ബി.എസ്.സി. നേഴ്സിങ്ങ് കഴിഞ്ഞ് തൃശ്ശൂരിലെ  ആശുപത്രിയില് പ്രായോഗിക പരീശീലനം നടത്തുന്ന നിഥിനോട് മുതിര്‍ന്ന  നേഴ്സ്  പറഞ്ഞു- അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് നേഴ്സിങ്ങ്. പത്തിരുപത് വര്‍ഷം മുമ്പ് തൃശ്ശൂരിലെ ഒരു ആശുപത്രിയില്‍ നേഴ്സിന്റെ അശ്രദ്ധ കാരണം വീട്ടമ്മയ്ക്ക് കൈപ്പത്തി നഷ്ടപ്പെട്ട സംഭവമുണ്ടായി. ആശുപത്രിക്കാര്‍ക്ക് നഷ്ടപരിഹാരവും നല്കേണ്ടി വന്നു.

ആ വീട്ടമ്മയെ അറിയുമോ എന്ന് നിഥിന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു മുതിര്‍ന്ന നേഴ്സിന്റെ മറുപടി. കൈപ്പത്തി നഷ്ടപ്പെട്ട ആ വീട്ടമ്മ എന്റെ അമ്മയാണ് എന്ന നിഥിന്റെ മറുപടി കേട്ട് നേഴ്സ് ഞെട്ടി.

അക്കഥ വീട്ടിലിരുന്ന് പറയുകയാണ് തൃശ്ശൂര്‍ ഒളരി കടവാരത്തെ പുല്‍പ്പറമ്പില്‍ നിഥിനും 61 കാരിയായ അമ്മ സീനയും. സീനയുടെ വലത്തേ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്ന സംഭവം നടന്നിട്ട് കൃത്യം 25 വര്‍ഷം. 

പനിക്ക് ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ നേഴ്സ് നടത്തിയ കുത്തിവെയ്പിലെ പിഴവായിരുന്നു പ്രശ്നം. കുത്തിവെയ്പ് എടുത്തതോടെ വലതു കൈകുഴഞ്ഞു നീല നിറമായി. ആശുപത്രിക്കാര്‍ പല ശ്രമവും നടത്തി. ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. പ്രശ്നം രൂക്ഷമാകുമെന്ന് മനസിലാക്കിയ ഭര്‍ത്താവ് രാജന്‍ സീനയെ ഉടന്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിലെത്തിച്ചു. അവിടെ വിദഗ്ധ ചികിത്സ നല്കിയെങ്കിലും മരിച്ചു പോകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. മരണത്തെ അതിജീവിച്ചെങ്കിലും സീനയുടെ വലത് കയ്യിലെ രക്തയോട്ടം നിലച്ചിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചാണ് കൈപ്പത്തി മുറിച്ചു മാറ്റിയത്. നാല് മാസം ആശുപത്രിയില്‍ കിടന്നു.
 
ചികിത്സാപ്പിഴവ് വരുത്തിയ ആശുപത്രിക്കെതിരായ കേസില്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി വന്നു. വണ്ടിച്ചെക്കാണ് ആശുപത്രിക്കാര്‍ നല്കിയത്. പിന്നീടും കോടതിയില്‍ പോകാനൊരുങ്ങിയതോടെ ആറ് ലക്ഷം നല്‍കി പ്രശ്നം തീര്‍ത്തു.
കേസും ചികിത്സയും നടത്താന്‍ പണമില്ലാതായതോടെ രാജന്‍ വിദേശത്ത് ജോലിക്കായി പോയി. കൈപ്പത്തിയില്ലാത്ത വലതു കയ്യും കൊണ്ടാണ് പറക്കമുറ്റാത്ത രണ്ട് മക്കളെ വളര്‍ത്തിയത്. കഞ്ഞിക്കലം ഊറ്റുന്നതിനിടെ പല തവണ കൈവഴുതി പൊള്ളലേറ്റിട്ടുണ്ട്. കിണറ്റില്‍ നിന്ന് ഒരു കൈകൊണ്ട് വെള്ളം കോരുമ്പോള്‍ കരഞ്ഞ് പോയിട്ടുണ്ട്. ഇതെല്ലാം കണ്ട് വളര്‍ന്ന നിഥിന്‍ അന്നേ തീരുമാനിച്ചതാണ്, നേഴ്സ് ആവണമെന്ന്.

അബുദാബിയില്‍ നേഴ്സായിരുന്ന നിഥിന്‍ ഇപ്പോള്‍ നാട്ടില്‍ അമ്മയോടൊപ്പമുണ്ട്. നിഥിന്റെ സഹോദരി അതുല്യ ഭര്‍ത്താവിനോടൊപ്പം അബുദാബിയിലാണ്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു സി.പി.എം.പ്രവര്‍ത്തകനായിരുന്ന രാജന്‍. കൗണ്‍സിലറായിരിക്കേ 2008-ല്‍ രാജന്‍ മരിച്ചു.

Content Highlights: Woman lost her palm due to Medical Negligence-sharing her experience, Health