ഇന്ന് ലോക ഓട്ടിസം അവബോധന ദിനം; അറിയാം ഓട്ടിസത്തെക്കുറിച്ച്


ഡോ. മനു മുരളീധരന്‍, ഡോ. നമിത നസീര്‍

'ജോലിസ്ഥലങ്ങളിലെ വെല്ലുവിളികളും അവസരങ്ങളും- ഒരു കോവിഡാനന്തര ലോകത്ത്' എന്നതാണ് ഈ വര്‍ഷത്തെ ലോക ഓട്ടിസം അവബോധന ദിനത്തിന്റെ ആശയം

Representative Image | Photo: Gettyimages.in

ല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, വിഖ്യാത നടന്‍ ആന്റണി ഹോപ്കിന്‍സ്, സംവിധായകന്‍ ടിം ബര്‍ട്ടണ്‍, ലൂയിസ് കരോള്‍, ഐസക്ക് ന്യൂട്ടണ്‍, കവി വില്യം ബട്ട്‌ലര്‍ യേറ്റ്സ്, മൈക്കലാഞ്‌ജെലോ, ചെസ്സ് ഇതിഹാസം ബോബി ഫിഷര്‍.. ലോകപ്രശസ്തരായ ഇവര്‍ക്ക് എന്തെങ്കിലും സാമ്യമുണ്ടോ..? അതേ. ഇവരെല്ലാം മേല്‍പ്രസ്താവിച്ച ഓട്ടിസം എന്ന രോഗാവസ്ഥ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവര്‍ തങ്ങളുടെ മേഖല കണ്ടെത്തുകയും, അവയില്‍ ആഗ്രഗണ്യരായി തീരുകയും ചെയ്തു.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD) അഥവാ Pervasive Developmental Disorder (PDD) എന്നത് കേവലം ഒരു രോഗാവസ്ഥയുടെ പേരല്ല. സാമൂഹ്യമായ ഇടപെടലുകളിലെ പോരായ്മ, ആവര്‍ത്തിച്ചു കാണപ്പെടുന്ന ചില പെരുമാറ്റങ്ങള്‍ തുടങ്ങിയ പല ലക്ഷണങ്ങള്‍ ഏറിയും കുറഞ്ഞും കാണപ്പെടുന്ന അനേകം അവസ്ഥകളുടെ കൂട്ടായ ഒരു പേരാണ് ഇത്. മസ്തിഷ്‌കവികാസത്തിലെ ഒരു തകരാറായി ഇതിനെ കണക്കാക്കാം. ഇതില്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍, ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോം, റെറ്റ് സിന്‍ഡ്രോം, Pervasive developmental disorder- Not otherwise specified (PDD-NOS) എന്നിങ്ങനെ പല രോഗാവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു.

1911 ല്‍ സ്വിസ് മനഃശാസ്ത്രജ്ഞനായിരുന്ന യൂജിന്‍ ബ്‌ള്യൂലര്‍ ആണ് 'ഓട്ടിസം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചില സ്‌കിസോഫ്രീനിയ രോഗികളില്‍ കണ്ടിരുന്ന കഠിനമായ സാമൂഹ്യ ഉള്‍വലിവിനെ സൂചിപ്പിക്കാനായിരുന്നു അത്. 1943 ല്‍ ലിയോ കാനര്‍ എന്ന ശാസ്ത്രജ്ഞന്‍ ഓട്ടിസം എന്നതിനെ സാമൂഹ്യമായും വികാരപരമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണെന്ന് കണ്ടെത്തി. ഏകദേശം അക്കാലത്തു തന്നെ ഓട്ടിസം എന്നത് സാധാരണ ബുദ്ധിവൈഭവം ഉള്ള കുട്ടികളില്‍ കാണപ്പെടുന്ന സാമൂഹ്യ ഇടപെടലുകളിലും ആശയവിനിമയത്തിലും ഉള്ള കുറവാണ് എന്ന് ഹാന്‍സ് ആസ്പര്‍ഗര്‍ നിരീക്ഷിച്ചു. ഇവയുടെ ചുവടുപിടിച്ച് നടന്ന പഠനങ്ങളുടെ ഫലമായി 1980 ല്‍ ഓട്ടിസം എന്നത് സ്‌കിസോഫ്രീനിയ എന്നതില്‍ നിന്ന് വേറിട്ട ഒരു രോഗാവസ്ഥയാണെന്ന് ശാസ്ത്രലോകം കണ്ടെത്തി.

ഓട്ടിസം എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ ഒന്ന് പരിശോധിക്കാം.

1. സാമൂഹ്യ ഇടപെടലുകളിലെ രാഹിത്യം/കുറവ്: മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ വികാരങ്ങളുടെ ഉപയോഗം കുറവായി കാണപ്പെടും. വാക്കുകള്‍ക്കൊപ്പം ഉപയോഗിക്കുന്ന സംവേദന ഉപാധികളായ കണ്ണുകള്‍ തമ്മില്‍ ഉടക്കുക, മുഖഭാവങ്ങള്‍, ശരീരം കൊണ്ടുള്ള മുദ്രകള്‍ എന്നിവയില്‍ പല തോതിലുള്ള കുറവ് പ്രകടമായിരിക്കും. അതോടൊപ്പം മറ്റുള്ളവരുടെ മുഖഭാവം, ശരീരഭാഷ എന്നിവ തിരിച്ചറിയാനുള്ള കഴിവ് ഇവര്‍ക്ക് കുറവാണ്. ചെറിയ പ്രായത്തില്‍ 'എന്നെ എടുക്കൂ' എന്ന അര്‍ഥത്തില്‍ കൈകള്‍ നീട്ടുന്നത് ഇവരില്‍ കുറവായിരിക്കും. ആവശ്യമുള്ള വസ്തു ഇവര്‍ ചൂണ്ടിക്കാണിക്കില്ല. എന്നാല്‍, രക്ഷകര്‍ത്താവിന്റെ കയ്യിലോ വസ്ത്രത്തിലോ പിടിച്ചുകൊണ്ടുപോയി അവശ്യവസ്തുവിന്റെ അടുത്ത് നിര്‍ത്തുന്ന പ്രവണതയാണ് കാണുക. കുറച്ചു മുതിര്‍ന്നാല്‍, കൂട്ടുകൂടിയുള്ള കളി, സങ്കല്പികകമായ കളികള്‍ (കഞ്ഞിയും കറിയും വച്ചു കളി പോലെയുള്ളവ) എന്നിവ ഇവര്‍ക്ക് സാധിക്കില്ല. ഒരു സൗഹൃദം കെട്ടിപ്പെടുക്കാനും നിലനിര്‍ത്താനും ഈ രോഗാവസ്ഥയില്‍ ബുദ്ധിമുട്ടാകും.

2. അസാധാരണമായ പെരുമാറ്റങ്ങളും ശീലങ്ങളും: വളരെ ചെറുപ്പത്തില്‍ തന്നെ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നുതില്‍ ചില പ്രത്യേകതകള്‍ കാണപ്പെടും. ഒരു കളിപ്പാട്ടം കൊണ്ട് കളിക്കുന്നതിനെക്കാള്‍, അതിന്റെ ഒരു ചെറിയ ഭാഗം (ഉദാ: കാറിന്റെ ചക്രം) മാത്രമായിരിക്കും ഇവരുടെ ശ്രദ്ധാകേന്ദ്രം. അതുകൊണ്ടുള്ള കളി മണിക്കൂറുകളോളം നീണ്ടുപോയേക്കാം. ഇതിനിടയ്ക്ക് മറ്റൊരു കളിപ്പാട്ടം നല്കിയാല്‍പോലും, അതില്‍ താല്പര്യം കാണിക്കാതെ ചെയ്തുകൊണ്ടിരുന്ന പ്രക്രിയ തുടരുന്നു (ഉദാ: കാറിന്റെ ചക്രം തിരിച്ചുകൊണ്ടേയിരിക്കും)
ചില വസ്തുക്കള്‍ ക്രമത്തില്‍ നിരത്തി വയ്ക്കാന്‍ താല്‍പര്യം കാണിക്കുന്നു. ആ ക്രമം ആരെങ്കിലും തെറ്റിച്ചാല്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
പെട്ടെന്ന് അസ്വസ്ഥരാകുന്ന ഇവര്‍, വാശി കാണിക്കുക, സ്വയം ക്ഷതമേല്‍പ്പിക്കുക തുടങ്ങിയ സ്വഭാവങ്ങളും കാണിക്കാറുണ്ട്. ഉറക്കക്കുറവും ഇവരില്‍ കണ്ടുവരുന്നു.

3. ആവര്‍ത്തന സ്വഭാവം: മിക്ക രോഗികളും ചില പ്രത്യേക പ്രവൃത്തികളോ ചേഷ്ടകളോ വളരെനേരം ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കും. കൈകളോ വിരലുകളോ അടിച്ചുകൊണ്ടിരിക്കുക, നാണയം, കളിപ്പാട്ടത്തിന്റെ ചക്രം എന്നിവ തിരിച്ചുകൊണ്ടേ ഇരിക്കുക, കേട്ട വാക്കുകള്‍ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക എന്നിവ ഉദാഹരണങ്ങളാണ്. ഒരേ പ്രക്രിയ വീണ്ടുംവീണ്ടും ചെയ്യാനുള്ള താല്പര്യം കാണിക്കുന്ന ഇവര്‍, പുതിയ ഒരു കളി പരീക്ഷിക്കാന്‍ വിമുഖരാവും.

അസാധാരണ കഴിവുകള്‍ (Savant skills)

ഒട്ടിസത്തെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ സാധാരണ എടുത്തു പറയുന്ന ഒരു സംഗതിയാണിത്. എന്നാല്‍ വളരെ ചെറിയ ശതമാനം രോഗികളില്‍ മാത്രം കാണപ്പെടുന്ന ഒന്ന്. സംഗീതം, ചിത്രരചന, ഓര്‍മ്മശക്തി എന്നിവയിലാണ് ഇവര്‍ ശോഭിക്കുക. മുന്‍പ് പറഞ്ഞപോലെ, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD) എന്ന രോഗാവസ്ഥയുടെ തീവ്രത ഏറിയും കുറഞ്ഞും കാണപ്പെടുന്നു. ഇവയില്‍, രോഗകാഠിന്യം കുറഞ്ഞവരാണ് മിക്കപ്പോഴും ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. 'High functioning autism' എന്നത് ശരാശരി ഐ.ക്യൂ. ഉള്ള ഓട്ടിസം രോഗികളെ സൂചിപ്പിക്കുന്നു.

ചികിത്സ

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ രണ്ടു വയസ്സിനുള്ളില്‍ തന്നെ ഓട്ടിസം എന്നത് നിര്‍ണ്ണയിക്കാന്‍ സാധിക്കും. നേരത്തെയുള്ള രോഗനിര്‍ണയം കൊണ്ട് പരിശീലനങ്ങളും, ബിഹേവിയര്‍ തെറാപ്പി പോലെയുള്ള മനശാസ്ത്ര ചികിത്സാമാര്‍ഗങ്ങള്‍ നേരത്തെ ആരംഭിക്കാനും, തന്മൂലം രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനും സങ്കീര്‍ണ്ണതകള്‍ തടയാനും സാധിക്കും.
എന്തെങ്കിലും കുഴപ്പമുണ്ടെന്ന് സംശയം തോന്നിയാല്‍ വിദഗ്ധപരിശോധന നടത്തേണ്ടത് പ്രധാനമാണ്. 'അതൊക്കെ വളരുമ്പോള്‍ ശരിയാകും', 'അവനെ/അവളെ പാട്ടിന് വിട്ടേക്ക്' എന്ന ഉപദേശങ്ങളും ചിന്താഗതിയും ഇവരുടെ ജീവതം ദുരിതപൂര്‍ണമാക്കും എന്നോര്‍ക്കുക.

സ്പീച്ച് തെറാപ്പി, ഒക്യൂപ്പേഷനല്‍ തെറാപ്പി എന്നിവ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. പരിശീലനകേന്ദ്രത്തില്‍ എന്നപോലെ വീട്ടിലും പരിശീലനം തുടരേണ്ടതിനാല്‍, രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധ ഇതിലുണ്ടാകണം. ഓരോ രോഗിക്കും അവരുടെ രോഗാവസ്ഥ അനുസരിച്ചുള്ള ചികിത്സ/പരിശീലന പാക്കേജ് ആണ് ഉണ്ടാവുക. പൊതു സമൂഹവുമായും, മറ്റു കുട്ടികളുമായും ഉള്ള ഇടപെടലുകള്‍ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുക.
പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു അസുഖമല്ല ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ഇവരെ സാധാരണ ജീവിതത്തിന് കഴിയുന്നത്ര പ്രാപ്തരാക്കുക എന്നതാവും ചികിത്സയുടെ ലക്ഷ്യം.

ഓട്ടിസം അവബോധന ദിനവും അതിന്റെ പ്രാധാന്യവും

2007 ഡിസംബറില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 2 ലോക ഓട്ടിസം അവബോധന ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ലോകജനതയ്ക്ക് നല്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
1. രോഗശമനം സാധ്യമല്ലെങ്കിലും ചികിത്സകള്‍ ഉണ്ട്.
2. രോഗികളുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ, അവരെയും അവരുടെ കാഴ്ചപ്പാടുകളെയും മനസിലാക്കാന്‍ ശ്രമിക്കുക.
3. രോഗം ബാധിച്ചവര്‍ അവരുടെ ബാല്യകാലം കഴിയുമ്പോള്‍ പരാശ്രയം കൂടാതെ സമൂഹത്തോട് ഇഴചേര്‍ന്ന് ജീവിക്കുവാനുള്ള പ്രാപ്തി സ്വായത്തമാക്കാന്‍ സഹായിക്കുക.

2021 വര്‍ഷത്തെ ലോക ഓട്ടിസം അവബോധന ദിനത്തിന്റെ ആശയം ഇതാണ്: 'ജോലിസ്ഥലങ്ങളിലെ വെല്ലുവിളികളും അവസരങ്ങളും- ഒരു കോവിഡ് പൂര്‍വ്വ ലോകത്ത്'
ലോകത്തുള്ള അസമത്വങ്ങളെ എല്ലാം തന്നെ ഈ മഹാമാരി വീണ്ടും തീവ്രമാക്കിയിരിക്കുന്നു. ഓട്ടിസം രോഗികള്‍ പണ്ടുമുതല്‍ അനുഭവിച്ചിരുന്ന പാര്‍ശ്വവത്കരണം ഇക്കാരണം കൊണ്ട് കൂടുതല്‍ മോശമാകാനേ തരമുള്ളൂ. തൊഴിലവസരങ്ങള്‍ ഇവര്‍ക്ക് മുന്‍പില്‍ തുലോം തുച്ഛമായി തുടരുന്നു. ഇക്കാരണത്താല്‍ ഓട്ടിസം ഉള്ള മുതിര്‍ന്നവരില്‍ തൊഴിലില്ലായ്മയും തന്മൂലം ദാരിദ്ര്യവും ഇനിയും ഉയരും. ഇത് തടയേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്ന് ഓര്‍മിപ്പിക്കുന്നു, ഈ വര്‍ഷത്തെ ഏപ്രില്‍ 2.

ഈ വര്‍ഷത്തെ ദിനാചരണം മേല്‍പ്പറഞ്ഞ വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച് അവയെ നേരിട്ട് വിജയിച്ച ഓട്ടിസം ബാധിതരെ ഉള്‍പ്പെടുത്തി വിഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ പാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു.

(കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യനാണ് ഡോ. മനു മുരളീധരന്‍. കൊല്ലം ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും അസിസ്റ്റന്റ് സര്‍ജനുമാണ്
ഡോ. നമിത നസീര്‍)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: World Autism Awareness Day 2021 What Is Autism? Symptoms, Causes, Tests, Treatments, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented