സംസാര താമസവും, ഹൈപ്പര്‍ ആക്ടിവിറ്റിയും ഓട്ടിസം ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു എന്നതുകൊണ്ട് മാത്രം, ഓട്ടിസ്റ്റിക്ക് ഫീച്ചറുള്ള അഞ്ചു വയസുകാരന്‍ ഓമനക്കുഞ്ഞിന്റെ അമ്മ എന്ന നിലയില്‍, അവന്റെ ശരിയായ തെറാപ്പി കള്‍ക്കും, അംഗന്‍വാടി, സ്‌കൂള്‍ വിദ്യാഭ്യാസങ്ങള്‍ക്കും വേണ്ടി ഞാന്‍ നമ്മുടെ സമൂഹത്തില്‍ നിന്നും അനുഭവിച്ച യാതനകള്‍ക്കും പ്രതിസന്ധികള്‍ക്കും അതിരില്ല. ശരിയായ തെറാപ്പിയും സമപ്രായക്കാരോടൊപ്പമുള്ള അംഗന്‍വാടി സ്‌കൂള്‍ വിദ്യാഭ്യാസവും കിട്ടിയിരുന്നെങ്കില്‍ അവന്‍ ഇന്ന് ഏറെ മിടുക്കനായേനെ. ഇത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ രണ്ടു വയസിനും നാലു വയസിനുമിടയില്‍ കൃത്യമായ ട്രെയിനിങ്ങ് കിട്ടിയാല്‍ അവരെ ഏറെ സ്വയംപര്യാപ്തരാക്കാന്‍ പറ്റും.

എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ നാട്ടിലെ അംഗന്‍വാടി, സ്‌കൂള്‍ അധ്യാപികമാര്‍ അവനെ വേണ്ട പോലെ പരിഗണിക്കാതെ അവഗണിച്ചതു മൂലം അവന്റെ വിദ്യാഭ്യാസ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു.ഈ കാര്യങ്ങള്‍ ഒക്കെയും തുറന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മാതൃഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഞാനെഴുതിയ ഒരു ലേഖനം ഏറെ വായിക്കപ്പെട്ടു. അത് വായിച്ച് പതിനായിരക്കണക്കിന് ഇത്തരം പ്രശ്‌നങ്ങളുള്ള മലയാളിക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും ഈ വിഷയത്തില്‍ ഒരു അമ്മ എന്ന നിലയില്‍ മാത്രം പരിമിതമായ'അറിവുകള്‍ ഉള്ള എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്.. ലോകത്തെമ്പാടും ഇത്തരം കമ്മ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുള്ള ഒരു പുതു തലമുറ കൂടി വരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. നമ്മുടെ ഗവര്‍മെന്റ് വിദഗ്ദ്ധരുടെ സഹായത്തോടെ സംക്ഷിപ്ത ശ്രദ്ധ പതിപ്പിക്കേണ്ട ഒരു ഗൗരവ വിഷയമാണിത്..! കഴിക്കുന്ന ഭക്ഷണമോ, മരുന്നോ, മാറി വരുന്ന കാലാവസ്ഥയോ, പ്രസവത്തിലെ പ്രശ്‌നങ്ങളോ, എന്താണെന്ന് കൃത്യമായി അറിയില്ല, ജനിക്കുന്ന വളരെ നോര്‍മലായ കുഞ്ഞുങ്ങള്‍ക്ക്, മിക്കവരും ഒന്നര വയസു വരെ നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നവര്‍, ശേഷം അവരുടെ സ്പീച്ച് കുറയുന്നു. റിഗ്രഷന്‍ എന്ന അവസ്ഥയാണിത് എന്ന് ഓട്ടിസം വിദഗ്ദ്ധര്‍ പറയുന്നുണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായം മുതല്‍ കൊടുക്കുന്ന മരുന്നുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്..

നാലര വയസിന് ശേഷം എന്റെ മകന് നല്ല തെറാപ്പികള്‍ കിട്ടി. ഇത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് വെറും സ്പീച്ച് തെറാപ്പി മാത്രം കൊടുത്തത് കൊണ്ടു കാര്യമില്ല. ഒക്കുപ്പേഷന്‍, ബിഹേവിയര്‍, തെറാപ്പികള്‍ നിര്‍ബന്ധമാണ്. ഈ തെറാപ്പികള്‍ കിട്ടുന്ന സ്ഥലം കേരളത്തില്‍ വളരെ കുറവാണ്..ഒരു വര്‍ഷം ട്രെയിനിങ്ങ് കഴിഞ്ഞ മകനെ, നാട്ടിലെ ഏതെങ്കിലും സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനായിരുന്നു വിദഗ്‌ധോപദേശം.

തൃശൂര്‍ ജില്ലയിലെ കുന്നംകുളമാണ് ഞങ്ങളുടെ സ്ഥലം.കുഞ്ഞ് വളരെ അനുസരണ ശീലമുള്ളവനാണ്. ഒന്ന് കര്‍ക്കശമായി പറഞ്ഞാല്‍ മതി. എന്തും അനുസരിച്ചു.ഷാഡോ ടീച്ചറെ വെക്കാമെന്നും ചോദിക്കുന്ന ഫീസ് കൊടുക്കാമെന്നും പറഞ്ഞിട്ടു കൂടി സമീപിച്ച സ്‌കൂളുകള്‍ കരുണ കാണിച്ചില്ല. നോ പറഞ്ഞില്ല .പക്ഷേ താത്പര്യമില്ലായ്മ പ്രകടമാക്കി.ഇത് ഭിന്ന ശേഷിക്കുഞ്ഞുങ്ങളെ നിരസിക്കുന്നത് കുറ്റകരം എന്നറിയാവുന്നത് കൊണ്ട് മാത്രമാണ് എന്നറിയാം. ഗുരുവായൂരടുത്തുള്ള ബാംഗ്‌ളൂര്‍ ബേസ് സിലബസില്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍ ഫീസ് വാങ്ങി, നോക്കട്ടെ എന്നു പറഞ്ഞ് കുട്ടിയെ എല്‍ കെ ജി യില്‍ ഇരുത്താതെ പ്ലേ ക്‌ളാസില്‍ ഇരുത്തി. കുട്ടി ഓടി നടക്കുന്നു, സംസാരം കുറവാണ്. നിങ്ങള്‍ തെറാപ്പികള്‍ക്ക് കൊണ്ടു പോകു ഇവിടെ പറ്റില്ല എന്നവര്‍ ഈ മാസം പറഞ്ഞു.

സ്‌കൂളില്‍ പോകുന്നത് അച്ചടക്കം പഠിക്കാനല്ലേ, നിങ്ങള്‍ അവനെ അധ്യാപകരുടെ പോലെ ശിക്ഷിക്കൂ, കര്‍ശനമായി ശാസിക്കൂ, തെറാപ്പികളേക്കാള്‍ അവന് ഗുണം സമപ്രായക്കാരുമായി കൂട്ടുകെട്ടാണ് എന്ന വിദഗ്ദ്ധ നിര്‍ദ്ദേശമുണ്ട് എന്നൊക്കെ ഞാന്‍ കെഞ്ചി.. അവര്‍ക്ക് സമ്മതമല്ലായിരുന്നു. മകന് ഈ അധ്യയന വര്‍ഷം കുന്നംകുളത്ത് ഇതുവരെ ഒരു നല്ല സ്‌ക്കൂള്‍ തരമായിട്ടില്ല. ഇക്കാലമത്രയും അവനോടൊപ്പം തെറാപ്പികള്‍ക്ക് നടന്ന അമ്മ എന്ന നിലക്ക് ഈ കുഞ്ഞ് ക്ലാസില്‍ എങ്ങനെ പെരുമാറുമെന്നും എനിക്ക് കൃത്യധാരണ ഉണ്ടായിരുന്നു.. ഇതാണ് ഞാന്‍ കണ്ട നമ്മുടെ ഭൂരിഭാഗം അധ്യാപകരുടേയും നയം. ചില കഴിവുകള്‍ കുറഞ്ഞ ഒരു പാവം കുഞ്ഞിനെ അല്‍പ്പം ശ്രദ്ധ കൂടുതല്‍ കൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആര്‍ക്കും താത്പര്യമില്ല... ഈ അധ്യാപകരുടെ വീട്ടില്‍ ഇത്തരമൊരു കുട്ടി ഉണ്ടെങ്കില്‍ അവര്‍ ഈ ഉപേക്ഷ എടുക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.

ഇത് എന്റെ മാത്രം പ്രശ്‌നമല്ല.. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തൊഴില്‍ സാമൂഹ്യ ജീവിതം പോലും ബലികഴിച്ച ആയിരക്കണക്കിന് മാതാപിതാക്കളുടെ പ്രശ്‌നമാണ്..

ഈ സാഹചര്യത്തില്‍ കുഞ്ഞിന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി ഉഴറുന്ന ഒരമ്മ എന്ന നിലയില്‍ നമ്മുടെ സര്‍ക്കാരിനോട് ചില കാര്യങ്ങള്‍ അപേക്ഷയുണ്ട്... ഇത്തരം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നമ്മുടെ നാട്ടില്‍ പിറവി കൊള്ളുന്ന സാഹചര്യത്തില്‍

ഈ അധ്യയന വര്‍ഷം തന്നെ നമ്മുടെ മുഴുവന്‍ അംഗന്‍വാടി, സ്‌കൂള്‍ അധ്യാപകര്‍ക്കും ഇത്തരം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനുള്ള ഒരാഴ്ച ട്രെയിനിങ്ങ്, ബോധവത്ക്കരണം നിര്‍ബന്ധമാക്കണം...സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു ഒ.ടിതെറാപ്പിസ്റ്റ്, സ്പീച്ച് സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ എന്ന വരെ നിയമിക്കണം...ഇത്തരം കുഞ്ഞുങ്ങളുടെ അവകാശത്തെ നിരസിക്കുന്ന, അവജ്ഞ കാണിക്കുന്ന അധ്യാപകരെ തിരിച്ചറിയണം... അവരുടെ അനാസ്ഥതയും അലസതയും മൂലം എന്റെ മകനെപ്പോലുള്ള ഒരു കുഞ്ഞിന്റെയും വിദ്യാഭ്യാസ, സാമൂഹ്യ, അടിസ്ഥാന അവകാശം നിഷേധിക്കാന്‍ പാടില്ല..

പേരന്‍പ് സിനിമ കണ്ട മലയാളികള്‍ ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് സഹതപിക്കുന്ന, അനുതാപം കാണിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. സഹതാപം ആര്‍ക്കും വേണ്ട. തലച്ചോറിലെ ചെറിയ നൂലിഴകള്‍ പൊട്ടിയാല്‍, ഒന്നയഞ്ഞാല്‍ ആര്‍ക്കും സംഭവിക്കാവുന്ന അവസ്ഥകളാണ് ഇതൊക്കെ എന്ന് പൊതുസമൂഹം മനസിലാക്കണം.. ഇത്തരം കുഞ്ഞുങ്ങളെ ബുദ്ധിമാന്ദ്യമുള്ളവരെന്ന് തരം താഴ്ത്താതെ, അവരെ പെറ്റി പോറ്റി വളര്‍ത്തുന്നവരെ പരിഹസിക്കാതെ, ഈ കുഞ്ഞുങ്ങളെ മിടുക്കരാക്കി വളര്‍ത്തി സാമൂഹ്യ ജീവികളാക്കാന്‍ സഹായിക്കുവാന്‍ നാമോരോരുത്തരും ശ്രദ്ധിക്കണമെന്നും അധ്യാപകരോടും, സ്‌ക്കൂള്‍ അധികൃതരോടും പ്രത്യേക അഭ്യര്‍ത്ഥനയുണ്ട്. എല്ലാ അധ്യാപകരും ഇങ്ങനെയല്ല. ദേവ ദൂതരെപ്പോലെ വന്ന് ആശ്വസിപ്പിച്ച്, അവരുടെ പരിമിതിക്കുള്ളില്‍ നിന്ന് കുഞ്ഞിനെ സഹായിച്ച എന്നെ അതിശയിപ്പിച്ചവരേയും ഈ നാലു വര്‍ഷത്തിനിടയില്‍ കണ്ടിട്ടുണ്ട്.. പക്ഷേ ഭൂരിഭാഗവും മാറേണ്ടതുണ്ട് എന്ന ഉറച്ച ധാരണയുണ്ട്. സാമൂഹ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഈ മക്കളെ, അത്ര പ്രശ്‌നങ്ങളില്ലാത്തവരെ, സ്‌പെഷ്യല്‍ സ്‌കൂളിലോ, ഓട്ടിസം സ്‌കൂളിലോ ആക്കാന്‍ നിവൃത്തിയില്ലാത്ത, ഇത്തരം കുഞ്ഞുങ്ങളെ ഞങ്ങള്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം എന്ന ചോദ്യവുമായി ജീവിതത്തിന്റെ കനല്‍വഴിയില്‍ത്തന്നെ വെന്തുപൊള്ളി ഇടറിയുലഞ്ഞ് ഇപ്പോഴും നില്‍ക്കുകയാണ്...

Content Highlight: World Autism Day, Autistic Children, Care For Autistic Children