയ്ത് പോകുമ്പോൾ കണ്ടതും ഓർമ്മയുണ്ട്.

മൂന്ന് വർഷം പിന്നിട്ട ശേഷമാണ് ഇസ്മയിലിനെ ഇപ്പോൾ കാണുന്നത്. അന്നത്തെ ക്ഷീണിതനായ അവസ്ഥയെല്ലാം മറികടന്നിരിക്കുന്നു. ബ്രെയിൻ ട്യൂമറിനെയും തലച്ചോറിലെ രക്തസ്രാവത്തെയും മറികടന്ന പോരാളിയാണ്. ഞാൻ എഴുന്നേറ്റ് നിന്ന് തന്നെ കൈകൊടുത്തു. ഈ വർഷത്തെ ബ്രെയിൻ ട്യൂമർ ഡേയിൽ എനിക്ക് ഇതിനേക്കാൾ നല്ല മറ്റൊരനുഭവം ലഭിക്കാനില്ല.

(കോട്ടക്കൽ ആസ്റ്റർ മിംസിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ലേഖകൻ)

Content Highlights:world brain tumor day 2021 doctor share an experience