Representative Image | Photo: Gettyimages.in
ലോക ആസ്ത്മ ദിനമാണ് മെയ് 2. ആസ്ത്മയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ കൊല്ലവും ആസ്ത്മദിനത്തിന് വ്യത്യസ്ത തീമുകളും ഉണ്ടാകാറുണ്ട്. ആസ്ത്മയിലെ മിഥ്യാധാരണകള്‍ തിരുത്തൂ എന്നതായിരുന്നു 2021-ലെ തീം. ആസ്ത്മ കെയറിലെ വിടവുകള്‍ നികത്തി മുന്നോട്ടുപോകാം എന്നതായിരുന്നു 2022-ലെ തീം. ആസ്ത്മ ചികിത്സ എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതാണ് ഈ വര്‍ഷത്തെ തീം. ആസ്ത്മയെക്കുറിച്ചുള്ള മിഥ്യാധാരണകളെക്കുറിച്ചും രോഗനിയന്ത്രണത്തിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ്, നിര്‍മല ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രാജീവ് വിശ്വനാഥന്‍.
എന്താണ് ആസ്ത്മ? എന്തൊക്കെയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍? സാധാരണ ശ്വാസംമുട്ടലില്‍നിന്ന് ആസ്ത്മയെ എങ്ങനെ വേര്‍തിരിച്ച് മനസ്സിലാക്കാം?
ലോകത്താകമാനം ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന വളരെ സാധാരണ രോഗമാണ് ആസ്ത്മ. ഇതിന്റെ പ്രധാന ലക്ഷണം ശ്വാസംമുട്ടല്‍, ചുമ, നെഞ്ചിലുണ്ടാകുന്ന മുറുക്കം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വലിവ് തുടങ്ങിയവയാണ്. ശ്വാസക്കുഴലിനുണ്ടാകുന്ന ചുരുക്കമാണ് ഇതിന്റെ പ്രധാന സ്വഭാവം. അലര്‍ജനുകള്‍- അവ വീട്ടിനകത്തോ പുറത്തോ ഉള്ളതാകാം, ഭക്ഷണം, ചെടികള്‍, ചില മരുന്നുകള്‍, മൃഗങ്ങള്‍, വ്യായാമമില്ലായ്മ, പല പരിസ്ഥിതി സാഹചര്യങ്ങള്‍ തുടങ്ങിയവയൊക്കെ ആസ്ത്മയ്ക്ക് കാരണമാകാം. ഇത്തരം കാരണങ്ങളെ കണ്ടെത്തി അവ ഒഴിവാക്കി വേണ്ട മരുന്നുകളെടുത്ത് രോഗനിയന്ത്രണം വരുത്തുകയാണ് പ്രധാന ചികിത്സ.
ആസ്ത്മയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? പാരമ്പര്യവും ഘടകമാണോ?
പല അലര്‍ജിക് ഫാക്റ്ററുകളും ആസ്ത്മയിലേക്ക് നയിക്കാം. അവ ഏതൊക്കെയാണെന്ന് രോഗികള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. അവരുടെ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സാഹചര്യങ്ങളില്‍നിന്നാണ് രോഗത്തിനിടയാകുന്ന ഘടകങ്ങളുണ്ടാവുന്നത്.
തണുത്ത ഭക്ഷണം, തണുത്ത വായു, ഇന്‍ഫെക്ഷനുകള്‍, വയറു സംബന്ധമായ രോഗങ്ങള്‍, വീട്ടിലുള്ള വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള പൊടി, പൂമ്പൊടി, വീട്ടിലെ പൊടി, ചില വേദനസംഹാരികള്‍ തുടങ്ങിയവയാണ് പ്രധാനമായും ആസ്ത്മയിലേക്ക് നയിക്കുന്നത്. ഒപ്പം പാരമ്പര്യവും വളരെ പ്രധാനപ്പെട്ട ഘടകമാണ്. കുട്ടിക്കാലത്താണ് ആസ്ത്മ കൂടുതലും കാണുകയെങ്കിലും ഏതുകാലത്തും ആസ്ത്മ കാണപ്പെടാവുന്നതാണ്. കുട്ടിക്കാലത്ത് പ്രത്യക്ഷമാകുന്ന ആസ്ത്മയെ ക്ലാസിക്കല്‍ ആസ്ത്മ എന്നാണ് പറയുന്നത്.
അലര്‍ജിയുള്ള ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് ഒരാള്‍ക്ക് എങ്ങനെ തിരിച്ചറിയാം?
ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ടു പോയാല്‍ ആസ്ത്മയെ പ്രതിരോധിക്കാവുന്നതാണ്. അതിനായി അലര്‍ജിയുള്ള ഘടകങ്ങള്‍ തിരിച്ചറിയണം. വീട്ടില്‍നിന്നു തന്നെ തുടങ്ങാം. ബെഡ്‌റൂമിലെ വൃത്തി, കിച്ചണില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീട് വൃത്തിയാക്കുമ്പോള്‍ , അരുമമൃഗങ്ങളെ പരിപാലിക്കുമ്പോള്‍, പുല്ലു പറിക്കുക, ചെടി നനയ്ക്കുക തുടങ്ങിയവ ചെയ്യുമ്പോള്‍, ഭക്ഷണരീതി, യാത്ര ചെയ്യുമ്പോള്‍, ജോലിസ്ഥലത്ത് പോകുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളിലെ അലര്‍ജിക് ട്രിഗറുകള്‍ കണ്ടെത്തുകയാണ് പ്രധാനം.
ബ്ലാങ്കറ്റ് ഉപയോഗിക്കരുത്. ഫാന്‍ ഫുള്‍ സ്പീഡിലിട്ട് താഴെ കിടക്കരുത്, എ.സിയുടെ അമിത തണുപ്പ് ഉണ്ടാകരുത്, നിലത്ത് കിടക്കരുത്, പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുകയോ ചന്ദനത്തിരി, കൊതുകുതിരി പോലുള്ളവ ബെഡ്‌റൂമില്‍ വെക്കുകയോ ചെയ്യരുത്. നിലത്തിടുന്ന ചവിട്ടിയില്‍ പൊടി അടിയരുത് , ഡ്രസ്സുകള്‍ കൂട്ടിയിടുന്നതില്‍നിന്നും പുസ്തകങ്ങളില്‍നിന്നും പേപ്പറുകളില്‍നിന്നുമൊക്കെയുള്ള പൊടി തുടങ്ങിയവ ശ്രദ്ധിക്കണം. ഇവയൊക്കെ ബെഡ്‌റൂമില്‍നിന്ന് ഒഴിവാക്കണം. ശ്വാസം മുട്ടല്‍ ഉള്ളവര്‍ക്ക് നല്ല വായുസഞ്ചാരമുള്ള ഇടമാണ് വേണ്ടത്.
അടുക്കളയില്‍ മസാലപ്പൊടി, വറുക്കുമ്പോള്‍ പൊരിക്കുമ്പോള്‍, ചപ്പാത്തി കുഴയ്ക്കുമ്പോള്‍ ഒക്കെ ട്രിഗര്‍ ചെയ്യാം. വീട് വൃത്തിയാക്കുമ്പോള്‍ കര്‍ട്ടന്‍, സോഫ, കട്ടില്‍, മേശ, അലമാര തുടങ്ങിയവയിലെ പൊടി നന്നായി ട്രിഗര്‍ ചെയ്യാം. പാലുല്‍പ്പന്നങ്ങളും പൊതുവേ ട്രിഗര്‍ ചെയ്യുന്നവയാണ്. യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുന്നത് ശീലമാക്കണം. ടൂ വീലറില്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. ഫോര്‍ വീലര്‍ ഉപയോഗിക്കുമ്പോള്‍ എ.സിയുടെ വെന്റ് തിരിച്ചുവെക്കാം. തൊഴിലിടങ്ങള്‍ പൊടിയേല്‍ക്കാന്‍ സാധ്യതയുള്ളവ ആണെങ്കില്‍ അതും ശ്രദ്ധിക്കണം.
എന്താണ് ആസ്ത്മ അറ്റാക്ക്? ഹൃദയാഘാതത്തിനോളം ഗുരുതരമാണോ? എന്തൊക്കെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍?
ആസ്ത്മയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് വരികയും അതിശക്തമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആസ്ത്മ അറ്റാക്കിന്റേത്. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. രോഗി പലപ്പോഴും ശരീരത്തിലെ ഓക്‌സിജന്റെ നിരക്ക് കുറഞ്ഞ് ശ്വാസമെടുക്കുന്ന നിരക്ക് കൂടുന്ന അവസ്ഥയാണിത്. ഹാര്‍ട്ട് അറ്റാക്കിന് തുല്യമോ അതിനു മുകളിലോ ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിയാണിത്.
മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ ആസ്ത്മയ്ക്കുള്ള സാധ്യതയും കൂടുതലാണ് എന്ന് കേട്ടിട്ടുണ്ട്. സമ്മര്‍ദവും ആസ്ത്മയും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?
ആസ്ത്മയുടെ പ്രധാന കാരണമായി കണക്കാക്കുന്നത് സമ്മര്‍ദമാണ്. അത് മാനസികമോ ശാരീരികമോ ആകാം. അതിനാല്‍ തന്നെ ആസ്ത്മ നിയന്ത്രണത്തില്‍ ആദ്യം ചെയ്യേണ്ടത് സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പഠിക്കലാണ്. ഡോക്ടര്‍മാര്‍ ഇക്കാര്യം പറയുമ്പോള്‍ ഫിലോസഫിയാണ് പറയുന്നത് എന്നൊക്കെ പലരും ചിന്തിക്കും. സമ്മര്‍ദം കൂടിയ സാഹചര്യങ്ങളില്‍ ആസ്ത്മ കൂടുകയും സമ്മര്‍ദം ഇല്ലാതിരുന്ന അവസരങ്ങളില്‍ ആസ്ത്മ കുറയുകയും ചെയ്യുന്ന രീതി കാണാറുണ്ട്.

ഇന്റര്‍മിറ്റന്റ് ആസ്ത്മ, പെര്‍സിസ്റ്റന്റ് ആസ്ത്മ ഇവയെക്കുറിച്ച്?
എല്ലാവര്‍ക്കും ഒരു പോലെയല്ല ആസ്ത്മ അനുഭവപ്പെടുക. എപ്പോഴും ഏത് സീസണിലും ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതാണ് പെര്‍സിസ്റ്റന്റ് ആസ്ത്മ. ഇടവിട്ട് വരുന്നതാണ് ഇന്റര്‍മിറ്റന്റ് ആസ്ത്മ.
സി.ഒ.പി.ഡി(ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്)യും ആസ്ത്മയും സമാനമാണോ?
വളരെ സാമ്യമുള്ള എന്നാല്‍, വ്യത്യസ്തമായ രോഗങ്ങളാണിത്. രണ്ടും ശ്വാസക്കുഴലിനെ ബാധിക്കുന്നു എന്നതാണ് പ്രധാന സാമ്യം. പക്ഷേ സി.ഒ.പി.ഡി. ആസ്ത്മ പോലെ മുഴുവനായി നിയന്ത്രിതമാകുന്ന രോഗമല്ല. രോഗിയോട് ശ്വാസംമുട്ടല്‍ എപ്പോഴാണ് ഉണ്ടായതെന്ന് ചോദിച്ചാല്‍ എപ്പോഴും ഉണ്ട്, അത് മുഴുവനായി പോകുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ അത് സി.ഒ.പി.ഡി. ആണ്. 80% സി.ഒ.പി.ഡി.യും പുകവലി കൊണ്ടാണ്. പക്ഷേ, അത് നേരിട്ടാവണമെന്നില്ല. പാസീവ് സ്‌മോക്കിങ് ആകാം, ഓലയും വിറകുമിട്ട് കത്തിക്കുക, ഹുക്ക പുകയ്ക്കുക തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം. സി.ഒ.പി.ഡി.ക്ക് പൂര്‍ണമായും സാധാരണമായൊരു ജീവിതം ലഭിക്കുമോ എന്ന് ചോദിച്ചാല്‍ സംശയമാണ്. എന്നാല്‍, ആസ്ത്മയുടെ കാര്യത്തില്‍ അത് സാധ്യമാണ്.
മിക്കയാളുകളിലും രാത്രികാലങ്ങളില്‍ ആസ്ത്മയുടെയും ശ്വാസംമുട്ടലിന്റെയും ലക്ഷണങ്ങള്‍ വര്‍ധിക്കുന്നതായി പറയാറുണ്ട്. എന്താണ് അതിനു പിന്നില്‍?
ആസ്ത്മ രാത്രികാലങ്ങളില്‍ കൂടാന്‍ പല കാരണങ്ങളുണ്ട്. രാത്രിയില്‍ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് തണുപ്പ് കൂടുന്നത് കാരണമാകാം. മറ്റൊന്ന് ശരീരത്തില്‍ 2 മണിമുതല്‍ 4 മണിവരെ രക്തത്തില്‍ സ്റ്റിറോയ്ഡ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വല്ലാതെ കുറയും. ഇത് ശ്വാസക്കുഴല്‍ ചുരുങ്ങാന്‍ ഇടയാക്കും. ഇത് എല്ലാവരിലും ബാധകമാണ്. എന്നാല്‍, ആസ്ത്മയും സി.ഒ.പി.ഡി.യും ഉള്ള ആളുകളില്‍ വല്ലാതെ ചുരുങ്ങും. ഇതും രാത്രികാലങ്ങളില്‍ ആസ്ത്മ കൂടാന്‍ കാരണമാകും. രാത്രിയില്‍ ബെഡിലും മറ്റും ഉണ്ടാകുന്ന പൊടി, ഹൗസ് ഡസ്റ്റ് മൈറ്റ് തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാം. കൂടാതെ അത്താഴം വയറു നിറച്ചു കഴിക്കുന്ന ശീലമാണ് മിക്കവര്‍ക്കും. ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ആസ്ത്മയുടെ പ്രേരകമാണ്.
ഗര്‍ഭകാലത്ത് ആസ്ത്മ വഷളാകുന്ന സാഹചര്യങ്ങളില്‍ ഇന്‍ഹേലര്‍ ഉപയോഗം സുരക്ഷിതമാണോ?
പൊതുവേ ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭകാലത്ത് തീവ്രമാകുന്നത് കാണാറുണ്ട്. ഇന്‍ഹേലര്‍ എങ്ങനെ എടുത്തിരുന്നോ അതുപോലെ തന്നെ തുടര്‍ന്നും ചെയ്യണം. അല്ലാതെ ഗര്‍ഭിണിയാകുന്നതോടെ ഇന്‍ഹേലര്‍ ഉപയോഗം നിര്‍ത്തേണ്ടതില്ല. ഗര്‍ഭകാലത്ത് ഇന്‍ഹേലര്‍ ഉപയോഗം തികച്ചും സുരക്ഷിതമാണ്. രണ്ടു വയസ്സുള്ള കുട്ടി, ഗര്‍ഭിണികള്‍, കാന്‍സര്‍ ബാധിതര്‍, കിഡ്‌നി രോഗികള്‍, പ്രായം കൂടിയവര്‍ തുടങ്ങിയ ഹൈ റിസ്‌ക് വിഭാഗങ്ങളിലും ഇന്‍ഹേലര്‍ ഉപയോഗം സുരക്ഷിതമാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് പല ടെസ്റ്റുകളും ചെയ്യാനോ ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുന്നതിനോ പരിമിതിയുണ്ടാകും. അതിനാല്‍ തന്നെ ഇന്‍ഹേലര്‍ നിര്‍ത്തുന്നത് സ്ഥിതി വഷളാക്കുകയേ ചെയ്യൂ. അസുഖം വീണ്ടും കൂടുകയും കൂടുതല്‍ മരുന്ന് കഴിക്കേണ്ടി വരികയും ചെയ്യും. ഗര്‍ഭകാലത്ത് ആദ്യമായി ഇന്‍ഹേലര്‍ ഉപയോഗം തുടങ്ങി എന്നതുകൊണ്ടും ഭയക്കേണ്ടതില്ല. അതും സാധാരണമാണ്. മറ്റൊന്ന് ചിലരില്‍ പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആസ്ത്മ കുറയുന്നതും കാണാറുണ്ട്.
ആസ്ത്മ നിയന്ത്രിക്കാന്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ആസ്ത്മ അറ്റാക്കിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ? ശീലത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം ?
ആസ്ത്മ നിയന്ത്രിക്കാന്‍ സമ്മര്‍ദവും ഉത്കണ്ഠയും നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കണം. പൊടി, പുക, തണുപ്പ് പോലുള്ള അലര്‍ജിക് ആയ ഘടകങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പഠിക്കണം. കിടക്കയിലും തലയിണയിലുമൊക്കെ പൊടിയോ വെള്ളമോ കയറാത്ത കവറുകള്‍ ഉപയോഗിക്കുക. ബെഡ്ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകുക. ജനാലകള്‍ അടയ്ക്കുക. പുറത്തുപോയി വന്നതിനുശേഷം നന്നായി കുളിക്കുക. വ്യായാമം ശീലമാക്കുക, ഇന്‍ഫെക്ഷന്‍ വരാതിരിക്കാന്‍ നോക്കുക തുടങ്ങിയവയൊക്കെ പ്രധാനമാണ്.
പുകവലിക്കാതിരിക്കുക, പുകവലിക്കുന്നവരുടെ സമീപത്ത് നില്‍ക്കാതിരിക്കുക എന്നിവയും പാലിക്കണം. വേദനസംഹാരികള്‍ കുറയ്ക്കുക. മൃഗങ്ങളുടെ സാമീപ്യം ഒഴിവാക്കുക, വീട് പൂപ്പലില്ലാതെ സൂക്ഷിക്കുക, സോഫയൊക്കെ വൃത്തിയായി സൂക്ഷിക്കുക, കീടനാശിനികള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയും ശ്രദ്ധിക്കാം.
ആസ്ത്മ അറ്റാക്ക് പ്രതിരോധം
ആസ്ത്മ അറ്റാക്ക് പ്രതിരോധിക്കാന്‍ ആദ്യം ആസ്ത്മയുടെ തീവ്രത മനസ്സിലാക്കണം. നെഞ്ചിന്റെ എക്‌സ്‌റേ, ബ്ലഡ് ടെസ്റ്റ്, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് എന്നിവ മൂന്നും ചെയ്യണം. ഇന്‍ഹേലര്‍ ഉള്‍പ്പെടെയുള്ള മരുന്ന് കൃത്യമായി ഉപയോഗിക്കണം. ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിച്ച് മരുന്നുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന സ്റ്റെപ്അപ് തെറാപ്പി, സ്റ്റെപ്ഡൗണ്‍ തെറാപ്പിയാണ് ചെയ്യേണ്ടത്. ആസ്ത്മയില്‍ ഏറ്റവും വലിയ പ്രശ്‌നം, കോംപ്ലയന്‍സും അഡ്ഹിറൻസുമാണ്. ഡോക്ടര്‍ പറയുന്നതുപോലെ കൃത്യമായി മരുന്ന് എടുക്കുന്ന രീതിയാണ് കോംപ്ലയന്‍സ്. അഡ്ഹിറൻസ് ഡോക്ടര്‍ പറഞ്ഞപോലെ മരുന്ന് എടുക്കുകയും ഡോക്ടറെ കാണാന്‍ കഴിയാനോ മറ്റോ പറ്റാത്ത സാഹചര്യത്തില്‍ നിര്‍ദേശിച്ചപോലെ സാഹചര്യം മുന്‍കൂട്ടി കണ്ട് മരുന്ന് എടുക്കുന്നതാണ്. ഇതു രണ്ടും കൃത്യമായി പാലിച്ചാല്‍ തന്നെ ആസ്ത്മ അറ്റാക്ക് നിയന്ത്രിക്കാവുന്നതാണ്.
ഇന്‍ഹേലര്‍ ഉപയോഗം സത്യവും മിഥ്യയും
ആസ്ത്മയിലെ പ്രധാന ചികിത്സയിലൊന്ന് ഇന്‍ഹേലറുകളാണ്. അതിനേക്കുറിച്ച് പലര്‍ക്കുമിടയും മിഥ്യാധാരണകളുണ്ട്. ഇന്‍ഹേലറുകള്‍ അഡിക്ഷന്‍ ഉണ്ടാക്കും, സൈഡ് എഫക്ട് ഉള്ളതാണ്, ഡോസ് കൂടുതലാണ് എന്നീ മൂന്ന് തെറ്റിദ്ധാരണകളാണത്. ഇന്‍ഹേലറുകളിലെ സൈഡ്എഫക്ട് നിസ്സാരമാണ്. അവയിലെ ഡോസ് കുറവും ജീവിതകാലം ഉപയോഗിക്കേണ്ടി വരുമെന്നത് തെറ്റുമാണ്. ആസ്ത്മ ഒരു ടെംപററി ഡിസീസ് ആണ് ? ആസ്ത്മ ഒരു ക്രോണിക് ഡിസീസ് ആണ് ഇന്‍ഹേലറുകളേക്കാള്‍ നല്ലത് ഗുളികകള്‍ കഴിക്കുന്നതാണ് ? ഒരിക്കലുമല്ല. ഇന്‍ഹേലറാണ് പ്രധാന ചികിത്സ. അതാണ് മരുന്നിനേക്കാള്‍ നല്ലത്. കുട്ടികളില്‍ ഇന്‍ഹേലര്‍ പതിവായി ഉപയോഗിച്ചാല്‍ മാനസിക വളര്‍ച്ച മുരടിക്കും ? ഒരിക്കലുമല്ല. കുട്ടികള്‍ക്ക് സുരക്ഷിതമാണ്. ആസ്ത്മ ദൈവകോപമാണ്? ആസ്ത്മ ഒരു അലര്‍ജിക്, ഇമ്മ്യൂണ്‍ പ്രോബ്ലം ആണ്. ആസ്ത്മ ഒരു ഇന്‍ഫെക്ഷ്യസ് ഡിസീസ് ആണ് ? ആസ്ത്മ ഒരു പകര്‍ച്ചാരോഗമാണ്. ആസ്ത്മ മരണകാരണമാകില്ല? അക്യൂട്ട് ആസ്ത്മ എക്‌സസര്‍ബേഷന്‍ കാരണം ഇപ്പോഴും മരണം സംഭവിക്കാറുണ്ട്. ആരോഗ്യരംഗത്തെ പുരോഗതി കൊണ്ട് മരണനിരക്ക് കുറയാം. ആസ്ത്മ ഉള്ളയാള്‍ വ്യായാമം ചെയ്യരുത്? വ്യായാമം ചെയ്യുകയാണ് വേണ്ടത്, കരണം വണ്ണം ആസ്ത്മയുടെ സാധ്യത വര്‍ധിപ്പിക്കും. |
കോവിഡിനു ശേഷം ആസ്ത്മ കൂടുന്നു എന്നതു സംബന്ധിച്ച നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ, വളരെ വെല്ലുവിളി നേരിടുന്ന വിഷയവുമാണിത്. കോവിഡാണ് എല്ലാം ഉണ്ടാക്കിയത് എന്നു പറയുന്ന ഒരുപാടു പേരുണ്ട്. അതില്‍ 60ശതമാനവും തെറ്റാണ്. രോഗിയോട് വിശദമായി സംസാരിക്കുമ്പോള്‍ അവര്‍ക്ക് മുമ്പേ ആസ്ത്മ പോലുള്ള രോഗങ്ങള്‍ വന്നിട്ടുണ്ടാവും. തീവ്രമായ ഇന്‍ഫെക്ഷനുകള്‍ വരുമ്പോള്‍ അവസ്ഥ കൂടുന്നു എന്നുമാത്രം. എന്നാല്‍ ആസ്ത്മയല്ലാത്ത മറ്റു ശ്വാസകോശ രോഗങ്ങള്‍ കോവിഡിനു ശേഷം കൂടിയിട്ടുണ്ട് എന്നത് സത്യമാണ്.
ആസ്ത്മ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണോ?
ആസ്ത്മ ജീവിതകാലം മുഴുവന്‍ അനുഭവപ്പെടുന്ന രോഗമാണ്. എന്നാല്‍, കൃത്യമായി മരുന്നുകള്‍ ഉപയോഗിച്ചാല്‍ ആസ്ത്മ നിയന്ത്രിതമാവുകയും സാധാരണ ജീവിതരീതി സാധ്യമാവുകയും ചെയ്യും. ആസ്ത്മ ഒരിക്കലും മാറില്ല എന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. കോവിഡ് വന്നപ്പോള്‍ അതൊരിക്കലും പോവില്ല എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍, കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് നാം രോഗത്തോടൊപ്പം ജീവിക്കാന്‍ പഠിച്ചു. അതേരീതി തന്നെയാണ് ആസ്ത്മയിലും സ്വീകരിക്കേണ്ടത്.
മരുന്നിനൊപ്പം യോഗയും ബ്രീതിങ് എക്‌സര്‍സൈസും ചെയ്യുന്നതും ഗുണം ചെയ്യും. പ്രാണായാമ ചെയ്യുന്നത് നല്ല രീതിയില്‍ ആസ്ത്മയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കും. ഓരോ ശ്വാസവും ആഴത്തില്‍ പതുക്കെയെടുക്കുന്ന രീതിയാണിത്. പ്രാണായാമ ശീലമാക്കിയവരില്‍ നല്ല മാറ്റം കണ്ടുവരാറുണ്ട്. അലര്‍ജിക് കാര്യങ്ങള്‍ ഒഴിവാക്കുക, വ്യായാമം ശീലമാക്കുക, കോംപ്ലയന്‍സും അഡ്ഹിറൻസും പാലിക്കുക തുടങ്ങിയവയൊക്കെ വിട്ടുവീഴ്ച്ചയില്ലാതെ ശീലമാക്കിയാല്‍ തന്നെ ആസ്ത്മയെ വരുതിയില്‍ വരുത്താവുന്നതാണ്.
Content Highlights: world asthma day 2023 premium article
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..