തിരാവിലെ മുതല്‍ തന്നെ അലക്സയുടെ കൊച്ചുമോളായ വിര്‍ച്വല്‍ അസിസ്റ്റന്റ് അരവിന്ദേട്ടനെ വിളിച്ചു കൊണ്ടിരിക്കുകയാണ്. 'എഴുന്നേല്‍ക്കൂ ഇന്ന് രാവിലെ 10 മണിക്ക് തളത്തിലെ ദിനേശന്‍ ചേട്ടന്റെ വീട്ടില്‍ പണിക്കു പോവാന്‍ ഉള്ളതാണ്.'

'അരമണിക്കൂര്‍ മുന്നേ എഴുന്നേറ്റ എന്നോടോ മോളെ' എന്ന് ചേട്ടന്‍ ഇടയ്ക്കിടെ ദയനീയമായി അതിനെ നോക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ഈ വിര്‍ച്വല്‍ ഡിവൈസിന്റെ ടെക്‌നിക് മുഴുവനായങ്ങ് മനസ്സിലാവാത്തത് കൊണ്ട് മറ്റു കുടുംബാംഗങ്ങള്‍ ആരെങ്കിലും എഴുന്നേറ്റു വരുന്നതുവരെ ഓരോ പത്തുമിനിറ്റ് ഇടവിട്ടും അവള്‍ പറയുന്നത് കേട്ട് ഇരിക്കുകയല്ലാതെ മറ്റു നിര്‍വാഹമില്ല.

അല്പനേരം കഴിഞ്ഞപ്പോള്‍ സ്‌ക്രീനിലെ ഡിസ്‌പ്ലേയുടെ കളറും മ്യൂസിക്കും ഒക്കെ ഒന്നു മാറ്റി പിടിച്ചു മറ്റെന്തോ പ്രധാനപ്പെട്ട കാര്യം അവള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്ന് തോന്നിയ അരവിന്ദേട്ടന്‍ ഒന്നു കൂടി ശ്രദ്ധയോടെ ഇരുന്നു.

ഇന്നലെ ആശുപത്രിയില്‍ പോയി ചെയ്ത ടെസ്റ്റുകളുടെ റിസള്‍ട്ട് ഇന്ന് രാവിലെ എട്ടുമണിക്ക് അപ്ലോഡ് ചെയ്യും എന്നാണ് അറിയിക്കുന്നത്. അപ്പോഴേക്കും ഉറക്കം എണീറ്റ് വന്ന സ്വന്തം കൊച്ചുമോള്‍ക്കൊപ്പം അരവിന്ദേട്ടന്‍ റിസള്‍ട്ട് അറിയാന്‍ ഇരുന്നു.

50 വയസ്സു കഴിഞ്ഞ ഏതൊരാള്‍ക്കും അയാളുടെ പ്രായം, കുടുംബപാരമ്പര്യം, മറ്റ് സാധ്യതകള്‍ എന്നിവ നോക്കി കാന്‍സറുകള്‍ ഉള്‍പ്പെടെയുള്ള  ജീവിതശൈലി രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാന്‍ ഉതകുന്ന സ്‌ക്രീനിങ് ടെസ്റ്റുകള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും നിര്‍ദ്ദേശിക്കപ്പെടുന്നവ വര്‍ഷാവര്‍ഷം മുടങ്ങാതെ ചെയ്യാനുള്ളതാണ്. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി സൗജന്യമായിത്തന്നെ ടെസ്റ്റുകള്‍ ചെയ്ത് വരാം. ഇക്കുറി ചില ശാരീരിക ലക്ഷണങ്ങള്‍ മുന്‍നിര്‍ത്തി വിര്‍ച്വല്‍ അസിസ്റ്റന്റ്  തന്നെയാണ് ടെസ്റ്റുകള്‍ ഒക്കെ നേരത്തേ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെ ഇന്നലെ പണി കഴിഞ്ഞു പോരുന്ന വഴി ആശുപത്രിയില്‍ പോയി കൊടുത്ത ടെസ്റ്റുകളുടെ റിസള്‍ട്ട് ആണ് ഇപ്പോള്‍ അവള്‍ പറയുന്നത്.

'റിസള്‍ട്ടുകള്‍ ഏറെക്കുറെ നോര്‍മല്‍ ആണ്. ഒരെണ്ണം ഒഴിച്ച്. പി.എസ.്എ. യുടെ ലെവല്‍ ഇത്തിരി കൂടുതലുണ്ട്. അടുത്ത ഘട്ടമായി ബയോപ്‌സി ആവശ്യമായിവരും.'

'ബയോപ്‌സിയോ മോളേ...കാന്‍സര്‍ ആണോ?' 

ചെറുപ്പത്തില്‍ എപ്പോഴൊക്കെയോ കണ്ടു മറന്ന ചില സിനിമാ രംഗങ്ങള്‍ മനസ്സിലേക്കോടിയെത്തി. ഒരു മരണവാറണ്ട് കയ്യില്‍ കിട്ടിയ പ്രതീതിയോടെ അദ്ദേഹം ഡിവൈസിലേക്കും കൊച്ചുമോളുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി. ഞെട്ടലും ശോകവും  ഒക്കെ നിറഞ്ഞ ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് ആണ് ചേട്ടന്‍ അലക്‌സയുടെ കൊച്ചുമകളില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ അവള്‍ വളരെ കൂള്‍ ആയിരുന്നു. 

തൊട്ടടുത്തിരിക്കുന്ന സ്വന്തം കൊച്ചുമോളും അങ്ങനെതന്നെ. 'ഇതിലിപ്പോ എന്തിനാണ് ഇത്ര ടെന്‍ഷന്‍ മുത്തച്ഛാ? മരുന്നു കഴിച്ചു പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുന്ന ഒരു അസുഖം അല്ലേ... തുടക്കത്തില്‍തന്നെ കണ്ടുപിടിക്കുകയും ചെയ്തു... തൊട്ടടുത്ത ആശുപത്രിയില്‍ തന്നെ സുരക്ഷിതമായ ചികിത്സ സൗജന്യ മായി ലഭിക്കുകയും ചെയ്യും...' 

കാന്‍സര്‍ എന്ന അസുഖത്തെ കുറിച്ച് ഇത്രയും ലാഘവത്തോടെ നമുക്ക് സംസാരിക്കാനാവുന്ന ഒരു കാലം വരുമോ? ആയിരം കാലുകള്‍കൊണ്ട് കഴുത്തില്‍ ഇറുക്കാന്‍ ശ്രമിക്കുന്ന  ഭീമന്‍ ഞണ്ടിന്റെ കത്രികപ്പൂട്ടുകള്‍ പൊട്ടിക്കാന്‍ വര്‍ഷങ്ങളോളമായി ശാസ്ത്രവും അതില്‍ അര്‍പ്പിതമായ അനേകം ജീവിതങ്ങളും നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഫലമായി അധികം വൈകാതെ നാം ആ ഒരു കാലത്ത് എത്തിച്ചേരുക തന്നെ ചെയ്യും. ശാസ്ത്രത്തിന്റെ ചരിത്രം എന്നും വെല്ലുവിളികളെ അതിജീവിച്ചത് തന്നെയാണ്.

മലയാളത്തിന്റെ മഹാസാഹിത്യകാരന്മാരില്‍ ഒരാളായ പി. കേശവദേവിന്റെ ജനപ്രിയ നോവലുകളില്‍ ഒന്നാണ് 'ഓടയില്‍ നിന്ന്'. 1960-കളില്‍ ആണ് അതിന് ചലച്ചിത്രാവിഷ്‌കാരം ഉണ്ടാകുന്നത്. ക്ഷയം എന്ന രോഗത്തെ എത്ര വലിയ ഒരു വില്ലനായാണ് അന്നത്തെ സമൂഹം കണ്ടിരുന്നത് എന്ന് ആ ചലച്ചിത്രം  കാണുന്നവര്‍ക്ക് അറിയാം. അതുപോലെ അറുപതുകളില്‍ തന്നെ പുറത്തിറങ്ങിയ അശ്വമേധം എന്ന ചലച്ചിത്രത്തിന്റെ പ്രമേയം കുഷ്ഠരോഗവും അതിനോടനുബന്ധിച്ച് രോഗി  അനുഭവിക്കുന്ന പ്രയാസങ്ങളുമാണ്. ഇന്നിപ്പോള്‍ 60 വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ ഈ രോഗങ്ങളുടെ സമ്പൂര്‍ണമായ നിര്‍മാര്‍ജനത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പൂര്‍ണമായും ചികില്‍സിച്ചു ഭേദമാക്കാനാകുന്ന അസുഖങ്ങളായി അവ മാറിയിട്ട് എത്രയോ വര്‍ഷങ്ങളായി.

ഒരേ ഒരു രോഗാണുവും പരിമിതമായ പകര്‍ച്ചാരീതികളും ഉള്ള ക്ഷയവും കുഷ്ഠവും പോലെയാണോ കാന്‍സര്‍ എന്നു ചോദിച്ചാല്‍, ഒട്ടും അല്ല. പക്ഷേ ആ വെല്ലുവിളികള്‍ തന്നെയാണ് ശാസ്ത്രം പുതിയ സാധ്യതകളായി കാണുന്നത്.

നമ്മുടെ ശരീരത്തിലെ ഒട്ടു മിക്ക കോശങ്ങളും നിരന്തരം സങ്കീര്‍ണമായ പ്രക്രിയയിലൂടെ വിഭജിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരീര പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ ഇത് അത്യന്താപേക്ഷിതവുമാണ്. സാധാരണവും നിയന്ത്രിതവുമായ ഈ പ്രക്രിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും അസാധാരണമായ, കാര്യകാരണബന്ധം ഇല്ലാത്ത രീതിയില്‍, കോശങ്ങള്‍ വിഭജിക്കപ്പെടുകയും അവ ശരിയായ രീതിയില്‍ അല്ലാത്ത വളര്‍ച്ച പ്രാപിക്കുകയും ചെയ്യുക എന്നുള്ളതാണ് കാന്‍സര്‍ എന്ന അസുഖത്തില്‍ സംഭവിക്കുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് ചിലരില്‍ മാത്രം സംഭവിക്കുന്നു? എന്നൊക്കെയാണ് ഗവേഷകര്‍ ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ലളിതമായ പറഞ്ഞാല്‍ പലരിലും അനിയന്ത്രിതമായ കോശവിഭജജനത്തിനു കാരണക്കാരായ പ്രീ കാന്‍സറസ്  ജീനുകള്‍ പതിയിരിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ആക്ടിവേറ്റ് ചെയ്യപ്പെടാന്‍ പാകത്തില്‍ സ്ലീപ്പര്‍ സെല്ലുകളായി ഉറങ്ങിക്കിടക്കുന്ന ഈ ക്രിമിനല്‍ ജീനുകള്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ പ്രേകരങ്ങളാല്‍ വിളിച്ചുണര്‍ത്തപ്പെടുകയും കണ്ണും മൂക്കുമില്ലാതെ പണി തുടങ്ങുകയും കയ്യും കണക്കുമില്ലാതെ കോശങ്ങള്‍  വിഭജിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

രാസവസ്തുക്കള്‍, റേഡിയേഷന്‍ വികിരണങ്ങള്‍, ചില വൈറസുകള്‍, ശരീരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന താളപ്പിഴകള്‍ തുടങ്ങിയവയൊക്കെ ഇത്തരം പ്രീ കാന്‍സര്‍ ജീനുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കാം. ചെറിയ തോതില്‍ ഉണ്ടാകുന്ന അസാധാരണ കോശങ്ങളെയൊക്കെ ഉടനടി നശിപ്പിച്ചു കളയാന്‍ പാകത്തിന് നമ്മുടെ പ്രതിരോധ വ്യവസ്ഥ സുസജ്ജമാണ്. പക്ഷേ വന്‍തോതിലുള്ള ഒരു ആക്രമണം എതിരിടാന്‍ ആവാതെ ശരീരം പലപ്പോഴും തളര്‍ന്നു പോകുന്നു. പ്രതിരോധ വ്യവസ്ഥയുടെ തളര്‍ച്ച കാന്‍സറിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്നും തന്നെ കാന്‍സര്‍ പ്രതിരോധത്തെയും സ്‌ക്രീനിങ്ങിനെയും ചികിത്സയെയും കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും.

കാന്‍സര്‍ ജീനുകള്‍ ഉത്തേജിപ്പിക്കുന്ന ഘടകങ്ങള്‍ നിന്നും ശരീരത്തെ അകറ്റി നിര്‍ത്തുന്നത് വഴി തന്നെ ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കാന്‍സറുകളെയും പ്രതിരോധിക്കാന്‍ സാധിക്കും.

പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട ചില ശീലങ്ങളുണ്ട്.

പുകയിലയും അനുബന്ധ ഉല്‍പ്പന്നങ്ങളും: ലോകത്തതാകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 22 ശതമാനത്തോളം കാന്‍സറുകള്‍ പുകയില യുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
മദ്യപാനം: കരള്‍, അന്നനാളം, പാന്‍ക്രിയാസ് തുടങ്ങിയ ഇടങ്ങളില്‍ വരുന്ന കാന്‍സറിന് മദ്യപാനം ഒരു കാരണമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

റേഡിയേഷന്‍ വികരണങ്ങള്‍:  അവ ഏല്‍ക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക. സി.ടി. സ്‌കാന്‍ പോലുള്ള പരിശോധനകള്‍ പ്രത്യേകിച്ച് കുട്ടികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

ചില നല്ല ശീലങ്ങള്‍ തുടങ്ങി വയ്‌ക്കേണ്ടതുമുണ്ട്.

  • ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
  • ശുദ്ധമായ ജലം ധാരാളം കുടിക്കുക.അതുവഴി നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തി വയ്ക്കുക.
  • കൃത്യമായ വ്യായാമം വഴി ശരീരഭാരം ക്രമപ്പെടുത്തി വയ്ക്കുക.
  • മാനസിക സമ്മര്‍ദം കുറക്കാനുള്ള വഴികള്‍ കണ്ടെത്തി ജീവതത്തില്‍ പ്രാവര്‍ത്തികമാക്കുക.
  • വാക്‌സിനുകള്‍: ലിവര്‍ കാന്‍സര്‍ തടയാന്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനും ഗര്‍ഭാശയ മുഖ കാന്‍സര്‍ തടയാന്‍ ഹ്യൂമന്‍ പാപിലോമ വൈറസ് വാക്‌സിനും ഉള്ള പങ്ക് സംശതാതീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കാന്‍സറുമായി ബന്ധപ്പെട്ട് സുവര്‍ണ ലിപികളില്‍ എഴുതി വയ്ക്കേണ്ട കാര്യമാണ് 'പ്രാഥമിക ഘട്ടത്തിലുള്ള രോഗനിര്‍ണയം' എന്നത്.
ശരീരത്തില്‍ കാണപ്പെടുന്ന ചില ആദ്യ ലക്ഷണങ്ങള്‍ നിസ്സാരമാക്കാതിരിക്കുക.

  • ഉണങ്ങാന്‍ താമസിക്കുന്ന വ്രണങ്ങള്‍
  • ചില ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന മുഴ
  • തടിപ്പ്
  • ക്രമരഹിതമായ രക്തസ്രാവം 
  • വെള്ളപോക്ക് (പ്രത്യേകിച്ചും ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍) 
  • വിട്ടുമാറാത്ത ചുമ 
  • ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യത്യാസം (പ്രത്യേകിച്ചും പുകവലിക്കാരായ ആളുകളില്‍) 
  • വിശപ്പില്ലായ്മ 
  • തൂക്കക്കുറവ് 
  • ഇടവിട്ടു വരുന്ന പനി 
  • ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
  • മറുകുകളില്‍ കാണപ്പെടുന്ന പ്രകടമായ മാറ്റങ്ങള്‍ 
  • വായ്ക്കകത്ത് ഉണ്ടാകുന്ന കട്ടിയുള്ള വെളുത്തതും ചുവന്നതുമായ പാടുകള്‍ തുടങ്ങിയവയൊന്നും നിസ്സാരമായി കാണാതിരിക്കുക
  • ആവശ്യമെങ്കില്‍ ബയോപ്‌സി, രക്തപരിശോധന എന്നിവ നടത്തുക. 
  • പുറമേക്ക് കാണാത്ത സ്ഥലങ്ങളില്‍ തൊട്ടു കണ്ടുപിടിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാന്‍സര്‍ ആണ് സ്തനങ്ങളില്‍ ഉണ്ടാകുന്ന കാന്‍സര്‍. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ വളരെ എളുപ്പത്തില്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ് ഇത്. എല്ലാ മാസവും മാസമുറ കഴിഞ്ഞ് ഉടനെ നിവര്‍ത്തിവെച്ച ഉള്ളം കൈയുടെ പരന്ന പ്രതലം വെച്ച് സ്വന്തം സ്തനങ്ങള്‍ പരിശോധിക്കാനുള്ള പരിശീലനം ഒരോ സ്ത്രീക്കും നല്‍കേണ്ടതുണ്ട്. 40 വയസ്സിനു ശേഷം ഓരോ സ്ത്രീയും കൃത്യമായ ഇടവേളകളില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് എടുക്കേണ്ടതുണ്ട്. വൃഷണങ്ങളില്‍ വരുന്ന തടിപ്പുകള്‍ ആദ്യഘട്ടത്തില്‍ തന്നെ തൊട്ടു കണ്ടുപിടിക്കാന്‍ പുരുഷന്മാര്‍ക്കും കഴിയണം.
  • ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവരില്‍, പ്രത്യേകിച്ച് റേഡിയേഷന്‍ അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവരും കാന്‍സര്‍ കാരികളായ കെമിക്കലുകള്‍ ഉള്‍പ്പെടുന്നവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളും, കൃത്യമായ ഇടവേളകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട വിധത്തിലുള്ള എല്ലാവിധ ക്യാന്‍സര്‍ ടെസ്റ്റുകളും നടത്തേണ്ടതാണ്.
  • പാരമ്പര്യമായി കാന്‍സറുകള്‍ വരുന്ന ചില കുടുംബങ്ങളില്‍ ജീന്‍ പരിശോധന ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തി കാന്‍സറിനുള്ള സാധ്യതകള്‍ നേരത്തെ കണ്ടുപിടിക്കേണ്ടതുണ്ട്. 

കാന്‍സര്‍കാരിയായ ഒരു ജീന്‍ തന്നെ ശരീരത്തില്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ സ്വന്തം അണ്ഡശയങ്ങള്‍ നീക്കം ചെയ്ത ഹോളിവുഡ് താരം അഞ്ജലീന ജോളിയുടെ പോലുള്ളവരുടെ മാതൃക എടുത്തു കാണിക്കപ്പെടേണ്ടതാണ്.

ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍

കാന്‍സര്‍ ഏത് അവയവത്തെ ബാധിക്കുന്നു? ഏത് വിഭാഗത്തില്‍ പെടുന്നു? അതിന്റെ സ്വഭാവം എങ്ങനെയാണ്? ഏത് സ്റ്റേജിലാണ് നിര്‍ണയിക്കപ്പെടുന്നത്? രോഗബാധിതന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ ഇതെല്ലാം നോക്കിയതിനുശേഷം ആണ് ക്യാന്‍സറിനുള്ള ചികിത്സ തീരുമാനിക്കപ്പെടുന്നത്.

സര്‍ജറി: ഏത് ഭാഗത്താണോ  കാന്‍സര്‍ ഉള്ളത് ആ ഭാഗം നീക്കം ചെയ്തുകൊണ്ട് ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍ സംരക്ഷിക്കുക എന്നുള്ളതാണ് ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ പല ഭാഗങ്ങളും ഉള്ള കാന്‍സറുകള്‍  പൂര്‍ണമായും സര്‍ജറി കൊണ്ട് ഭേദമാക്കാം.

കീമോതെറാപ്പി: കാന്‍സര്‍ സെല്ലുകളുടെ സ്വഭാവം, മനസ്സിലാക്കി അവയുടെ അനിയന്ത്രിതമായ വളര്‍ച്ചയെ നിയന്ത്രിക്കുന്ന  മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ യാണ് കീമോതെറാപ്പി.

റേഡിയേഷന്‍ ചികിത്സ: കാന്‍സര്‍ കോശങ്ങളെ പ്രത്യേക രീതിയിലുള്ള റേഡിയേഷനുകള്‍ കടത്തിവിട്ട് നശിപ്പിച്ചു കളയുക എന്നതാണ് റേഡിയേഷന്‍ ചികിത്സയും ചെയ്യുന്നത്.

ചിലപ്പോഴെല്ലാം ഇത്തരത്തില്‍ കാന്‍സര്‍ സെല്ലുകളെ ലക്ഷ്യംവച്ചുകൊണ്ട് കൊടുക്കുന്ന മരുന്നുകളും റേഡിയേഷനും സാധാരണഗതിയില്‍ കൂടുതല്‍ വിഭജനം നടത്തുന്ന മറ്റു കോശങ്ങളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കീമോതെറാപ്പിയിലും റേഡിയേഷനിലും ഒക്കെ പാര്‍ശ്വഫലങ്ങള്‍ ആയി നാം കണ്ടുകൊണ്ടിരിക്കുന്നത് അവയാണ്.

പക്ഷേ ഒരു ജീവന്മരണ പോരാട്ടം എന്നുള്ള നിലയ്ക്ക് രോഗിയുടെ അത്യന്തികമായ നന്മ മുന്നില്‍ കണ്ടു കൊണ്ട് ചില പാര്‍ശ്വഫലങ്ങളെ അവഗണിച്ചുകൊണ്ട് തന്നെ ചികിത്സയുമായി മുന്നോട്ടു പോകുകയെ നിര്‍വാഹമുള്ളൂ. 

കാന്‍സര്‍ ഗവേഷകര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു മേഖല ഇതാണ്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് അനിയന്ത്രിത വളര്‍ച്ചയുള്ള കോശങ്ങള്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ടാര്‍ജറ്റ് തെറാപ്പിയാണ് ഇപ്പോള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അതുപോലെ ജീനുകളില്‍ മാറ്റം വരുത്തി കൊണ്ടുള്ള ജീന്‍ തെറാപ്പിയും വിവിധ പ്രതിരോധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മ്യൂണോ തെറാപ്പിയും ഈ രംഗത്ത് പുതിയ വികാസം നേടിയ മേഖലകളാണ്. പലതരം വാക്‌സിസിനുകള്‍ പരീക്ഷണഘട്ടം പിന്നിട്ടു കൊണ്ടിരിക്കുന്നു. ഹോര്‍മോണ്‍ തെറാപ്പി ഇതിനോടകം തന്നെ പല കാന്‍സറുകള്‍ക്കും എതിരായി   ഉപയോഗിച്ച് വരുന്നു. അധികം വൈകാതെ തന്നെ പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറഞ്ഞ ഒരു ചികിത്സാരീതി വിവിധതരം കാന്‍സറുകള്‍ക്ക് എതിരായി നമുക്ക് ലഭ്യമാകും എന്നു തന്നെ പ്രതീക്ഷിക്കാം.

നിലവില്‍ നല്ല ചിലവ് വരുന്ന ചികിത്സ തന്നെയാണ് കാന്‍സറുകള്‍ക്ക് എതിരെ നമുക്ക് ലഭിക്കുന്നത്. ഗവേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആ രംഗത്തും  പ്രതീക്ഷയ്ക്കു വകയുണ്ട്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ഏതൊരാള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ കാന്‍സര്‍ ചികിത്സ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ തന്നെയാണ്  നാനോടെക്‌നോളജിയുടെയും വെര്‍ച്ചല്‍ റിയാലിറ്റിയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെയും ചുവടുപിടിച്ച് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

നിലവിലുള്ള സമൂഹത്തില്‍ ഏറെ തട്ടിപ്പുകള്‍ക്ക് രോഗികള്‍ ഇരയായിക്കൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് കാന്‍സര്‍ ചികിത്സ എന്ന് പറയാതെ വയ്യ. മുള്ളാത്തയും മുരിക്കന്‍ കോലും തൊട്ട് കാന്തക്കിടക്കയും കോസ്മിക് എനര്‍ജിയും വരെ... രോഗികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ നിരവധി പേര്‍ വരി നില്‍ക്കുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചികിത്സ രീതികളെ മാത്രം പിന്‍പറ്റുക, അനുഭവ വിവരണങ്ങളില്‍ മാത്രം ആകൃഷ്ടരായി വഞ്ചിതരാകാതിരിക്കുക എന്നു മാത്രമെ ഉണര്‍ത്താനുള്ളൂ.

രോഗം ഭേദമാക്കാന്‍ ഉതകുന്ന ചികിത്സ നല്‍കാന്‍ കഴിയില്ല എന്ന ഘട്ടത്തിലാണ് രോഗി ഉള്ളതെങ്കില്‍ തുടര്‍ജീവിതം ആയാസരഹിതമാക്കാന്‍ കൃത്യമായ പാലിയേറ്റീവ് പരിചരണം രോഗിക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന നിരവധി സംരഭങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

ശാസ്ത്ര ഗവേഷണ പുരോഗതികള്‍ ഓരോന്നും ഏറ്റവും താഴെ തട്ടില്‍ ജീവിക്കുന്ന ജീവിതത്തില്‍ പോലും പ്രതിഫലിക്കുമ്പോള്‍ ആണ് ശാസ്ത്രവും മാനവരാശിയും വികസിച്ചു എന്ന് നമുക്ക് പറയാന്‍ കഴിയുക. അതിവിദൂരമല്ലാത്ത ഭാവിയില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. കാന്‍സര്‍ നിര്‍ണയവും ചികിത്സയും ആയി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി നാഴികക്കല്ലുകള്‍ നാം പിന്നിട്ടു. നമുക്കും ചുറ്റും അതിജീവിച്ചവര്‍ എത്രയോ പേരുണ്ട്.

പക്ഷേ ഈ അസുഖം നമ്മില്‍ നിന്നും പലരുടെയും ജീവന്‍ കവര്‍ന്നെടുത്തിട്ടുമുണ്ട്... പലപ്പോഴും രോഗം നിര്‍ണ്ണയിക്കപ്പെടാനുള്ള കാലതാമസമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. 

അതുകൊണ്ടുതന്നെയാണ് ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം പ്രസക്തമാകുന്നത്. ഇന്ത്യയില്‍ 2014 മുതല്‍ നവംബര്‍ ഏഴ് ദേശീയ കാന്‍സര്‍ ബോധവത്ക്കരണ ദിനമായി ആചരിക്കപ്പെടുന്നു. കാന്‍സര്‍ പോരാട്ടങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മാഡം ക്യൂറിയുടെ ജന്മദിനം കൂടിയായ ഈ ദിവസത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സുരക്ഷിതവും സൗജന്യവുമായ കാന്‍സര്‍ നിര്‍ണ്ണയവും ചികിത്സയും ലഭ്യമാകുന്ന നല്ല നാളെകളെ നമുക്ക് സ്വപ്നം കാണാം.

(മലപ്പുറം ചെറിയമുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ആണ് ലേഖിക)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: Will there ever be a time to live without fear of cancer? National cancer awareness day