ജൂണ്‍ പതിനാല്. ലോക രക്തദാതാക്കളുടെ ദിനം (World Blood Donor Day). രക്തദാനം ജീവദാനം എന്നതാണ് പൊതുവെ പറയാറുള്ളത് തന്നെ. ഈ വിശേഷണം മുമ്പെന്നത്തെക്കാളും പ്രസക്തമായ അവസ്ഥയിലൂടെയാണ് ഈ ലോക രക്തദാതാക്കളുടെ ദിനത്തില്‍ ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19-ന്റെ രണ്ടാം ഘട്ട വ്യാപനം മൂലം ആതുരസേവന രംഗത്ത് സ്വാഭാവികമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ രക്തദാനത്തെയും ബാധിച്ചിട്ടുണ്ട്. 

ആരോഗ്യമുള്ള വ്യക്തികളുടെ രക്തദാനം ഉറപ്പ് വരുത്തേണ്ടത് ഈ അവസരത്തിലാണ്. രക്തം ദാനം ചെയ്യുവാനുള്ള സന്നദ്ധത വ്യാപകമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രത്യേകം മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും സ്വീകരിക്കണം. 

രക്തദാനത്തിനിടെ കോവിഡ് പകരുവാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക പൊതുവെ വ്യാപകമാണ്. നിലവില്‍ ലോകത്തെവിടെയും തന്നെ ഇത്തരത്തില്‍ കോവിഡ് പകര്‍ന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ നമ്മള്‍ പരിചയിച്ച കോവിഡിന്റെ വകഭേദങ്ങളായ സാര്‍സ്, മെര്‍സ് എന്നിവ പടര്‍ന്ന കാലത്തും രക്തദാനത്തിലൂടെ വൈറസിന്റെ വ്യാപനം രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്ന സെന്ററുകളില്‍നിന്ന് രക്തദാനം നിര്‍വ്വഹിക്കുന്നത് മൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയില്ല എന്ന് തന്നെ പറയാം.

എന്തൊക്കെ ശ്രദ്ധിക്കണം

കോവിഡ് 19-ന്റെ വ്യാപനം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രക്തദാനത്തിന് തയ്യാറാകുന്നവര്‍ക്ക് സ്വാഭാവികമായും ചില ആശങ്കകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. രക്തദാതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ (മിനിസ്ട്രി ഓഫ് ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയര്‍, ഗവണ്മന്റ് ഓഫ് ഇന്ത്യ) കോവിഡിന്റെ തുടക്കകാലത്തു തന്നെ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കോവിഡ് രണ്ടാം ഘട്ടത്തിലെത്തുമ്പോഴും ഈ മുന്‍കരുതലുകള്‍ തന്നെയാണ് പ്രധാനം. 

1. യാത്ര ചെയ്തവര്‍:  ഇതര രാജ്യങ്ങളില്‍നിന്നോ ഇതര സംസ്ഥാനങ്ങളില്‍നിന്നോ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹോട്സ്പോട്ടുകളില്‍നിന്നോ ഉള്ളവരില്‍നിന്നുള്ള രക്തദാനം നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.

2. രോഗികള്‍:  കൊറോണ പോസിറ്റീവായി സ്ഥീരീകരിച്ച രോഗികളില്‍നിന്നു അസുഖം ഭേദമായി 28 ദിവസത്തിന് മുന്‍പുള്ള രക്തദാനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. 

3. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍:  കൊറോണ സ്ഥീരീകരിക്കുകയോ സംശയിക്കുകയോ ക്വാറന്റൈനില്‍ ഉള്‍പ്പെടുകയോ ചെയ്തവരുമായി ബന്ധപ്പെട്ടവര്‍ക്ക് അവസാനം ബന്ധപ്പെട്ട ദിവസം മുതലുള്ള 28 ദിവസത്തിനിടയില്‍ രക്തദാനം ചെയ്യുവാന്‍ പാടുള്ളതല്ല.

4. സാമൂഹിക അകലം:  രക്തം സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ അതത് കേന്ദ്രങ്ങള്‍ ഒരുക്കുകയും അതുമായി രക്തദാതാക്കള്‍ നിര്‍ബന്ധമായും സഹകരിക്കുകയും വേണം.

5. കൈകളുടെ ശുചിത്വം :  കോവിഡ് വ്യാപനത്തിന്റെ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കൈകളുടെ ശുചിത്വം ഉറപ്പ് വരുത്തല്‍. ഇതിനായി അതത് കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന സാനിറ്റൈസറുകള്‍, സോപ്പ് എന്നിവ ഉപയോഗിച്ച് ശുചിത്വം നിര്‍ബന്ധമായും ഉറപ്പ് വരുത്തുക.

6. മുഖാവരണം :  സുരക്ഷിതമായ മുഖാവരണങ്ങള്‍ നിര്‍ബന്ധമായും ധരിക്കുക.

7. അനാരോഗ്യം :  ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശനം ഉള്ളതായി തോന്നുകയാണെങ്കില്‍ ഒരു കാരണവശാലും രക്തദാനം ചെയ്യാതിരിക്കുക. രക്തം ദാനം ചെയ്യുന്ന ദിവസം നല്ല രീതിയില്‍ ഭക്ഷണം കഴിക്കുകയും രക്തദാന ശേഷം ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ കുടിക്കുകയും ചെയ്യുക.

8. രക്തദാനത്തിന് ശേഷം:  രക്തം ദാനം ചെയ്ത വ്യക്തിക്ക് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് രോഗബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താല്‍ നിര്‍ബന്ധമായും രക്തം ദാനം ചെയ്ത കേന്ദ്രത്തെ അറിയിക്കണം. ഇതില്‍ ഉപേക്ഷ വരുത്തരുത്.

Content Highlights: world blood donor day 2021 blood donation during covid